Breaking News

കേസുകളില്‍ നിന്ന് ഒഴിവാക്കി തരാമെന്ന് ഹണി പ്രീതിനോട് അമിത്ഷാ; ആള്‍ദൈവങ്ങളുടെ അരമനകളില്‍ ആരൊക്കെ?

അമിത് ഷാക്കെതിരെ റാം റഹീം സിങിന്റെ വളര്‍ത്തു മകള്‍ ഹണിപ്രീത്;ഗുര്‍മീത് രാം റഹിമും വളര്‍ത്തുമകളായ ഹണിപ്രീതും തമ്മിൽ അവിഹിത ബന്ധം ;ആരോപണങ്ങളുമായി മുന്‍ ഭര്‍ത്താവ്;ആള്‍ദൈവങ്ങളുടെ അരമനകളില്‍ ആരൊക്കെ?പി വി നരസിംഹറാവു, അടല്‍ ബിഹാരി വാജ്പയി, എല്‍ കെ അഡ്വാനി, ഡോ. മന്‍മോഹന്‍ സിംഗ്,പ്രധാനമന്ത്രി നരേന്ദ്ര മോദി  തുടങ്ങിയവരൊക്കെ അധികാരത്തിലിരിക്കെ തന്നെ ആള്‍ദൈവങ്ങളുടെ അരമനകളില്‍ കയറിയിറങ്ങിയവർ തന്നെ.2002ല്‍ പ്രധാനമന്ത്രിയായിരുന്ന അടല്‍ ബിഹാരി വാജ്പയിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ സി ബി ഐ രജിസ്റ്റര്‍ ചെയ്ത കേസിലാണ് 15 വര്‍ഷത്തിന് ശേഷം ഇപ്പോള്‍ വിധി വന്നത്.

honey-preet100

ബലാത്സംഗക്കേസില്‍ കോടതി ശിക്ഷിച്ച ദേരാ സച്ചാ സൗദാ തലവന്‍ ഗുര്‍മീത് റാം റഹീം സിങിന്റെ വളര്‍ത്തു മകള്‍ ഹണിപ്രീത് സിങ് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാക്കെതിരെ രംഗത്ത്. ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ പിന്തുണ നല്‍കുകയാണെങ്കില്‍ ബലാത്സംഗക്കേസുകളില്‍ നിന്ന് ഒഴിവാക്കി തരാമെന്ന് അമിത് ഷാ വാഗ്ദാനം ചെയ്തിരുന്നതായി ഹണിപ്രീത് പറഞ്ഞു.

രണ്ടു ബലാത്സംഗക്കേസുകളിലായി 20 വര്‍ഷത്തെ കഠിന തടവിന് സ്വയം പ്രഖ്യാപിത ആള്‍ദൈവം ഗുര്‍മീതിനെ കോടതി ശിക്ഷിച്ചതിനു പിന്നാലെയാണ് വെളിപ്പെടുത്തലുമായി വളർത്തു മകള്‍ രംഗത്തുവന്നത്. വോട്ടു തന്നാല്‍ പീഡനക്കേസില്‍ നിന്ന് ഒഴിവാക്കാമെന്ന് അമിത് ഷാ തന്നെ നേരിട്ട് ഉറപ്പു നല്‍കുകയായിരുന്നു. ബിജെപിയുടെ ദേശീയ നേതാക്കളില്‍ ഒരാളായ അനില്‍ ജെയിനെയാണ് ആദ്യം ഗുര്‍മീത് കണ്ടത്. പിന്നീട് അനില്‍ ജെയിന്‍ വഴിയാണ് അമിത് ഷായെ കാണുന്നത്. 28 നിയമസഭാ സീറ്റുകളില്‍ തന്റെ അനുയായികളുടെ മുഴുവന്‍ വോട്ടും നല്‍കാമെന്ന് ഗുര്‍മീത് അമിത് ഷാ ഉറപ്പു നല്‍കുകയും ചെയ്തു.

amithsha

ഹരിയാന മുഖ്യമന്ത്രി എം.എല്‍ ഖട്ടാറും ഗുര്‍മീതും തമ്മിലുള്ള അടുപ്പം നേരത്തെ വാര്‍ത്തയായിരുന്നു. കൂടാതെ സ്വച്ഛ് ഭാരത് അഭിയാന്‍ പദ്ധതിക്കായി ഗുര്‍മീത് നല്‍കിയ പിന്തുണയെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തതും വിവാദമായിരുന്നു. ഇതിനു പിന്നാലെയാണ് ഹണിപ്രീതും രംഗത്തു വന്നത്.

ഗുര്‍മീത് രാം റഹിമും വളര്‍ത്തുമകളായ ഹണിപ്രീതും തമ്മിൽ അവിഹിത ബന്ധം ; ആരോപണങ്ങളുമായി മുന്‍ ഭര്‍ത്താവ്

honey4

ദേരാ സച്ചാ സൗദാ നേതാവ് ഗുര്‍മീത് രാം റഹിമിന്റെ വളര്‍ത്തുമകളായ ഹണിപ്രീതിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുന്‍ ഭര്‍ത്താവ് വിശ്വാസ് ഗുപ്ത രംഗത്ത്.പ്രിയങ്ക തനേജ എന്നാണ് ഹണിപ്രീതിന്റെ യഥാര്‍ത്ഥ പേര്. 1999 ല്‍ ഗുര്‍മീത് ഭക്തനായ വിശ്വാസ് ഗുപ്ത എന്ന ബിസിനസ്സുകാരനെ പ്രിയങ്ക വിവാഹം കഴിച്ചു. ഇതേതുടര്‍ന്നാണ് പ്രിയങ്കയും ഗുര്‍മീതിന്റെ ഭക്തയാകുന്നത്. എന്നാല്‍ ഈ ബന്ധം വളരെ പെട്ടെന്നുതന്നെ, ഗുരു ശിഷ്യ തലത്തില്‍ നിന്നും പ്രണയത്തിലേക്ക് വളരുകയായിരുന്നെന്ന് വിശ്വാസ് ഗുപ്ത പറയുന്നു. ഇരുവരും തമ്മില്‍ അരുതാത്ത നിലയില്‍ പല തവണ താന്‍ കണ്ടു. ഭാര്യ ഭര്‍ത്താക്കന്മാരെ പോലെയാണ് ഇരുവരും ഇടപെട്ടിരുന്നതെന്നും വിശ്വാസ് ഗുപ്ത പറഞ്ഞു.

ഹണിപ്രീതും ഗുര്‍മീതും തമ്മില്‍ വഴിവിട്ട ബന്ധമുണ്ടെന്നും, ഗുര്‍മീത് ഹണിപ്രീതിനെ കസ്റ്റഡിയില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും കാണിച്ച് 2011 ല്‍ വിശ്വാസ് ഗുപ്ത കോടതിയില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ കോടതിയ്ക്ക് പുറത്ത് പ്രശ്നം തീര്‍ത്ത് വിശ്വാസ് ഗുപ്ത ഹണിപ്രീതില്‍ നിന്നും വിവാഹമോചനം നേടുകയായിരുന്നു. ഇതിനു പിന്നാലെയാണ് ഹണിപ്രീത് ഇന്‍സാനെ ഗുര്‍മീത് റാം റഹിം തന്റെ വളര്‍ത്തുമകളായി പ്രഖ്യാപിക്കുന്നത്. ഇതോടെ ഹണിപ്രീത് ദേരാ സച്ചാ സൗദയിലെ പ്രധാനികളിലൊരാളായി മാറിയെന്നും വിശ്വാസ് ഗുപ്ത ആരോപിക്കുന്നു.

ഹണിപ്രീതിന്റെ സൗന്ദര്യത്തില്‍ മയങ്ങിയ ഗുര്‍മീത്, അവരെ ലൈംഗീകമായി ചൂഷണം ചെയ്യുകയായിരുന്നു. ഗുര്‍മീതിന്റെ ഭീഷണിയെത്തുടര്‍ന്ന് താന്‍ വര്‍ഷങ്ങളായി ഒളിവില്‍ കഴിയുകയാണെന്നും വിശ്വാസ് ഗുപ്ത വെളിപ്പെടുത്തി.

honey4

ഭൗതിക സ്വത്ത് സമാഹരിക്കില്ല, രാഷ്ട്രീയത്തില്‍ ഇടപെടില്ല എന്നതൊക്കെയായിരുന്നു 1984ല്‍ ഷാ മസ്താന, ദേരാ സച്ചാ സൗദ പ്രസ്ഥാനത്തിന് രൂപം നല്‍കുമ്പോഴുണ്ടായിരുന്ന തത്വങ്ങള്‍. പാക്കിസ്ഥാനിലെ ബലൂചിസ്ഥാന്‍ സ്വദേശിയായ ഷാ മസ്താന, ദേര പ്രസ്ഥാനത്തിന് തുടക്കമിടുന്നത്, സിഖ് മതത്തിലെ സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് അന്തസ്സോടെ ജീവിക്കാനുള്ള അവസരമൊരുക്കുക എന്ന ഉദ്ദേശ്യത്തിലായിരുന്നു. ഷാ മസ്താനക്ക് ശേഷം ഷാ സത്‌നം സിംഗ് ദേരാ സച്ചാ സൗദയുടെ നേതാവായി. അതിന് ശേഷമാണ് ഇപ്പോള്‍ ബലാത്സംഗക്കേസില്‍ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയ ഗുര്‍മീത് റാം റഹീം സിംഗ് വരുന്നത്.

സിഖുകാരിലെ ദളിതുകള്‍ മാത്രമല്ല, പഞ്ചാബ് – ഹരിയാന സംസ്ഥാനങ്ങളിലെ ഹിന്ദുക്കളിലെ ദളിതുകളും വലിയ തോതില്‍ ഈ പ്രസ്ഥാനത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടിരുന്നു. തൊപ്പിയും താടിയും വെച്ച് കൃപാണ്‍ ധരിച്ച, ഭൂസ്വത്തുള്ള സവര്‍ണ സിഖുകാരുടെ ചെരുപ്പു നന്നാക്കാന്‍ നിയോഗിക്കപ്പെടുന്ന ദളിതന് അന്തസ്സുള്ള ജീവിതവും അവന്റെ മക്കള്‍ക്ക് പഠിക്കാനുള്ള അവസരവും ഉറപ്പാക്കാന്‍ നടത്തിയ ശ്രമമാണ് പ്രസ്ഥാനത്തിന് ജനപിന്തുണയുണ്ടാക്കിയത്. പഞ്ചാബ്, ഹരിയാന, ഡല്‍ഹി, ഉത്തര്‍ പ്രദേശ് എന്നിവിടങ്ങളിലായി ലക്ഷക്കണക്കിനാളുകള്‍ ഈ പ്രസ്ഥാനത്തിന്റെ ഭാഗമായുണ്ടെന്നാണ് കണക്ക് (അഞ്ച് കോടിയോളമെന്നാണ് ദേര പ്രസ്ഥാനക്കാരുടെ അവകാശവാദം). അതുകൊണ്ട് തന്നെ പഞ്ചാബിലും ഹരിയാനയിലും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അവഗണിക്കാനാകാത്ത വോട്ട് ബാങ്കായി ദേര പ്രസ്ഥാനക്കാര്‍ മാറുകയും ചെയ്തു.

honey8

ഷാ മസ്താനയെയും ഷാ സത്‌നം സിംഗിനെയും അപേക്ഷിച്ച് കുറേക്കൂടി അക്രമോത്സുകമായിരുന്നു റാം റഹീം സിംഗിന്റെ പ്രവര്‍ത്തനം. പ്രസ്ഥാനത്തെ സാമ്പത്തികശക്തിയാക്കാനും അത് അനുയായികള്‍ക്ക് കൂടി അനുഭവവേദ്യമാക്കാനും ശ്രമിച്ചിരുന്നു. ഭൗതിക സ്വത്ത് സമാഹരിക്കില്ല എന്ന പ്രഖ്യാപിത ലക്ഷ്യത്തില്‍ നിന്ന് മാറി, സ്വത്ത് സമാഹരിക്കാനും അതിന്റെ ആനുകൂല്യം പ്രസ്ഥാനത്തിന്റെ ഭാഗമായ ആളുകളിലെത്തിക്കാനും ശ്രമിച്ചിരുന്നു റാം റഹീം സിംഗ്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നടത്തിപ്പിനൊപ്പം വ്യാപാര മേഖലയിലേക്ക് കൂടി പ്രവേശിച്ചത് വഴി പ്രസ്ഥാനത്തിന്റെ സാമ്പത്തിക ബലം വര്‍ധിപ്പിക്കാനും റാം റഹീം സിംഗിനായി.

സമ്പത്ത് കുമിഞ്ഞുകൂടുകയും സ്വാധീനം വര്‍ധിക്കുകയും ചെയ്തതോടെ, ഇത്തരം പ്രസ്ഥാനങ്ങളിലൊക്കെയുണ്ടാകും വിധത്തിലുള്ള അധോതല പ്രവൃത്തികള്‍ ദേരയിലുമുണ്ടായി. ചോദ്യംചെയ്യപ്പെടാത്ത അധിപനെന്ന തോന്നല്‍, ചോദ്യം ചെയ്യാന്‍ ശ്രമിക്കുന്നവരെ വേട്ടയാടാനോ ഇല്ലായ്മ ചെയ്യാനോ ഒക്കെ പ്രേരണയായി. ഭൂമി കൈയേറ്റം, ബലാത്സംഗം, കൊലപാതകം തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ റാം റഹീം സിംഗ് പ്രതിയാകുന്നത് ഇതോടെയാണ്. സംഘ ബലവും രാഷ്ട്രീയ പാര്‍ട്ടികളിലുള്ള സ്വാധീനവും എല്ലാ കേസുകളില്‍ നിന്നും തന്നെ രക്ഷിക്കുമെന്ന പൂര്‍ണ വിശ്വാസത്തിലായിരുന്നു റാം റഹീം സിംഗ്. അതാണ് തകര്‍ന്നത്, വിചാരണക്കോടതിയുടെ വിധിയനുസരിച്ച് പത്ത് വര്‍ഷത്തെ തടവ് റാം റഹീം സിംഗ് അനുഭവിക്കണം.

gurmeet5

രൂപത്തിലും ഭാവത്തിലും ആള്‍ദൈവമാണെങ്കിലും ലക്ഷണയുക്തനായ ആള്‍ദൈവമായി റാം റഹീം സിംഗിനെ കാണാനാകില്ല. രാജ്യത്ത് അങ്ങോളമിങ്ങോളമുള്ള ആള്‍ ദൈവങ്ങളൊക്കെ സ്വയം ദൈവമായോ ദൈവത്തിന്റെ പ്രതിപുരുഷനായോ ദേവസന്നിധിയിലേക്ക് അനുയായികളെ നയിക്കാന്‍ ശേഷിയുള്ള മഹാ ഋഷിയായോ ഒക്കെ അവകാശപ്പെടുന്നുണ്ട്. വലിയ ദര്‍ശനങ്ങള്‍ അവതരിപ്പിക്കുകയും അവയെ ആത്മീയ വ്യാപാരത്തിനുള്ള മറയായി ഉപയോഗിക്കുകയും ചെയ്യാറുണ്ട്. സത് സംഗമെന്ന പേരില്‍ സ്വന്തം സിദ്ധാന്തങ്ങള്‍ അവതരിപ്പിക്കുന്ന വേദിയുണ്ട് റാം റഹീം സിംഗിന്. ആ നിലക്ക് ആത്മീയാചാര്യനെന്ന പ്രതിച്ഛായ നിലനിര്‍ത്തുന്നതിനൊപ്പം ആല്‍ബങ്ങളിലും ചലച്ചിത്രങ്ങളിലുമൊക്കെ അഭിനയിച്ചും ചലച്ചിത്രങ്ങള്‍ സ്വയം നിര്‍മിച്ചുമൊക്കെ ആള്‍ ദൈവങ്ങളുടെ പതിവ് ചിട്ടവട്ടങ്ങളില്‍ നിന്ന് ഭിന്നനായി നിന്നിരുന്നു റാം റഹീം സിംഗ്.

ഈ രൂപത്തില്‍ റാം റഹീം സിംഗിനെ വളര്‍ത്തുന്നതില്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക്, പ്രത്യേകിച്ച് കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ള പങ്ക് കാണാതിരുന്നു കൂടാ. സവര്‍ണ സിഖുകളുടെ കുത്തകാവകാശം ശിരോമണി അകാലിദളുകള്‍ സ്വന്തമാക്കിയപ്പോള്‍, പഞ്ചാബില്‍ അധികാരത്തില്‍ തിരിച്ചെത്താനുള്ള കുറുക്കുവഴിയായി ദേര സച്ചാ സൗദാ പ്രസ്ഥാനത്തെ കോണ്‍ഗ്രസ് ഉപയോഗിച്ചു. അതിനായി റാം റഹീം സിംഗിന്റെ നിയമ ലംഘനങ്ങള്‍ക്കു നേര്‍ക്ക് അവര്‍ കണ്ണടച്ചു, കൊലപാതകവും ബലാത്സംഗവുമൊക്കെ ആരോപിക്കപ്പെട്ടപ്പോള്‍ അതിന്റെ അന്വേഷണം മന്ദഗതിയിലാക്കാനോ അട്ടിമറിക്കാനോ മടിച്ചതുമില്ല. 2002ല്‍ പ്രധാനമന്ത്രിയായിരുന്ന അടല്‍ ബിഹാരി വാജ്പയിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ സി ബി ഐ രജിസ്റ്റര്‍ ചെയ്ത കേസിലാണ് 15 വര്‍ഷത്തിന് ശേഷം ഇപ്പോള്‍ വിധി വരുന്നത് എന്നത് കണക്കിലെടുക്കുമ്പോള്‍, റാം റഹീം സിംഗിന്റെ സ്വാധീനം എത്രത്തോളമെന്ന് മനസ്സിലാകും.

natendra-modi

2014ല്‍ ഹരിയാന നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ റാം റഹീം സിംഗിന്റെ പിന്തുണ ഉറപ്പാക്കാന്‍ കേന്ദ്ര ഭരണം കൈപ്പിടിയിലൊതുക്കിയ ബി ജെ പി രംഗത്തുണ്ടായിരുന്നു. അന്ന് റാം റഹീം സിംഗിനെ പ്രകീര്‍ത്തിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ തയ്യാറായിരുന്നു. റാം റഹീം സിംഗിന്റെ പിന്തുണയുടെ കൂടി ബലത്തിലാണ് ഹരിയാനയില്‍ ഒറ്റക്ക് അധികാരത്തിലേറാന്‍ ബി ജെ പിക്ക് സാധിച്ചതും. മനുഷ്യന്‍ നിര്‍മിച്ച നിയമങ്ങളുടെ അടിസ്ഥാനത്തില്‍ ‘ദൈവങ്ങളെ’ ശിക്ഷിക്കുന്നത് എങ്ങനെ എന്ന് ബി ജെ പി നേതാവ് സാക്ഷി മഹാരാജ് ചോദിക്കുന്നത്, ഈ സാഹചര്യത്തിലാണ്. റാം റഹീം സിംഗിനെ ശിക്ഷിച്ച സര്‍ക്കാറെന്ന പേര്, ഹരിയാനയില്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ ബി ജെ പിക്ക് തിരിച്ചടിയുണ്ടാക്കുമോ എന്ന ഭയം അവര്‍ക്കുണ്ടെന്ന് ചുരുക്കം.

റാം റഹീം സിംഗ് കുറ്റക്കാരനെന്ന് കോടതി വിധിച്ചപ്പോള്‍ അനുയായികള്‍ക്ക് രോഷമൊഴുകിപ്പോകാന്‍ ഹരിയാനയിലെ ബി ജെ പി സര്‍ക്കാര്‍ വഴിതുറന്നിട്ടത്, രാഷ്ട്രീയ തിരിച്ചടിയുടെ ആഘാതം കുറഞ്ഞോട്ടെ എന്ന് വിചാരിച്ചാണോ എന്ന് പോലും സംശയിക്കാം. രോഷമൊഴുക്കിക്കളയാന്‍ പാകത്തില്‍ ക്രമസമാധാന പാലന സേനകളെ നിഷ്‌ക്രിയമാക്കി നിര്‍ത്തുന്ന പതിവ് ആ പാര്‍ട്ടിക്ക് പുത്തരിയല്ലല്ലോ. ഗുജറാത്തില്‍ ആ തന്ത്രം പയറ്റി, വര്‍ഗീയ ധ്രുവീകരണമുണ്ടാക്കി അധികാരം ഉറപ്പിച്ച വ്യക്തിയാണല്ലോ രാജ്യം ഭരിക്കുന്നതും.

asaram-bapu

റാം റഹീം സിംഗ് മാത്രമല്ല, ബലാത്സംഗക്കേസില്‍ വിചാരണ നേരിടുന്ന ആശാറാം ബാപ്പുവും മകന്‍ നരായണദാസും പ്രിയങ്കരരായിരുന്നു നമ്മുടെ പ്രധാനമന്ത്രിക്ക്. അഹമ്മദാബാദിലെ തെരുവുകളില്‍ കള്ളച്ചാരായം കടത്തിയിരുന്ന ആശാറാം ബാപ്പു ആത്മീയ നേതാവും കോടികള്‍ ആസ്തിയുള്ള പ്രസ്ഥാനത്തിന്റെ അധിപനുമായതോടെ അയാള്‍ക്കൊപ്പം വേദി പങ്കിടാന്‍ മടിച്ചിരുന്നില്ല ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി. അന്നും ബാപ്പുവിനെതിരെ ഗുജറാത്ത് പോലീസില്‍ നിരവധി കേസുകള്‍ നിലവിലുണ്ടായിരുന്നു, കൊലപാതകവും ബലാത്സംഗവും അടക്കം.

ഒടുക്കം മറ്റു നിവൃത്തിയില്ലാത്ത ഘട്ടത്തില്‍ പോലീസ്, ബാപ്പുവിനെ അറസ്റ്റ് ചെയ്തപ്പോള്‍ തള്ളിപ്പറയേണ്ടിവന്നു ഇവര്‍ക്കൊക്കെ. എന്നാല്‍ കൊടിയ കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ പാകത്തിലേക്ക് ഇവരെ വളര്‍ത്തിയതിന്റെ, ഏത് കുറ്റകൃത്യം ചെയ്താലും അധികാരത്തിലെ സ്വാധീനമുപയോഗിച്ച് രക്ഷപ്പെടാനാകുമെന്ന ചിന്തയിലേക്ക് ഇവരെ എത്തിച്ചതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കാനാകില്ല നമ്മുടെ പ്രധാനമന്ത്രിയടക്കമുള്ളവര്‍ക്ക്. റാം റഹീം സിംഗിന്റെ കാര്യത്തിലും ഇത് തന്നെയാണ് അവസ്ഥ. ഇത്തരം അപവാദങ്ങള്‍ കുറച്ചേയുള്ളൂ. സ്വതന്ത്ര – ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍. സമാന്തര ഭരണ വ്യവസ്ഥ സ്ഥാപിച്ച്, നിയമവ്യവസ്ഥയുടെ കണ്ണേറ് തട്ടാതെ വാഴുന്ന ആള്‍ദൈവങ്ങള്‍ ധാരാളമുണ്ട്.

മരിച്ചുപോയ സത്യസായി ബാബ നേരിട്ട ആരോപണങ്ങള്‍ നിരവധിയായിരുന്നു. കൊലപാതകം, കുട്ടികള്‍ക്കു നേര്‍ക്കുള്ള ലൈംഗിക അതിക്രമം, കണക്കില്ലാത്ത സ്വത്ത് സമ്പാദനം, ഭൂമി കൈയേറ്റം എന്നിങ്ങനെ പലത്. ഒന്നില്‍പ്പോലും സത്യസന്ധമോ സമഗ്രമോ ആയ അന്വേഷണമുണ്ടായില്ല. ബാബയോടുള്ള ഭയഭക്തി ബഹുമാനം പ്രകടിപ്പിച്ച് ഭരണകര്‍ത്താക്കള്‍ ആ സവിധത്തില്‍ നമ്രശിരസ്‌കരായി. പി വി നരസിംഹറാവു, അടല്‍ ബിഹാരി വാജ്പയി, എല്‍ കെ അഡ്വാനി, ഡോ. മന്‍മോഹന്‍ സിംഗ് തുടങ്ങിയവരൊക്കെ അധികാരത്തിലിരിക്കെ തന്നെ വിധേയത്വം പ്രകടിപ്പിക്കാനെത്തിയിരുന്നു.

പരമാധികാരികളൊക്കെ വണങ്ങുന്ന ആള്‍ദൈവത്തിനെതിരെ അന്വേഷണം നടത്താന്‍ രാജ്യത്ത് ഏതെങ്കിലുമൊരു ഏജന്‍സി തയ്യാറാകുമോ? മരണ ശേഷം സായി ബാബയുടെ സ്വത്തുക്കളെ സംബന്ധിച്ച്, പിന്തുടര്‍ച്ചാവകാശത്തെക്കുറിച്ച്, അവിടെ നിന്ന് പണവും വിലപിടിപ്പുള്ള വസ്തുക്കളും കടത്തിയതിനെക്കുറിച്ച് ഒക്കെ തര്‍ക്കങ്ങളോ ആരോപണങ്ങളോ ഉണ്ടായി. അതേക്കുറിച്ച് പോലും അന്വേഷിക്കാന്‍ സാധിച്ചില്ല നമ്മുടെ അന്വേഷണ ഏജന്‍സികള്‍ക്ക്. മരണ ശേഷവും ബാബയെ ഭയന്നു നമ്മുടെ ഭരണകൂടങ്ങള്‍!

godman

ഇങ്ങ് കേരളത്തില്‍ മാതാ അമൃതാനന്ദമയിയെക്കുറിച്ചും അവരുടെ നിയന്ത്രണത്തിലുള്ള മഠത്തെക്കുറിച്ചും സമാനമായ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ബീഹാര്‍ സ്വദേശിയായ സത്‌നാം സിംഗിനെ അമൃതാനന്ദമയിയുടെ മഠത്തിനുള്ളില്‍വെച്ച് മര്‍ദിച്ച് കൊലപ്പെടുത്തിയ കേസില്‍ വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും അന്വേഷണം ഏങ്ങുമെത്തിയിട്ടില്ല. അവിടെ അന്തേവാസിയായിരുന്ന വിദേശ വനിത, മഠത്തിനുള്ളില്‍വെച്ച് നിരന്തരം ബലാത്സംഗത്തിന് ഇരയായെന്ന് തുറന്നെഴുതുകയും പറയുകയും ചെയ്തിട്ട് അതിന്‍മേലൊരു കേസുപോലുമുണ്ടായില്ല, ഈ കേരളത്തില്‍. പരാതിക്കാരി വിദേശത്തായിരിക്കുകയും അവര്‍ എഴുതിത്തയ്യാറാക്കിയ പരാതി നല്‍കാതിരിക്കുകയും ചെയ്യുമ്പോള്‍ എങ്ങനെ കേസെടുക്കുമെന്നായിരുന്നു പോലീസിന്റെ വാദം.

അമൃതാനന്ദമയീ മഠത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമത്തെ അനുകൂലിക്കില്ലെന്ന് ഏതാണ്ടെല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും പറഞ്ഞു, അതിന്റെ മുന്‍പന്തിയിലുണ്ടായിരുന്നു ബി ജെ പിയുടെ സംസ്ഥാന നേതാക്കള്‍. മനുഷ്യര്‍ നിര്‍മിച്ച നിയമങ്ങള്‍ ‘ദൈവ’ങ്ങള്‍ക്ക് ബാധകമാകുന്നതെങ്ങനെ? ഭൂമി കൈയേറ്റം, എതിര്‍പ്പുന്നയിക്കുന്നവരെ ഭീഷണിപ്പെടുത്തല്‍ എന്നിങ്ങനെയുള്ള ആരോപണങ്ങളും നേരിടുന്നു അമൃതാനന്ദമയീ മഠം. പോട്ടയിലെ ധ്യാനകേന്ദ്രത്തില്‍ നൂറുകണക്കിന് ദുരൂഹ മരണങ്ങളുണ്ടായെന്ന ആരോപണം അന്വേഷിച്ച് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്‍മേല്‍ തുടര്‍ നടപടികളൊന്നും വേണ്ടെന്ന് നിര്‍ദേശിച്ചത് രാജ്യത്തെ പരമോന്നത കോടതിയായിരുന്നു.

ramdev

ബി ജെ പിയുടെ സ്വന്തക്കാരനും വ്യവസായ സാമ്രാജ്യത്തിന്റെ അധിപനുമായ ബാബ രാം ദേവിനെതിരെയുമുണ്ട് ആരോപണങ്ങളുടെ നീണ്ട നിര. വ്യാജ മരുന്നുണ്ടാക്കി ജനത്തെ പറ്റിച്ചു, സര്‍ക്കാര്‍ ഭൂമി കൈയേറി, സ്റ്റാമ്പ് ഡ്യൂട്ടി വെട്ടിച്ചു തുടങ്ങിയ ഇനങ്ങളിലായി നൂറോളം കേസുകള്‍. ഏതെങ്കിലുമൊന്നില്‍ നടപടിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുക വയ്യ. ഇത്തരം ആളുകളെ ‘ദൈവ’ങ്ങളായി വളര്‍ത്തുന്നതില്‍, ആ പദവിയില്‍ നിലനിര്‍ത്തി രാഷ്ട്രീയലാഭത്തിന് ഉപയോഗിക്കുന്നതില്‍ ഒക്കെ മടികാട്ടാത്ത രാഷ്ട്രീയ – ഭരണ നേതൃത്വങ്ങള്‍ക്കുമുണ്ട് കൊലയിലും ബലാത്സംഗത്തിലും ഇവര്‍ നടത്തുന്ന മറ്റ് അധോതല പ്രവൃത്തികളിലും ഉത്തരവാദിത്തം.

കൊല നിഷിദ്ധമല്ലാത്ത, ഏത് പരിധിവരെയും വര്‍ഗീയവിഷം വമിപ്പിച്ച്, രുധിരനൃത്തത്തിന് അരങ്ങൊരുക്കാന്‍ മടിയില്ലാത്ത യോഗിമാരും സാധ്വിമാരും ഭരണകര്‍ത്താക്കളായുള്ള രാജ്യം ഇത്തരം ആള്‍ദൈവങ്ങളുടെ സ്വര്‍ഗമാണ്. അപവാദങ്ങളായ റാം റഹീം സിംഗും ആശാറാം ബാപ്പുവുമൊക്കെ അഗ്നിയില്‍ ശുദ്ധി തെളിയിച്ച് തിരികെ വരും കാലത്തിന് കാത്തിരിക്കാം. പുറത്തുള്ള ആള്‍ദൈവങ്ങളൊക്കെ കൂടുതല്‍ ശക്തരാകുന്ന കാലത്തിനും. ധീരേന്ദ്ര ബ്രഹ്മചാരിയും ചന്ദ്ര സ്വാമിയുമൊക്കെ നമ്മുടെ ഭാഗധേയം നിര്‍ണയിച്ചിട്ടുണ്ട്, മുന്‍കാലങ്ങളില്‍. അതില്‍ അപാകം തോന്നാത്ത ജനതക്ക്, ദേരാ നേതാവിനെ കുറ്റപ്പെടുത്താനുള്ള ധാര്‍മിക അധികാരമില്ല.

Comments

comments