Breaking News

സംസ്ഥാനത്തെ പുകഴ്ത്തി രാഷ്ട്രപതി; തിരിച്ചടിയായത് ബിജെപിയുടെ വാദങ്ങള്‍ക്ക്

രാംനാഥ് കോവിന്ദിന് സംസ്ഥാനത്തിന്റെ ആദരം; സംസ്ഥാനത്തെ പുകഴ്ത്തി രാഷ്ട്രപതി; തിരിച്ചടിയായത് ബിജെപിയുടെ വാദങ്ങള്‍ക്ക്; കേരളത്തെ പ്രകീർത്തിച്ചത് പിന്തുണയായി പിണറായി

ramnath

കേരളത്തെ കുറിച്ചുള്ള ബിജെപി ദേശീയ നേതാക്കളുടെ പരിഹാസങ്ങളും വിവാദങ്ങളും കെട്ടടങ്ങുന്നതിന് മുന്നെ കേരളത്തെ പുകഴ്ത്തി രാഷ്ട്രപതി രാംനാഥ് കോവിന്ദ്. കേരളം ഇന്ത്യയുടെ പവര്‍ ഹൗസ് ആണെന്നും വിദ്യാഭ്യാസം, പൊതുജനാരോഗ്യം, സാക്ഷരത എന്നിവയില്‍ കേരളം മറ്റു സംസ്ഥാനങ്ങള്‍ക്കു മാതൃകയാണെന്നും രാഷ്ട്രപതി പറഞ്ഞു. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി കേരളത്തിലെത്തിയ അദ്ദേഹം പള്ളിപ്പുറം ടെക്‌നോസിറ്റി പദ്ധതിയുടെ ആദ്യ സര്‍ക്കാര്‍ മന്ദിരത്തിന്റെ ശിലാസ്ഥാപനവും പ്രഖ്യാപനവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു.

ഡിജിറ്റല്‍ ഇന്ത്യയിലൂടെ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞുവെന്നും രാഷ്ട്രപതി പറഞ്ഞു. പദവി ഏറ്റെടുത്തശേഷം ഇതു രണ്ടാം തവണയാണ് അദ്ദേഹം കേരളത്തില്‍ വരുന്നത്. നാളെ് രാവിലെ 9.45 ന് പ്രത്യേക വിമാനത്തില്‍ അദ്ദേഹം കൊച്ചിയില്‍ എത്തും. തുടര്‍ന്ന് ഹൈക്കോടതിയുടെ വബ്രജൂബിലി ആഘോഷങ്ങളില്‍ പങ്കെടുക്കും. ഉച്ചയ്ക്ക് 12.30 ന് ഡല്‍ഹിയിലേക്ക് മടങ്ങും.

അതേസമയം ടെക്‌നോസിറ്റിക്കായി ഭൂമി നല്‍കിയവരുടെ കുടിശിക മാര്‍ച്ച് 31നകം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ടെക്‌നോസിറ്റിയില്‍ ഒരു ലക്ഷം പേര്‍ക്കു തൊഴില്‍ നല്‍കുമെന്നും ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്ന മുഖ്യമന്ത്രി പറഞ്ഞു.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിച്ച ജനരക്ഷായാത്രയില്‍ പങ്കെടുത്ത ദേശീയ നേതാക്കള്‍ കേരളത്തിനെതിരെ രൂക്ഷമായ ആരോപണങ്ങളാണ് ഉന്നയിച്ചിരുന്നത്. കേരളം ഭരിക്കുന്നത് തെമ്മാടികളാണെന്ന് മനോഹര്‍ പരീക്കര്‍ പറഞ്ഞിരുന്നു. കേരളസര്‍ക്കാരിന് അസഹിഷ്ണുതയുടെ രാഷ്ട്രീയമാണെന്നായിരുന്നു നിതിന്‍ ഗഡ്കരിയുടെ വിമര്‍ശനം. ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ബിജെപി അധ്യക്ഷന്‍ അമിത് ഷാ തുടങ്ങിയ നേതാക്കളും കേരളത്തിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.

Rashtrapati-Pinarayi.jpg.image.784.410

രാംനാഥ് കോവിന്ദിന് സംസ്ഥാനത്തിന്റെ ആദരം

രണ്ട് ദിവസത്തെ സന്ദർശനത്തിനെത്തിയ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് സംസ്ഥാനത്തിന്റെയും തലസ്ഥാനത്തിന്റെയും ആദരം. ടാഗോർ തീയറ്ററിൽ സംസ്ഥാന സർക്കാരും തലസ്ഥാനനഗരസഭയും ചേർന്ന് ഒരുക്കിയ സ്വീകരണത്തിൽ രാഷ്ട്രീയ, സാമൂഹ്യ രംഗങ്ങളിലെ പ്രമുഖർ പങ്കുചേർന്നു. കേരളത്തിലെ കലാരൂപങ്ങളും സാംസ്കാരിക ചരിത്രവും വേദിക്ക് പുറത്ത് അണിനിരത്തിയാണ് രാഷ്ട്രപതിയെ വരവേറ്റത്.

സ്വീകരണചടങ്ങിൽ സംസ്ഥാനത്തിന്റെ ഉപഹാരമായി ചീനവലയുടെ മാതൃക മുഖ്യമന്ത്രി പിണറായി വിജയനും നഗരസഭയുടെ ഉപഹാരമായി ശംഖ് മുദ്ര മേയർ വി.കെ. പ്രശാന്തും കൈമാറി. ജില്ലാകളക്ടർ കെ. വാസുകി കഥകളി ശില്പവും സമ്മാനിച്ചു. മന്ത്രിമാരാരായ എ.കെ. ബാലൻ, കടകംപള്ളി സുരേന്ദ്രൻ, എ. സി മൊയ്തീൻ, വി.എസ്. സുനിൽകുമാർ, കടന്നപ്പള്ളി രാമചന്ദ്രൻ, ടി.പി. രാമകൃഷ്ണൻ, സി. രവീന്ദ്രനാഥ്, സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, എം.എൽ.എമാരായ വി.എസ്. ശിവകുമാർ, ഒ. രാജഗോപാൽ, ആർച്ച് ബിഷപ് ഡോ. എം. സുസപാക്യം, നഗരസഭാ കൗൺസിലർമാർ, സൈനിക, പൊലീസ് മേധാവികൾ, ഉദ്യോഗസ്ഥ പ്രമുഖർ തുടങ്ങിയവരും പങ്കെടുത്തു.

കേരളത്തെ പ്രകീർത്തിച്ചത് പിന്തുണയായി പിണറായി

രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ആദ്യസന്ദർശനത്തിൽ അമൃതാനന്ദമയിമഠത്തിൽ നടത്തിയ പ്രസംഗത്തിൽ കേരളത്തിലെ മതസൗഹാർദ്ദം പ്രകീർത്തിച്ചത് നമുക്ക് പിന്തുണയായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആഭിജാതമായ അദ്ദേഹത്തിന്റെ വാക്കുകൾക്ക് കേരളം നന്ദിപറയുന്നു. സമാധാനത്തിന്റെയും സഹിഷ്ണുതയുടെയും നാടായ കേരളത്തിലേക്ക് അദ്ദേഹത്തെ സ്വാഗതം ചെയ്യുന്നു. അധികാരമേറ്റ് ചുരുങ്ങിയ കാലമേ ആയിട്ടുള്ളുവെങ്കിലും ആത്മാർഥതയും ലാളിത്യവും കൊണ്ട് മലയാളികളുടെ ഹൃദയം കീഴടക്കിയാളാണ് രാംനാഥ് കോവിന്ദ്. രാഷ്ട്രപതി ഈ മാസം എട്ടിന് നടത്തിയ ആദ്യ കേരള സന്ദർശനത്തിൽത്തന്നെ അദ്ദേഹം ദന്തഗോപുര വാസിയല്ലെന്ന് മനസിലായി. പ്രവാസി വികസനവും ക്ഷേമവും ഉറപ്പാക്കുന്ന പദ്ധതികൾ ഏറ്റെടുത്ത് നടത്തുന്ന കേരളത്തിന് രാഷ്ട്രത്തിന്റെ പിന്തുണ പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ആദ്യ സന്ദർശനവേളയിൽ കേരളത്തെക്കുറിച്ച് രാഷ്ട്രപതി പറഞ്ഞ നല്ല വാക്കുകൾക്ക് കേരളീയർ എക്കാലവും കടപ്പെട്ടിരിക്കുമെന്ന് ഗവർണർ ജസ്റ്റിസ് പി. സദാശിവം പറഞ്ഞു. നവോത്ഥാനപ്രസ്ഥാനങ്ങൾ ഉഴുതിട്ട മണ്ണിലൂടെ കേരളം സ്വയം സൃഷ്ടിച്ചെടുത്ത പാരമ്പര്യമാണ് സാക്ഷരതയിലും വിദ്യാഭ്യാസത്തിലുമടക്കം കേരളത്തെ മുൻനിരയിലെത്തിച്ചത്. അധസ്ഥിതവർഗത്തിന്റെ ഉന്നമനം കേരളത്തിൽ മാതൃകാപരമാണ്. പാർശ്വവത്കരിക്കപ്പെട്ടവരോടും അനാഥരോടും മറ്റുമുള്ള അനുകമ്പാപൂർവ്വമായ രാഷ്ട്രപതിയുടെ സമീപനം പങ്കുപറ്റുന്നവരാണ് കേരളീയർ. അതിന്റെ തെളിവാണ് കേരളത്തിൽ നടപ്പാക്കിവരുന്ന അനുയാത്ര പോലുള്ള പദ്ധതികളെന്നും ഗവർണർ ഓർമ്മിപ്പിച്ചു.

 

Comments

comments