Breaking News

ദിലീപിനെ ‘നല്ലവനാക്കാൻ’ ചാനലുകൾക്ക് അച്ചാരം

നടിയെ ഓടുന്ന കാറിൽ പൊതുനിരത്തിൽ ലൈംഗികാതിക്രമം നടത്താൻ ക്വട്ടേഷൻ കൊടുത്ത കേസിൽ ജയിലിൽ ഉള്ള പ്രതി ദിലീപിനെ നിഷ്കളങ്കനായി ചിത്രീകരിക്കാൻ ചാനലുകൾക്ക് അച്ചാരം. ഇനി ഹൈക്കോടതിയിൽ ദിലീപിന് വേണ്ടി ജാമ്യഅപേക്ഷ നൽകാനിരിക്കെ അഭിഭാഷകർ തന്നെ വാദങ്ങൾ നിരത്തി മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത് ഇതിന്റെ ഭാഗമായാണ്. ഈ ഓണക്കാലം കെങ്കേമമാക്കാൻ സിനിമാ മേഖലയിൽ നിന്നുള്ള നിർലോഭമായ പിന്തുണയ്‌ക്കൊപ്പം പണവും ലഭിക്കുന്ന തരത്തിലാണ് ഡീൽ.

ദിലീപിനായി പരമ്പര

ചെന്നൈ കേന്ദ്രീകരിച്ചു നടന്ന ചർച്ചയിൽ ഒരു പ്രമുഖ ചാനൽ ലക്ഷങ്ങൾ ചിലവിൽ ‘നടന്ന സംഭവങ്ങൾ’ പുനർചിത്രീകരിച്ച് ദിലീപിന് അനുകൂലമായി ഒരു അന്വേഷണാത്മക പരമ്പര ഒരുക്കാൻ നീക്കം ആരംഭിച്ചു. ഇതിനായുള്ള ഫണ്ട് ദിലീപ് അനുകൂല തരംഗം സൃഷ്ടിക്കുന്ന പി ആർ കമ്പനി മുടക്കും. പരസ്യ ഇനത്തിൽ ലഭിക്കുന്ന പണം ചാനലിന് ലാഭം. യഥാർത്ഥ അന്വേഷണം എന്ന് ജനത്തെ വിശ്വസിപ്പിക്കുന്ന പരിപാടിയാകും ഇതെന്നാണ് വിലയിരുത്തൽ. ഇതിനായി മലയാളികൾക്കിടയിൽ ഏറെ പ്രിയങ്കരനായ ഒരു ചാനൽ അവതാരകൻ തന്നെ മുൻകൈ എടുക്കും. ഏതാണ്ട് ഒരു കോടി രൂപയിലധികം മുടക്കുമുതലാണ് അവതാരകനടക്കം ഓഫർ.

മാർക്കറ്റ് ബാർഗൈനിങ്ങിൽ ചാനലുകളുടെ അടിപതറി

ഓണക്കാല മാർക്കറ്റ് ബാർഗൈനിങ്ങിൽ ചാനലുകളുടെ അടിപതറി എന്നാണ് വിലയിരുത്തൽ. താരങ്ങൾ മാതൃഭുമിയെയും ഏഷ്യാനെറ്റിനെയും പൂർണ്ണമായും ബഹിഷ്കരിക്കും എന്ന് തീരുമാനിച്ചിരുന്നു. സർക്കാരിനോടുള്ള പ്രതിഷേധം കൈരളിക്കെതിരെയും ബാധിച്ചു. ഇനിയും വാർത്താ ചാനൽ ആരംഭിച്ചിട്ടില്ലാത്ത ഫ്‌ളവേഴ്‌സ് ചാനലിനെയും, അമൃതയെയും, ന്യൂസ് നിർത്തിയ സൂര്യ ടി വിയെയും ഒഴിവാക്കേണ്ട എന്ന് തീരുമാനിച്ചു എങ്കിലും വമ്പൻ താരങ്ങൾ കുഴിയിൽ ചാടണ്ട എന്ന തീരുമാനത്തിലാണ്. ചാനൽ പ്രവർത്തകർ വിളിച്ചാൽ ഫോൺ എടുക്കില്ല, ആലോചിച്ചു പറയാം എന്ന് പറഞ്ഞവർ ഇനിയും ആലോചിച്ചു തീർത്തിട്ടില്ല. ”എവിടെയോ ആരോ താരങ്ങളെ നിയന്ത്രിക്കുന്നു എന്നത് ഉറപ്പാണ്.” ഒരു ചാനൽ പ്രൊഡ്യൂസർ തുറന്നു പറയുന്നു. ”അത് ദിലീപാണോ മമ്മൂട്ടിയാണോ മറ്റാരെങ്കിലും ആണോ എന്നറിയില്ല. പക്ഷെ നിർമാതാക്കളായ സുരേഷ്‌കുമാർ , സജി നന്ത്യാട്ട് തുടങ്ങിയവർ ദിലീപിന് വേണ്ടി മുന്നിലുണ്ട്. കുറ്റം മാധ്യമങ്ങളിൽ ചാരാൻ തന്നെയാണ് തീരുമാനം. ഇപ്പോൾ ദിലീപ് അനുകൂല കഥകളുമായി ഇക്കൂട്ടർ ഇറങ്ങിയിട്ടുമുണ്ട്.” അയാൾ മനസ് തുറന്നു.

”ഓണത്തിന് ചാനലുകളിൽ സിനിമാക്കാർ ഇല്ല എന്ന് പറഞ്ഞപ്പോൾ ജനത്തിന് സന്തോഷം ”

ഓണത്തിന് സിനിമാക്കാർ വേണ്ട എന്ന തീരുമാനത്തിലെത്താൻ ചാനലുകൾക്ക് ഇത് വരെ കഴിഞ്ഞിട്ടില്ല. പരസ്യ വിപണി തന്നെയാണ് അവരുടെ പ്രശ്നം. ”മാനേജ്‌മെന്റിന്റെ ഭയം. ഞങ്ങൾക്ക് ആ ഭയമില്ല. ഭൂരിപക്ഷം മാനേജ്‌മെന്റുകൾക്കും ജനത്തിന്റെ നിലവിലെ പൾസ് അറിയില്ല. ഒറ്റ ഒരു സാറന്മാർക്കും സ്വന്തമായി നിയന്ത്രിക്കുന്ന ഫേസ്ബുക് അക്കൗണ്ട് പോലുമില്ല. ചുറ്റും കൂടി നുണ പറയുന്ന കുറെ പേരാണ് അവരെ നിയന്ത്രിക്കുന്നത്. മാർക്കറ്റിങ് വിഭാഗം സ്വാധീനം ചെലുത്തും. പിന്നെ ദിലീപിന്റെ പി ആർ ചെയ്യുന്നവരും കറങ്ങി നടക്കുന്നുണ്ട്.” ചാനൽ ജീവനക്കാർ ആത്മ വിശ്വാസത്തിൽ തന്നെ. ”നിങ്ങൾ സോഷ്യൽ മീഡിയയിൽ പരതൂ… സിനിമാക്കാർ ഇല്ലാത്ത ചാനൽ ഓണം നല്ലതായിരിക്കും എന്നാണ് പൊതുജന വികാരം…! അവന്മാരെ പോയി തുലായാൻ പറയൂ … എന്നാണ് ഫേസ്ബുക്കിലൊക്കെ ആക്രോശം. ഇവരില്ലാതെ പ്രേക്ഷകരെ പിടിച്ചിരുത്താൻ കഴിയുന്ന തരം പരിപാടികൾ അവതരിപ്പിക്കാൻ ഞങ്ങൾക്കാവും. പക്ഷെ മുതലാളിമാർ മണ്ടന്മാരാണ്. അവർക്ക് ഈ സിനിമാക്കാരുടെ ചളികൾ മാത്രമാണ് ഓണം.” ഓണത്തിന് ശേഷം പല ചാനലുകളും തെറ്റായ തന്ത്രങ്ങൾക്ക് അവരുടെ ജീവനക്കാരോട് ഉത്തരം പറയേണ്ടി വരും.

Comments

comments