Breaking News

‘വാലനാണോ സാഹിത്യത്തിന് സമ്മാനം കൊടുക്കേണ്ടത്’?: പണ്ഡിറ്റ് കറുപ്പന്റെ ബന്ധു ഡോ.ഗോപിനാഥ് പനങ്ങാട് പ്രതികരിക്കുന്നു

ഡെയിലി റിപ്പോർട്ട്സിൽ പ്രസിദ്ധീകരിച്ച ‘വാലനാണോ സാഹിത്യത്തിന് സമ്മാനം കൊടുക്കേണ്ടത്’പണ്ഡിറ്റ് കെ പി കറുപ്പനെ തമസ്‌കരിച്ച കേരളം എന്ന ലേഖനത്തോട് പണ്ഡിറ്റ് കറുപ്പന്റെ ബന്ധുവും കവിതിലകൻ പണ്ഡിറ്റ് കറുപ്പൻ ഫൗണ്ടേഷന്റെ ചെയർമാനുമായ ഡോ.ഗോപിനാഥ് പനങ്ങാട് പ്രതികരിക്കുന്നു

gopinath panangad

 ഡോ.ഗോപിനാഥ് പനങ്ങാട്

ഡെയിലി റിപ്പോർട്ട്സിൽ പ്രസിദ്ധീകരിച്ച ‘വാലനാണോ സാഹിത്യത്തിന് സമ്മാനം കൊടുക്കേണ്ടത്’പണ്ഡിറ്റ് കെ പി കറുപ്പനെ തമസ്‌കരിച്ച കേരളം- പഠനാർഹമായ ലേഖനം ആണ്.എങ്കിലും ചെറിയ പിശകുകൾ ചൂണ്ടിക്കാണിക്കട്ടെ. ആദ്യ കായൽ സമ്മേളനം നടന്നത് 1913 ൽ ആയിരുന്നു എന്ന് ഏതോ ഒരു ആദ്യകാല ലേഖകൻ എഴുതിയത് അച്ചടിപ്പിശകായിരുന്നു. അത് പലരും പിന്നീട് ആവർത്തിച്ചു. 1931 ആണ് ശരി. താങ്കളുടെ ലേഖനത്തിൽ 1913 എന്ന് കാണുന്നു.

കൊച്ചി നിയമസഭ രൂപവൽക്കരിക്കുന്നത് 1925 ൽ ആണ്. പണ്ഡിറ്റ് കറുപ്പൻ നിയമസഭാംഗമാകുന്നു. അതിനുശേഷമാണ് കായൽ സമ്മേളനം നടന്നത്. തുടർന്നു നടന്ന നിയമസഭാ സമ്മേളനത്തിൽ അതിനെക്കുറിച്ചുള്ള ചോദ്യം ഉണ്ടായതായി നിയമസഭാ രേഖകളിൽ വായിക്കാം. പണ്ഡിറ്റ് കറുപ്പൻ തനിക്ക് ജന്മം നൽകിയ ധീവര സമുദായത്തിന്റെ മാത്രമല്ല കേരളത്തിലെ എല്ലാ പിന്നോക്ക സമുദായങ്ങളുടെയും പുരോഗതിക്കായി പ്രയത്നിച്ചു. അദ്ദേഹത്തിൽനിന്ന് വിലമതിക്കാനാവാത്ത സേവനങ്ങൾ ലഭിച്ചത് പുലയ സമുദായത്തിനായിരുന്നു.

എറണാകുളം പട്ടണത്തിൽ പ്രവേശിക്കാനോ അവിടത്തെ റോഡുകളിലൂടെ നടക്കാനോ അനുവാദമില്ലാതിരുന്ന അവരെ വള്ളങ്ങൾ കൂട്ടിക്കെട്ടി കായലിൽ വേദിയുണ്ടാക്കി യോഗം സംഘടിപ്പിച്ച് പ്രബുദ്ധരാക്കി. പിന്നീട് മറ്റൊരവസരത്തിൽ സുഭാഷ് പാർക്കിൽ കാർഷികപ്രദർശനം നടക്കുന്നതിനിടെ ദിവാന്റെ മുൻപിലേക്ക് അവരെ ജാഥയായി എത്തിച്ച് അവരുടെ പട്ടണപ്രവേശം സാധ്യമാക്കിയത് പണ്ഡിറ്റ് കറുപ്പൻ ആണ്. (അതിൻറെ മുന്നോടിയായുള്ള പശ്ചാത്തല സംവിധാനം ഒരുക്കൽ എന്ന നിലയ്ക്കായിരുന്നു 1931 ഏപ്രിൽ 21 ന് എറണാകുളം കായലിൽ പണ്ഡിറ്റ് കറുപ്പൻറെ നിർദ്ദേശം അനുസരിച്ചു് മുളവുകാട്ടെ കർഷകത്തൊഴിലാളി നേതാക്കളായ കൃഷ്ണാതി, ചാഞ്ചൻ എന്നിവരുടെ നേതൃത്വത്തിൽ ആദ്യകായൽ സമ്മേളനം നടന്നത്.)

PANDIT K P KARUPPAN.

പുലയര്‍ അസംഘടിതരും അശക്തരും അക്ഷരാഭ്യാസമില്ലാത്തവരുമായിരുന്നു. അവരെ സംഘടിപ്പിച്ച്‌ അവകാശബോധമുള്ളവരാക്കിയെങ്കിലേ അവരുടെ പ്രശ്നങ്ങള്‍ക്ക്‌ പരിഹാരമുണ്ടാവുകയുള്ളൂ. 1909 ലെ സെന്റ്‌ ആല്‍ബര്‍ട്സ്‌ ഹൈസ്കൂളിലെ പുലയസമ്മേളനത്തിന്‌ ഏതാനും മാസങ്ങള്‍ക്ക്‌ മുമ്പ്‌ നടന്ന ‘കായല്‍ സമ്മേളന’ത്തിന്റെ ഉദ്ദേശ്യം അതായിരുന്നു. അതൊരു വിചിത്രസംഭവമായിരുന്നു. ആരുടെ മസ്തിഷ്കത്തിലാണ്‌ ആ ആശയം ഉദിച്ചത്‌! ആ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന്‌ പുലയരല്ലാത്ത ചില പുരോഗമനാശയക്കാരെ ക്ഷണിച്ചിരുന്നു. എന്നാല്‍ അതില്‍ സംബന്ധിച്ചത്‌ കറുപ്പന്‍ മാസ്റ്ററും ടി.കെ.കൃഷ്ണമേനോനും മാത്രമായിരുന്നു. ടി.കെ.കൃഷ്ണ മേനോന്‍ കറുപ്പന്‍ മാസ്റ്റര്‍ക്കൊപ്പം പുലയരുടെ എല്ലാ കാര്യങ്ങളിലും സഹകരിച്ചിരുന്ന ധന്യാത്മാവായിരുന്നു. ‘കായല്‍ സമ്മേളനം’ ആലോചനകള്‍ പൂര്‍ത്തിയാക്കി കായലില്‍വച്ചുതന്നെ പിരിഞ്ഞുപോയി.

‘കായല്‍ സമ്മേളന’ത്തിനുശേഷം അധികം വൈകാതെ 1084 (കൊ.വ)ല്‍ നടന്ന സംഭവമായിരുന്നു ഇന്നത്തെ സുഭാഷ്‌ പാര്‍ക്കില്‍ നടന്ന കാര്‍ഷിക പ്രദര്‍ശനം. ആ പ്രദര്‍ശനത്തോടനുബന്ധിച്ച്‌ നടന്ന സമ്മേളനത്തില്‍ അന്നത്തെ ദിവാനായിരുന്ന ഡബ്ല്യു.ജെ.ഭോര്‍ എന്ന സായ്പും കറുപ്പന്‍ മാസ്റ്ററും സംബന്ധിച്ചിരുന്നു. കറുപ്പന്‍ മാസ്റ്റര്‍ തന്റെ പ്രസംഗത്തില്‍ ഇങ്ങനെ പറഞ്ഞു: “പ്രദര്‍ശനത്തിന്‌ വെച്ചിട്ടുള്ള വിളകള്‍ ഉണ്ടാക്കിയവര്‍ക്ക്‌ പ്രദര്‍ശനം കാണുന്നതിനും സന്തോഷിക്കുന്നതിനും അവസരമില്ല.” ഇതുകേട്ട സായ്പ്‌ കാര്യങ്ങള്‍ അന്വേഷിച്ചു. “അവര്‍ക്ക്‌ ഈ കരയില്‍ കാലുകുത്തുന്നതിന്‌ അവകാശമില്ല;” കറുപ്പന്‍ മാസ്റ്റര്‍ വിശദീകരിച്ചു. “ഇത്‌ അനീതിയാണ്‌. അവരെങ്ങാനും ഇവിടെ ഉണ്ടെങ്കില്‍ പ്രദര്‍ശനസ്ഥലത്തേക്ക്‌ വരട്ടെ;” സായ്പ്‌ കല്‍പ്പിച്ചു. കറുപ്പന്‍ മാസ്റ്റര്‍ അവരോട്‌ (പുലയരോട്‌) പ്രദര്‍ശനവേദിയിലേക്ക്‌ കടന്നുവരാന്‍ നിര്‍ദ്ദേശിച്ചു. അവര്‍ വന്നു. പ്രദര്‍ശനം കണ്ട്‌ സന്തുഷ്ടരായി മടങ്ങിപ്പോയി. കൊച്ചി നഗരത്തിന്റെ സിരാകേന്ദ്രത്തില്‍ പുലയരുടെ കാല്‌ ആദ്യമായി പതിഞ്ഞത്‌ അന്നായിരുന്നു.

മേല്‍പ്പറഞ്ഞ സംഭവങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു 1909 ല്‍ എറണാകുളം സെന്റ്‌ ആല്‍ബര്‍ട്ട്സ്‌ ഹൈസ്കൂളില്‍ പുലയരുടെ സമ്മേളനം നടന്നത്‌. പ്രസ്തുത സമ്മേളനത്തില്‍ 1500-ഓളം പുലയര്‍ സംബന്ധിച്ചിരുന്നു. സമ്മേളനത്തിന്റെ എല്ലാ ഏര്‍പ്പാടുകളും കറുപ്പന്‍ മാസ്റ്ററാണ്‌ ചെയ്തത്‌. ആ സമ്മേളനത്തില്‍ വെച്ചാണ്‌ ‘കൊച്ചി പുലയമഹാജനസഭ’ രൂപീകരിച്ചത്‌. പിന്നീട്‌ 5 മാസങ്ങള്‍ക്ക്‌ ശേഷം വീണ്ടും അവിടെവെച്ചുതന്നെ ദ്വിതീയ സമ്മേളനം ചേര്‍ന്നു. അത്‌ അലങ്കോലപ്പെടുത്തുന്നതിനുവേണ്ടി സാമൂഹ്യദ്രോഹികള്‍ ആവതു പരിശ്രമിച്ചു. പക്ഷേ, മനുഷ്യാവകാശം സ്ഥാപിച്ചെടുക്കുന്നതിനുവേണ്ടിയുള്ള പോരാട്ടങ്ങളെ അതൊന്നും സാരമായി ബാധിച്ചില്ല.

1928 ല്‍ ആണ്‌ ‘ആചാരഭൂഷണം’ കറുപ്പന്‍ മാസ്റ്റര്‍ പ്രസിദ്ധീകരിക്കുന്നത്‌. അത്‌ പി.സി.ചാഞ്ചന്‍, കെ.പി.വള്ളോന്‍ തുടങ്ങിയ മുഴുവന്‍ സമുദായപ്രവര്‍ത്തകരും കയ്യില്‍ കൊണ്ടുനടന്ന വേദപുസ്തകമായിരുന്നു. അധഃസ്ഥിത ജനതയുടെ മുഴുവന്‍ ജീവിതത്തേയും മാറ്റിമറിക്കുന്നതിനുപയുക്തമായ ഇത്തരം ഒരു ഗ്രന്ഥത്തെക്കുറിച്ച്‌ മഹാനായ ഡോ.അംബേദ്കര്‍ പോലും ചിന്തിച്ചിട്ടുണ്ടാവുകയില്ല. മരണം സംഭവിച്ച വീടുകളില്‍ അലമുറയിടുന്നതിനുപകരം ശാന്തിഗീതം ചൊല്ലണമെന്ന്‌ ‘ആചാരഭൂഷണം’ നിര്‍ദ്ദേശിക്കുന്നു.

കാർഷിക പ്രദർശനത്തിൽ വിശിഷ്ടാതിഥി ആയിരുന്ന ദിവാനോട് പ്രസംഗകനായ പണ്ഡിറ്റ് കറുപ്പൻ ഒരു ആവലാതി ബോധിപ്പിക്കുകയായിരുന്നു. ”ഈ പ്രദർശനത്തിൽ ഒരുക്കിയിരിക്കുന്ന കാർഷികോൽപ്പന്നങ്ങൾ ഉൽപാദിപ്പിച്ച മുളവുകാട്ടെ പുലയ സമുദായക്കാരായ കർഷകർ പട്ടണത്തിൽ പ്രവേശിക്കാൻ അനുവാദമില്ലാത്തതിനാൽ ഈ പ്രദർശനം കാണാനാകാതെ നിരാശരായി കായലിൽ വള്ളങ്ങളിൽ ഇരിക്കുകയാണ്.”

wiliam bhor

പിന്നീട് ദിവാൻ ജോസഫ് വില്യം ഭോർ പറഞ്ഞ വാക്കുകൾ ചരിത്രത്തിൽ തങ്കലിപികളാൽ ആലേഖനം ചെയ്യപ്പെടേണ്ടതാണ്. ”മിസ്റ്റർ കറുപ്പൻ, കോൾ ദെം.” പണ്ഡിറ്റ് കറുപ്പൻ കായലിലേക്ക് കൈനീട്ടി വിളിച്ചപ്പോൾ ആദ്യമായി എറണാകുളം പട്ടണത്തിൽ കാലുകുത്താൻ കഴിഞ്ഞതിന്റെ ഹർഷോന്മാദത്തിൽ അവർ ആർപ്പുവിളികളോടെ പ്രദർശന നഗരിയിലേക്ക് ഓടിയെത്തി. മഹാരാജാവിൻറെ സാന്നിധ്യം ഈ ചടങ്ങിൽ ഉണ്ടായിരുന്നില്ല.

-ഡോ.ഗോപിനാഥ് പനങ്ങാട്, കവിതിലകൻ പണ്ഡിറ്റ് കറുപ്പൻ ഫൗണ്ടേഷന്റെ ചെയർമാനും കുടുംബബന്ധുവും.

Comments

comments