Breaking News

ബസ് കിട്ടിയില്ലെങ്കിൽ നല്ലതൊരെണ്ണം എടുത്തോണ്ട് പോയാ പോരേ ?

സമയം രാത്രി ഒരു മണി. കൊല്ലം ബസ് സ്റ്റാൻഡ്. ആറ്റിങ്ങലാണ് വീട്. പക്ഷെ ഇനി വണ്ടി ഒന്നുമില്ല എന്നാണ് പറയുന്നത്…! എന്ത് ചെയ്യും ? എന്ത് ചെയ്യാൻ; ഡ്രൈവിങ് അറിയാമെങ്കിൽ നല്ലതൊരെണ്ണം നോക്കി എടുത്തോണ്ട് പൊയ്ക്കൂടേ ? മതിയെന്ന് തീരുമാനിച്ചു ആ യുവാവ്. അകത്തൽപ്പം ‘വീര്യം’ കൂടിയുണ്ടെങ്കിൽ പിന്നെ രണ്ടാമതൊന്ന് ചിന്തിക്കുകയെ വേണ്ട.

സംഭവം ഇങ്ങനെയാണ്. ആറ്റിങ്ങൽ മണമ്പൂർ സ്വദേശി അലോഷി അൽപ്പം ലഹരിയൊക്കെ അകത്താക്കി പാതിരാത്രി ഒരുമണിയോടെ സ്വദേശമായ ആറ്റിങ്ങലിനു പോകണം എന്ന ആഗ്രഹവുമായി കൊല്ലത്തെത്തി. കെഎസ്ആർടിസി സ്റ്റാൻഡിൽ ആവശ്യം അറിയിച്ചു. ഉടനെയെങ്ങും ബസില്ല. പിന്നെന്തു ചെയ്യും? അപ്പോഴാണ് തൊട്ടടുത്ത് ലിങ്ക് റോഡിൽ ബസുകൾ നിരനിരയായി കിടക്കുന്നത് കണ്ടത്. ഐഡിയ! ഒരെണ്ണമെടുത്ത് വീടുവരെ പോയാലോ? പിന്നൊന്നും ആലോചിച്ചില്ല. കിടന്നതിൽ ഭേദമെന്നു തോന്നിയ ഫാസ്റ്റ് പാസഞ്ചറിന്റെ ഡ്രൈവിങ് സീറ്റിലേക്ക്. മെക്കാനിക്കൽ വിഭാഗത്തിനു പരിശോധനയ്ക്കായി താക്കോൽ വാഹനത്തിലുണ്ടായിരുന്നത് രക്ഷയായി. വണ്ടി സ്റ്റാർ‌ട്ടാക്കി ഒറ്റവിടൽ.

KSRTC DAILYREPORTS

പക്ഷേ, മോഹം പൂവണിഞ്ഞില്ല. ആറ്റിങ്ങലിലേക്കുള്ള യാത്ര വെറും ഒരു കിലോമീറ്ററേ നീണ്ടുള്ളൂ. അവിടെ സ്വപ്നയാത്രയ്ക്ക് കുരുക്ക് തീർത്തത് ചിന്നക്കട റൗണ്ടിനു സമീപത്തെ വൈദ്യുതി പോസ്റ്റ്. എത്രയോ വർഷങ്ങളായി നിത്യാഭ്യാസികളായ ഡ്രൈവർമാർ പോലും പാടുപെട്ട് തിരിയുന്ന റൗണ്ടിൽ പാവം അലോഷി എന്തുചെയ്യാൻ? കൃത്യമായി തന്നെ പോസ്റ്റിൽ ഇടിച്ചു.

KSRTC 1 DAILYREPORTS

പക്ഷെ അപകടമുണ്ടായ ഉടൻ ഉള്ളിലെ കെട്ടിറങ്ങി. അതോടെ സ്വന്തം തടിയും കയ്യിലുണ്ടായിരുന്ന ബാഗുമെടുത്ത് ഒറ്റഓട്ടം. പക്ഷേ, ഒന്ന് മറന്നു. അവിടെ ആ മറവി ഒരു വില്ലനായി അലോഷിക്ക്. കാലിൽ കിടന്ന ഷൂസ്. ഇത്തിരി പണം മുടക്കിയത് അത്. ആക്സിലേറ്റർ ചവിട്ടാൻ ഊരിമാറ്റിയ ഷൂസ് ബസ്സിൽ ഭദ്രമായി വച്ചിട്ടുണ്ടായിരുന്നു. ഓട്ടത്തിനിടെ ഇടത്തേക്കാലിലെ ഷൂസ് വണ്ടിയിൽക്കുടുങ്ങി. വില കൂടിയ ഷൂസ്. വിട്ടുകളയാൻ തോന്നിയില്ല. അങ്ങനെ കാത്തിരുന്നു. ആദ്യത്തെ ബഹളമൊന്ന് അടങ്ങിയപ്പോൾ പതിയെ വണ്ടിയിലേക്ക് തിരിച്ചെത്തി. അലോഷിയെ ആദ്യം ആരും തിരിച്ചറിഞ്ഞില്ല. പക്ഷെ ഷൂസ് തപ്പുന്ന ആളെക്കണ്ട പൊലീസിന് കാര്യം മനസ്സിലായി. പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് കഥകളെല്ലാം പുറത്തായത്.

KSRTC 2 DAILYREPORTS

ആറ്റിങ്ങൽ മണമ്പൂർ സ്വദേശി അലോഷി(25)യാണ് വണ്ടി കടത്താൻ ശ്രമിച്ച് പിടിയിലായത്. ഇയാളെ ഈസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നു. ഇനി വണ്ടി ചിന്നക്കടയിലെ വൈദ്യുതി പോസ്റ്റിൽ കാര്യമായ അപകടമുണ്ടാക്കാതെ ഇടിച്ചു നിന്നിരുന്നില്ലെങ്കിൽ? വൻദുരന്തം ഒഴിവായല്ലോ എന്ന ആശ്വാസത്തിലാണ് കെഎസ്ആർടിസി അധികൃതരും പൊലീസും.

Comments

comments