Breaking News

അമൃതവർഷം 64: പെരുങ്കള്ളങ്ങളില്‍ ബഹുസ്വരതകള്‍ ഇല്ല…!

പെരുങ്കള്ളങ്ങളില്‍ ബഹുസ്വരതകള്‍ ഇല്ല: അമ്മയും മഠവും നമ്മുടെ പത്രങ്ങളും ഒരു ഒന്നൊന്നര സംഭവമാണ്.സ്നേഹക്കച്ചവടത്തിന്റെ സമ്പന്നതയിൽ അമ്മയും അമ്മയുടെ മിഷനും വിശ്വ പ്രസിദ്ധമാകട്ടെ…!

amritha5

ഹരീഷ് കുമാർ. വി 

ദൈവാവതാരത്തിന്റെ പിറന്നാളുകള്‍ നിമിത്തമായി മലയാളിയുടെ പത്രവായനയില്‍ ഒരു ദൂഷിത കോശവളര്‍ച്ച ഉണ്ടായിക്കൊണ്ടിരിക്കുന്നു. ഐക്യരാഷ്ട്ര സഭയിലും അമേരിക്കന്‍ ഐക്യനാടുകളിലും വരെ ആവര്‍ത്തിച്ച് സംഭവിച്ച ഈ ദൈവാവതാരം ഒരു ജനസമൂഹത്തിന്റെ മാനസിക പരാധീനതയേയും ആത്മബോധ തകര്‍ച്ചയേയും മൂര്‍ഛിപ്പിക്കുന്നതിന് വിദേശത്തുനിന്ന് ഒളിവിലും തെളിവിലും ബഹു, ശതം, കോടി ഡോളറിന്റെ വരുമാന സമ്പാദനം നടത്തി ഗവണ്‍മെന്റിനെ പോലും കീഴ്‌പ്പെടുത്തുന്ന ധനകാര്യ ശക്തിയായി.

കാലത്തിന്റെ ചിത്തഭദ്രതയെ തകര്‍ക്കുന്നതിന് ജീവിത മണ്ഡലത്തിലേക്ക് ഇടിച്ചു കയറിയ വിദേശ ഫണ്ടിന്റെ മഹിമയ്ക്കുമുമ്പില്‍ അന്തരിച്ച രാഷ്ട്രപതി എ.പി.ജെ.അബ്ദുല്‍ കലാം മുതല്‍ ഇപ്പോഴത്തെ രാഷ്‌ട്രപതി രാം നാഥ് കോവിന്ദ് വരെയും ഉമ്മന്‍ചാണ്ടി മുതല്‍ ഗവര്‍ണര്‍ സദാശിവവും എ.കെ ആന്റണിയും എം.എസ് സ്വാമിനാഥനും വരെ മുട്ടുകാലുകളില്‍ ഇഴയുന്നതും നാം കണ്ടുനിന്നവരാണ്(പിണറായി നാളിതുവരെ മുട്ടിൽ ഇഴയാൻ പോയിട്ടില്ലെന്ന് ആശ്വസിക്കാം). നാം തകര്‍ന്ന് നിലംപരിശായിക്കൊണ്ടിരിക്കുന്ന ജനതയാണ്. ഇച്ഛയെ ബലി കൊടുത്തവരാണ്. നാം ഒരു ദൈവാവതാരത്തിന്റെ ആശ്ലേഷ കരങ്ങളില്‍ അമര്‍ന്ന് പൊടിയുന്ന നട്ടെല്ലുള്ളവരോ നട്ടെല്ലിന് വംശനാശം സംഭവിച്ചവരോ ആണ്.

amritha

മഠത്തിൽ നിന്ന് കോടികളുടെ പരസ്യങ്ങള്‍ കൈപ്പറ്റുന്ന പത്രങ്ങളെല്ലാം ഒരേ സ്വരത്തില്‍ പറയുന്നത് അമ്മസ്തുതിയാകുന്നതിൽ അതിശയമില്ല . പെരുങ്കള്ളങ്ങളില്‍ ബഹുസ്വരതകള്‍ ഇല്ല. കാരണം അതിന്റെ അടിത്തട്ടില്‍ വിദേശ ഡോളറുകളുടെ ഘന വ്യവസായമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഒരു ജനതയുടെ ന്യായ സങ്കല്‍പ്പത്തിന് താങ്ങാനാവാത്ത ആഴവും ഭാരവും വിദേശ ഫണ്ടിംഗിനുണ്ട് എന്നതിനാല്‍ വിദേശ ഫണ്ടിംഗ് ഒരു സംഭവമാണ്; സമാന്തര സര്‍ക്കാരാണ്. ആയതിനാല്‍ അമ്മയും മഠവും പിന്നെ നമ്മുടെ പത്രങ്ങളും ഒരു ഒന്നൊന്നര സംഭവമാണ്….

ചാരിറ്റബിൾ പ്രവർത്തനം തന്നെ 1000 രൂപ സംഭാവന ലഭിക്കുമ്പോള്‍ അതില്‍ 10 വീതം പത്തുപേര്‍ക്ക് ദാനം ചെയ്യുകയും, ആ സംഭവം 500 രൂപയ്ക്കു പരസ്യപ്പെടുത്തി നാട്ടുകാരെ അറിയിക്കുകയും, ബാക്കിയുള്ള 400 രൂപ പോക്കറ്റില്‍ തള്ളുകയും, ഇതൊക്കെ കാണുന്ന വിഡ്ഢികള്‍ വീണ്ടും സംഭാവന്‍ നല്‍കുന്ന ഒരു ബിസിനസ്സ് സംരംഭമാണ് .പ്രത്യേകിച്ച് മതങ്ങളുടെ കാരുണ്യ പ്രവര്‍ത്തികള്‍.

ഇത്തരക്കാര്‍ നടത്തുന്ന ആശുപത്രികളില്‍ എത്ര പാവപ്പെട്ടവര്‍ക്ക് സൗജന്യ ചികിത്സ നല്‍കുന്നുണ്ട്, ഇവരുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എത്ര പാവപ്പെട്ട കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം ലഭിക്കുന്നുണ്ട്?

rajani s anand

പരീക്ഷ ഫീസ് അടക്കാൻ പണമില്ലാത്തതിനാൽ തിരുവനന്തപുരത്ത് പരീക്ഷ കൺട്രോളറുടെ ഓഫീസിനു മുകളിൽനിന്നു ചാടി രജനി എസ്.ആനന്ദ് എന്നഎൻജിനീയറിങ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തപ്പോൾ  കേരളത്തിലെ ഈ സഞ്ചരിക്കുന്ന ദൈവം പറഞ്ഞത് “കൊക്കിനൊതുങ്ങുന്നതേ കൊത്താവൂ “എന്നായിരുന്നു.രജനിയുടെ അച്ഛൻ ശിവാനന്ദ്  അലക്ക് തൊഴിലാക്കിയ സമുദായക്കാരൻ ആയിരുന്നു.അലക്കുകാരൻ ആനന്ദിന്റെ മകൾ അലക്കു ജോലിക്കു പോയാൽ പോരെ ?എന്തിനാണ് എൻജിനീയർ ആകാൻ പോയത് എന്നാണ് സ്വാശ്രയ എൻജിനീയറിങ് കോളേജ് മുതലാളിച്ചി കൂടിയായ ‘അമ്മ ദൈവം വ്യംഗ്യമായി ചോദിച്ചത്.

എന്തൊരു മാതൃ സ്നേഹം! എന്തൊരു ദൈവസ്നേഹം! സ്നേഹക്കച്ചവടത്തിന്റെ സമ്പന്നതയിൽ അമ്മയും അമ്മയുടെ മിഷനും വിശ്വ പ്രസിദ്ധമാകട്ടെ എന്നാശംസിക്കുന്നു …..!

Rajani-S-Anand

(രജനിയുടെ അച്ഛൻ ശിവാനന്ദും ‘അമ്മ ശാന്തകുമാരിയും)

ഹിന്ദു മതത്തില്‍ പല ആചാര്യന്‍മാരും സന്യാസിമാരും, സ്വാമിമാരും ഒക്കെ ഉണ്ടായിട്ടുണ്ട്. പ്രാചീന കാലത്തുള്ളവരേക്കുറിച്ച് ഈ തലമുറക്ക് നേരിട്ടറിയില്ല. പക്ഷെ കേരളത്തിലും സമീപ പ്രദേശങ്ങളിലും ജീവിച്ച ചില സന്യാസിമാരെ ഇന്നത്തെ തലമുറക്ക് പരിചയമുണ്ടാകും. രമണ മഹര്‍ഷി, ശ്രീനാരായണ ഗുരു,ചിന്മയാനന്ദ, നിത്യ ചൈതന്യ യതി, തുടങ്ങിയവര്‍ സുപരിചിതരാണ്.

ഇവരൊന്നും അവതാരങ്ങളല്ലെങ്കിലും ശരിക്കും സന്യാസിമാരായിരുന്നു. എന്നു വച്ചാല്‍ എല്ലാ ഭൌതിക സുഖങ്ങളും വെടിഞ്ഞ് ആത്മീയതയില്‍ മാത്രം വിരാജിച്ചിരുന സന്യാസിമാര്‍. ഭൌതികത വെടിഞ്ഞു എന്നതിന്റെ തെളിവ്, മെല്ലിച്ച് എല്ലുന്തി അല്പ്പ വസ്ത്ര ധാരികളായ ഇവരുടെ രൂപങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. ഇവരുമായി താരതമ്യം ചെയ്താല്‍ അതാനന്ദമയിയുടെ രൂപവും ഭാവവും അതി വിചിത്രമാണെന്നു പറയേണ്ടി വരും.

ആദ്യമാദ്യം വിവിധ നിറങ്ങളിലുള്ള പട്ടു സരിയും ആഭരണങ്ങളും രത്നം പതിച്ച കിരീടവും അണിഞ്ഞ് ദര്‍ശനം നല്‍കിയിരുന്ന സുധാമണി പിന്നീടെപ്പോഴോ പെന്തകോസ്തുകാരുടെ രീതിയില്‍ കൈ നീളമുള്ള വെള്ള റൌക്കയും വെള്ള സാരിയും ധരിക്കാന്‍ തുടങ്ങി. നരച്ച തലമുടി ഡൈ ചെയ്ത് കറുപ്പിക്കാനും മറന്നില്ല.

amritha1

അമൃതാനന്ദമയിയുടെ ചിത്രങ്ങളൊക്കെ നല്‍കുന്ന രൂപം ദുര്‍മേദസു പിടിച്ച ഒരു വ്യക്തിയുടേതാണ്. സന്യാസം സ്വീകരിച്ചയാളുടെ അല്ല.സ്വാമി ചിന്മയാന്ദന്റെയും നിത്യ ചൈതന്യ യതിയുടെയും പ്രഭാഷണങ്ങള്‍ കേട്ടിട്ടുള്ളവർക്ക് അതിൽ യോജിപ്പോ വിയോജിപ്പോ ഉണ്ടെങ്കിൽക്കൂടി കേഴ്വിക്കാരെ ആദ്ധ്യാത്മിക തലത്തിലേക്ക് ഉയര്‍ത്താന്‍ ശേഷിയുള്ളവയാണവ. ഇവരുമായി താരതമ്യം ചെയ്യുമ്പോള്‍ അമൃതാനന്ദമയിയുടെ പ്രഭാഷണങ്ങള്‍ വെറും പ്രൈമറി സ്കൂള്‍ കുട്ടികളുടെ തലത്തിലേ ഉള്ളു എന്ന് കാണാവുന്നതാണ്.

സുധാമണി എന്ന പേരില്‍ ഒരു പാവപ്പെട്ട വീട്ടില്‍ ജനിച്ച ഈ സ്ത്രീ ഇന്ന് ശത കോടീശ്വരി ആണ്. ഏത് രാജകൊട്ടരത്തെയും വെല്ലുന്ന കൊട്ടാരത്തിലാണവരുടെ വാസം.വിദേശത്തായാലും ഇന്‍ഡ്യയില്‍ ആയാലും ഒരു മദാമ്മയെ എപ്പോഴും മുന്നില്‍ നിറുത്താന്‍ ഇവര്‍ ശ്രദ്ധിക്കാറുണ്ട്.

gail-tredwell-amma-

അമൃതാനന്ദ മയി എന്ന സുധാമണിയുടെ ആശ്രമത്തില്‍ കുറച്ചു കാലം മുന്നെ ഒരു വിദേശ വനിത വന്നു ചേര്‍ന്നു. ഗെയ്ൽ ല്‍ ട്രെഡ്‌വെല്‍ എന്നാണവരുടെ പേര്. ദൈവത്തെ അന്വേഷിച്ച് ഓസ്ട്രേലിയയില്‍ നിന്നും ഇന്‍ഡ്യയില്‍ എത്തിയവരായിരുന്നു അവര്‍.

ആത്മീയത ഇല്ലാതായ പാശ്ചാത്യ ലോകത്തിന്റെ പ്രതീകമായിരുന്നു അവര്‍. പല ആശ്രമങ്ങളിലും അലഞ്ഞു നടന്ന് അവസാനം എത്തിപ്പെട്ടത് സുധാമണിയുടെ അടുത്താണ്. 39 വര്‍ഷം മുന്നെ ആണത്. അന്ന് സുധാമണി ഒട്ടും പ്രശസ്ത അല്ലായിരുന്നു. കേരളത്തിലെ ആയിരക്കണക്കിനു സ്വാമിമാരുടെയും സന്യാസിനി മാരുടെയും കൂട്ടത്തില്‍ ഒരാള്‍. താനെന്തോ അത്ഭുതപ്രവര്‍ത്തികളൊക്കെ ചെയ്തു എന്ന് ചുറ്റുമുള്ളവരെ പറഞ്ഞ് വിശ്വസിപ്പിച്ച് നടന്ന സുധാമണിയെ ഗെയ്ൽ വിശ്വസിച്ചു പോയി. പച്ചവെള്ളം അമൃതാക്കി എന്നാണ്, ഒരു കഥ. പക്ഷെ പ്ന്നീട് ലോക പ്രശസ്ത ആയപ്പോള്‍ ഒരിക്കല്‍ പോലും ഈ അത്ഭുതം അവര്‍ത്തിച്ചതായി കേട്ടിട്ടില്ല. വിശന്നു വലയുന്നവര്‍ എന്തു കിട്ടിയാലും ഭക്ഷിക്കും എന്നു പറഞ്ഞപോലെ, ആത്മീയ വിശപ്പു മൂലം കഷ്ടപ്പെട്ടിരുന്ന ഗെയ്ൽ സുധാമണിയുടെ മോഹ വലയത്തില്‍ വീണു പോയി എന്നതാണു യാഥാര്‍ത്ഥ്യം.

ഗെയ്ൽ ട്രെഡ്‌വെല്ലിനേപ്പോലെയുള്ള വിദേശ വ്യക്തികളെ മുന്നില്‍ നിറുത്തിയായിരുന്നു സുധാമണി ആത്മീയ കച്ചവടം നടത്താന്‍ തുടങ്ങിയത്. ഇതവര്‍ക്ക് വിദേശത്തേക്കൊരു വാതില്‍ തുറന്നു കൊടുത്തു. അതുകൊണ്ട് ഗെയ്ൽനെ അവര്‍ ഒന്നാം അനുയായി അല്ലെങ്കില്‍ ദാസി ആക്കി. സുധാമണിക്ക് ഭഷണം ഉണ്ടാക്കി കൊടുത്തും, കാലു കഴുകി കൊടുത്തും, കാ ലു തിരുമ്മി കൊടുത്തും, വിളിച്ചാല്‍ വിളിപ്പുറത്തുണ്ടായും, കിടപ്പുമുറിയുടെ മുന്നിലെ വരാന്തയിലെ തറയില്‍ കിടന്നുറങ്ങിയും ഈ ദാസ്യ വേല നീണ്ടു നീണ്ടു പോയി.

വിദേശ യാത്രകളില്‍ അനുഗമിച്ചു. വിദേശ രാജ്യങ്ങളിലെ സമാന ആത്മീയ ദരിദ്രകളെയും ദരിദ്രന്‍മാരെയും പരിചയപ്പെടുത്തി കൊടുത്തു. അവരെ ഏണിയാക്കി സുധാമണി വിദേശ യാത്രകളും വിദേശത്ത് സ്വീകാര്യതയും നേടിഎടുത്തു. ഈ വിദേശ യാത്രകളൊക്കെ പണക്കാരുടെ രാജ്യങ്ങളായ അമേരിക്കയിലേക്കും, യൂറോപ്പിലേക്കും, ഓസ്ട്രേലിയയിലേക്കും മാത്രമായിരുന്നു.

amritha11

പട്ടിണി കൊണ്ടും യുദ്ധം കൊണ്ടും നരക യാതന അനുഭവിക്കുന്ന അഫ്രിക്കയിലേക്കോ ഏഷ്യയിലെ മറ്റ് രാജ്യങ്ങളിലേക്കോ ഒന്നും സുധാമണി പോയില്ല. വിദേശത്തു നിന്നും എത്തിയ ധനസഹായം കൊണ്ട് സുധാമണി ഒരു ചെറിയ സാമ്രാജ്യം പണുതുയര്‍ത്തി. കൂടെ കുറച്ച് ജീവകാരുണ്യ പ്രവര്‍ത്തികളും ചെയ്തു. സാമ്രാജ്യം കൂടുതല്‍ വിപുലമായി. ഏക്കറുകണക്കിനു സ്ഥലങ്ങള്‍ വാങ്ങിക്കൂട്ടി. പല സ്ഥാപനങ്ങളും പണുതുയര്‍ത്തി. പണവും സ്വാധീനവും ഉണ്ടായപ്പോള്‍ അധികാരികളുമായി അടുപ്പവും ഉണ്ടായി. പല രാഷ്ട്രീയ നേതാക്കളും സുധാമണിയുടേ ആലിംഗനത്തില്‍ വിവശരായി. സ്തുതി പാഠകരായി.

ദുര്‍മേദസു പിടിച്ച, അനുയായികളേക്കൊണ്ട് ദാസ്യ വേല ചെയ്യിക്കുന്ന, തല മുടി ചായം തേച്ച് നര മറച്ചു വയ്ക്കുന്ന, ഭൌതിക സുഖങ്ങളെ ആസ്വദിക്കുന്ന ഒരു ഹൈ ടെക്ക് സ്ത്രീയാണിവര്‍. വിദേശത്തു നിന്നും വരുമ്പോള്‍ സാധാരണ സുരക്ഷാപരിശോധനക്കോ, ബാഗുകളെ കസ്റ്റംസ് പരിശോധനക്കൊ വിധേയമാക്കുന്നില്ല

ഹിന്ദു മത വിശ്വാസം സുധാമണിയേപ്പോലുള്ള ഏത് അവതാരത്തെയും ഉള്‍ക്കാനുള്ള ചട്ടക്കൂട്ടിലാണ്, മെനഞ്ഞെടുത്തിരിക്കുന്നത്. മസുധാമണിയും അവതരമാണെന്ന് അവകാശപ്പെട്ടു. കുഴപ്പം ​ഇവരുടേത് മാത്രമല്ല. ഇവരൊക്കെ പറയുന്നത് അംഗീകരിക്കാന്‍ കുറച്ച് അനുയായികളുള്ളതാണ്. സുധാമണി പറഞ്ഞതൊക്കെ വിശ്വസിക്കാനും പ്രചരിപ്പിക്കാനും കുറച്ചു പേരുണ്ടായതുകൊണ്ട് അവര്‍ ദേവി ആയി. അവര്‍ക്ക് വലിയ ഒരു സാമ്രാജ്യം ഉണ്ടായി.

amritanandamayi-ma-devi-bhava

മാനസിക വിഭ്രാന്തിയില്‍ അവര്‍ പറഞ്ഞ പിച്ചും പേയും അവതാരത്തിന്റെ ലക്ഷണമായി കുറച്ചു പേര്‍ക്ക് തോന്നി. അവരെ അതി സമര്‍ദ്ധമായി മുതലെടുത്ത് ഒരു സാമ്രാജ്യം ഉണ്ടാക്കി. അതിന്റെ മറവില്‍ പല അനാശാസ്യ നടപടികളും ചെയ്തു.

കേരളത്തില്‍ സുനാമി ഉണ്ടായ സമയത്ത് സുനാമി വള്ളിക്കാവിനെയും വെറുതെ വിട്ടിരുന്നില്ല. ആ ദിവസങ്ങളില്‍ ടെലിവിഷന്‍ ചാനലില്‍ ഒരു സ്വാമി പ്രസംഗിച്ചത് സാധാരണസുധാമണി പ്രാര്‍ത്ഥന നടത്താറുള്ളത് താഴത്തെ നിലയിലായിരുന്നു. പക്ഷെ അന്ന് പ്രാര്‍ത്ഥന മുകളിലത്തെ നിലയിലേക്ക് മാറ്റി. സ്വാമി പറഞ്ഞതിന്റെ വിവക്ഷ, സുധാമണിക്ക് സുനാമി വരുന്നുണ്ടെന്ന് ദിവ്യശക്തിയാല്‍ അറിവു കിട്ടിയിരുന്നു എന്നാണ്.

സുധാമണി അത് നിഷേധിച്ചിട്ടില്ല. കേരളത്തില്‍ അനേകം പേര്‍ അന്ന് സുനാമിയില്‍ മരണമടഞ്ഞിരുന്നു. ഇവര്‍ ശരിക്കും ദിവ്യ ശക്തിയുള്ള വ്യക്തി ആണെങ്കില്‍ എന്തുകൊണ്ട്, ചുറ്റുവട്ടത്തുള്ളവര്‍ക്ക് ഒരു മുന്നറിയിപ്പു കൊടുത്തില്ല അവരെയൊക്കെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയില്ല. അങ്ങനെ ചെയ്തിരുന്നെങ്കില്‍ ഇവരാരും മരണപ്പെടില്ലായിരുന്നു. സ്വാമിയെ വിശ്വസിക്കുകയാണെങ്കില്‍ ഈ സ്ത്രീ ക്രൂരയും സമഷ്ടി സ്നേഹമില്ലാത്തവരും ആണെന്ന് പറയേണ്ടി വരും.

സുനാമി ഉണ്ടായ ശേഷം പുനരധിവാസം ​പല സന്നദ്ധ സംഘടനകളെയും ഏല്‍പ്പിക്കുകയാണുണ്ടായത്. സുധാമണിക്ക് ലഭിച്ചത് കുറഞ്ഞു പോയി എന്ന് പരാതി ഉണ്ടായിരുന്നു. ഒരു ടെലിവിഷന്‍ ചാനലില്‍ അന്നവര്‍ തറ രാഷ്ട്രീയക്കാരേപ്പോലെ തന്റെ പങ്കിനു വേണ്ടി കടിപിടി കൂടിയത് മറന്നുകാണില്ലെന്നു കരുതുന്നു..

തന്റെ കൊട്ടാരത്തിനു ചുറ്റും ഭൂമാഫിയ ചെയ്യുന്നതുപോലെ ഏക്കറുകണക്കിനു പടശേഖരങ്ങള്‍ ഇവര്‍ മണ്ണിട്ടു നികത്തുന്നുണ്ട്. അതിനു സഹായിക്കാന്‍ വേണ്ടി കമ്യൂണിസ്റ്റു പാര്‍ട്ടി നേതാവിനെ സ്വാധീനിക്കുന്ന വാര്‍ത്തയും പുറത്തു വന്നിരുന്നു. അതിന്റെ ദൃശ്യങ്ങള്‍ ഇവിടെ കാണാം.

ഏറേ ദുരൂഹത നിറഞ്ഞ ഇവിടെ ദൈവത്തെ തേടി വന്ന ഗെയ്ൽ ട്രെഡ്‌വെല്‍ നീണ്ട ഇരുപതു വര്‍ഷങ്ങള്‍ക്ക് ശേഷം അവിടെ നിന്നും പുറത്തു പോയി. അവരുടെ ഭാഷയില്‍ രക്ഷപ്പെട്ടു. പിന്നീട് ഏറെക്കാലത്തിനു ശേഷം, അമൃതാനന്ദമയിയുടെ സന്തത സഹചാരി ആയി കഴിഞ്ഞ കാലത്തെ അനുഭവങ്ങളെ ആധാരമാക്കി, അവര്‍ ഒരു പുസ്ത്കം എഴുതി.

അവര്‍ അവരുടെ അനുഭവങ്ങളാണെഴുതിയിരിക്കുന്നത്. എന്നു വച്ചാല്‍ അവിടെ നടന്ന സംഭവങ്ങള്‍ പലതും അവര്‍ക്ക് അനുഭവപ്പെട്ട രീതിയില്‍ അവരെഴുതിയിരിക്കുന്നു. ഇതില്‍ സത്യമുണ്ടാകാം അതിശയോക്തികളുണ്ടാകാം.

അടിസ്ഥാനപരമായി ഇതൊരു ആത്മകഥയാണ്. ഗെയ്ൽ ട്രെഡ്‌വെലിന്റെവീക്ഷണകോണില്‍ നിന്നും എഴുതിയ അത്മകഥ . ആ പുസ്‌തകത്തിലെ ചില വെളിപ്പെടുത്തലുകള്‍ അമൃതാനന്ദമയിയെ ആരാധിക്കുന്നവര്‍ക്ക് രുചിക്കുന്നില്ല. ആത്മീയാന്വേഷണത്തിന്റെ ഭാഗമായി ഇന്ത്യയിലെത്തിയ ഗെയ്‌ല്‍ ചെന്നു പെട്ട വഴികളേക്കുറിച്ചുള്ള വിവരണം വിചിത്രവും വിസ്‌മയകരവുമാണ്‌.

matha-amruthanathayi

തന്റെതന്നെ വിഡ്ഢിത്തങ്ങളെയും അനുഭവ പാഠങ്ങളെയും സഹനങ്ങളെയും നിസംഗതയോടെ വിവരിക്കുകയാണിവര്‍. ആശ്രമത്തിലെ ഒരു സന്യാസിയുടെ ബലാത്സംഗത്തിന്‌ ആവര്‍ത്തിച്ച്‌ വിധേയയായതൊക്കെ ആത്മപീഡനത്തിന്റെ ഭാഷയിലാണവര്‍ വിവരിക്കുന്നത്. ഒരു തരം ആത്മപരിഹാസമാണ്‌ ഇതിലുള്ളതും. ഇത്പക്ഷെ പലരെയും അലോസരപ്പെടുത്തി.

കേട്ടു കേഴ്വി മാത്രമുള്ള ഇന്ത്യന്‍ മതദര്‍ശനങ്ങളിലും തത്വചിന്തയിലും , ആകൃഷ്‌ടരായി ഇവിടെയെത്തുന്ന വിദേശികളിലേറെയും ആധ്യാത്മികവ്യാപാരികളുടെ കെണിയില്‍ അകപ്പെടുന്നു. ആചാരാനുഷ്‌ഠാനങ്ങളും, അന്ധവിശ്വാസങ്ങളും, ആള്‍ദൈവങ്ങളുടെ അസംബന്ധ പ്രകടനങ്ങളും ആത്മീയതയായി തെറ്റിദ്ധരിക്കപ്പെടുന്നു. അങ്ങനെ വഞ്ചിക്കപ്പെട്ട വരിലൊരാളാണ്‌ താനെന്ന തിരിച്ചറിവ്‌ ഗെയ്‌ലിനുണ്ടാകുന്നു. അതാണീ പുസ്തകത്തിന്റെ സാരാംശം.

ജീവിതത്തെയും പ്രപഞ്ചത്തെയും കുറിച്ചുള്ള യതൊരു കാഴ്‌ചപ്പാടുമില്ലാതെ അലസ ജീവിതം നയിച്ചിട്ട് പെട്ടെന്നൊരു ദിവസം അതന്വേഷിച്ച് ലോകം മുഴുവന്‍ അലയുന്നവരുടെ പ്രതിനിധിയാണ്, ഗെയ്‌ല്‍. ഇവരേപ്പോലുള്ളവര്‍ ഇവരേക്കാള്‍ നിസാരരായ ഏത്‌ ആള്‍ദൈവങ്ങളുടെയും വലയില്‍ അകപ്പെടും. ഗെയ്‌ലിനേപ്പോലുള്ളവരിലൂടെയാണ്‌ ഭക്‌തിയുടെയും ആദ്ധ്യാത്മികതയുടെയും പേരിലുള്ള കപടസംഘങ്ങള്‍ വിദേശരാജ്യങ്ങളിലേക്കു പടര്‍ന്നു കയറുന്നത്. അമൃതാനന്ദമയിയുടെ സാമ്രാജ്യം അതിന്റെ ഉത്തമ ഉദാഹരണമാണ്.

amm-3

ഗെയ്‌ലിനെ സുധാമണി അതി സമര്‍ദ്ധമായി മുതലെടുത്തു. ഗെയ്‌ലിനെയും ഗെയ്‌ല്‍ വഴി അടിഞ്ഞു കൂടിയ മറ്റ് സായിപ്പുമാരെയും മദാമ്മമാരെയും പാദസേവകരായി അരങ്ങില്‍ പ്രദര്‍ശിപ്പിച്ചുകൊണ്ട്‌, സുധാമണി നാട്ടിലുള്ളവരെ ആകര്‍ഷിച്ച്‌ അടിമകളാക്കി. സായിപ്പു പോലും പദ സേവ ചെയ്യുന്നു എന്നറിയുമ്പോള്‍ നാട്ടിലെ നിരക്ഷര കുഷികളായ സാധാരണക്കാര്‍ അമ്പരക്കും. ആ അമ്പരപ്പ് ആരാധന ആയി മാറും. അതാണിവിടെ ഉണ്ടായതും. ഈ അടിമകളില്‍ രാഷ്ട്രീയക്കാരും, മറ്റ് മത സമുദായ നേതാക്കളും ഒക്കെ ഉണ്ട്.

അമൃതാനന്ദമയിയുടെ ആശ്രമം കൊണ്ട് അനുഗ്രഹീതമായ കേരളത്തിന്റെ അവസ്ഥ നോക്കൂ. പിടിച്ചു പറിയും, കൊലപാതകവും, ബലാല്‍സംഗങ്ങളും, അഴിമതിയും, പെണ്‍വാണിഭവും, ചതിയും, ഗുണ്ടകളും, ക്വട്ടേഷന്‍ സംഘങ്ങളും, അരങ്ങു വാഴുകയാണിവിടെ. അഞ്ചും ആറും വയസായ പെണ്‍കുട്ടികള്‍ക്ക് സ്വന്തം പിതാക്കന്‍മാരില്‍ നിന്നു പോലും രക്ഷയില്ലാത്ത നാടാണു കേരളം. ഗെയ്‌ല്‍ ഇപ്പോള്‍ ജീവിക്കുന്ന ഇംഗ്ളണ്ടും ജനിച്ചു വളര്‍ന്ന ഓസ്ട്രേലിയയും ഇതിനേക്കാള്‍ എത്രയോ ഭേദമാണ്. ഗെയ്‌ലിനാതിരിച്ചറിവുണ്ടായിട്ടുണ്ടെങ്കില്‍ അവര്‍ പഠിച്ച ഏറ്റവും വലിയ പാഠം അതായിരിക്കും.

ഹിന്ദു മതത്തിന്റെ ആത്മീയതയുടെയും ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെയും മറവില്‍ പടര്‍ന്നു പന്തലിക്കുന്ന വാണിജ്യസ്‌ഥാപനമാണ്, ഈ മഠം. ഇത് വെറും കച്ചവടകേന്ദ്രം മാത്രമല്ല, വര്‍ഗീയതകൂടി വളര്‍ത്തുന്നു. ഗെയ്‌ലിനെതിരെ വാളെടുത്ത് വന്നത് എല്ലാം ഹിന്ദു മത സംഘടനകളും, സ്വാമിമാരും, നേതാക്കളും ഒക്കെ ആയിരുന്നു. ഇതിനെ അവര്‍ ഹിന്ദു മതത്തിനെതിരെ ഉള്ള ആക്രമണമായിട്ടാണു വിലയിരുത്തുന്നതും.

amma_shah20150927_350_630

സുധാമണി എന്ന ഒരു പാവപ്പെട്ട സാധാരണ സ്ത്രീയില്‍ നിന്നും അമൃതാനന്ദമയി എന്ന ദേവിയിലേക്കുള്ള പകര്‍ന്നാട്ടത്തിന്റെ ഒരു രേഖാ ചിത്രം ഈ പുസ്തകത്തിലുണ്ട്. സുധാമണിയുടെ കുടില്‍ കോടികളുടെ ആസ്‌തിയും ലക്ഷക്കണക്കിന്‌ അനുയായികളുമുള്ള സാമ്രാജ്യമായി വളര്‍ന്നതിന്റെ വിവരണം ഇതിലുണ്ട്. കേരളീയ സമൂഹത്തിന്റെ കാപട്യങ്ങളിലേക്കും ആദ്ധ്യാത്മിക കച്ചവടത്തിന്റെ ഉള്ളുകള്ളികളിലേക്കും ഇത് വെളിച്ചംവീശുന്നു.

ഈ പുസ്തകത്തികല്‍ ഗെയ്‌ല്‍ ഉപയോഗിച്ചിരിക്കുന്ന ഒരു വചകം ഇതിന്റെ ആകെത്തുക നമ്മോടു പറയുന്നു. “ഞാന്‍ ദൈവത്തെ അന്വേഷിച്ച് ഇവിടെ വന്നു. അവസാനം സ്വയം കണ്ടെത്തി”. ചെയ്തു പോയ വിഡ്ഢിത്തങ്ങളും ചെന്നു ചാടിയ ചതിക്കുഴികളും അവര്‍ തിരിച്ചറിഞ്ഞു. അതാണീ പുസ്തകത്തിന്റെ പ്രസക്തി. മറ്റ് പലര്‍ക്കും സ്വയം കണ്ടെത്താനിത് സഹായിക്കുമെങ്കില്‍ അത് വളരെ നല്ലത്.

Comments

comments

Reendex

Must see news