Breaking News

സർക്കാർ സംവിധാനത്തിൻ്റെ ഭാഗമായി നിന്ന് കെ.പി.എ. സി.ലളിത നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നു: ദീപ നിഷാന്ത്

നടി ആക്രമിക്കപ്പെട്ട കേസിൽ  കുറ്റാരോപിതനായി ജയിലില്‍ കഴിയുന്നയാളെ ജയിലില്‍ സന്ദര്‍ശിച്ച കെ പി എ സി ലളിത ‘സംഗീത നാടക അക്കാദമി അദ്ധ്യക്ഷ സ്ഥാനത്ത് തുടരുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു; സർക്കാർ സംവിധാനത്തിൻ്റെ ഭാഗമായി നിന്ന് കെ.പി.എ. സി.ലളിത നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നു എന്ന്  ദീപ നിഷാന്ത്. 

KPAC LALITHA3

ശ്രീമതി കെ.പി.എ. സി.ലളിത സർക്കാർ സംവിധാനത്തിൻ്റെ ഭാഗമാണ്. അകത്തു കിടക്കുന്നത് ഒരു ക്രിമിനൽ കേസിലെ പ്രതിയാണ്. അത്തരമൊരു പ്രതിയെ സന്ദർശിച്ചും അല്ലാതെയും അയാൾക്ക് പരസ്യമായി ക്ലീൻചിറ്റ് നൽകുന്ന നടപടി നിയമവ്യവസ്ഥയെ വെല്ലുവിളിക്കലാണെന്നു.ദീപ നിഷാന്ത്. എം.എൽ.എ.മാരായ ഗണേശ്കുമാറും മുകേഷുമെല്ലാം വെല്ലുവിളിക്കുന്നത് നിയമവ്യവസ്ഥയെത്തന്നെയാണ്.അത് ചോദ്യം ചെയ്യപ്പെവേണ്ടത് തന്നെയെന്നും ദീപ വ്യക്തമാക്കി.നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായി ജയിലില്‍ കഴിയുന്ന നടന്‍ ദീലീപിനെ ജയിലില്‍ സന്ദര്‍ശിക്കാനെത്തിയ കെപിഎസി ലളിതക്കെതിരെ ഉയരുന്ന പ്രതിഷേധങ്ങളോട് പ്രതികരിച്ചുകൊണ്ട് ഇട്ട തന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെയാണ് ദീപ നിലപാട് വ്യക്തമാക്കിയത്.

കെ.പി.എ.സി.ലളിത എന്ന വ്യക്തിക്ക് ആരെ വേണമെങ്കിലും സന്ദർശിക്കാം.ആശ്വസിപ്പിക്കാം..പക്ഷേ കേരളസംഗീതനാടകഅക്കാദമി അധ്യക്ഷയായ ശ്രീമതി കെ.പി.എ. സി.ലളിത സർക്കാർ സംവിധാനത്തിൻ്റെ ഭാഗമാണ്.അതാണ് ചോദ്യം ചെയ്യപ്പെടുന്നതെന്നും ദീപനിഷാന്ത്‌ പറഞ്ഞു.

DEEPANISHANTH

ദീപനിഷാന്നതിൻറെ ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം:

കെ.പി.എ.സി.ലളിതയുടെ ആത്മകഥയുടെ പേര് ‘കഥ തുടരും’ എന്നാണ്. അതിലൊരു അദ്ധ്യായമുണ്ട്.’ അറിയപ്പെടാത്ത അടൂർഭാസി’ എന്ന പേരി. അടൂർഭാസി എന്ന നടനെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതിൻ്റെ അങ്ങേത്തലയാണ് ആ അദ്ധ്യായം.ഏതാനും ഭാഗങ്ങൾ ഇങ്ങനെയാണ്:

“അടൂർഭാസിയോടൊത്ത് ഒരുപാട് പടങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. അതിലേറെ പടത്തിൽ നിന്നും അയാളെന്നെ ഒഴിവാക്കാൻ കിണഞ്ഞു ശ്രമിച്ചിട്ടുണ്ട്….

ഒരു ദിവസം രാത്രി അടൂർഭാസി വീട്ടിൽ വന്നു.രാത്രി വൈകിയിട്ടും പോകാനുള്ള ഭാവമില്ല. നല്ലവണ്ണം മദ്യപിച്ചിട്ടുണ്ട്. മദ്യപാനം തുടരുകയാണ്. തുണിയൊക്കെ ഉരിഞ്ഞുപോവുന്നുണ്ട്. അതൊന്നും ശ്രദ്ധിക്കുന്നേയില്ല. എന്നിട്ട് പറയുകയാണ്:

” ലളിതാമ്മയെ ഞാനിങ്ങനെ കൊണ്ടു നടക്കും. എൻ്റെ കാറ് ലളിതാമ്മയ്ക്ക് തരാം.. ”

എനിക്കന്ന് കാറൊന്നുമില്ല. ഇങ്ങേര് പറയുന്നത് എന്താണെന്നു വെച്ചാൽ ഞാനങ്ങേരെ അനുസരിച്ച് കീഴടങ്ങിയാൽ അങ്ങേർ അഭിനയിക്കുന്ന എല്ലാ പടങ്ങളും എനിക്ക് തരും. യാത്ര ചെയ്യാൻ കാറുണ്ടാവും. കല്യാണം കഴിക്കേണ്ട കാര്യമൊന്നുമില്ല. എന്തിനാ കല്യാണം.. കല്യാണമൊന്നും വേണ്ട. നമുക്കങ്ങനെ സുഖമായി കഴിയാം…
അയാളന്ന് കൊടികുത്തി വാഴുന്ന സമയമാണ്. സിനിമയിലുള്ളവർ അയാൾ പറയുന്നതിലേ ന്യായം കാണുകയുളളൂ. അയാളുടേത് വേദവാക്യം!….

വെറുക്കാതിരിക്കാൻ എത്ര ശ്രമിച്ചാലും എനിക്കാ മനുഷ്യനെ വെറുക്കാതിരിക്കാൻ കഴിയില്ല…. ”
[കഥ തുടരും..]

ഉടുതുണിയില്ലാതെ ലളിതയുടെ വീട്ടിൽ കുടിച്ചു ബഹളമുണ്ടാക്കിയ അടൂർഭാസി മലയാളസിനിമ കണ്ട എക്കാലത്തേയും മികച്ച നടനായിരുന്നു. അയാൾ നമ്മെ ചിരിപ്പിച്ചിരുന്നു… ലളിതയുടെ ആത്മകഥ വായിച്ചപ്പോൾ അയാൾക്ക് ഇങ്ങനെയൊരു മുഖമുണ്ടായിരുന്നോ എന്നമ്പരന്നു… വിയോജിപ്പ് പ്രകടിപ്പിക്കാനും മാനനഷ്ടത്തിന് കേസു കൊടുക്കാനും അടൂർഭാസി ജീവിച്ചിരിപ്പില്ല. അയാൾ വിവാഹിതനല്ല.. ഇത് വായിച്ച് അഭിമാനം നഷ്ടപ്പെടാൻ അയാൾക്ക് ഭാര്യയില്ല.. മക്കളില്ല.. മാതാപിതാക്കളും ജീവിച്ചിരിപ്പില്ല…

ലളിതയുടെ ആത്മകഥ വായിച്ചപ്പോൾ ഒരു സ്ത്രീ എന്ന നിലയിൽ അവർ ഇത്തരമൊരു കള്ളം പറയില്ലെന്നു തന്നെ ഉറച്ചു വിശ്വസിച്ചു.. (ഇപ്പോഴും വിശ്വസിക്കുന്നു.)അടൂർ ഭാസിക്കെതിരെ ചലച്ചിത്ര പരിഷത്തെന്ന സംഘടനയിൽ പരാതി കൊടുത്തതിനെപ്പറ്റിയും അതിനെ ചോദ്യം ചെയ്ത ഉമ്മറടക്കമുള്ളവരോട് കയർത്തതിനെപ്പറ്റിയും അഭിമാനപൂർവ്വം അവരെഴുതിയിട്ടുണ്ട്. “ഉമ്മുക്ക ചലച്ചിത്രപരിഷത്തിൻ്റെ പ്രസിഡണ്ടാണെന്ന് ഓർക്കണം. എന്നോട് ഇങ്ങനെയൊന്നും സംസാരിക്കരുത്.അങ്ങേരുടെ ആളായി സംസാരിക്കരുത് ” എന്ന് ഉമ്മറിൻ്റെ മുഖത്തു നോക്കി പറഞ്ഞ ആത്മാഭിമാനമുള്ള സ്ത്രീയായിട്ടാണ് ആത്മകഥയിൽ കെ.പി.എ.സി.ലളിതയെ വായിച്ചത്. “സിനിമേല് കൊള്ളാവുന്ന പെമ്പിള്ളേർക്ക് ഒരു ചൂഷണോമില്യാ ” എന്ന വള്ളുവനാടൻമൊഴി അവര് പറയുമ്പോൾ അതവരുടെ ആത്മകഥയുടെ വിശ്വാസ്യതയെത്തന്നെ റദ്ദ് ചെയ്യുന്ന ഒന്നാണ്…

കെ.പി.എ.സി.ലളിത എന്ന വ്യക്തിക്ക് ആരെ വേണമെങ്കിലും സന്ദർശിക്കാം.ആശ്വസിപ്പിക്കാം..പക്ഷേ കേരളസംഗീതനാടകഅക്കാദമി അധ്യക്ഷയായ ശ്രീമതി കെ.പി.എ. സി.ലളിത സർക്കാർ സംവിധാനത്തിൻ്റെ ഭാഗമാണ്. അകത്തു കിടക്കുന്നത് ഒരു ക്രിമിനൽ കേസിലെ പ്രതിയാണ്. അത്തരമൊരു പ്രതിയെ സന്ദർശിച്ചും അല്ലാതെയും അയാൾക്ക് പരസ്യമായി ക്ലീൻചിറ്റ് നൽകുന്ന എം.എൽ.എ.മാരായ ഗണേശ്കുമാറും മുകേഷുമെല്ലാം വെല്ലുവിളിക്കുന്നത് നിയമവ്യവസ്ഥയെത്തന്നെയാണ്… അതാണ് ചോദ്യം ചെയ്യപ്പെടുന്നതും..
കഥ തുടരട്ടെ!

kpac5

Comments

comments

Comments are closed.