Breaking News

പുന്നപ്ര- വയലാര്‍: രണഭൂമിയിലെ ഓർമകളുടെ ബലികുടീരങ്ങൾക്ക് 71 വർഷം

രണഭൂമിയില്‍ ഹൃദയരക്തംകൊണ്ട് വിപ്ലവ കേരളത്തിന് അടിത്തറയിട്ട ധീരരക്തസാക്ഷികളുടെ വീരസ്മരണകള്‍ അലയടിക്കുന്ന അന്തരീക്ഷത്തില്‍ പുന്നപ്ര- വയലാര്‍ 71-ാം വാര്‍ഷിക വാരാചരണത്തിന് ഇന്ന് സമാപനം..രക്തസാക്ഷി ഗ്രാമങ്ങളില്‍ നിന്നും ആലപ്പുഴ ജില്ലയുടെ മറ്റു പ്രദേശങ്ങളില്‍നിന്നുമെത്തിയ ജനസഞ്ചയം വയലാറിനെ ചെങ്കടലാക്കി.രാവിലെ മുതല്‍ ആളുകള്‍ ഇവിടേയ്ക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.

punnapra vayalar
വയലാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ സ്ഥാപിക്കാനുള്ള ദീപശിഖകള്‍ ആലപ്പുഴ വലിയ ചുടുകാട്, മേനാശേരി രക്തസാക്ഷി മണ്ഡപം എന്നിവിടങ്ങളില്‍നിന്ന് വെള്ളിയാഴ്ച രാവിലെ അത്‌ലീറ്റുകള്‍ റിലേയായി വാഹനജാഥയുടെയും വാദ്യമേളങ്ങളുടെയും ദൃശ്യകലാപരിപാടികളുടെയും അകമ്പടിയോടെ രക്തസാക്ഷി മണ്ഡപത്തിൽ എത്തിച്ചു.
.
രാവിലെ ഏഴരയ്ക്ക് മുതിര്‍ന്ന നേതാവ് വി എസ് അച്യുതാനന്ദന്‍ വലിയചുടുകാട് രക്തസാക്ഷി മണ്ഡപത്തില്‍ ദീപശിഖ കൊളുത്തി നല്‍കി.മേനാശേരി രക്തസാക്ഷി മണ്ഡപത്തില്‍ രാവിലെ ഒന്‍പതിന് സമരസേനാനി കെ കെ ഗംഗാധരന്‍ ദീപശിഖതെളിച്ചു കൈമാറി .ഇരുറിലേകളും രാവിലെ 11ന് വയലാര്‍ മണ്ഡപത്തില്‍ സമാപിച്ചു. വാരാചരണ കമ്മിറ്റി പ്രസിഡന്റ് എന്‍ എസ് ശിവപ്രസാദ് ദീപശിഖകള്‍ ഏറ്റുവാങ്ങി രക്തസാക്ഷി മണ്ഡപത്തില്‍ സ്ഥാപിച്ചു .തുടര്‍ന്ന് പുഷ്പാര്‍ച്ചനകൾ നടന്നുകൊണ്ടിരിക്കുകയാണ് ഇപ്പോഴും.

.
പകല്‍ മൂന്നിന് വയലാര്‍ രാമവര്‍മ്മ അനുസ്മരണ സമ്മേളനം ചേർന്നു കവി ഏഴാച്ചേരി രാമചന്ദ്രന്‍, ആലങ്കോട് ലീലാകൃഷ്ണന്‍, പി എം മനോജ്, ഇ എം സതീശന്‍ എന്നിവര്‍ സംസാരിച്ചു,.വിദ്വാന്‍ കെ രാമകൃഷ്ണന്‍ അധ്യക്ഷനായിരുന്നു . പകല്‍ അഞ്ചിന് രക്തസാക്ഷി അനുസ്മരണ പൊതുസമ്മേളനത്തില്‍ വി എസ് അച്യുതാനന്ദന്‍,സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗങ്ങളായ എസ് രാമചന്ദ്രന്‍ പിള്ള, എം എ ബേബി, മന്ത്രി ഇ ചന്ദ്രശേഖരന്‍,പന്ന്യന്‍ രവീന്ദ്രന്‍, കെ ഇ ഇസ്മയില്‍, മന്ത്രിമാരായ ടി എം തോമസ് ഐസക്ക്, ജി സുധാകരന്‍, പി തിലോത്തമന്‍, ടി പുരുഷോത്തമന്‍, സജി ചെറിയാന്‍, ടി ജെ ആഞ്ചലോസ്, സി ബി ചന്ദ്രബാബു, സി കെ സദാശിവന്‍, സി എസ് സുജാത, എ ശിവരാമന്‍ എന്നിവര്‍ സംസാരിച്ചു.

അനശ്വരരായ മാരാരിക്കുളം രക്തസാക്ഷികള്‍ക്ക് നാട് വ്യാഴാഴ്ച ഓര്‍മപ്പൂക്കള്‍ അര്‍പ്പിച്ചു. പ്രകടനത്തിലും പുഷ്പാര്‍ച്ചനയിലും ആയിരങ്ങള്‍ പങ്കെടുത്തു. എസ്എല്‍ പുരം രക്തസാക്ഷി നഗറില്‍ പുഷ്പാര്‍ച്ചനയ്ക്കുശേഷം ചേര്‍ന്ന പൊതുസമ്മേളനം മന്ത്രി ടി എം തോമസ് ഐസക് ഉദ്ഘാടനം ചെയ്തു.പി വി സത്യനേശന്‍ അധ്യക്ഷനായി. ബിനോയ് വിശ്വം മുഖ്യപ്രഭാഷണം നടത്തി. ടി ജെ ആഞ്ചലോസ്, മന്ത്രി പി തിലോത്തമന്‍, ടി പുരുഷോത്തമന്‍, എ ശിവരാജന്‍, ആര്‍ നാസര്‍, ജി വേണുഗോപാല്‍, വി ജി മോഹനന്‍, ഡി ഹര്‍ഷകുമാര്‍, എസ് പ്രകാശന്‍, ജലജ ചന്ദ്രന്‍, എസ് രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

punnapra-vayalaar100

ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ – ചേർത്തല താലൂക്കുകളുടെ വിവിധഭാഗങ്ങളിൽ ജന്മിമാർക്ക് എതിരെ കുടിയാന്മാരായ കർഷകരും കർഷകത്തൊഴിലാളികളും മുതലാളിമാരിൽ നിന്നും ചൂഷണം നേരിട്ട കയർ തൊഴിലാളികളും‍ മത്സ്യത്തൊഴിലാളികളും നടത്തിയ സമരങ്ങളായിരുന്നു പുന്നപ്ര-വയലാർ സമരങ്ങൾ. സാമ്പത്തിക മുദ്രാവാക്യത്തോടൊപ്പം സ്വതന്ത്ര ഇന്ത്യയിൽ നിന്നും വേറിട്ട് തിരുവിതാംകൂറിനെ പ്രത്യേക രാജ്യമായി നിലനിർത്തുന്നതിനെതിരായ രാഷ്ട്രീയ മുദ്രാവാക്യവും സമരക്കാർ ഉയർത്തിയിരുന്നു. 1946 -ൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന ഈ സമരങ്ങൾ ഒടുവിൽ സായുധ പോരാട്ടത്തിലും രക്തച്ചൊരിച്ചിലിലും അവസാനിച്ചു. നിരവധി വാദപ്രതിവാദങ്ങൾക്കു ശേഷം 1998-ൽ ഭാരതസർക്കാർ പുന്നപ്ര-വയലാർ സമരത്തെ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി അംഗീകരിച്ചു.

കയർതൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, എണ്ണയാട്ടു തൊഴിലാളികൾ, മത്സ്യത്തൊഴിലാളികൾ, ചെത്തുതൊഴിലാളികൾ, ബീഡിത്തൊഴിലാളികൾ മുതലായവരായിരുന്നു ആലപ്പുഴ, ചേർത്തല ഭാഗങ്ങളിലെ ജനങ്ങളിൽ ഭൂരിഭാഗവും.[3] മുതലാളിമാരുടെയും ജന്മിമാരുടെയും ചൂഷണങ്ങളിൽപ്പെട്ട് കടുത്ത സാമ്പത്തിക ക്ലേശങ്ങളിൽപ്പെട്ടുഴലുന്നവരായിരുന്നു ഈ തൊഴിലാളികൾ. ഇവിടുത്തെ ഭൂമി മുഴുവൻ സർക്കാർ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ഒരുപിടി ജന്മിമാർ കൈവശപ്പെടുത്തി വെച്ചിരിക്കുകയായിരുന്നു.[4] കമ്മ്യൂണിസ്റ്റ് പാർട്ടി ഈ തൊഴിലാളികളെ സംഘടിപ്പിച്ച് ഏതാണ്ട് പന്ത്രണ്ടോളം യൂണിയനുകൾ രൂപീകരിക്കുകയുണ്ടായി.

ഈ സംഘടനകൾ തൊഴിലാളികൾക്കെതിരേയുള്ള പീഡനങ്ങൾക്കെതിരേ കൂട്ടമായി വിലപേശാൻ തുടങ്ങി. ജന്മിമാർ ഒട്ടും തന്നെ താഴാൻ കൂട്ടാക്കിയില്ല. കൂലി കുറക്കുക, ജോലിയിൽ നിന്നും പിരിച്ചുവിടുക തുടങ്ങിയ ശിക്ഷണ നടപടികൾ അവരും സ്വീകരിച്ചു തുടങ്ങി. കമ്മ്യൂണിസ്റ്റ് പാർട്ടിയെ നിരോധിച്ചു. ജന്മിമാർക്കെതിരെയും അവരെ സംരക്ഷിക്കുന്ന രാജഭരണകൂടത്തിനെതിരെയും പ്രക്ഷോഭം സംഘടിപ്പിക്കുന്നതിന് പാർട്ടി തൊഴിലാളികൾക്ക് അർദ്ധസൈനിക പരിശീലനം നൽകാൻ തുടങ്ങി. ടി.വി. തോമസ്, ആർ. സുഗതൻ, പി.ടി. പുന്നൂസ്, എം.എൻ. ഗോവിന്ദൻ നായർ തുടങ്ങിയവർ ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.ഇതേത്തുടർന്ന് കമ്മ്യൂണിസ്റ്റ് പാർട്ടി നിരോധിക്കപ്പെടുകയും അനവധി തൊഴിലാളി നേതാക്കളെ അറസ്റ്റ് ചെയ്യുകയുമുണ്ടായി.

കൊല്ലവർഷം 1122 തുലാം മാസം 7 മുതൽ 10 വരെയുള്ള ദിവസങ്ങളിൽ (1946 ഒക്ടോബർ 24 – 27) ആണ് പുന്നപ്ര-വയലാറിലെ ഈ തൊഴിലാളി കലാപങ്ങൾ നടന്നത്. വിവിധ തൊഴിൽ മേഖലകളിൽ പുകഞ്ഞുകൊണ്ടിരുന്ന അസ്വസ്ഥതകളുടെ ഭാഗമായി തൊഴിലാളികൾ സാമ്പത്തികാവശ്യങ്ങളും ഉത്തരവാദഭരണം ഏർപ്പെടുത്തുക, പ്രായപൂർത്തി വോട്ടവകാശം ഏർപ്പെടുത്തുക, ദിവാൻ ഭരണം അവസാനിപ്പിക്കുക തുടങ്ങിയ രാഷ്ട്രീയ ആവശ്യങ്ങളും ഉൾപ്പെടെയുള്ള 27 ഇന ആവശ്യങ്ങൾ ഉന്നയിച്ച് സർക്കാരിന് നിവേദനം സമർപ്പിക്കുകയും ആലപ്പുഴയിൽ 1122 ചിങ്ങം 30 (1946 സെപ്റ്റംബർ 15) ന് തൊഴിലാളികൾ പൊതുപണിമുടക്ക് പ്രഖ്യാപിക്കുകയും ചെയ്തു.

അതേ തുടർന്ന് പരിസരപ്രദേശങ്ങളിൽ കലാപങ്ങൾ പൊട്ടിപ്പുറപ്പെട്ടു. തുടർന്ന് ഒക്ടോബർ 25 ന് ഈ മേഖലയിൽ പട്ടാളഭരണം പ്രഖ്യാപിക്കുകയും സായുധപോലീസിന്റെ നിയന്ത്രണം ദിവാൻ സി.പി. രാമസ്വാമി അയ്യർ തന്നെ നേരിട്ടേറ്റെടുക്കുകയും ചെയ്തു. യന്ത്രത്തോക്കുകളോട് വാരിക്കുന്തവും, കല്ലുമൊക്കെയായാണ് തൊഴിലാളികൾ ഏറ്റുമുട്ടിയത്. നൂറ്റിതൊണ്ണൂറ് പേർ വെടിപെയ്പിൽ മരിച്ചതായി ഔദ്യോഗിക കണക്കുകൾ പറയുന്നു. എന്നാൽ മരണ സംഖ്യ ആയിരത്തിനുമുകളിലെന്ന് അനൗദ്യോഗിക കണക്കുകൾ പറയുന്നു.

Comments

comments