Breaking News

കെ പി എ സി ലളിത സിനിമയിലെ കരുത്തന്റെ ഇര ?

”അയാളന്ന് കൊടികുത്തി വാഴുന്ന സമയമാണ്. സിനിമയിലുള്ളവർ അയാൾ പറയുന്നതിലേ ന്യായം കാണുകയുളളൂ. അയാളുടേത് വേദവാക്യം…!”

lalitha dailyreports

സിനിമയിൽ അപ്രമാദിത്തം ഉള്ള നടന്മാർ ഉദയം ചെയ്യുന്നതും അവർ വ്യവസായത്തിന്റെ തന്നെ അപ്പോസ്തലന്മാരായി മാറുന്നതും ദിലീപിന് മുൻപേയുണ്ട്. അങ്ങനെ കിട്ടുന്ന അധികാരവും ഗർവ്വും ഉപയോഗിച്ച് അവസരങ്ങൾ നിഷേധിക്കാനും ഒരാളെ സിനിമയിൽ നിന്നും തുടച്ചു നീക്കാനും വരെ കഴിയുമായിരുന്നു. മലയാളത്തിന്റെ ഹാസ്യ സാമ്രാട്ട് അടൂർ ഭാസി അത്തരം ഒരു അധികാര കേന്ദ്രമായിരുന്നു എന്നാണ് കെ പി എ സി ലളിത പറയുന്നത്. ലളിതയുടെ ആത്മകഥയിൽ അത് വെട്ടിത്തുറന്ന് പറയുന്നു.

“അടൂർ ഭാസിയോടൊത്ത് ഒരുപാട് പടങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. അതിലേറെ പടത്തിൽ നിന്നും അയാളെന്നെ ഒഴിവാക്കാൻ കിണഞ്ഞു ശ്രമിച്ചിട്ടുണ്ട്….” ലളിത മനസ് തുറക്കുന്നത് ആത്മകഥയായ ‘കഥ തുടരും’ എന്ന പുസ്തകത്തിലെ ‘അറിയപ്പെടാത്ത അടൂർഭാസി’ എന്ന അദ്ധ്യായത്തിലാണ്. അടൂർഭാസി എന്ന നടനെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതാണ് ആ അദ്ധ്യായം.

പുസ്തകത്തിലെ പ്രസക്ത ഭാഗം

ഒരു ദിവസം രാത്രി അടൂർഭാസി വീട്ടിൽ വന്നു. രാത്രി വൈകിയിട്ടും പോകാനുള്ള ഭാവമില്ല. നല്ലവണ്ണം മദ്യപിച്ചിട്ടുണ്ട്. മദ്യപാനം തുടരുകയാണ്. തുണിയൊക്കെ ഉരിഞ്ഞു പോവുന്നുണ്ട്. അതൊന്നും ശ്രദ്ധിക്കുന്നേയില്ല. എന്നിട്ട് പറയുകയാണ്:

” ലളിതാമ്മയെ ഞാനിങ്ങനെ കൊണ്ടു നടക്കും. എൻ്റെ കാറ് ലളിതാമ്മയ്ക്ക് തരാം.. “

KPAC-Lalitha dailyreports

എനിക്കന്ന് കാറൊന്നുമില്ല. ഇങ്ങേര് പറയുന്നത് എന്താണെന്നു വെച്ചാൽ ഞാനങ്ങേരെ അനുസരിച്ച് കീഴടങ്ങിയാൽ അങ്ങേർ അഭിനയിക്കുന്ന എല്ലാ പടങ്ങളും എനിക്ക് തരും. യാത്ര ചെയ്യാൻ കാറുണ്ടാവും. കല്യാണം കഴിക്കേണ്ട കാര്യമൊന്നുമില്ല. എന്തിനാ കല്യാണം. കല്യാണമൊന്നും വേണ്ട. നമുക്കങ്ങനെ സുഖമായി കഴിയാം… അയാളന്ന് കൊടികുത്തി വാഴുന്ന സമയമാണ്. സിനിമയിലുള്ളവർ അയാൾ പറയുന്നതിലേ ന്യായം കാണുകയുളളൂ. അയാളുടേത് വേദവാക്യം…!

വെറുക്കാതിരിക്കാൻ എത്ര ശ്രമിച്ചാലും എനിക്കാ മനുഷ്യനെ വെറുക്കാതിരിക്കാൻ കഴിയില്ല…. “
[കഥ തുടരും…]

എന്തായാലും ലളിതയെ വിശ്വസിക്കുക തന്നെ മാർഗ്ഗം. ഉടുതുണിയില്ലാതെ ലളിതയുടെ വീട്ടിൽ കുടിച്ചു ബഹളമുണ്ടാക്കി ലളിതയിലെ സ്ത്രീത്വത്തെ അപമാനിച്ച അടൂർഭാസി മലയാള സിനിമ കണ്ട എക്കാലത്തേയും മികച്ച നടനായിരുന്നു. അയാൾ നമ്മെ ചിരിപ്പിച്ചിരുന്നു…ഒരു പക്ഷെ മീശമാധവനെക്കാളും ഇൻസ്‌പെക്ടർ ഗരുഡിനെക്കാളും മായാമോഹിനിയെക്കാളും മലയാളിയെ കുടുകുടാ ചിരിപ്പിച്ചിരുന്നു അടൂർ ഭാസി. അയാൾക്ക് ഇങ്ങനെയൊരു മുഖമുണ്ടായിരുന്നു എങ്കിൽ അയാളും എതിർക്കപ്പെടണം. അതിന് ജീവിച്ചിരിക്കണം എന്നില്ല.

ഇനി ലളിത പറയുന്നത് അസത്യമാണെങ്കിൽ വിയോജിപ്പ് പ്രകടിപ്പിക്കാനോ മാനനഷ്ടത്തിന് കേസു കൊടുക്കാനോ അടൂർഭാസി ജീവിച്ചിരിപ്പില്ല. ഇനി ബന്ധുക്കൾക്ക് അത് ചെയ്യാമെന്ന് വച്ചാൽ ഭാസി വിവാഹിതനല്ല.. ഭാര്യയില്ല.. മക്കളില്ല.. മാതാപിതാക്കളും ജീവിച്ചിരിപ്പില്ല…!

ലളിത പറയുന്നത് തന്നെ സത്യം. അതങ്ങനെ അംഗീകരിച്ച് നമ്മൾ ലളിത എന്ന നടിയോട് സഹതാപപ്പെടുമ്പോൾ അതെ ലളിത പിന്നീട് കെ പി എ സി ലളിതയായി മുതിർന്ന അമ്മ നടിയായി സർക്കാരിന്റെ ഔദാര്യത്തിൽ ഒരു താക്കോൽ സ്ഥാനവും സംഘടിപ്പിക്കുന്നു. കെ പി എ സി ലളിത എന്ന ലളിതകലാ അക്കാദമി അധ്യക്ഷയ്ക്ക് പക്ഷെ സിനിമയിലെ കൈക്കരുത്തിൽ ഞെരിഞ്ഞു പോയ ഒരു നടിയോടും സഹതാപമില്ല. അവരിപ്പോൾ വേട്ടക്കാർക്കൊപ്പമാണ്. ”വെറുക്കാതിരിക്കാൻ എത്ര ശ്രമിച്ചാലും എനിക്കാ മനുഷ്യനെ വെറുക്കാതിരിക്കാൻ കഴിയില്ല…. ” എന്ന് ആത്മകഥയിൽ എഴുതി വച്ച ലളിതകലാ അക്കാദമി അധ്യക്ഷ കൂടിയായ മുതിർന്ന നടി, ആക്രമിക്കപ്പെട്ട നടിയെ മറന്നു സിനിമയിൽ കൈക്കരുത്തുള്ള; വേണ്ടി വന്നാൽ അവസരങ്ങൾ നിഷേധിക്കാനൊക്കെ കഴിയുന്ന , ചില്ലറ പണ സഹായമൊക്കെ ചെയ്യുന്ന , മകനെ ആപത്ഘട്ടത്തിൽ സഹായിച്ച ദിലീപിനെ കാണാൻ ജയിലിൽ പോയി. കേൾക്കുമ്പോൾ ഒരൽപം ന്യായമൊക്കെ തോന്നാം. പക്ഷെ താൻ തന്നെയാണ് ആക്രമിക്കപ്പെട്ട നടി എന്ന തിരിച്ചറിവ് കൂടി അവർക്കുണ്ടാവേണ്ടതായിരുന്നു.

kpac lalitha dailyreports

അവൾ പക്ഷെ ലളിതയെ പോലെ ജീവിതത്തിന്റെ സായാഹ്നം വരെ അവളുടെ ദുര്യോഗങ്ങൾ പറയാൻ കാത്തിരുന്നില്ല. ഒരാത്മകഥയും അതിനൊരു പ്രസാധകനെയും അവൾക്ക് ആവശ്യം വന്നില്ല. സ്വന്തം ദുരന്തം അച്ചടി മഷി പുരട്ടി അത് വിപണിയിലിറക്കി അതിന്റെ റോയൽറ്റി വാങ്ങേണ്ട എന്നവൾ അന്ന് രാത്രി തന്നെ ഉറപ്പിച്ചു. അത് കൊണ്ടാണ് ഹാഷ് ടാഗുകൾ അപഹസിക്കപ്പെടുമ്പോഴും ‘അവൾക്കൊപ്പം’ എന്ന് ശബ്ദം ഉയരുമ്പോൾ ബോധവും ബുദ്ധിയും വീക്ഷണവും ഉള്ളവർ അതേറ്റ്‌ പറയുന്നത്. അടൂർ ഭാസിയാൽ അപമാനിതയായ കെ പി എ സി ലളിത എന്ന സ്‌ത്രീയ്‌ക്കൊപ്പം കൂടിയാണ് ‘അവൾക്കൊപ്പം’ ഈ ഹാഷ് ടാഗ് എന്ന് ദയവായി തിരിച്ചറിയുക.

Comments

comments