Breaking News

ഹൈക്കോടതി നോക്ക് കുത്തി; ആലുവ ജയിൽ സിനിമാ ലോകമായി

ദിലീപിന് അനുകൂല സാഹചര്യമൊരുക്കാൻ ആസൂത്രിതമായി നടക്കുന്ന നീക്കങ്ങൾ തിരിച്ചടിക്കുന്നു. ഹൈക്കോടതിയുടെ വിധിയെ പരസ്യമായി ലംഘിച്ച് ആലുവാ സബ്‌ജയിലേക്ക് നടന്മാർ നടത്തുന്ന സന്ദർശന നാടകങ്ങൾ ദിലീപിന് ഏറെ ദോഷം ചെയ്യുമെന്ന് നിയമ വിദഗ്ദ്ധർ വിലയിരുത്തുന്നു.

dileep-reaction.j

ദിലീപിന്റെ ജാമ്യാപേക്ഷ നിരസിച്ച ഹൈക്കോടതിയുടെ ഉത്തരവ് കാറ്റിൽ പറത്തിയാണ് ആലുവ സബ്‌ജയിൽ അധികൃതരുടെ നടപടികൾ . മലയാള ചലച്ചിത്ര പ്രവർത്തകർ കഴിഞ്ഞ മൂന്ന് ദിവസമായി ദിലീപിനെ കാണാൻ ജയിലിൽ കയറി ഇറങ്ങുകയാണ്.

യുവ നടിയെ പൊതു നിരത്തിൽ ഓടുന്ന കാറിൽ ബലാത്സംഗം ചെയ്യാൻ കൊട്ടേഷൻ ആസൂത്രണം ചെയ്തു എന്ന കുറ്റത്തിന് അറസ്റ്റിലായി ജയിലിൽ കഴിയുന്ന ദിലീപിനെ കാണാൻ നാളിതു വരെ പ്രമുഖ താരങ്ങളോ , സംവിധായകരോ എത്തിയിരുന്നില്ല. എന്നാൽ ഭാര്യയും നടിയുമായ കാവ്യ മാധവൻ ദിലീപിന്റെ മകൾ മീനാക്ഷി എന്നിവർ വന്നു പോയ ശേഷം നിരവധി പ്രബലരായ ചലച്ചിത്ര പ്രവർത്തകരാണ് ജയിലിൽ എത്തിയത്. എന്നാൽ ഈ സന്ദർശനങ്ങൾ ഹൈക്കോടതിയുടെ ഉത്തരവിനെ വെല്ലുവിളിക്കുന്നതാണ്.

kavya dileep meenakshi dailyreports

ജാമ്യാപേക്ഷ നിഷേധിച്ച ഹൈക്കോടതി അങ്ങനെ നിഷേധിക്കുന്നതിന്റെ കാരണവും വ്യക്തമാക്കിയിരുന്നു.

1. ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരുന്ന ദിലീപ് ചലച്ചിത്ര രംഗത്ത് സ്വാധീനമുള്ള വ്യക്തിയാണ്.

2. പരാതിക്കാരിയും ആക്രമത്തിനിരയും ആയ യുവതിയും ഒരു നടിയാണ്.

3. സാക്ഷികളിൽ ഏറെയും ചലച്ചിത്ര രംഗത്തുള്ളവരാണ്.

4. പ്രതിയെ പുറത്തു വിട്ടാൽ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ട്.

5. ഇനിയും തെളിവുകൾ ശേഖരിക്കാനുണ്ട്.

ഈ സാഹചര്യത്തിൽ ദിലീപിനെ പുറത്തു വിടാൻ കഴിയില്ല. എന്നാൽ ചലച്ചിത്ര രംഗത്തും രാഷ്ട്രീയത്തിലും സ്വാധീനമുള്ള സംവിധായകർ , നിർമാതാക്കൾ , താരങ്ങൾ തുടങ്ങി എം എൽ എ കൂടിയായ നടൻ ഗണേഷ് കുമാറും ജയിലിൽ എത്തി. ദിലീപിനെ പരസ്യമായി പിന്തുണയ്ക്കുന്നുവെന്നും മറ്റു ചലച്ചിത്ര പ്രവർത്തകർ അങ്ങനെ ചെയ്യണമെന്ന് ആഹ്വാനം ചെയ്താണ് ജയിൽ കവാടത്തിനു മുന്നിൽ നിന്നും ഗണേഷ് മടങ്ങിയത്. അതായതു ഹൈക്കോടതിയുടെ വിധി അട്ടിമറിക്കാനുള്ള സംഘടിതമായ ഒരു ശ്രമം തന്നെ നടക്കുകയാണ്. അതിൽ ധനികരും , ചലച്ചിത്ര പ്രവർത്തകരും , എം എൽ എ തന്നെയും പരസ്യമായി രംഗത്തെത്തി. നേരത്തെ മുതൽ തന്നെ പി സി ജോർജിനെ പോലുള്ളവർ പച്ച തെറി വിളിച്ചു കൊണ്ടാണ് പോലീസിനെയും നിയമ സംവിധാനങ്ങളെയും അട്ടിമറിക്കാൻ ശ്രമിക്കുന്നത്. സംസ്ഥാനത്ത് ഭരണം കയ്യാളുന്ന മുന്നണിയുടെ വോട്ട് വാങ്ങി ജയിച്ച ഗണേഷ് കുമാർ പോലീസിനെതിരെ പരസ്യമായി പ്രതികരിച്ചത് സി പി എം- സി പി ഐ നേതാക്കളുടെ എതിർപ്പ് ക്ഷണിച്ചു വരുത്തിയിരിക്കുകയാണ്.

ganesh kumar

ഉത്രാടം , തിരുവോണം , അവിട്ടം ദിനങ്ങളിലായി ദിലീപിനെ സന്ദർശിച്ചത് ഇരുപതോളം പേരാണ്. ഒരു സാധാരണ തടവുകാരന് ഒരിക്കലും ലഭിക്കാത്ത സൗഭാഗ്യമാണ് ദിലീപ് അനുഭവിക്കുന്നത്. ഇത് സംബന്ധിച്ച് ജയിലിൽ നിലവിലുള്ള നിയന്ത്രണങ്ങൾ ആകെ കാറ്റിൽ പറത്തിയാണ് താരസന്ദർശനം പുരോഗമിക്കുന്നത്. ഒരു ദിവസം പരമാവധി മൂന്ന് സന്ദർശകർ എന്ന കണക്കൊന്നും ദിലീപിന് ബാധകമല്ല. ജയിൽ സൂപ്രണ്ടിന് ഇക്കാര്യത്തിൽ വിവേചനാധികാരം ഉണ്ടെന്നും അധിക സന്ദർശകരെ അനുവദിക്കുന്നതൊക്കെ ആ വിവേചനാധികാരം ഉപയോഗിച്ചാണെന്നും ആണ് ഔദ്യോഗിക വിശദീകരണം. എന്നാൽ ഏതു സാഹചര്യത്തിൽ ആണ് ജാമ്യം നിഷേധിച്ചതെന്നോ ചലച്ചിത്ര രംഗത്തുള്ളവർക്ക് ദിലീപിനെ കാണാൻ അനുവദിക്കുന്നത് ഹൈക്കോടതി വിധിയുടെ ലംഘനം ആകുമെന്നോ ഉള്ള വസ്തുത കണക്കിലെടുക്കാതെ ആണ് വിവേചനാധികാരം പ്രയോഗിക്കുന്നതെങ്കിൽ അത് വരും ദിനങ്ങളിൽ ദിലീപിന് തന്നെ തിരിച്ചടിക്ക് കാരണമാകും.

ചിത്രത്തിന് മാതൃഭൂമിക്ക് നന്ദി

Comments

comments