Breaking News

അച്ഛാ ദിൻ ആയേഗാ: ആർക്കും വേണ്ടാത്ത ഇവർ ഇനി എന്ത് ചെയ്യണം ?

dailyreports

നമ്മുടെ കാര്‍ഷികമേഖല ഒന്നടങ്കം അംഗരാജ്യങ്ങള്‍ക്കായി തുറന്നുകൊടുക്കപ്പെടുന്ന സ്ഥിതി വിശേഷമാണ് വരാന്‍ പോകുന്നത്. നികുതിരഹിത കാര്‍ഷികോത്പന്ന ഇറക്കുമതി മാത്രമല്ല, ഈ രാജ്യങ്ങളിലെ കോര്‍പറേറ്റുകളുടെ വന്‍ നിക്ഷേപങ്ങളും ഇതു വഴി ഇന്ത്യയിലുണ്ടാകും. ഇതെല്ലാം രാജ്യത്തെ ചെറുകിട കര്‍ഷകരെയാണ് കാര്യമായി ബാധിക്കുക.

farmers strike3

ഹരീഷ് കുമാർ. വി 

രാജ്യത്തിന്റെ കാര്‍ഷികമേഖല ഗുരുതരമായ പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. രണ്ടു പതിറ്റാണ്ടു മുമ്പ് നടപ്പാക്കിയ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ നമ്മുടെ സാമൂഹിക സാമ്പത്തിക മേഖലകളിലും സാംസ്‌കാരിക ജീവിതത്തിലുമെല്ലാം ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് സൃഷ്ടിച്ചിച്ചുള്ളതെന്ന് ആര്‍ക്കും അറിയാത്ത കാര്യമല്ല. കാര്‍ഷിക സമ്പദ്‌വ്യവസ്ഥയില്‍ ഇത്തരം അഴകൊഴമ്പന്‍ നയങ്ങള്‍ ഉണ്ടാക്കിയ പ്രത്യാഘാതങ്ങള്‍ ഏറെ ഗുരുതരവും ദുരന്തപൂര്‍ണവുമാണെന്ന് കഴിഞ്ഞ കുറച്ചു നാളുകളിലെ സംഭവവികാസങ്ങള്‍ മാത്രം പരിശോധിച്ചാല്‍ വ്യക്തമാകും.

കാര്‍ഷിക മേഖലയിലെ സ്തംഭനവും പ്രതിസന്ധിയും നമ്മുടെ സമ്പദ്‌വ്യവസ്ഥയില്‍ എക്കാലത്തും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നറിഞ്ഞിട്ടും ഇതൊന്നും നാടിനെ ഒരു തരത്തിലും ബാധിക്കില്ലെന്ന നിലപാടാണ് അന്നത്തെപ്പോലെ ഇപ്പോഴും ഭരണകൂടം ആവര്‍ത്തിക്കുന്നത്. കാര്‍ഷിക മേഖല സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലല്ലെന്നും ഈ മേഖലയില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ അത്ര വലിയ പ്രത്യാഘാതങ്ങളൊന്നും നാടിന്റെ സമ്പത്തിന് ഉണ്ടാക്കില്ലെന്നും ഇപ്പോഴും ഭരണകൂടം ഉറച്ചുവിശ്വസിക്കുകയാണ്.

ഐ ടി, ബാങ്കിംഗ്, ഇന്‍ഷ്വറന്‍സ് പോലുള്ള സേവനമേഖലകളുടെയെല്ലാം വളര്‍ച്ചയാണ് രാജ്യത്തെ സമ്പത്തിനെ നിയന്ത്രിക്കുന്നതെന്ന് നിര്‍ഭാഗ്യവശാല്‍ അധികാരികള്‍ ധരിച്ചുവച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷങ്ങളില്‍ പ്രകടമായതു പോലെ, ഇത്തരം മേഖലകളിലുണ്ടായ വളര്‍ച്ചാനിരക്ക് കൈവരിക്കാനായാല്‍ പട്ടിണിയും ദാരിദ്ര്യവും ഇല്ലാതാകുമെന്ന തീര്‍ത്തും അന്ധവും യുക്തിരഹിതവുമായ വാദഗതികളുമായാണ് ഭരണകൂടം മുന്നോട്ട് പോകുന്നത്.

farmers protest

രാജ്യത്തെ വളര്‍ച്ചാനിരക്കിന് സ്വകാര്യവത്കരണനയമാണ് പ്രധാനമായും സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്നത്. ശക്തമായ സാമ്പത്തിക അച്ചടക്കത്തിലൂടെ ഈ വളര്‍ച്ച നേടിയെടുക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാറിന്റെ പ്രതീക്ഷ. റിയല്‍ എസ്റ്റേറ്റും ഊഹക്കച്ചവടവുമാണ് ഉയര്‍ന്ന വളര്‍ച്ചാനിരക്കിലെ പ്രധാന ഘടകങ്ങള്‍. ഇത് സാധാരണ ജനജീവിതത്തില്‍ ഒരു മാറ്റവും ഉണ്ടാക്കില്ലെന്ന് സാമ്പത്തിക വിദഗ്ധര്‍ തന്നെ പറയുന്നു. വളര്‍ച്ചാനിരക്ക് പൂര്‍ണമാകണമെങ്കില്‍ കാര്‍ഷിക രംഗത്ത് നാലു ശതമാനം വളര്‍ച്ചയെങ്കിലും കൈവരിക്കണം. എന്നാല്‍, ഇത് സര്‍ക്കാര്‍ കണക്കിലെടുക്കുന്നില്ല.

അതുകൊണ്ട് തന്നെ കാര്‍ഷിക രംഗത്ത് നിക്ഷേപത്തിന് സര്‍ക്കാര്‍ മിനക്കെടുന്നുമില്ല. കാര്‍ഷിക മേഖല നമ്മുടെ സമ്പദ്‌വ്യവസ്ഥയുടെ പ്രധാന ഘടകമേയല്ലെന്ന നിലപാടാണ് കുത്തകകളെ കയ്യയച്ച് സഹായിക്കുന്ന കേന്ദ്ര സര്‍ക്കാറിന്റെ പ്രധാന നയമെന്ന് അടുത്തിടെ പൊട്ടിപ്പുറപ്പെട്ട കര്‍ഷക പ്രക്ഷോഭങ്ങള്‍ മാത്രം കണ്ടാല്‍ വ്യക്തമാകും. കൃഷിയെ കോര്‍പറേറ്റുകള്‍ നിയന്ത്രിക്കുന്ന കമ്പോളത്തിന് എറിഞ്ഞു കൊടുക്കുകയും ജനസംഖ്യയില്‍ എഴുപത് ശതമാനവും ജീവിക്കുന്ന ഗ്രാമപ്രദേശങ്ങളിലെ കര്‍ഷകരെ ഉപഭോക്താക്കളായിമാത്രം വൈകാതെ മാറ്റിയെടുക്കാന്‍ പറ്റുന്ന പുതിയൊരു സംസ്‌കാരത്തിന് വിത്തുപാകാനുമാണ് ഭരണകൂടത്തിന്റെ ഉന്നതതല ഗൂഢാലോചനയെന്ന് ഇതേക്കുറിച്ച് നിരീക്ഷിച്ചാല്‍ കൃത്യമായി മനസ്സിലാകും.

cow5

പശുവിന്റെയും കന്നുകാലികളുടെയും പേരില്‍ കര്‍ഷകരെ കൊന്നൊടുക്കുകയും പശുഭ്രാന്തന്മാരെ കയറൂരിവിട്ട് രാജ്യത്തിന്റെ അടിസ്ഥാനവിഷയങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിക്കുകയും ചെയ്യാന്‍ കേന്ദ്രഭരണം കൈയാളുന്നവര്‍ക്ക് ഇപ്പോള്‍ യാതൊരു മടിയുമില്ലെന്ന് ഇതിനൊപ്പം കൂട്ടിവായിക്കണം.

1950-51 കാലയളവില്‍ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 55 ശതമാനവും നല്‍കിയിരുന്നത് കാര്‍ഷികമേഖല ആയിരുന്നു. എന്നാല്‍ ഇത് പിന്നീട് കുറഞ്ഞുവരുന്ന കാഴ്ചയാണ് കണ്ടത്. ആദ്യഘട്ടത്തില്‍ 35.7 ശതമാനമായും പിന്നീടത് 23.3 ശതമാനമായും 1980-81, 2000-01 കാലഘട്ടത്തില്‍ യഥാക്രമം കുറഞ്ഞു. തൊഴിലാളികളുടെ എണ്ണത്തിലും കുറവുണ്ടായി. 1950 ല്‍ 60.5 ശതമാനമായിരുന്നത് 2000 ല്‍ 58.5 ശതമാനമായി കുറഞ്ഞു. കേന്ദ്ര പരിസ്ഥിതി വനം മന്ത്രാലയത്തിന്റെ കണക്കുപ്രകാരം മൊത്തം ഭൂമിയുടെ 47 ശതമാനമാണ് കാര്‍ഷിക മേഖലക്കായി ഉപയോഗിച്ചിരുന്നത്. 22.6 ശതമാനം വനഭൂമിയായും ബാക്കിയുള്ള 13.6 ശതമാനം കാര്‍ഷികേതര ആവശ്യങ്ങള്‍ക്കുമാണ് ഉപയോഗിച്ചിരുന്നത്.

ചലനാത്മകവും ആധുനികവുമായ ഒരു കാര്‍ഷികമേഖലയുടെ സാന്നിധ്യമില്ലാതെ ഒരു വികസ്വര രാജ്യത്തിനും സ്ഥിരവളര്‍ച്ച കൈവരിക്കാനാവില്ലെന്നറിഞ്ഞിട്ടും ആധുനികവും ആരോഗ്യപൂര്‍ണവുമായ ഒരു കാര്‍ഷിക മേഖല കെട്ടിപ്പടുക്കുന്നതില്‍ എന്തുകൊണ്ടാണ് സര്‍ക്കാര്‍ ആവശ്യമായ ശ്രദ്ധ ചെലുത്താത്തതെന്ന ചോദ്യത്തിന് അടുത്തിടെ വളര്‍ന്നു വന്ന പ്രക്ഷോഭങ്ങളോടുള്ള സമീപനം തന്നെയാണ് ഉത്തരം.

jaitely

കോര്‍പറേറ്റ് ഭീമന്‍മാരുടെ ഒന്നേകാല്‍ ലക്ഷം കോടി വരുന്ന കിട്ടാക്കടം എഴുതിത്തള്ളിയ കേന്ദ്രം, പണമില്ലെന്ന് പറഞ്ഞ് എല്ലാ കാര്‍ഷിക സബസിഡികളും താങ്ങുവിലകളുമെടുത്ത് കളഞ്ഞ് കാര്‍ഷികമേഖലയെ നേരിട്ട് ആശ്രയിച്ച് കഴിയുന്ന രാജ്യത്തെ 50 ശതമാനത്തോളം ജനങ്ങളെയാണ് അക്ഷരാര്‍ഥത്തില്‍ കബളിപ്പിക്കുന്നത്. നേരത്തെ തുടര്‍ന്നുവന്ന സാമ്പത്തിക നയത്തിന്റെ ഭാഗമായിത്തന്നെ രാജ്യത്തെ കാര്‍ഷികമേഖല വലിയ പ്രതിസന്ധി നേരിട്ട സാഹചര്യത്തിലാണ് കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് നേരെഅനുഭാവപൂര്‍വമുള്ള ഒരു നോട്ടം പോലും നല്‍കാന്‍ പ്രധാനമന്ത്രിക്കോ മറ്റു മന്ത്രിമാര്‍ക്കോ കഴിയാതെ വന്നത്.

സാമ്പത്തിക പരിഷ്‌കാരങ്ങള്‍ തുടങ്ങിയ 1992കളുടെ തുടക്കം മുതല്‍ക്കു തന്നെ കര്‍ഷകര്‍ നേരിട്ടുവന്ന പ്രശ്‌നങ്ങള്‍ നിരവധിയായിരുന്നു. കൃഷിയിലെ ചുരുങ്ങിവരുന്ന പൊതുനിക്ഷേപവും അതുമൂലമുണ്ടായ ജലസേചന സൗകര്യക്കുറവും മണ്ണിന്റെ നിലയില്‍ വരുന്ന ശോഷണവുമെല്ലാം കര്‍ഷകരുടെ പരിഹരിക്കാനാകാത്ത പ്രശ്‌നമായിത്തന്നെ നിലനിന്നു. പ്രധാന വിളകളുടെ ഉത്പാദനക്ഷമതയിലും ഉത്പാദനത്തിലുമുണ്ടാകുന്ന മാന്ദ്യവും വളം, കീടനാശിനികള്‍, വിത്തുകള്‍ മുതലായവയുടെ വിലക്കൂടുതല്‍ കൊണ്ടുണ്ടായ കൃഷിച്ചെലവിലെ വര്‍ധനവും, ഉത്പന്നങ്ങളുടെ വിലയിടിവുമെല്ലാം കര്‍ഷകരെ വലിയ പ്രതിസന്ധിയിലാഴ്ത്തിയിരുന്നു. ഇതു മൂലം കര്‍ഷകര്‍ സ്വകാര്യ പണമിടപാടുകാരെ വന്‍തോതില്‍ ആശ്രയിക്കേണ്ടിവരികയും അത് അവരെ ആത്മഹത്യയിലേക്ക് തള്ളിവിടാനുള്ള പ്രധാന കാരണങ്ങളായി മാറ്റുകയും ചെയ്തു. രാജ്യത്തിന്റെ പല ഭാഗത്തും വന്‍തോതിലുള്ള കര്‍ഷക ആത്മഹത്യകളാണ് ഇത്തരുണത്തിലുണ്ടായത്.

രാസവളം, വൈദ്യുതി തുടങ്ങിയവക്ക് ഉണ്ടായിരുന്ന സബ്‌സിഡികള്‍ വന്‍തോതില്‍ പിന്‍വലിച്ചു. കര്‍ഷകര്‍ക്കുള്ള വിത്തും വളവും നല്‍കിപ്പോന്നതും വന്‍തോതില്‍ വെട്ടിക്കുറച്ചു. ഇത്തരം നയങ്ങളേക്കാളെല്ലാം വലിയ വിപത്തുകള്‍ അടുത്തകാലത്തായി കര്‍ഷകര്‍ക്കു മേല്‍ വന്നുപതിച്ചതു തന്നെയാണ് വീണ്ടും ഈമേഖലയുടെ തളര്‍ച്ചക്കിടയാക്കിയത്. മോദി സര്‍ക്കാറിന്റെ ഭൂമി ഏറ്റെടുക്കല്‍ ഭേദഗതി നിയമം കര്‍ഷകരെ കൂടുതല്‍ അരക്ഷിതരാക്കിയെന്ന് കര്‍ഷക സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു.

jayaram ramesh

കര്‍ഷകരുടെ ഏറെക്കാലത്തെ പോരാട്ടത്തിന് ശേഷം യു പി എ സര്‍ക്കാറിന്റെ കാലത്ത് ജയറാം രമേശ് കൊണ്ടുവന്ന വളരെ വിപ്ലവകരമായ  ഭൂമി ഏറ്റെടുക്കല്‍ നിയമത്തെ മാറ്റിമറിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്നാണ് കിസാന്‍സഭപോലുള്ള കര്‍ഷക സംഘടനകളുടെ ആക്ഷേപം.

രാജ്യ സഭയിൽ കൂടി പൂരിപക്ഷമായതോടെ ഈ ആശങ്കയെ  കൂടുതൽ ഗൗരവതരമായി കാണേണ്ടതുണ്ട്.വാസ്തവത്തിൽ നന്ദി ഗ്രാം ഉൾപ്പെടയുള്ള ഭൂമിയേറ്റെടുക്കൽ സമരങ്ങളെല്ലാം വിജയിച്ചത് ഈ നിയമത്തിന്റെ പിൻബലത്തിലാണ്.ആ ബില്ലിന്റെ പേരിലാണ് ജയറാം രമേശിനെ കോർപ്പറേറ്റുകൾ കോൺഗ്രസ്സ് രാഷ്ട്രീയത്തിൽ ഇന്ന് ആരുമല്ലാതാക്കി മാറ്റിയിരിക്കുന്നത്.അദ്ദേഹം വളരെ നന്നായി പഠിച്ചു അവതരിപ്പിച്ച ഒരു ബിൽ ആയിരുന്നു അത് .ഇന്ന് കേരളത്തിൽ ഉൾപ്പെടെ  നടക്കുന്ന സമരങ്ങളിൽ  ഭരണകൂട താത്‌പര്യങ്ങൾ പൂർണ്ണമായി വിലപ്പോകാത്തതും ഈ ബില്ലിന്റെ പിൻബലത്തിലാണ്.

ഇപ്പോള്‍ നടത്തിയ ഭേദഗതികളിലൂടെ കര്‍ഷകര്‍ക്ക് അനുകൂലമായ നയങ്ങളുടെ കടയ്ക്കല്‍ കത്തിവെക്കുന്ന ഭേദഗതികളാണത്രെ കേന്ദ്രം സൃഷ്ടിച്ചത്. ഭൂമി ഏറ്റെടുക്കുന്നതിനുമുമ്പേ നടത്തേണ്ട സാമൂഹ്യപഠനം ഒഴിവാക്കി. ഭൂമി ഏറ്റെടുക്കുന്ന പ്രദേശങ്ങളിലെ 80 ശതമാനം ജനങ്ങളുടെ അനുവാദം വേണമെന്ന നിബന്ധനയും കാറ്റില്‍പ്പറത്തി.

ഏറ്റെടുത്ത ഭൂമിയില്‍ അഞ്ചുവര്‍ഷത്തിനുള്ളില്‍ പുതിയ പദ്ധതി ആവിഷ്‌കരിച്ചില്ലെങ്കില്‍ സര്‍ക്കാറിന് തിരിച്ചുനല്‍കണമെന്ന വ്യവസ്ഥയും നീക്കി. വന്‍കിടക്കാരുടെ താത്പര്യം സംരക്ഷിക്കുക എന്ന സമീപനത്തോടെയാണ് നിയമത്തില്‍ ഈ മാറ്റങ്ങള്‍ വരുത്തിയത്. പാവപ്പെട്ട കര്‍ഷകരുടെ ഭൂമി മാഫിയകളുടേയും കുത്തക മുതലാളിമാരുടേയും കൈകളില്‍ സുരക്ഷിതമായി എത്തിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിട്ടതെന്ന് കര്‍ഷകസംഘടനകള്‍ ആരോപിക്കുന്നു. ലോക്‌സഭയില്‍ ബില്‍ അവതരിപ്പിച്ചപ്പോള്‍ ശക്തമായ പ്രതിഷേധമുണ്ടായതിനെത്തുടര്‍ന്ന് ഭേദഗതികള്‍ അംഗീകരിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായെങ്കിലും അടിസ്ഥാന മാറ്റങ്ങള്‍ വരുത്തിയില്ലെന്ന് ഇടതു പക്ഷവും പരാതിപ്പെടുന്നു.

farmer_AP

സ്വന്തം ജീവിതാനുഭവങ്ങളില്‍ നിന്നാണ് രാജ്യത്ത് ഏറ്റവുമധികം കര്‍ഷക ആത്മഹത്യകള്‍ നടക്കുന്ന മഹാരാഷ്ട്രയിലെ കര്‍ഷകര്‍ അടുത്ത കാലത്ത് പ്രക്ഷോഭത്തിന്റെ പാതയിലേക്ക് ഇറങ്ങിവന്നത്. കഴിഞ്ഞ ജൂണിലാണ് പ്രത്യേകിച്ചൊരു സംഘടനയോ നേതാവോ ഇല്ലാതെ ഇവിടെ കര്‍ഷകര്‍ സമരപ്രഖ്യാപനം നടത്തിയത്. പാല്‍-പഴം പച്ചക്കറി കര്‍ഷകര്‍ അവരുടെ ഉത്പന്നങ്ങളുടെ വില്‍പന നിര്‍ത്തിവെച്ചായിരുന്നു സമരത്തിന്റെ തുടക്കം. വായ്പ എഴുതിത്തള്ളണമെന്നും പാലിന് ലിറ്ററിന് 50 രൂപ ലഭ്യമാക്കണമെന്നും സ്വാമിനാഥന്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്നുമൊക്കെയായിരുന്നു പ്രധാന ആവശ്യങ്ങള്‍.

അഹമ്മദ് നഗറിലെ പുണ്ടമാബ വില്ലേജിലെ കര്‍ഷകര്‍ യോഗം ചേര്‍ന്നാണ് ആദ്യസമരം തുടങ്ങിയത്. പിന്നീടങ്ങോട്ട് പ്രക്ഷോഭം കത്തിപ്പടരുകയായിരുന്നു. ലക്ഷക്കണക്കിനു കര്‍ഷകര്‍ പങ്കെടുത്ത സമരം 11 ദിവസമാണ് നീണ്ടത്. സമരം ചിലപ്പോഴൊക്കെ അക്രമാസക്തമായി. പ്രക്ഷോഭം കൂടുതല്‍ രൂക്ഷമായതോടെ സര്‍ക്കാറിന് മുട്ടുമടക്കേണ്ടിവന്നു. ജൂലൈ 24നു മുന്‍പ് വായ്പ എഴുതിത്തള്ളുമെന്ന വാഗ്ദാനം പാലിച്ചില്ലെങ്കില്‍ ട്രൈയിന്‍ തടയല്‍, മന്ത്രിമാരുടെ പൊതുപരിപാടികള്‍ തടസ്സപ്പെടുത്തല്‍ തുടങ്ങിയ കടുത്ത സമരമാര്‍ഗങ്ങള്‍ സ്വീകരിക്കുമെന്ന നിലപാടും സമരക്കാര്‍ ആവര്‍ത്തിച്ചു. സമരമുഖത്തുള്ള നേതാക്കളുമായി മന്ത്രിമാരുടെ പാനല്‍ നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് നിര്‍ണായകമായ തീരുമാനമുണ്ടായതും സമരം അവസാനിപ്പിച്ചതും.

farmers

മഹാരാഷ്ട്രയിലെ കര്‍ഷക സമരത്തിന് പിന്നാലെയാണ് മധ്യപ്രദേശിലും കര്‍ഷക പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. മന്ദസൗറില്‍ കര്‍ഷകര്‍ക്ക് നേരെ പൊലീസ് വെടിവെപ്പ് നടത്തി. സമരം രൂക്ഷമാക്കിയ കര്‍ഷകരെ തണുപ്പിക്കാന്‍ ഒടുവില്‍ മുഖ്യമന്ത്രി തന്നെ നിരാഹാര സമരവുമായി രംഗത്തെത്തി. നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുപ്രകാരം 9 വര്‍ഷത്തിനിടെ 11,000 കര്‍ഷകരാണ് മധ്യപ്രദേശില്‍ ആത്മഹത്യ ചെയ്തത്. ആത്മഹത്യക്കുള്ള കാരണങ്ങളെല്ലാം കടക്കെണിയാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 23 ലക്ഷത്തില്‍പരം കര്‍ഷകരാണത്രെ മധ്യപ്രദേശില്‍ കാര്‍ഷിക ലോണുകള്‍ എടുത്തിട്ടുള്ളത്. വായ്പയെടുത്ത് കൃഷി നടത്തിയവരുടെ ഉത്പന്നങ്ങള്‍ക്ക് വിപണിയില്‍ വേണ്ടത്ര വില ലഭിക്കാത്തതാണ് ഇവരെയെല്ലാം കടക്കെണിയിലേക്കെത്തിച്ചത്.

തമിഴ്‌നാട്ടിലെ കര്‍ഷകര്‍ വരള്‍ച്ചാ ദുരിതാശ്വാസത്തിനായാണ് ഡല്‍ഹി ജന്ദര്‍മന്ദിറില്‍ സമരകാഹളം മുഴക്കിയത്. കടക്കെണിയെത്തുടര്‍ന്ന് ജീവനൊടുക്കിയ കര്‍ഷകരുടെ കുഴിമാടത്തില്‍നിന്നു മാന്തിയെടുത്ത തലയോട്ടിയുമായാണ് തമിഴ് നാട്ടിലെ കര്‍ഷകര്‍ ഡല്‍ഹിയില്‍ സമരം ചെയ്യാനെത്തിയത്. 60 വയസ്സിനു ശേഷം കര്‍ഷകര്‍ക്കു പെന്‍ഷന്‍ അനുവദിക്കുക, കാവേരി നദിയിലെ നീരൊഴുക്കു വര്‍ധിപ്പിക്കുക, കാര്‍ഷിക ഉത്പന്നങ്ങള്‍ക്കും ഉത്പാദന ചെലവിന് ആനുപാതികമായി വില ലഭ്യമാക്കുക, കര്‍ഷകരുടെ കടം എഴുതിത്തള്ളുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ദക്ഷിണേന്ത്യ നദീ സംയോജന കര്‍ഷക സംഘത്തിന്റെ നേതൃത്വത്തില്‍ സമരമുണ്ടായത്.

മുളകിന്റെ വിലയിടിഞ്ഞതാണ് ആന്ധ്രയിലും തെലങ്കാനയിലും രൂക്ഷമായിക്കൊണ്ടിരിക്കുന്ന കര്‍ഷക പ്രതിഷേധത്തിന് കാരണം. കഴിഞ്ഞ വര്‍ഷം ക്വിന്റലിന് 12,000 രൂപ ലഭിച്ചിരുന്ന മുളകിന് ഒറ്റയടിക്ക് അതിന്റെ നാലിലൊന്നായാണ് വില കുറഞ്ഞത്. ഗുണ്ടൂര്‍, കര്‍ണൂല്‍ ജില്ലകളില്‍ കര്‍ഷകര്‍ വിളകള്‍ കത്തിച്ചും റോഡ് ഉപരോധിച്ചുമാണ് പ്രതിഷേധിച്ചത്. ഗുജറാത്തിലും പഞ്ചാബിലും സമാനമായ കര്‍ഷക പ്രതിഷേധങ്ങള്‍ അരങ്ങേറി.

farmers strike1

കടുത്ത പ്രക്ഷോഭങ്ങളുണ്ടായില്ലെങ്കിലും കേരളത്തിലെ കര്‍ഷകരുടെ പ്രശ്‌നങ്ങളും അഴിയാക്കുരുക്കായി മാറി. റബര്‍, തേയില, പരുത്തി, പച്ചക്കറി തുടങ്ങിയവയുടെയെല്ലാം വിലയില്‍ ഇപ്പോള്‍ സാരമായ തളര്‍ച്ചയുണ്ട്. ഇറക്കുമതിയാണ് അതിനൊരു പ്രധാനകാരണം. ഇപ്പോള്‍ റബര്‍വിലയിലുണ്ടായ വന്‍ തകര്‍ച്ചക്കു കാരണവും പുതിയ സര്‍ക്കാര്‍ നയങ്ങളാണ്. സാര്‍വദേശീയരംഗത്തെ കാര്‍ഷിക ഉത്പന്നങ്ങളുടെയും നാണ്യവിളകളുടെയും വില ആഭ്യന്തരരംഗത്തെ വിലയിലും പ്രതിഫലിക്കുന്നുണ്ട്. ചെറുകിട കര്‍ഷകരാണ് ഏറ്റവും രൂക്ഷമായ പ്രതിസന്ധി നേരിടുന്നത്. കാര്‍ഷിക മേഖലയിലെ പൊതുനിക്ഷേപം 22 ശതമാനം കൂടുതല്‍ വര്‍ധിപ്പിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ ചെവിക്കൊള്ളുന്നില്ലെന്നാണ് കര്‍ഷകരുടെ ഏറ്റവും പ്രധാനപ്പെട്ട പരാതി.

രാജ്യത്തിന്റെ ആകെ കാര്‍ഷിക മേഖലയിലെ 60 ശതമാനവും മഴയെ ആശ്രയിച്ചുള്ള ജലസേചനത്തെയാണ് അവലംബിക്കുന്നത്. എന്നാല്‍ കാലാവസ്ഥാ വ്യതിയാനം ഇതിനെയൊക്കെ തകിടംമറിച്ചു. കാര്‍ഷികവിളകള്‍ ഇതിന്റെ ഭാഗമായി പാടെ നശിച്ചു. ലാഭം പോയിട്ട് മുതല്‍ മുടക്ക് പോലുമില്ലാത്ത അവസ്ഥയിലേക്ക് കര്‍ഷകര്‍ കൂപ്പുകുത്തി വീണു. ഇതിനെല്ലാമൊപ്പമാണ് നോട്ട് നിരോധനം ഇന്ത്യന്‍ കര്‍ഷകരുടെ അന്നം മുട്ടിച്ചത്. കാര്‍ഷിക മേഖലയില്‍ ആഗോളവത്കരണ നയങ്ങള്‍ നടപ്പാക്കിയതുമൂലം നിലനില്‍ക്കുന്ന പ്രതിസന്ധി നോട്ട് നിരോധനത്തോടെയാണ് രൂക്ഷമായത്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും കാര്‍ഷികോത്പന്നങ്ങളുടെ ക്രയവിക്രയം സ്തംഭിച്ചു. നോട്ടു ക്ഷാമം മൂലം കര്‍ഷകര്‍ കിട്ടിയ വിലക്ക് തങ്ങളുടെ ഉത്പന്നങ്ങള്‍ വിറ്റഴിക്കാന്‍ നിര്‍ബന്ധിതരായി. ഇത് കര്‍ഷകരുടെ ക്രയശേഷി നഷ്ടപ്പെടാനും രാജ്യത്തെ കൂടുതല്‍ കര്‍ഷകര്‍ കടക്കെണിയിലാകാനും കാരണമായി

faramer

ബേങ്കിംഗ് രംഗത്ത് വായ്പാ തിരിച്ചടവ് മന്ദഗതിയിലാവുകയും ബേങ്കുകള്‍ പ്രതിസന്ധിയിലാവുകയുംചെയ്തു. കേരളത്തിലെ കര്‍ഷകരുടെ ആശ്രയമാണ് സഹകരണമേഖല. കൃഷിക്കാര്‍ക്ക് ചുരുങ്ങിയ പലിശക്കാണ് ഇവിടെ വായ്പ ലഭിക്കുന്നത്. പക്ഷേ, അടുത്ത കാലത്ത് സര്‍ക്കാറും റിസര്‍വ് ബേങ്കും സ്വീകരിക്കുന്ന സമീപനങ്ങള്‍ കേരളത്തിലെ കാര്‍ഷികമേഖലയെയും സഹകരണമേഖലയെയും ഒരുപോലെ തകര്‍ക്കുന്നുവെന്ന ഇടതു പക്ഷത്തിന്റെ ആരോപണവും ഇതോടൊപ്പം ചേര്‍ത്തു വായിക്കണം.

പത്ത് ആസിയാന്‍ രാജ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ആര്‍ സി ഇ പി രാജ്യാന്തരക്കരാറില്‍ ഇനി ഇന്ത്യ ഒപ്പിടുമ്പോള്‍ നമ്മുടെ കാര്‍ഷികമേഖല ഒന്നടങ്കം അംഗരാജ്യങ്ങള്‍ക്കായി തുറന്നുകൊടുക്കപ്പെടുന്ന സ്ഥിതി വിശേഷമാണ് വരാന്‍ പോകുന്നത്. നികുതിരഹിത കാര്‍ഷികോത്പന്ന ഇറക്കുമതി മാത്രമല്ല, ഈ രാജ്യങ്ങളിലെ കോര്‍പറേറ്റുകളുടെ വന്‍ നിക്ഷേപങ്ങളും ഇതു വഴി ഇന്ത്യയിലുണ്ടായേക്കും. ഇതെല്ലാം രാജ്യത്തെ ചെറുകിട കര്‍ഷകരെയാണ് കാര്യമായി ബാധിക്കുക.

Comments

comments