Breaking News

കൊടുങ്ങല്ലൂർ ഭരണിക്കും വ്യക്തമായ ഒരു രാഷ്ട്രീയ ചരിത്രമുണ്ട്

കൊടുങ്ങല്ലൂർ ഭരണിക്കും വ്യക്തമായ ഒരു രാഷ്ട്രീയ ചരിത്രമുണ്ട്. ബുദ്ധ സന്യാസിമാരെ വിരട്ടി ഓടിക്കാൻ താഴ്ന്ന ജാതിക്കാരെ കാവ് തീണ്ടാൻ നാടുവാഴി അനുമതി നൽകിയ അശ്വതി നാൾ ഭരണി വേലയുടെ ഭാഗമാണ് എന്ന വാദം ശക്തമാണ്. കോഴിവെട്ടു കൊണ്ട് ബൗദ്ധരെ വെറുപ്പിക്കുന്ന ചടങ്ങു നടക്കുന്നത് അവിടെയാണ്. അതുവഴി ഒരു ബൗദ്ധ ആശ്രമം ആര്യാധിനിവേശത്തിലാക്കിയ ചരിത്രത്തിന്റെ ഓർമ്മയാണ് കൊടുങ്ങല്ലൂർ ഭരണി വേലയത്രെ.സത്യമെന്ന രീതിയിൽ നാട്ടിൽ പ്രചരിപ്പിക്കപ്പെട്ടിരുന്നഈ രണ്ട് ഉത്സവങ്ങളും തമ്മിൽ ബന്ധിപ്പിക്കുന്ന ചില മിത്തുകളെപ്പറ്റിയാണിവിടെ പറയുന്നത്.

bharani

കൊടുങ്ങല്ലൂർ ഭഗവതി കാളിയാണ്. സംഹാരമൂർത്തി. ചിലപ്പതികാരത്തില്‍ മധുരാനഗരം ചുട്ടെരിച്ച കണ്ണകി വന്നു ദേവിയായി എന്നും വിശ്വസിക്കുന്നു. അതെന്തായാലും എല്ലാ കറുത്ത ദ്രാവിഡ ദൈവങ്ങളുടെയും കേന്ദ്രമായി കൊടുങ്ങല്ലൂരിനെ കരുതിപ്പോരുന്നു. കറുത്തവരുടെ ദൈവങ്ങൾ. കൂളി, വസൂരി മാല, ചാമുണ്ടി, രക്തചാമുണ്ഡി, ചാത്തൻ, പൊട്ടൻ, കടുപ്പൊട്ടൻ, മറുത, മാടന്‍, ഒടിയൻ, യക്ഷി എന്നിങ്ങനെ അനേകായിരങ്ങൾ ഉണ്ട് ദേവിക്കൊപ്പം. ഇവരെ ദേവി സ്വന്തം തട്ടകത്ത് അടക്കി നിർത്തുന്നു. അവരെ പ്രീതിപ്പെടുത്താനെന്ന പേരിലാണ് കോഴിവെട്ടും തെറിപ്പാട്ടും ഒക്കെ നടത്തുന്നത്. ഈ ദുര്‍ദ്ദേവതകൾക്കു പുറത്തു പോകാൻ കൊടുക്കുന്ന ഏക അവസരമാണ് ആറാട്ടുപുഴ പൂരം. അവിടെ പോയി ഇവർക്ക് അര്‍മാദിക്കാം. പക്ഷെ അടുത്ത ഭരണിക്ക് മുമ്പ് തിരിച്ചു കാവിൽ എത്തിയിരിക്കണം. ഇവിടെയാണ് പ്രശനം.

കുംഭം, മീനം, മേടം മാസങ്ങൾ തൃശ്ശൂർ ജില്ലയിലെ ഉത്സവകാലമാണ്. ഈ രണ്ട് ഉത്സവങ്ങളും മീനമാസത്തിലാണ് നടക്കുന്നത്. മീനത്തിലെ ഭരണിക്ക് കൊടുങ്ങല്ലൂരും പൂരം നക്ഷത്രത്തിൽ ആറാട്ടുപുഴയിലും ആഘോഷം. മലയാള മാസത്തിൽ ഈ നാളുകൾ വരുന്നതിന്റെ ക്രമം ഓരോ വർഷത്തിലും വ്യത്യസ്തമാണ്. ചില മാസങ്ങളിൽ ആദ്യം പൂരം വരും. ആ വർഷത്തിൽ ഈ കറുത്ത ദൈവങ്ങൾ പുറത്തിറങ്ങിയാൽ 19 ദിവസങ്ങൾ മാത്രമേ പുറത്ത് നിൽക്കാൻ അനുമതിയുള്ളു. അപ്പോഴേക്കും ഭരണി വരും. തിരിച്ചു കാവിൽ എത്തണം. പിന്നെ അടുത്ത വര്‍ഷം പൂരത്തിനെ അവര്‍ക്ക് പരോള്‍ കിട്ടു.

എന്നാൽ ഭരണി മീനമാസത്തിന്റെ ആദ്യം വന്നാൽ പിന്നീട് പൂരം വരുമ്പോൾ ഇവർ പുറത്തിറങ്ങും. പിന്നെ അടുത്ത വർഷത്തെ ഭരണിക്ക് മാത്രമേ തിരിച്ചെത്തേണ്ടതുള്ളൂ. അതായതു ഏതാണ്ട് ഒരു വർഷക്കാലം ഇവർ നാട്ടിലാകെ അലഞ്ഞു നടക്കും. അത് വളരെ മോശം വർഷമാണ്. ഇവർ അലഞ്ഞു നടക്കുമ്പോൾ നാട്ടിലാകെ അസ്വസ്ഥത പടരും വസൂരി തുടങ്ങിയ രോഗങ്ങൾ പടർന്നു പിടിക്കും. മാടനും ഒടിയനും യക്ഷിയും നാട്ടിലാകെ അലഞ്ഞു നടന്നു ജനങ്ങളെ ഒക്കെ ഉപദ്രവിക്കും. നാട്ടിൽ എന്തെങ്കിലും കുഴപ്പമുണ്ടാകുമ്പോൾ കാരണവന്മാർ പറയാറുണ്ട്, ഈ വര്‍ഷം ഭരണി ആദ്യമായിരുന്നല്ലോ, ഇങ്ങനെ പല ദോഷങ്ങളും ഉണ്ടാകും എന്ന്. കറുത്തവരുടെ ദൈവങ്ങളോട് സമൂഹത്തിൽ വെറുപ്പ് വളർത്താനുള്ള ബ്രാഹ്മണാധിപത്യ ശ്രമങ്ങളാണിതെന്നു അന്നൊന്നും തിരിച്ചറിഞ്ഞിരുന്നില്ല. ഇതൊക്കെ വിശ്വസിക്കപ്പെട്ടിരുന്നു.

bharani2

പൂരപ്പറമ്പില്‍ ഇവര്‍ എത്തുന്നതുമായി ബന്ധപ്പെട്ടു നിരവധി കഥകള്‍ ഉണ്ട്. രാവിലെ മുതൽ ആറാട്ടുപുഴ പൂരം തുടങ്ങുന്നു. കൃത്യമായി പറഞ്ഞാൽ ദിവസങ്ങള്‍ മുമ്പ് തന്നെ. അവസാന ദിവസം രാവിലെ മുതൽ ആറാട്ടുപുഴ പാടത്ത് ജനങ്ങൾ എത്തും. അതേസമയം തന്നെ ഈ കറുത്ത ദൈവങ്ങളും പൂരം കാണാൻ എത്തും. പക്ഷെ ഇവർക്ക് സ്വന്തം രൂപത്തിൽ ഇറങ്ങാൻ കഴിയില്ല. അതുകൊണ്ട് അപ്പോൾ പൂരം കാണാൻ എത്തിയിട്ടുള്ള ഓരോരുത്തരുടെ രൂപം അവർ സ്വീകരിക്കും. അതായതു പൂരപ്പറമ്പിൽ നിൽക്കുന്നവരിൽ പലർക്കും അപരന്മാരോ അപരകളോ അതേ പൂരപ്പറമ്പിൽ തന്നെ ഉണ്ടാകും. ഇത് പലര്‍ക്കും ആശയക്കുഴപ്പം സൃഷ്ടിച്ച കഥകള്‍ പറയാറുണ്ട്. ഒരു സുഹൃത്തിനെ ഒരു മേളത്തിനടുത്തു വച്ച് നാം കാണുന്നു. ഇക്കാര്യം മറ്റൊരു സുഹൃത്തിനോട് പറയുമ്പോൾ അയാൾ തർക്കിക്കും, നിങ്ങൾ പറഞ്ഞ വ്യക്തിയെ തത്സമയം താൻ ദൂരെ മറ്റൊരിടത്ത് കണ്ടു എന്ന്. ചുരുക്കത്തിൽ യഥാർത്ഥത്തിൽ പൂരത്തിനെത്തുന്നവരുടെ പല മടങ്ങു ആളുകൾ അവിടെ ഉള്ളതായി തോന്നും.

പൂരത്തിൽ അനേക ദേവി ദേവന്മാർ വന്നെത്തും. ആതിഥേയൻ ആറാട്ടുപുഴ ശാസ്താവ് ആണ്. ഇവിടെ വന്നു ചേരുന്നവരിൽ ഒരാളൊഴിച്ചെല്ലാം ശൈവ ദേവന്മാരും ദേവികളുമാണ്. ഇതല്ലാത്ത ഒറ്റയാൻ തൃപ്രയാർ ശ്രീരാമനാണ്. അദ്ദേഹമാണ് ഏറ്റവും ഒടുവിൽ എത്തുക. രണ്ട് മൂന്ന് ദിവസം മുമ്പ് തൃപ്രയാർ നിന്നും പുറപ്പെട്ടു ചിട്ടപ്പടി ചില ഇല്ലങ്ങളിൽ രാത്രി വിശ്രമിച്ച ശേഷമാണ് പൂരപ്പറമ്പിൽ എത്തുന്നത്. അതിനകം മറ്റെല്ലാവരുടെയും ഉത്സവങ്ങൾ തീർന്നിരിക്കും. തദ്ദേശീയരുടെ ഒടുവിലത്തെ ആഘോഷം ശാസ്താവിന്റെതാണ്. അതിന്റെ വെടിക്കെട്ടു തീരുമ്പോൾ ഏതാണ്ട് രാത്രി പത്ത് മണിക്കപ്പുറമാകും. പിന്നെ ശ്രീരാമനെ സ്വീകരിക്കലും അദ്ദേഹത്തെ കേന്ദ്രമാക്കിയുള്ള കൂടി എഴുന്നള്ളിപ്പുമാണ്. അപ്പോഴാണ് നൂറോളം ആനകൾ ഒന്നിച്ചു നിൽക്കുന്ന അത്യപൂർവ അവസരം എത്തുന്നത്.

kodungallor bhsrsni

എന്നാൽ തൃപ്രയാർ തേവര് പൂരപ്പറമ്പിൽ എത്തുമ്പോൾ നമ്മൾ അറിയാത്ത ചില കാര്യങ്ങൾ അവിടെ നടക്കുന്നു. തേവർ എത്തിയാൽ പിന്നെ നമ്മുടെ കറുത്ത ദൈവങ്ങൾക്ക് അവിടെ തുടരാൻ കഴിയില്ല. ഒറ്റ നിമിഷം കൊണ്ട് അവരെല്ലാം പൂരപ്പറമ്പ് വിടും. പെട്ടന്ന് തിരക്ക് കുറയും. നമ്മുടെ തൊട്ടടുത്തുണ്ടായിരുന്ന പലരെയും ജാലവിദ്യയിലെന്ന പോലെ കാണാതാകും. മുൻപരിചയമില്ലാത്തവരിൽ ഇത് പരിഭ്രമം ഉണ്ടാക്കും. പ്രശ്നം അതല്ല. വൈഷ്ണവനായ ശ്രീരാമനെ കറുത്ത ദൈവങ്ങൾക്ക് ഭയമാണ്, ശ്രീരാമന്‍ കറുത്തവരുടെ ദൈവങ്ങളെക്കാൾ ശക്തനും ആദരണീയനുമാണ് എന്ന് സ്ഥാപിക്കാനാണ് ഇത്തരം മിത്തുകൾ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് എന്ന തിരിച്ചറിവാണ് പ്രധാനം. ഇതാണ് അധിനിവേശം. പുരാണങ്ങളിലും നാടോടിക്കഥകളിലും മറ്റും കിട്ടുന്ന മിത്തുകളെ പരസ്പരം യോജിപ്പിക്കുന്നതിലൂടെ നിർമ്മിക്കപ്പെടുന്ന ബ്രഹദാഖ്യാനങ്ങൾ സാർവ്വജനീനമായി സ്വീകരിക്കപ്പെടുന്നു. സനാതനമെന്നു വ്യഖ്യാനിക്കപ്പെടുന്നു.

ആര്യന്മാരുടെ അധിനിവേശത്തിന്റെ വിജയകഥകളാണ് വേദങ്ങളും പുരാണങ്ങളും. ആദിമജനതകളായ ദ്രാവിഡരെ അസുരന്മാരും ദൈത്യരും കുരങ്ങന്മാരുമായി വിലകുറച്ചു കാണിക്കുന്ന അനീതികളെ ഇന്ന് നാം തിരിച്ചറിയുന്നുണ്ട്. ജ്ഞാനമെന്നാൽ പടിഞ്ഞാറു നിന്നും വരുന്നതാണെന്ന നമ്മുടെ ഇന്നത്തെ ധാരണ ഇംഗ്ലീഷ് അധിനിവേശത്തിന്റെ ഫലമെന്നത് പോലെ സംസ്കൃതവും വേദങ്ങളും മറ്റുമാണ് അന്തിമ അറിവിന്റെ ഉറവിടമെന്ന ധാരണ നമ്മിൽ സ്ഥാപിച്ചത് ആര്യൻ അധിനിവേശമാണ്.

kodungalloor bharani1

ദുഷ്ടരായ, അഹങ്കാരികളായ, ആര്യഗോത്രത്തലവന്‍ ഇന്ദ്രപദമോഹികളായ അസുരന്മാരെ നിഗ്രഹിക്കാന്‍, ധര്‍മം സ്ഥാപിക്കാന്‍ വിവിധ അവതാരങ്ങളെടുത്ത വിഷ്ണു എന്ന സങ്കല്‍പം തന്നെ ഇങ്ങനെ രൂപപ്പെട്ടതാണെന്നു ചരിത്രകാരന്മാര്‍ പറയുന്നു. ഇത്തരം അവതാര കഥകളെ കൂട്ടി ഇണക്കുന്ന ഒന്നാണ് ഭാഗവതം. ബ്രാഹ്മണമതം ഇവിടെ അധികാരം സ്ഥാപിക്കുകയും ജാതി വ്യവസ്ഥ നിയമമാക്കി തന്നെ വളര്‍ത്തി എടുക്കുകയും ചെയ്തതിന്റെ ന്യായീകരണങ്ങളാണ് ഈ വ്യാഖ്യാനങ്ങള്‍ എന്നറിയാന്‍ വലിയ ബുദ്ധിയൊന്നും ആവശ്യമില്ല. അടിച്ചമര്‍ത്തലിനും ചൂഷണത്തിനും ദൈവികമായി നല്‍കുന്ന ന്യായീകരണം.മഹാബലിയും അത്തരത്തിൽ ചവിട്ടിത്തതാഴ്ത്തപ്പെട്ട ഒരു ആദി ദ്രാവിഡ രാജാവായിരുന്നു.

ഇതുപോലെ തന്നെയാണ് ഓണത്തിൻറെ ആചാരങ്ങളും. തൃക്കാക്കരയപ്പന്‍ എന്നതും സവര്‍ണരുടെ മാത്രം ദൈവമായിരുന്നു. അവരുടെ ആര്യാചാരങ്ങള്‍, അഥവാ ബ്രഹ്മണാചാരങ്ങള്‍ മാത്രമായിരുന്ന ഒന്നിനെ സര്‍വ മലയാളികളുടെയും ആചാരമാക്കി. ഓണത്തിനു ക്ഷേത്രങ്ങളുമായി കാര്യമായ ഒരു ബന്ധവും ഉണ്ടായിരുന്നില്ല. ഗുരുവായൂരും ശബരിമലയിലും ഓണാഘോഷം തുടങ്ങുന്നതും അടുത്ത കാലത്താണ്. അക്ഷയതൃദീയക്കും രാഖി കെട്ടലിനും ശ്രീകൃഷ്ണജയന്തി ആഘോഷങ്ങള്‍ക്കും മറ്റും കേരളത്തില്‍ വ്യാപകമായ പ്രചാരം കിട്ടിയതിന്റെ പിന്നിലെന്ന പോലെ ഇവിടെയും സവര്‍ണ ആര്യവല്‍ക്കരണം കൃത്യമായി നടന്നു. ഇതിനെ വേണ്ട രീതിയില്‍ പ്രതിരോധിക്കാന്‍ പുരോഗമന രാഷ്ട്രീയക്കാര്‍ക്കും കഴിഞ്ഞില്ല. അവരും ആ ധാരയില്‍ മൃദുവായി അലിഞ്ഞു ചേരുകയായിരുന്നു. വിശ്വാസികളെ പിണക്കാന്‍ കഴിയില്ലല്ലോ.

കേട്ടാൽ അറക്കുന്ന പച്ച തെറി ആണു വീഡിയോയിൽ ഉള്ളത്‌. സനാതന സംസ്കാരത്തിന്റെ നേരവകാശികളായ 21 ആം നൂറ്റാണ്ടിലെ ചില ഭക്തകളെ കാണൂ . എത്ര മഹത്തരമായ ആർഷ ഭാരത സംസ്കാരം ….!

Comments

comments

Reendex

Must see news