Breaking News

നാം വായിക്കുന്ന, കാണുന്ന, കേള്‍ക്കുന്ന, അനുഭവിക്കുന്ന വാര്‍ത്തകള്‍ എത്രമാത്രം അപകടകരമാണ്?

വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നിടത്ത്, എഡിറ്റ് ചെയ്യുന്ന ടേബിളില്‍, വാര്‍ത്തകള്‍ അവതരിപ്പിക്കുന്നിടത്ത്, വാര്‍ത്ത വന്നതിന് ശേഷം – എല്ലായിടത്തും അതിശക്തമായ സെന്‍സര്‍ഷിപ്പാണ് സംഘ്പരിവാര്‍ സംഘടനകള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഓരോ പത്രത്തിന്റെയും വാര്‍ത്താ ചാനലിന്റെയും ന്യൂസ് റൂമുകളില്‍ നടക്കുന്ന ഈ സെന്‍സര്‍ഷിപ്പിന് ശേഷം നാം വായിക്കുന്ന, കാണുന്ന, കേള്‍ക്കുന്ന, അനുഭവിക്കുന്ന വാര്‍ത്തകള്‍ എത്രമാത്രം അപകടകരമാണ്?

modi news

1992 ഡിസംബര്‍ ആറാം തീയതി ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട ദിവസം പനി പിടിച്ച ചുല്യാറ്റ് എന്ന പത്രാധിപരായ ഒരു കഥാപാത്രമുണ്ട് എന്‍ എസ് മാധവന്‍ എഴുതിയ തിരുത്ത് എന്ന കഥയില്‍. പ്രധാനപ്പെട്ട സംഭവങ്ങള്‍ നടക്കുന്ന എല്ലാ ദിവസവും പുള്ളിക്കാരന് പനി വരും. പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തില്‍ വന്നതിനുശേഷം ബി ജെപി അധ്യക്ഷന്‍ അമിത്ഷായുടെ മകന്‍ ജയ് അമിത് ഷാ 16,000 മടങ്ങ് ലാഭം നേടിയ കമ്പനിയുടെ ഉടമയായി മാറിയതെങ്ങനെ എന്നന്വേഷിക്കുന്ന റിപ്പോര്‍ട്ട് ദി വയര്‍ ന്യൂസ് വെബ്‌സൈറ്റ് പ്രസിദ്ധീകരിച്ചത് ഒക്ടോബര്‍ എട്ടാം തീയതിയായിരുന്നു. അന്ന് ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലെ മിക്ക ദേശീയ വാര്‍ത്താ മാധ്യമങ്ങളിലും ‘പനി’ പടര്‍ന്നുപിടിക്കുകയുണ്ടായി. കര്‍വാ ചൂത് എന്ന ആഘോഷത്തെക്കുറിച്ചായിരുന്നു മിക്ക ചാനലുകളിലും അന്നത്തെ പ്രധാന വാര്‍ത്ത.

സ്വന്തം ഭര്‍ത്താവിന്റെ ദീര്‍ഘായുസ്സിന് വേണ്ടി ഉത്തരേന്ത്യന്‍ സ്ത്രീകള്‍ വ്രതമനുഷ്ഠിക്കുന്ന ഈ ആചാരം അത്രമേല്‍ പ്രധാനമായിരുന്നു ടൈംസ് നൗ, റിപ്പബ്ലിക് ചാനലുകള്‍ക്ക്. വേറെ ചില ചാനലുകള്‍ക്ക് കേരളത്തില്‍ നടക്കുന്ന ആര്‍ എസ് എസ് വിരുദ്ധ നീക്കങ്ങളെക്കുറിച്ചായിരുന്നു അന്ന് ചര്‍ച്ച ചെയ്യാനുണ്ടായിരുന്നത്. ആജ് തക്, സീ ന്യൂസ്, എ ബി പി ന്യൂസ് തുടങ്ങിയ ഹിന്ദി ചാനലുകളില്‍ ഹൃതിക് റോഷന്‍- കങ്കണ തര്‍ക്കവും നിറഞ്ഞുനിന്നു. കേവലം അന്‍പതിനായിരം രൂപ മാത്രം ലാഭമുണ്ടായിരുന്ന ഒരു കമ്പനി ഒരു വര്‍ഷത്തിനുള്ളില്‍ എണ്‍പത് കോടിയിലധികം കൊള്ളലാഭം നേടിയ സ്റ്റോറി വാര്‍ത്തയായതേയില്ല.

wire images

രാജ്യത്തെ മാധ്യമ സ്ഥാപനങ്ങള്‍ക്ക് പരക്കെ സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തിയിരിക്കുന്ന ഒരു പ്രത്യേക കാലത്താണ് നാം വാര്‍ത്തകള്‍ കാണുന്നതും വായിക്കുന്നതും. ബി ജെ പി അധികാരത്തില്‍ വന്നതിന് ശേഷം വിവിധ ദേശീയ, പ്രാദേശിക മാധ്യമങ്ങളിലുണ്ടായ മാറ്റങ്ങള്‍ – ജേര്‍ണലിസ്റ്റുകളെ പുറത്താക്കുന്നതായാലും ന്യൂസുകള്‍ ട്രീറ്റ് ചെയ്യുന്നതായാലും – ഈ സെന്‍സര്‍ഷിപ്പിന്റെ ആഴം ബോധ്യപ്പെടുത്തുന്നുണ്ട്. എന്‍ ഡി ടി വിയിലെ റിപ്പോര്‍ട്ടറായിരുന്ന ശ്രീനിവാസന്‍ ജെയ്ന്‍ എന്ന പ്രതിഭാശാലിയായ മാധ്യമപ്രവര്‍ത്തകനെ മാനേജ്‌മെന്റ് പുറത്താക്കിയത് കഴിഞ്ഞ ആഴ്ചയാണ്. അമിത്ഷായുടെ മകന് കേന്ദ്ര സര്‍ക്കാര്‍ അനധികൃതമായി നല്‍കിയ ലോണിനെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തു എന്നതായിരുന്നു അദ്ദേഹം ചെയ്ത കുറ്റം.

ഇതേ ചാനലിന്റെ സെല്‍ഫ്-സെന്‍സര്‍ഷിപ്പിനെക്കുറിച്ച് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ബര്‍ഖ ദത്ത് വിമര്‍ശനാത്മകമായി കുറിപ്പെഴുതിയതും കഴിഞ്ഞ ദിവസമാണ്. അവരുടെ വിമര്‍ശനം ഇങ്ങനെ പോകുന്നു: ‘ജയന്തി ടാക്‌സ് വിവാദവുമായി ബന്ധപ്പെട്ട് എന്റെ മേല്‍നോട്ടത്തില്‍ തയ്യാറാക്കിയ അന്വേഷണാത്മക റിപ്പോര്‍ട്ടുമായി മുന്നോട്ട് പോകാന്‍ എനിക്ക് അനുവാദം ഉണ്ടായിരുന്നില്ല. റോബര്‍ട്ട് വദ്രക്കെതിരെയുള്ള റിപ്പോര്‍ട്ടുകളുടെയും സ്ഥിതി അതുതന്നെയായിരുന്നു. അതേസമയം, സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ തുടര്‍ന്ന്, സര്‍ക്കാറിനെ സുഖിപ്പിക്കുന്ന ഒരു പൈങ്കിളി ഇന്റര്‍വ്യൂ എനിക്ക് ചെയ്യേണ്ടി വന്നു, ചിദംബരവുമായി. അത് വലിയ പ്രാധാന്യത്തോടെ എന്‍ ഡി ടി വി എയര്‍ ചെയ്യുകയുമുണ്ടായി.

media5

ദേശീയ രാഷ്ട്രീയ വിഷയങ്ങളില്‍ മറ്റുള്ള ചാനലുകളെ അപേക്ഷിച്ച് വ്യക്തമായ ജനാധിപത്യനിലപാടുകള്‍ എടുത്തിരുന്ന ശ്രദ്ധേയമായ ചാനലായിരുന്നു എന്‍ ഡി ടി വി. രാജ്യം ശ്രദ്ധിച്ച മിക്ക വിവാദങ്ങളിലും തീവ്രവലതുപക്ഷ നിലപാടുകളെ കൃത്യമായി ചോദ്യം ചെയ്തിരുന്ന ഈ ചാനലില്‍ പക്ഷേ, നരേന്ദ്ര മോദി അധികാരത്തില്‍ വന്നതിന് ശേഷമാണ് എഡിറ്റോറിയല്‍ നിലപാടുകളിലും വാര്‍ത്തകളെ വിന്യസിക്കുന്നതിലും പ്രകടമായ മാറ്റങ്ങള്‍ പ്രകടമായിത്തുടങ്ങിയത്. അതിലേക്ക് വെളിച്ചം വീശുന്ന വെളിപ്പെടുത്തലുകളാണ് ഇരുപത്തിയൊന്ന് വര്‍ഷക്കാലം എന്‍ ഡി ടി വിയിലെ സുപ്രധാന ജേര്‍ണലിസ്റ്റായി പ്രവര്‍ത്തിച്ച ബര്‍ഖ ദത്ത് ഇപ്പോള്‍ നടത്തിയിരിക്കുന്നത്. ബര്‍ഖയുടെ വിമര്‍ശനത്തിന് ശേഷം, എന്‍ ഡി ടി വിയിലെ തന്നെ നിഥിന്‍ ഗോഖലെ എന്ന മാധ്യമപ്രവര്‍ത്തകനും ചാനലിനുള്ളിലെ രാഷ്ട്രീയത്തെക്കുറിച്ച് തുറന്നടിക്കുകയുണ്ടായി.

2014-ല്‍ നാവിക സേനാ മേധാവി ജി കെ ജോഷിയുമായി നിഥിന്‍ ഗോഖലെ നടത്തിയ അഭിമുഖം വെളിച്ചം കണ്ടില്ല. ഏറെ വിവാദത്തിന് ശേഷം, നാവികസേനാ മേധാവി സ്ഥാനം രാജിവെച്ച് പുറത്തുപോയതിനെ തുടര്‍ന്ന് നടത്തിയ പ്രസ്തുത അഭിമുഖത്തില്‍ ബി ജെ പിയെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍ ഉണ്ടായിരുന്നു എന്നതായിരുന്നു സെന്‍സര്‍ഷിപ്പിലേക്ക് നയിച്ച കാരണം.

എന്‍ ഡി ടി വി മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്നുണ്ടായ ഈ നീക്കത്തില്‍ പ്രതിഷേധിച്ച് ഗോഖലെ ചാനല്‍ വിട്ടു. ഒടുവില്‍ സെപ്തംബര്‍ 23-ന് കൂടുതല്‍ വെളിപ്പെടുത്തലുകളുമായി ബര്‍ഖ ദത്ത് ഫേസ്ബുക്കില്‍ എഴുതി: ‘എന്‍ ഡി ടി വിയിലെ എന്റെ സഹപ്രവര്‍ത്തകന്‍ ചാനലിനകത്ത് നടക്കുന്ന സെന്‍സര്‍ഷിപ്പുകളെക്കുറിച്ച് തുറന്നുപറയാന്‍ ധൈര്യം കാണിച്ചിരിക്കുന്നത്, ഞാന്‍ നേരത്തേ മുന്നോട്ടുവെച്ച ആശയങ്ങള്‍ ശരിയാണ് എന്ന് ബോധ്യപ്പെടുത്തുന്നു. കാര്‍ഗില്‍ യുദ്ധത്തെക്കുറിച്ച് ഞാന്‍ ചെയ്ത റിപ്പോര്‍ട്ടുകള്‍ ബ്രോഡ്കാസ്റ്റ് ചെയ്യാതിരിക്കാന്‍ മാനേജ്‌മെന്റ് തീരുമാനിച്ചത് ശക്തമായ രാഷ്ട്രീയ സമ്മര്‍ദത്തെ തുടര്‍ന്നായിരുന്നു. അതേസമയം, ഏറെ വിവാദമായ മീര-റാഡിയ ടേപ്പുകള്‍ എന്‍ ഡി ടി വി ചാനലിന് നേടിക്കൊടുത്ത ബ്രാന്റ് വാല്യു വളരെ വലുതായിരുന്നു. എനിക്ക് ശരിയാണെന്ന് ബോധ്യമായ കാര്യങ്ങള്‍ മാത്രമാണ് ഞാന്‍ പറഞ്ഞിട്ടുള്ളത്.’

Amit-Sha_0

ബി ജെ പിയുടെ തലപ്പത്ത് അമിത് ഷാ വന്ന സമയത്ത്, മുംബൈയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ഡി എന്‍ എ (ഡയ്‌ലി ന്യൂസ് അനാലിസിസ്) ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പുതിയ നിയമം എന്ന തലക്കെട്ടില്‍ ഒരു അന്വേഷണ പരമ്പര പ്രസിദ്ധീകരിച്ചിരുന്നു. അമിത് ഷായുടെ ഭീതിതമായ ഭൂതകാലത്തിലൂടെ സഞ്ചരിച്ച ആ റിപ്പോര്‍ട്ടുകള്‍ മുഴുവന്‍ പത്രത്തിന്റെ വെബ്‌സൈറ്റില്‍ നിന്ന് നീക്കം ചെയ്യുകയുണ്ടായി. സീ ടി വി ഉള്‍പ്പെടെ ഉടമസ്ഥപ്പെടുത്തിയിട്ടുള്ള എസ്സല്‍ ഗ്രൂപ്പിന്റെ സുഭാഷ്ചന്ദ്രയുടെ നിര്‍ദേശപ്രകാരമായിരുന്നു അത്. ബി ജെ പിയെ അകമഴിഞ്ഞു സഹായിക്കുന്ന രാജ്യസഭാംഗം കൂടിയായ സുഭാഷ്ചന്ദ്ര തന്നെയാണ് ഡി എന്‍ എയുടെ ഉടമ.

അമിത് ഷായെ പാര്‍ട്ടി അധ്യക്ഷനായി തിരഞ്ഞെടുത്ത രാത്രി (2014 ജൂലൈ 16) റിലയന്‍സിന്റെ ഉടമസ്ഥതയിലുള്ള സി എന്‍ എന്‍- ഐ ബി എന്‍ ചാനലില്‍ സംപ്രേഷണം ചെയ്തുകൊണ്ടിരുന്ന ഗ്രാഫില്‍ നിന്ന് അമിത് ഷായുടെ ക്രിമിനല്‍ പശ്ചാത്തല വിവരങ്ങള്‍, കേസുകള്‍ മുഴുവന്‍ എഡിറ്റ് ചെയ്തുനീക്കിയതായി ക്വാര്‍ട്‌സ് ന്യൂസ് പോര്‍ട്ടല്‍ നേരത്തേ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബി ജെ പി അധികാരത്തില്‍ വന്നതിന് ശേഷം, ബി ജെ പിയെയും കേന്ദ്രസര്‍ക്കാറിനെയും വിമര്‍ശിക്കുന്ന വാര്‍ത്താ ഉള്ളടക്കങ്ങള്‍ പ്രമുഖ പത്രങ്ങളുടെയും ചാനലുകളുടെയും വെബ്‌സൈറ്റുകളില്‍ നിന്ന് അപ്രത്യക്ഷമാകാന്‍ തുടങ്ങി. ടൈംസ് ഓഫ് ഇന്ത്യ ഉള്‍പ്പെടെ മിക്ക മാധ്യമങ്ങളുടെയും ഔദ്യോഗിക വെബ്‌സൈറ്റുകളില്‍ ‘404 error’ പേജുകള്‍ വര്‍ധിച്ചുവരുന്നതായി ക്വാര്‍ട്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

സഹാറ-ബിര്‍ള പേപ്പറുകള്‍ക്കുവേണ്ടി ഇന്‍കം ടാക്‌സ് സെറ്റ്ല്‍മെന്റ് കമ്മീഷന്‍ പ്രവര്‍ത്തിക്കുകയും വന്‍ അഴിമതി നടത്തുകയും ചെയ്ത വാര്‍ത്ത ഇന്ത്യന്‍ എക്‌സ്പ്രസില്‍ കാണാതിരുന്നതും ഈ വര്‍ഷമായിരുന്നു. രാജ്യത്തെ കോര്‍പറേറ്റ് മുതലാളിത്ത ശക്തികള്‍ കേന്ദ്ര സര്‍ക്കാര്‍ സഹകരണത്തോടെ തഴച്ചുവളരുന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമായിരുന്ന സഹാറ- ബിര്‍ള വിവാദം ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത് ഇന്ത്യന്‍ എക്‌സ്പ്രസ് തന്നെയായിരുന്നു. മാധ്യമ സ്വാതന്ത്ര്യത്തില്‍ ഇന്ത്യയുടെ റാങ്ക് കുത്തനെ ഇടിഞ്ഞു എന്ന തലക്കെട്ടില്‍ ഇകണോമിക്‌സ് െൈടസ് വാര്‍ത്ത പ്രസിദ്ധീകരിച്ച അന്നുതന്നെ വെബ്‌സൈറ്റില്‍ നിന്ന് പിന്‍വലിക്കുകയുണ്ടായി. രാജ്യത്തിന്റെ ദയനീയമായ സാമ്പത്തികസ്ഥിതി മിക്ക മാധ്യമങ്ങളും അവഗണിച്ചു എന്നതിനേക്കാള്‍ ഞെട്ടിപ്പിക്കുന്ന വസ്തുത അത് പ്രസിദ്ധീകരിച്ച പത്രങ്ങള്‍ വാര്‍ത്തകള്‍ പിന്‍വലിച്ചുകഴിഞ്ഞു എന്നതാണ്.

സെന്‍സര്‍ഷിപ്പ് തുടരുകയാണ്. വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നിടത്ത്, എഡിറ്റ് ചെയ്യുന്ന ടേബിളില്‍, വാര്‍ത്തകള്‍ അവതരിപ്പിക്കുന്നിടത്ത്, വാര്‍ത്ത വന്നതിന് ശേഷം – എല്ലായിടത്തും അതിശക്തമായ സെന്‍സര്‍ഷിപ്പാണ് സംഘ്പരിവാര്‍ സംഘടനകള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഓരോ പത്രത്തിന്റെയും വാര്‍ത്താ ചാനലിന്റെയും ന്യൂസ് റൂമുകളില്‍ നടക്കുന്ന ഈ സെന്‍സര്‍ഷിപ്പിന് ശേഷം നാം വായിക്കുന്ന, കാണുന്ന, കേള്‍ക്കുന്ന, അനുഭവിക്കുന്ന വാര്‍ത്തകള്‍ എത്രമാത്രം അപകടകരമാണ്?

Comments

comments