ധീരനും പോരാളിയുമായിരുന്ന ചന്തു തലകുനിച്ച് അപമാനിതനായി നിന്നത് പുരുഷൻ തന്നെയോ എന്ന് ഉറപ്പില്ലാത്ത കുഞ്ഞിരാമന്റെ മുന്നിലാണ്.അതിജീവനം പ്രധാനമായ ഒരു കാലത്ത് ആർച്ചമാരുടെ കിണ്ടിയേറുകൾ ഏത് സമയവും അവനെ തേടിവന്നേക്കാം.
സതീഷ്കുമാർ
‘ജാരൻ’ എന്തൊരു വൃത്തികെട്ട ഒരു വാക്കാണത്.ആ വാക്കിനെയാണ് കേട്ടോ ,വാക്ക് സൂചിപ്പിക്കുന്ന ആ പ്രവർത്തിയെയല്ല ഞാൻ ഉദ്ദേശിക്കുന്നത്ഒരു പുരുഷൻ അയാളുടെ ജീവിതത്തിൽ ഒരിക്കൽ പോലും കേൾക്കാൻ ആഗ്രഹിക്കാത്ത ഒരു വിളിപ്പേരാകുന്നു അത്.
എല്ലാ പേരുകളും മധുരമുള്ളതാകുന്ന തീർത്തും സ്വകാര്യമായ അവന്റെ ജാരസംഗമ വേളയിൽപോലും ‘എന്റെ ജാരാ’എന്നൊരു വിളി അവനെ നിഷ്ക്രിയനാക്കും.എന്റെ കള്ളാ,എന്റെ തെമ്മാടീ തുടങ്ങി കള്ളക്കഴുവേറി എന്ന വിളി പോലും സൂപ്പർ ഹിറ്റാകുന്ന ഒരു സിറ്റുവേഷന്റെ കാര്യമാണ് മേൽ പറഞ്ഞത്
അവിടെ പോലും അധസ്തിതനാകുന്നു ജാരൻ.
ശബ്ദ താരാവലി നോക്കൂ, ജരിപ്പിക്കുന്നവനത്രേ ജാരൻ,സ്ത്രീകളുടെ യൗവ്വനത്തെ നശിപ്പിച്ച് കളയുന്നവൻ
എന്തൊരു കഷ്ടമാണല്ലേ,അവൻ ശരിക്കും അതിന്റെ വിപരീതമല്ലേ ചെയ്തുകൊണ്ടിരിക്കുന്നത്
വെറുതേ നശിച്ചുപോകുമായിരുന്ന ഒരു സ്ത്രീയുടെ യവ്വനത്തെ അവൻ പൊലിപ്പിക്കുകയല്ലേ ചെയ്യുന്നത്
ശരിക്കും രാമൻ എന്നല്ലേ അവനെ വിളിക്കേണ്ടത് ,അവനല്ലേ രമിപ്പിക്കുന്നവൻ?
നോക്കൂ, കാമുകൻ എന്ന പേരിന് എന്ത് മധുരമാണ്.എല്ലായിടത്തും എത്രമധുരമായാണ് അവൻ സ്വീകരിക്കപ്പെടുന്നത്.പുഷ്പങ്ങൾ ,കുളിർതെന്നൽ,നിലാവ്,മഴ,മേഘങ്ങൾ,കിനാവുകൾ എന്നിങ്ങനെ എത്ര സൗമ്യമായ സൗന്ദര്യ സങ്കൽപങ്ങളാണ് കാമുകൻ എന്ന വാക്കിനോട് തോൾ ചേർന്നു നിൽക്കുന്നത്
എന്നാൽ ജാരനോ?
പ്രണയിക്കുന്നത് ഒരു വിവാഹിതയെയാണ് എന്നതിനാൽ മാത്രം അവൻ ഇതിൽ നിന്നെല്ലാം പുറത്താക്കപ്പെടുകയാണ്.ആ ഒരൊറ്റക്കാരണത്താൽ മാത്രം അവൻ ഒരു വിടനും വികൃതനുമായി തരം താഴ്ത്തപ്പെടുകയാണ്.
വേശ്യക്ക് പുല്ലിംഗം ഇല്ല എന്നതു പോലെ തന്നെ പ്രയോഗഭാഷയിൽ സ്ത്രീലിംഗമില്ലാത്ത ഒരു വാക്കാകുന്നു ജാരൻ.സംസ്കരിച്ച സാഹിത്യഭാഷയിൽ പക്ഷേ അതിനോട് ചേർന്ന് വരുന്ന മൂന്ന് സ്ത്രീ പദങ്ങളുണ്ട്
ജാരിണി,ജാരിത ,ജാരജ എന്നിവയാകുന്നു അവ.
ജാരസംഗമത്തെ ഒരു തൊഴിൽപോലെയോ ആഘോഷം പോലെയോ സ്വീകരിച്ചവളാകുന്നു ജാരിണി,
ആ രംഗത്തെ ഒരു പ്രൊഫഷണൽ.ജാരിത എന്നാൽ ജാരണത്തിന് വിധേയയാവൾ എന്നർത്ഥം. ഒരുദുർബലനിമിഷത്തിന്റെ എക്സ്ക്യൂസ് ഉള്ളവൾ ജാരജയെന്നാൽ ഈ പദ്ധതിയുടെ അബദ്ധത്തിലുള്ള ഒരു ബൈ പ്രൊഡക്റ്റ് ആണ്.ജാരനിൽ നിന്ന് ജനിച്ചവൾ ആണവൾ,ജലജയും ,വനജയും പോലെ.
ആകുക എന്നത് എളുപ്പവും ആയിരിക്കുക എന്നത് കഠിനവുമായ ഒരു വിചിത്ര ജീവിതമാകുന്നു ജാരന്റേത്
നല്ല ഒരു എഡിറ്ററുടെ ജോലിയേയുള്ളൂ ഒരു സ്ത്രീയുടെ ജീവിതത്തിലേക്കുള്ള അവന്റെ പ്രവേശന ഫീസ്
അവളൂടെ കുടുംബജീവിതം എന്ന ആ മഹാകവിത മുൻപേ തന്നെ രചിക്കപ്പെട്ടിട്ടുണ്ടാകും
അത് അവളും അവളൂടെ ഭർത്താവും ചേർന്ന് എഴുതിയുണ്ടാക്കി രൂപപ്പെടുത്തി എടുക്കുന്നതാണ്
അത്ര ചെറുതല്ലാത്ത പ്രയത്നം ആവശ്യമുള്ള ഒന്നാകുന്നു അത്.
അതിൽ അവൾക്കിഷ്ടമില്ലാത്ത ചില വരികളും വാക്കുകളുമുണ്ടാകും അവയെ കണ്ടെത്തുകയും അവൾക്കിഷ്ടമാകുന്ന ചില വാക്കുകൾ പകരം വെക്കുകയും ചെയ്യുക എന്നത് മാത്രമാണ് ജാരന്റെ ജോലിനിസാരമാണ് , പക്ഷേ നമുക്കറിയാം ചില തിരുത്തലുകളുടെ ശക്തി.ചില വാക്കുകൾ ഒഴിവാക്കുകയോ മാറ്റിവക്കുകയോ ചെയ്യുമ്പോൾ ചില കവിതകൾ അതി മനോഹരവും മധുരമുള്ളതുമായി മാറുക തന്നെ ചെയ്യും മൂലരൂപത്തിൽ നിന്ന് ഭാവത്തിലും അർത്ഥത്തിലും അതി ദൂരം മുന്നിലാവും അതപ്പോൾ.
എന്നാൽ ജാരനായിരിക്കുക എന്നത് കുറച്ച് കഠിനം തന്നെയാകുന്നു.അതിലോലവും ഏത് നിമിഷവും തകർന്നു പോയേക്കാവുന്നതു മായ സ്വപ്ന മിട്ടായികൾ കൊണ്ട് നിർമ്മിച്ച ഒരു വീട്ടിലെ ഉറുംബിനെപ്പോലെയാകുന്നു അവന്റെ ജാരജീവിതം.
മോഹിപ്പിക്കുന്ന എല്ലാതരം മധുരങ്ങളുമുണ്ടെങ്കിലും സ്വസ്ഥനായി അതിൽ ഒന്നു പോലും നുണയുക വയ്യ അവന്
അനിശ്ചിതത്വത്തിന്റെ ഒരു വന്മരം എപ്പോഴും വീഴാൻ പാകത്തിൽ ചരിഞ്ഞു നിൽക്കുന്നുണ്ടാവും അവന്റെ സ്വസ്ഥതയുടെ പുരപ്പുറത്തേക്ക്.
സ്ത്രീകളിലുള്ള അവന്റെ വിശ്വാസം വലിയ അളവിൽ തകർന്നു പോകുന്നു എന്നതാണ് അത്തരമൊരുവൻ അനുഭവിക്കേണ്ടിവരുന്ന മറ്റൊരു വിഷയം.ശിഷ്ടകാലമത്രയും ഒരു സംശയരോഗിയുടെ സൂക്ഷ്മദർശ്ശിനിക്കണ്ണുമായി ചുറ്റുമുള്ള എല്ലാ സ്ത്രീകളേയും അവന് നോക്കേണ്ടിവരുന്നു എന്നതാണ് അതിലെ ദുര്യോഗം.
അയാളുടെ കാമുകി ഒരു മീറ്റിങ്ങിന് എന്ന് എയർ പോർട്ടിൽ വെച്ച് യാത്രപറഞ്ഞിറങ്ങുന്ന ആ യാത്രയെക്കുറിച്ച് അവളൂടെ ഭർത്താവ് തെല്ലും സംശയാലുവോ അസ്വസ്ഥനോ ആകുന്നതേ ഇല്ലഎന്നാൽ അയാൾക്കത് സാധിക്കുമോ ?
അയാൾക്കറിയാമല്ലോ അയാളെ സന്ധിക്കുന്നതിന് ഇതേ കാരണം പറഞ്ഞ് ഇതേ എയർ പോർട്ടിൽ നിന്ന് ഇതേ രീതിയിൽ ആലിംഗനം ചെയ്തുകൊണ്ടാണ് അന്നും അവൾ അവളൂടെ ഭർത്താവിനോട് യാത്ര പറഞ്ഞതെന്ന്
നേരത്തേ ചെക് ഇൻ ചെയ്ത് അകത്ത് കാത്തിരുന്നിരുന്ന അയാളിലേക്കാണ് അവൾ ഓടിവന്നത് എന്ന്
അയാൾക്കറിയാമല്ലോ നിഷ്ക്കളങ്കയായി അഭിനയിക്കാനുള്ള അവളൂടെ സാമർത്ഥ്യത്തെ പറ്റി
ഭാര്യ സഹപ്രവർത്തകനെ പരിചയപ്പെടുത്തുമ്പോൾമകൾ കൂട്ടുകാരനെ പരിചയപ്പെടുത്തുമ്പോൾ ഒക്കെ അയാളിൽ ആ മനസ് ഉണരുന്നുണ്ട്.
അയാളുടെ ജീവിതം പതുക്കെപ്പതുക്കെ ജീവിക്കാൻ അസാദ്ധ്യമാം വിധം അസഹനീയമാകുന്നുണ്ട്
എത്ര കരുത്തനായിരുന്നാലും ചില നേരങ്ങളിൽ നിസ്സഹായനായി തലതാഴ്ത്തി നിൽക്കേണ്ടി വന്നേക്കാം എന്നതും അവനെ കാത്തിരിക്കുന്ന ഒരു വിധിയാണ്.
ധീരനും പോരാളിയുമായിരുന്ന ചന്തു തലകുനിച്ച് അപമാനിതനായി നിന്നത് പുരുഷൻ തന്നെയോ എന്ന് ഉറപ്പില്ലാത്ത കുഞ്ഞിരാമന്റെ മുന്നിലാണ്.അതിജീവനം പ്രധാനമായ ഒരു കാലത്ത് ആർച്ചമാരുടെ കിണ്ടിയേറുകൾ ഏത് സമയവും അവനെ തേടിവന്നേക്കാം.
വിത് കൺസന്റ് ,വിത്തൗട്ട് കൺസന്റ് ,എന്നൊക്കെ നമ്മൾ ചർച്ച ചെയ്യുന്ന പല പീഡനകേസുകളിലും നിലനിൽപ് പ്രധാനമായ ചില സ്ത്രീകളുടെ അതി സാമർത്ഥ്യങ്ങൾ നിങ്ങൾക്ക് വായിച്ചെടുക്കാം.ഏത് സമയവും തള്ളിപ്പറയപ്പെടാവുന്ന ഒന്നാകുന്നു ജാരന്റെ ജീവിതം.
കേവലം ഒരു സ്ക്രീൻ ഷോട്ടു കൊണ്ട് ഒടുങ്ങിപ്പോകാവുന്ന വിധം ദുർബലമായ ഒന്ന്.രഹസ്യമായ ആനന്തങ്ങളുടെ ശൃംഗങ്ങളിൽ നിന്ന് ഏത് സമയവും അവമതിപ്പികളുടെ ചെളിക്കുണ്ടുകളിലേക്ക് പരസ്യമായി വീണുപോകാവുന്ന ഒന്നാകുന്നു അത്.
രണ്ടാമൂഴം എന്നത് ഒരു ഡിഫാൾട് സെറ്റിംഗ് ആണ് അയാളെ സംബന്ധിച്ചിടത്തോളം”നിന്റെയാണ് ശരിക്കും ..” എന്നൊക്കെ ചിലപ്പോൾ പറഞ്ഞേക്കാമെങ്കിലും അത് അങ്ങനെയല്ല എന്ന് അയാൾക്കറിയാം
ഭർത്താവിനോട് മാത്രം വഞ്ചന ചെയ്യുന്ന ,കാമുകനോട് വിശ്വസ്ഥയായ ഒരുവളുടെ കാര്യത്തിൽ മാത്രമാണ് അത് രണ്ടാമൂഴത്തിലൊതുങ്ങുന്നത്.
അല്ലെങ്കിൽ എത്രാമൂഴമെന്നതൊക്കെ അവളൂടെ ഔദാര്യമാണ്.ജാരൻ മിക്കപ്പോഴും ഒരു ഭർത്താവ് കൂടിയാകാം പക്ഷേ ഭർത്താവിന്റെ സ്വാതന്ത്ര്യമൊന്നും അയാൾക്കില്ലഅവളെഴുതിയ ‘എന്റെ പുരുഷൻ ‘എന്ന സങ്കൽപ നാടകത്തിലെ വേഷം ഭംഗിയായി ആടിക്കൊടുക്കുക എന്നതാണ് അയാളുടെ ധർമ്മം.ആ റോളയാൾ എത്ര ഭംഗിയായി ചെയ്യുന്നു എന്നതാണ് കാര്യം.
നോക്കൂ,ഭർത്താവിനോടൊത്തുള്ള ശയനം അവളൂടെ ശരീരം നിർവ്വഹിക്കുന്ന ഒരു സംഗതിയാകുന്നു ജാരനോടൊത്തുള്ളത് അവളൂടെ തലച്ചോറിൽ സംഭവിക്കുന്നതുംഒന്ന് അവരുടെ ധർമ്മമാകുന്നു മറ്റേത് അവരുടെ ഹിതവുംവലിയ തമാശയല്ലേ ചില നേരങ്ങളിൽ വാക്കുകൾ?ഭൂമിയിലെ ഏറ്റവും ഹിതമായ ബന്ധങ്ങളെയാണ് നാം അവിഹിത ബന്ധങ്ങൾ എന്നു വിളിക്കുന്നത്!
അവർക്കിഷ്ടമില്ലാത്തതു കൊണ്ടല്ല നമുക്കിഷ്ടമില്ലാത്തതു കൊണ്ട് മാത്രം അവിഹിതമാവുന്നവ.ഭാഷയെ പരിഷ്ക്കരിക്കുവാൻ എനിക്ക് അധികാരം നൽകുകയാണെങ്കിൽ ഞാൻ നിശ്ചയമായും ഇല്ലാതാക്കാൻ ആഗ്രഹിക്കുന്ന ചിലവാക്കുകളിൽ രണ്ടെണ്ണമാകുന്നു അവിഹിത ബന്ധവും ,ജാരനുംകുലസ്ത്രീ,പട്ടിക ജാതി,പട്ടിക വർഗ്ഗം എന്നിങ്ങനെയുള്ള വാക്കുകളും എന്റെ ലിസ്റ്റിൽ ഉണ്ട്.
മിനിമം നാൽപത് വയസെങ്കിലും കഴിഞ്ഞവർക്ക് വേണ്ടിയാണ് ഞാനിത് എഴുതുന്നത് എന്നതിനാലാണ് ജാരൻ എന്ന വാക്കൊക്കെ എനിക്ക് ഉപയോഗിക്കേണ്ടി വന്നിട്ടുള്ളത്.ഒരു പക്ഷേ ആ വാക്കൊക്കെ ഇപ്പോൾ തന്നെ ചരമമടഞ്ഞു പോയിട്ടുണ്ടാകും.പുതിയ തലമുറയുടെ ലൈംഗിക രീതികളെക്കുറിച്ചൊന്നും വലിയ രീതിയിൽ തിട്ടമില്ല എനിക്ക്,
അച്ഛനെ വരെ ‘ബ്രോ ‘എന്നു വിളിക്കുന്ന അവർ അതിനൊക്കെ പുതിയ പേരുകൾ കണ്ടെത്തിക്കാണണം
അല്ലെങ്കിൽ തന്നെ പഴയ ജാരൻ ചെയ്തിരുന്ന പണികളൊക്കെ അത്ര വലിയ കാര്യം വല്ലതുമാണോ പുതിയ കാലത്ത്.
അവസാനത്തെ ബസ് ആണ് എന്ന ഒറ്റക്കാരണത്താൽ എങ്ങോട്ടാണ് എന്ന് ബോർഡ് പോലും നോക്കാതെ കല്യാണത്തിലേക്ക് ഓടിക്കയറുകയും ആളിറങ്ങണം എന്ന് വിളിച്ചു പറഞ്ഞാൽ ആളുകൾ എന്ത് വിചാരിക്കുമെന്ന് ഭയന്ന് യാത്ര തുടരുകയും ചെയ്ത നമ്മേപ്പോലുള്ളവരുടെ തലമുറയൊക്കെ അവസാനിച്ചു തുടങ്ങിയിരിക്കുന്നു.
ഒരുവനോടൊപ്പം കിടക്കുകയും മറ്റൊരുവനായിരുന്നെങ്കിൽ എന്നാഗ്രഹിക്കുകയും ചെയ്യുന്നവർ ഇനി വരുന്ന തലമുറകളിൽ വിരളമായിരിക്കും.കെട്ടുതാലി,പവിത്രത ,പാതിവൃത്യം ,സഹനം എന്നിത്യാദി ഹിപ്പോക്രസികളൊന്നും അവരിനി കൊണ്ടു നടക്കും എന്നും ഞാൻ വിശ്വസിക്കുന്നില്ല.അങ്ങനെയൊരു തലമുറയിലെ ലൈംഗിക ശീലങ്ങളിൽ നിന്ന് തന്റേതല്ലാത്ത കാരണങ്ങളാൽ ഇല്ലാതാകാൻ പോകുന്ന ഒരു ദീന കഥാപാത്രമാകുന്നു ജാരൻ.
ഇയാൾക്കിത് എന്താണിപ്പോ ഇങ്ങനെയൊരു ജാരവിചാരം എന്ന് ചിന്ത ചെയ്യാൻ വരട്ടെ.ജാരന്മാരെക്കുറിച്ച് എന്തൊക്കെയോ എഴുതിവെച്ചിരിക്കുന്നു എന്ന് ഒരു അന്യവിചാരവും വേണ്ടാഇത് മറ്റാരെയോ ഒക്കെ കുറിച്ചാണ് എന്നുള്ള ആ സ്ഥിരം ഹാസ്യവും തത്ക്കാലം ഒഴിവാക്കിയേക്കൂ.അങ്ങനെ ആർക്കെങ്കിലുമൊക്കെ തോന്നുന്നുണ്ടെങ്കിൽ അവരോടായി എനിക്ക് ഒരു കാര്യം പറയാനുമുണ്ട്.അഡൾട്ടറി എന്ന കുന്ത്രാണ്ടം ആരംഭിക്കുന്നത് ഒരു കിടപ്പുമുറിയിൽ വെച്ചല്ല. അത് ആദ്യം സംഭവിക്കുന്നത് നിങ്ങളുടെ തലച്ചോറിലാണ്.
നിങ്ങൾ നിങ്ങളുടെ ഫോണിലെ കാൾ ഹിസ്റ്ററികൾ ഡെലീറ്റ് ചെയ്യുന്നുണ്ടെങ്കിൽ,ഭാര്യ /ഭർത്താവ് കാണാത്ത വിധം തിടുക്കപ്പെട്ട് ചില വാട്സ് അപ് മെസേജുകൾ ഒഴിവാക്കുന്നുണ്ടെങ്കിൽ,മറ്റേതോ പേരിൽ ഒരാളുടെ പേരെങ്കിലും നിങ്ങളുടെ ഫോൺ ബൂക്കിൽ ഉണ്ടെങ്കിൽ..മടിക്കാതെ ഇങ്ങോട്ട് കടന്നു നിന്നോളൂ ,
ഈ ക്യൂ നിങ്ങൾക്കും കൂടിയുള്ളതാണ്.നല്ല കിടിലൻ പാസ് വേഡ് ഒക്കെയിട്ട് ഫോൺ ലോക്ക് ചെയ്യാൻ മറക്കണ്ട,
അത് ഇടക്കിടെ മാറ്റാനും.
.
തെമ്മാടികളും കുരുത്തം കെട്ടവരുമായ ചെറുപ്പക്കാരോടല്ല.ഞാൻ നേരത്തേ പറഞ്ഞപോലെ ഡീസന്റ് ആയ നാൽപതു കാരോടാണ് ഞാനിത് പറയാൻ ശ്രമിക്കുന്നത്അവരോളം ആക്രാന്തമുള്ളവർ മറ്റാരുണ്ട് ഫേസ്ബുക്കിൽ !