Breaking News

പിണറായിയെ വിടാതെ വീണ്ടും സി.ബി.ഐ;. ലാവ്‌ലിനില്‍ സുപ്രീം കോടതിയിൽ അപ്പീല്‍ പോകാന്‍ തീരുമാനം

മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധിക്കെതിരെ ലാവ്‌ലിന്‍ കേസില്‍ സിബിഐ സുപ്രീം കോടതിയെ സമീപിക്കും. അപ്പീല്‍ പോകാനാണ് കേന്ദ്ര ഏജന്‍സിയുടെ തീരുമാനം. ഹൈക്കോടതിയില്‍ തിരിച്ചടിയേല്‍ക്കുകയും രൂക്ഷവിമര്‍ശനം ഏല്‍ക്കേണ്ടി വരികയും ചെയ്ത സാഹചര്യത്തിലാണ് അപ്പീല്‍ പോകാന്‍ സിബിഐ തീരുമാനം.ഇക്കാര്യത്തില്‍ വിധിയുടെ പകര്‍പ്പ് ലഭിച്ച ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്നാണ് ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത്.

cbi-aai

സി.ബി.ഐ പിണറായിയെ കുടുക്കാന്‍ ശ്രമിച്ചുവെന്ന ഗുരുതരമായ ആക്ഷേപം ഹൈക്കോടതിയുടെ ഭാഗത്ത് നിന്നും വരിക കൂടി ചെയ്തത് വളരെ ഗൗരവമായാണ് സി.ബി.ഐ ഉന്നത ഉദ്യോഗസ്ഥര്‍ നോക്കിക്കാണുന്നത്.
പിണറായി വിജയനെ തിരഞ്ഞുപിടിച്ച് കേസില്‍ പ്രതി ചേര്‍ക്കാന്‍ സിബിഐ ശ്രമിച്ചുവെന്നതാണ് ഗുരുതര പരാമര്‍ശം. ലാവ്‌ലിന്‍ ഇടപാടുമായി ബന്ധമുള്ള മറ്റു വൈദ്യുതി വകുപ്പ് മന്ത്രിമാരെ ഒഴിവാക്കിയ സിബിഐ, പിണറായി വിജയനെ മാത്രം എന്തിനു പ്രതിയാക്കിയെന്ന ചോദ്യമാണ് വിധി പ്രസ്താവം നടത്തിയ ജസ്റ്റിസ് പി.ഉബൈദ് ഉന്നയിച്ചത്.

കേസുമായി ബന്ധപ്പെട്ട് പിണറായിയെ ബലിയാടാക്കിയ സിബിഐ, അദ്ദേഹത്തെ മാത്രം വേട്ടയാടിയതില്‍ കൃത്യമായ രാഷ്ട്രീയമുണ്ടെന്ന നിര്‍ണായക നിരീക്ഷണവും ഹൈക്കോടതി നടത്തിയിട്ടുണ്ട്.കെഎസ്ഇബി ആസൂത്രണം ചെയ്ത പദ്ധതിയാണ് ലാവ്‌ലിന്‍. അത് നടപ്പാക്കുകയാണ് ഒന്ന്, ഏഴ്, എട്ട് പ്രതികള്‍ ചെയ്തത്. ലാവ്‌ലിന്‍ കേസുമായി ബന്ധപ്പെട്ട ഫയല്‍ മന്ത്രിസഭയുടെ പരിഗണനയ്ക്കു വച്ച സന്ദര്‍ഭത്തില്‍ എന്തെങ്കിലും വിവരം പിണറായി വിജയന്‍ മറച്ചുവച്ചിട്ടില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.

pinarayi 44

ഇക്കാര്യങ്ങള്‍ക്കെല്ലാം വ്യക്തമായ കൗണ്ടര്‍ തയ്യാറാക്കി നിയമ പോരാട്ടം ശക്തമായി തുടരാനാണ് സിബിഐയുടെ നീക്കം.പിണറായിയെ കുറ്റവിമുക്തമാക്കുകയും പ്രതിസ്ഥാനത്ത് ഒപ്പമുണ്ടായിരുന്ന മൂന്ന് ഉദ്യോഗസ്ഥര്‍ മാത്രം വിചാരണ നേരിടണമെന്ന് ഹൈക്കോടതി പറഞ്ഞതും അപ്പീലില്‍ ചോദ്യം ചെയ്യും.
ഇതോടെ ലാവ് ലിന്‍ കേസിലെ നിയമ പോരാട്ടം വീണ്ടും കടുത്തതാകുമെന്ന് ഉറപ്പാണ്.

ഹൈക്കോടതിയില്‍ പിണറായിക്കു വേണ്ടി ഹാജരായ സുപ്രീം കോടതിയിലെ സീനിയര്‍ അഭിഭാഷകന്‍ ഹരീഷ് സാല്‍വെ തന്നെയായിരിക്കും സിബിഐ അപ്പീല്‍ നല്‍കിയാല്‍ സുപ്രീം കോടതിയില്‍ ഹാജരാകാന്‍ സാധ്യത.

Comments

comments