Breaking News

രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ സ്വയം നഷ്ടപ്പെടുത്തിയ ഇടങ്ങളിൽ നുണയും വെറുപ്പും വിതച്ച് അധികാരം കൊയ്തവർ

നിറം പിടിപ്പിച്ച നുണകള്‍ വസ്തുതകളായി മാറുകയും വസ്തുതകള്‍ അവഗണിക്കപ്പെടുകയും ചെയ്യുമ്പോള്‍, ഇല്ലാതാകുന്നത് തങ്ങളുടെ രാഷ്ട്രീയ പിന്‍ബലം കൂടിയാണെന്ന തിരിച്ചറിവ്, രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് നഷ്ടമായിരിക്കുന്നു. ഇവര്‍ സ്വയം നഷ്ടപ്പെടുത്തിയ ഇടങ്ങളിലാണ് നുണയും വെറുപ്പും വിതച്ച്, ഹിന്ദുത്വ വര്‍ഗീയത അധികാരം കൊയ്തത്.

നുണ നടാന്‍ ഒരു വിഭാഗം. അത് നട്ടുനനച്ച് വളര്‍ത്താന്‍ മറ്റൊരു കൂട്ടര്‍. അതിലുണ്ടാകുന്ന ഫലങ്ങള്‍ നിറം പിടിപ്പിച്ച് കമ്പോളത്തിലെത്തിക്കാന്‍ മൂന്നാമതൊരു കൂട്ടം. ഒരു സമുദായത്തോട് ഇതര സമുദായങ്ങള്‍ക്ക് വെറുപ്പും ഭയവും സംശയവും സൃഷ്ടിക്കാന്‍ പാകത്തിലുള്ളതാണ് ഈ നിറംപിടിപ്പിച്ച നുണകളെന്ന് തിരിച്ചറിയാതെയല്ല ഈ പ്രവൃത്തികള്‍. അതിനെയൊന്നാകെ ‘ലവ് ജിഹാദെ’ ന്ന ഓമനപ്പേരില്‍ വിശേഷിപ്പിക്കുക കൂടി ചെയ്തപ്പോള്‍ ലഭിച്ചത് അന്താരാഷ്ട്ര പരിവേഷം. ‘ജിഹാദെ’ന്ന വാക്കിന് സൃഷ്ടിച്ചുനല്‍കിയ ഭീകര പ്രതിച്ഛായ മുതലെടുക്കാന്‍ ഈ പരിവേഷം സഹായിക്കുമെന്ന് തിരിച്ചറിഞ്ഞ ഫാസിസ്റ്റ് ബുദ്ധിയാകണം ഈ വാക്കിണക്കത്തിന് പിറകില്‍.

comunal riots

2009ല്‍ കേരളത്തില്‍ ആദ്യം പ്രചരിപ്പിക്കപ്പെടുമ്പോള്‍ നിരത്തിയ തെളിവുകള്‍ ഇവയായിരുന്നു.
1. മംഗലാപുരത്ത് നഴ്‌സറി സ്‌ക്കൂളില്‍ ജോലി ചെയ്തിരുന്ന ടീച്ചറെ പ്രണയിക്കാന്‍ ജിഹാദിനായി പ്രവര്‍ത്തിക്കുന്ന ഒരാള്‍ രംഗത്തുവന്നു. ഇസ്‌ലാം സ്വീകരിച്ചാല്‍ ശമ്പളം കൂട്ടിത്തരാമെന്ന് വാഗ്ദാനം നല്‍കി. മംഗലാപുരത്തെ പ്രാദേശിക കേബിള്‍ ടി വി ഇക്കാര്യം പുറത്തുകൊണ്ടുവന്നു.

2. മെച്ചപ്പെട്ട ജോലി വാഗ്ദാനം ചെയ്ത് മൂന്ന് കുട്ടികളുടെ അമ്മയായ സ്ത്രീയെ ജിഹാദ് പ്രവര്‍ത്തകര്‍ കൂട്ടിക്കൊണ്ടുപോയി. പൊന്നാനിയിലെ മതപരിവര്‍ത്തന കേന്ദ്രത്തില്‍ നിന്ന് ഈ സ്ത്രീയെയും കുട്ടികളെയും മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് കളമശ്ശേരി സ്വദേശിയായ ജോയ് പരാതി നല്‍കിയിട്ടുണ്ട്.

3. റീജിയണല്‍ എന്‍ജിനീയറിംഗ് കോളജ് വിദ്യാര്‍ഥിനി ജിഹാദ് പ്രവര്‍ത്തകനായ മലപ്പുറത്തെ ജലാലുദ്ദീന്റെ കെണിയില്‍ വീണു. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് പ്രൊഫഷനല്‍ കോളജിലെ വിദ്യാര്‍ഥികളെ കെണിയിലാക്കുന്നതില്‍ വൈദഗ്ധ്യം നേടിയ ആളാണ് ജലാലുദ്ദീന്‍. ആര്‍ ഇ സി വിദ്യാര്‍ഥിനി മസനഗുഡിയിലെ ഒരു റിസോര്‍ട്ടിലാണ് എത്തിപ്പെട്ടത്. അവിടെവെച്ച് ജലാലുദ്ദീനും കൂട്ടുകാരും വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്തു.

4. ഉപ്പള സ്വദേശിയായ ജിഹാദ് പ്രവര്‍ത്തകന്‍ സാദിഖ് കാസര്‍ക്കോട് മുദ്രപുത്തൂരിലെ കംപ്യൂട്ടര്‍ സെന്ററില്‍ നിന്ന് ഒരു പെണ്‍കുട്ടിയെ വലയിലാക്കി. വിവാഹ വാഗ്ദാനം ചെയ്ത് മതം മാറ്റാനായി പൊന്നാനിയില്‍ കൊണ്ടുപോയി. പക്ഷേ, മതം മാറിയ ശേഷം യത്തീംഖാനയിലാണ് എത്തിപ്പെട്ടത്. പിന്നീട് യത്തീംഖാനയില്‍ നിന്ന് പെണ്‍കുട്ടി രക്ഷപ്പെട്ടു. സാദിഖും യത്തീംഖാനയിലെ മൗലവിയും സുഹൃത്തുക്കളും ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പെണ്‍കുട്ടി പറയുന്നു.

5. മുക്കത്തിനടുത്ത് കോമ്പാറയിലെ കൃസ്ത്യന്‍ പെണ്‍കുട്ടിയെ ജിഹാദ് പ്രവര്‍ത്തകന്‍ പ്രണയം ഭാവിച്ച് പ്രലോഭിപ്പിച്ചു. പിന്നീട് മതം മാറ്റുന്നതിനായി മംഗലാപുരത്തേക്ക് കൊണ്ടുപോയി.

love jihad

ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ നടത്തുന്ന ഹൈന്ദവ കേരളം എന്ന വെബ്‌സൈറ്റില്‍ 2009 സെപ്തംബര്‍ 18ന് പ്രസിദ്ധീകരിക്കുകയും ഹിന്ദു ജനജാഗ്രുതി സമിതി എന്ന വെബ്‌സൈറ്റ് 2009 സെപ്തംബര്‍ 19ന് പകര്‍ത്തി നല്‍കുകയും ചെയ്ത കാര്യങ്ങളാണ് മുകളില്‍ പറഞ്ഞത്. ഇക്കാര്യങ്ങള്‍ക്ക് തങ്ങളുടെ വിവര സ്രോതസ്സ് ഹൈന്ദവ കേരളം വെബ്‌സൈറ്റാണെന്ന് ഹിന്ദു ജനജാഗ്രുതി സമിതി രേഖപ്പെടുത്തിയിരുന്നു.

വെബ് സൈറ്റുകളിലെ രേഖപ്പെടുത്തലുകള്‍ക്കപ്പുറത്ത്, ആരുടെയെങ്കിലും പരാതിയോ അതിന്‍മേലുള്ള അന്വേഷണമോ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലുള്ള കണ്ടെത്തലുകളോ ഇതിലൊന്നുമുണ്ടായില്ല. പക്ഷേ, പ്രചാരണത്തിന് കുറവുണ്ടായില്ല. കര്‍ണാടകത്തില്‍ കാണാതായത് മൂവാരിയം പെണ്‍കുട്ടികളാണെന്ന് സംഘ്പരിവാരം പ്രചരിപ്പിച്ചു. കേരളത്തില്‍ നാലായിരത്തിലധികം പെണ്‍കുട്ടികളെ കാണാതായെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യയുടെ മുഖ മാസികയും പറഞ്ഞുവെച്ചു.

vellaappalli-1024x482

വരേണ്യ ഹിന്ദു കുടുംബങ്ങളിലെ പെണ്‍കുട്ടികളെ ‘ലവ് ജിഹാദി’ന്റെ കെണിയില്‍ പെടുത്തുന്നുവെന്ന് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ആരോപിച്ചു. ഇതിന്റെയൊക്കെ തുടര്‍ച്ചയായാണ് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് കേരള ഹൈക്കോടതി നിര്‍ദേശം നല്‍കിയത്. ‘ലവ് ജിഹാദി’ന് പിറകില്‍ അന്താരാഷ്ട്ര ഗൂഢാലോചനയുണ്ടോ എന്ന് പരിശോധിക്കണമെന്ന് പ്രത്യേകം ആവശ്യപ്പെട്ടിരുന്നു ഹൈക്കോടതി. ആരോപണങ്ങളൊക്കെ അടിസ്ഥാനമില്ലാത്തതാണെന്നാണ് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയത്.

വര്‍ഷങ്ങള്‍ക്കിപ്പുറം ആരോപണം കുറേക്കൂടി മൂര്‍ത്തമാണ്. കാസര്‍ക്കോട്ടെ ആതിര, വൈക്കത്തെ അഖില എന്നിവരെ ഉയര്‍ത്തിക്കാട്ടാന്‍ സാധിക്കുന്നുണ്ട് സംഘ്പരിവാര്‍ ശക്തികള്‍ക്ക്. എന്നാല്‍ രണ്ട് കേസിലും നിര്‍ബന്ധിച്ചുള്ള മതപരിവര്‍ത്തനമുണ്ടായിട്ടില്ലെന്നാണ് ഇതുവരെ പുറത്തുവന്ന വിവരം. കാസര്‍ക്കോട്ടെ ആതിര, ഹിന്ദു മതത്തിലേക്കുള്ള മടക്കം പ്രഖ്യാപിച്ച് മാധ്യമങ്ങളോട് സംസാരിച്ചപ്പോള്‍, ഇസ്‌ലാം സ്വീകരിക്കാന്‍ തന്നെയാരും നിര്‍ബന്ധിച്ചിട്ടില്ലെന്ന് അര്‍ഥശങ്കക്കിടയില്ലാത്ത വിധം വ്യക്തമാക്കിയിരുന്നു.

cmunal riots

ഇസ്‌ലാം സ്വീകരിച്ച് ഹാദിയ എന്ന പേര് സ്വീകരിച്ച അഖില, നിര്‍ബന്ധത്തിനോ പ്രലോഭനത്തിനോ വഴങ്ങിയല്ല മതം മാറിയതെന്ന് ഹൈക്കോടതി മുമ്പാകെ പറഞ്ഞിരുന്നു. വിവാഹം റദ്ദുചെയ്ത്, രക്ഷിതാക്കള്‍ക്കൊപ്പം അയച്ച ഹൈക്കോടതി വിധി നടപ്പാക്കാന്‍ പൊലീസ് എത്തിയപ്പോഴും ഹാദിയ മാധ്യമങ്ങളോട് പറഞ്ഞത് ഇത് തന്നെയായിരുന്നു.

ഈ രണ്ട് സംഭവങ്ങളെയും ‘ലവ് ജിഹാദാ’യി ചിത്രീകരിക്കാന്‍ തത്രപ്പെടുന്ന സംഘ്പരിവാര വക്താക്കള്‍ പറയുന്ന പ്രധാനപ്പെട്ട കാര്യം ഇസ്‌ലാമിനെ പ്രകീര്‍ത്തിച്ചും ഹിന്ദു മതത്തെ ഇകഴ്ത്തിയും ആതിരയുടെയും അഖിലയുടെയും സുഹൃത്തുക്കള്‍ സംസാരിച്ചിരുന്നുവെന്നാണ്. ഹിന്ദു മതത്തില്‍ വിശ്വസിച്ചാല്‍ നരകത്തില്‍ പോകുമെന്ന് ഭീഷണിപ്പെടുത്തിയെന്നും. സ്വര്‍ഗ പ്രാപ്തിയോ ഇഹലോകത്തു നിന്നുള്ള മോക്ഷമോ ഒക്കെയാണ് എല്ലാ മതങ്ങളും വിശ്വാസികള്‍ക്ക് വാഗ്ദാനം ചെയ്യുന്നത്. ഹിന്ദു വിശ്വാസങ്ങളും മോക്ഷത്തില്‍ അധിഷ്ഠിതം.

athira

സംഗതി അവ്വിധമായിരിക്കെ സ്വര്‍ഗ പ്രാപ്തിക്ക് ഉതകുന്നത് തങ്ങളുടെ മാര്‍ഗമെന്ന് ഏതെങ്കിലും വിശ്വാസി പ്രചരിപ്പിച്ചാല്‍ തെറ്റാകുന്നത് എങ്ങനെ എന്ന് മനസ്സിലാകുന്നതേയില്ല. സ്വന്തം വിശ്വാസത്തെ പ്രകീര്‍ത്തിക്കുകയും ഇതര വിശ്വാസങ്ങളെ ഇകഴ്ത്തുകയുമല്ലേ ഇക്കാലമത്രയും സംഘ്പരിവാരം ചെയ്തുകൊണ്ടിരിക്കുന്നത്, ഇപ്പോഴും ചെയ്യുന്നത്. രാഷ്ട്രീയ സ്വയം സേവക് സംഘ് ആരംഭിച്ചത് പോലും ആ ലക്ഷ്യത്തോടെയല്ലേ? അവ്വിധമുള്ള പ്രവൃത്തികളുടെ തുടര്‍ച്ചയിലല്ലേ ഹിന്ദു രാഷ്ട്രം വൈകില്ലെന്ന് സര്‍ സംഘ ചാലക് ആവര്‍ത്തിക്കുന്നത്. ഹിന്ദു രാഷ്ട്രം എന്ന പ്രയോഗം പോലും ഇതര വിശ്വാസങ്ങളെ ഇകഴ്ത്തലല്ലേ?

ആതിരയുടെയും അഖിലയുടെയും കാര്യത്തില്‍ പറയുന്ന വാദങ്ങളൊക്കെയാണ് 2009ല്‍ വലിയ ചര്‍ച്ചക്ക് വിധേയമായ മറ്റൊരു കേസിലും സംഘ്പരിവാരം ഉന്നയിച്ചിരുന്നത്. പത്തനംതിട്ടയില്‍ പ്രൊഫഷനല്‍ കോളജില്‍ പഠിച്ചിരുന്ന ഒരു മുസ്‌ലിം ചെറുപ്പക്കാരന്‍ എം ബി എ വിദ്യാര്‍ഥിനികളായ രണ്ട് പേര്‍ക്ക് ഇസ്‌ലാമിനെക്കുറിച്ചുള്ള പുസ്തകങ്ങള്‍ നല്‍കിയെന്നും വിവാഹം കഴിക്കണമെങ്കില്‍ മതം മാറണമെന്ന് ആവശ്യപ്പെട്ടുവെന്നുമായിരുന്നു ആരോപണം. ഇസ്‌ലാമിനെ പരിചയപ്പെടുത്തുന്ന പുസ്തകം നല്‍കുന്നതോ വിവാഹം കഴിക്കുന്നതിനായി മതം മാറണമെന്ന് പറയുന്നതോ ഇന്ത്യന്‍ യൂനിയനില്‍ കുറ്റമല്ല, അന്നും ഇന്നും.

fadiya4

എന്തായാലും ആ ആരോപണത്തില്‍ അന്ന് കാറ്റുപിടിച്ചില്ല. ഈ പെണ്‍കുട്ടികളെപ്പോലെ തന്നെ ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവരാണ് ആതിരയും ഹാദിയയും (അഖില). നരകത്തില്‍പ്പോകുമെന്ന ഭീഷണിക്ക് ഇവര്‍ വശംവദരായി എന്നൊക്കെ പറഞ്ഞാല്‍ വിശ്വസിക്കുക പ്രയാസം. പക്ഷേ, ഹാദിയയുടെ വിവാഹം ഹൈക്കോടതി റദ്ദുചെയ്യുകയും അത് ചോദ്യംചെയ്ത് സമര്‍പ്പിച്ച ഹരജിയില്‍ മതപരിവര്‍ത്തനത്തിന് ഇടയായ സാഹചര്യത്തെക്കുറിച്ച് എന്‍ ഐ എ അന്വേഷിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിടുകയും ചെയ്യുമ്പോള്‍, ഏത് നുണയും വിശ്വസനീയമാക്കുന്ന അന്തരീക്ഷം സൃഷ്ടിക്കപ്പെടുകയാണ്. സമൂഹത്തെ വര്‍ഗീയമായി വിഭജിക്കുക എന്ന സംഘ ഉദ്ദേശ്യത്തെ അറിഞ്ഞോ അറിയാതെയോ സയാഹിക്കുകയാണ് നീതി പീഠം.

ഇതിന്റെ മറുവശത്താണ് ‘ഘര്‍ വാപ്പസി’യെന്ന സംഘ അജന്‍ഡയുടെ കേരളത്തിലെ നടപ്പാക്കല്‍. അത് നിറം പിടിപ്പിച്ച നുണകളല്ല. ഇതര മതസ്ഥരെ പ്രണയിക്കുകയോ വിവാഹം കഴിക്കാന്‍ നിശ്ചയിക്കുകയോ ചെയ്തവരെ തടവില്‍ പാര്‍പ്പിച്ച് ശാരീരികമായും മാനസികമായും പീഡിപ്പിച്ച് പിന്തിരിപ്പിക്കാന്‍ സംഘടിതമായ ശ്രമം നടന്നുവെന്ന പരാതി പോലീസിന് മുന്നിലും ഹൈക്കോടതിക്ക് മുന്നിലുമുണ്ട്. അത്തരത്തിലൊരു കേന്ദ്രത്തെക്കുറിച്ചെങ്കിലും പരാതിയില്‍ പരാമര്‍ശമുണ്ട്.

sivsakthi-yoga1-672026

എറണാകുളം കണ്ടനാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ശിവശക്തി യോഗ കേന്ദ്രത്തില്‍ നിയമവിരുദ്ധമായി പാര്‍പ്പിച്ചിരുന്ന പെണ്‍കുട്ടികളില്‍ രണ്ട് പേര്‍ ഹൈക്കോടതി മുമ്പാകെ ഹാജരായി മൊഴി നല്‍കി. ആ കേന്ദ്രത്തില്‍ അറുപതോളം പെണ്‍കുട്ടികളുണ്ടായിരുന്നുവെന്ന് പരസ്യമായി പറയാന്‍ ഒരു പെണ്‍കുട്ടിയെങ്കിലും തയ്യാറായി. ഈ കേന്ദ്രത്തിലെത്തിയ പെണ്‍കുട്ടികളെ ലൈംഗിക അതിക്രമത്തിന് വിധേയരാക്കിയെന്ന ആരോപണവും ഉയരുന്നു. പെണ്‍കുട്ടികളുടെ മൊഴി കണക്കിലെടുത്ത് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിടുകയും ചെയ്തിട്ടുണ്ട്.

‘ലവ് ജിഹാദ്’ എന്ന വ്യാജ പ്രചാരണത്തിലൂടെ സൃഷ്ടിച്ചെടുക്കുന്ന വെറുപ്പിന്റെ അന്തരീക്ഷത്തെ സമൂഹവും സര്‍ക്കാറും വേണ്ടത്ര ഗൗരവത്തില്‍ എടുത്തിട്ടില്ല. അതുകൊണ്ടു കൂടിയാണ് ‘ഘര്‍ വാപ്പസി’ കേന്ദ്രത്തെക്കുറിച്ചുള്ള പരാതിയും അന്വേഷിക്കണമെന്ന ഹൈക്കോടതി നിര്‍ദേശവും ‘ലവ് ജിഹാദ്’ പ്രചാരണത്തിന്റെ ഗൗരവത്തോടെ കൈകാര്യം ചെയ്യപ്പെടാത്തത്. പെണ്‍കുട്ടികളെ തടവില്‍ പാര്‍പ്പിച്ച്, ഉപദ്രവിച്ചുവെന്ന പരാതിയെ, മതത്തിന്റെ അംശം മാറ്റിനിര്‍ത്തിക്കൊണ്ട് മനുഷ്യാവകാശ പ്രശ്‌നമായിപ്പോലും കൈകാര്യം ചെയ്യാന്‍ നമ്മുടെ സമൂഹം മടിക്കുന്നത്.

നിയമവിരുദ്ധമായ തടങ്കലിനെക്കുറിച്ച്, അനുഭവിക്കേണ്ടി വന്ന പീഡനങ്ങളെക്കുറിച്ച് തുറന്നുപറയാന്‍ രണ്ട് പെണ്‍കുട്ടികള്‍ തയ്യാറായിട്ടും പുരോഗമന പ്രസ്ഥാനങ്ങളെന്ന് മേനി നടിക്കുന്നവരും നവോത്ഥാന പ്രസ്ഥാനങ്ങളുടെ പാരമ്പര്യം അവകാശപ്പെട്ട് ഭരണത്തില്‍ ഇരിക്കുന്നവരും മൗനം പാലിക്കുന്നത്.നിറം പിടിപ്പിച്ച നുണകള്‍ വസ്തുതകളായി മാറുകയും വസ്തുതകള്‍ അവഗണിക്കപ്പെടുകയും ചെയ്യുമ്പോള്‍, ഇല്ലാതാകുന്നത് തങ്ങളുടെ രാഷ്ട്രീയ പിന്‍ബലം കൂടിയാണെന്ന തിരിച്ചറിവ്, രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് നഷ്ടമായിരിക്കുന്നു. ഇവര്‍ സ്വയം നഷ്ടപ്പെടുത്തിയ ഇടങ്ങളിലാണ് നുണയും വെറുപ്പും വിതച്ച്, ഹിന്ദുത്വ വര്‍ഗീയത അധികാരം കൊയ്തത്.

rss-flag

Comments

comments