Breaking News

മഹാരാജാവിന്റെ ശംഖടയാളമുള്ള കൊടിയഴിച്ച്‌ അവിടെ ചെങ്കൊടി ഉയര്‍ത്തിയ ആ കൈകള്‍…

അവസാന അത്താഴവും കഴിച്ച്‌ ആ കമ്മ്യൂണാഡുകള്‍…

സര്‍ സി.പി.യുടെ റൈഫിളുകളെയും സ്റ്റെന്‍ഗണ്ണുകളേയും നേരിടാന്‍ കൊടി കെട്ടിയ കമുകിന്‍ വാരിക്കുന്തങ്ങളാണവരുടെ വശമുണ്ടായിരുന്നത്‌ ചൂട്ടുകറ്റകളുടെ വെളിച്ചവും. ഉരുക്കും രക്തവും തമ്മില്‍, വെടിയുണ്ടയും മാംസവും തമ്മിലുള്ള ഏറ്റുമുട്ടലിന്റെ ബാക്കിപത്രം മൂന്നു മണ്‍കൂമ്പാരങ്ങളായിരുന്നു എഴുന്നോറോ ഏഴായിരമോ രക്തസാക്ഷികള്‍. പെട്രോളൊഴിച്ച്‌ തീ കൊളുത്തിയ ആ കൂനകള്‍ ദിവസങ്ങളോളം അണയാതെ കിടന്നു. അണയാത്ത ആ ചിതയില്‍ നിന്നാണ്‌ പി.ഭാസ്കരൻറെ വയലാര്‍ ഗര്‍ജ്ജിക്കുന്നു എന്ന കവിത പിറക്കുന്നത്‌..

punnapra vayalar

“ഉയരും ഞാന്‍ നാടാകെ/

പടരും ഞാനൊരു പുത്ത/

നുയിര്‍ നാട്ടിന്നേകിക്കൊ/

ണ്ടുയരും വീണ്ടും/

ഉയരും ഞാന്‍ നാടാകെ/

യുയരും ഞാന്‍ വീണ്ടുമ/

ങ്ങുയരും ഞാന്‍/

വയലാറലറിടുന്നു/

അവിടത്തെ ധീരത/

യിവിടെപ്പകര്‍ത്തുവാന്‍/

കഴിവറ്റ തൂലികേ/

ലജ്ജിക്കൂ നീ/

പുകയുമാവെണ്ണീറില്‍ തൂലികകൊണ്ടൊന്നു/

ചികയണേ നാടിന്‍/

ചരിത്രകാരാ…”
(വയലാര്‍ ഗര്‍ജിക്കുന്നു – പി.ഭാസ്‌കരന്‍)

കേരളാസ്റ്റാലിന്‍ എന്നറിയപ്പെട്ടിരുന്ന കെ.വി.പത്രോസായിരുന്നു ആ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ നായകന്‍. `രണ്ടിടങ്ങഴി’യിലെ കോരനെപ്പോലൊരു കഥാപാത്രമായിരുന്നു പത്രോസ്‌. ഇനിയൊരൊറ്റ തൊഴിലാളിയെ തൊട്ടാല്‍ ആലപ്പുഴ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ കത്തിക്കുമെന്ന്‌ സര്‍ സി.പിയെ താക്കീതു ചെയ്‌ത പത്രോസ്‌. സര്‍ സി.പി യുടെ ഭക്തിവിലാസത്തിനു മുകളില്‍ പാറിയിരുന്ന മഹാരാജാവിന്റെ ശംഖടയാളമുള്ള കൊടിയഴിച്ച്‌ പകരം അവിടെ ചെങ്കൊടി  ഉയര്‍ത്താന്‍ ഉയര്‍ന്ന ആ കൈകള്‍…

പത്രോസിനെ പിടികിട്ടിയാല്‍ ഇടിവണ്ടീടെ പിറകെ കെട്ടി വലിച്ചിഴച്ച്‌ ആ അസ്ഥി തനിക്ക്‌ കാണാനെത്തിക്കണം എന്നാണ്‌ സർ സി.പി ഉത്തരവിട്ടത്‌.

ഒരു തുലാപ്പത്തിനും പുന്നപ്ര വയലാറിന്റെ യഥാര്‍ത്ഥ കുന്തക്കാരന്‍ പത്രോസിനെ ആരും അനുസ്മരിക്കാറില്ല. പഴയ പത്രവും പാത്രങ്ങളും വീടുകള്‍ നടന്നു കയറി ശേഖരിച്ച്‌ കയറ്റുചവിട്ടികള്‍ പകരം വിറ്റ്‌ ഉപജീവനം നയിച്ചിരുന്ന ഒരനന്തര കാലത്തേക്ക്‌ പത്രോസിനെ തള്ളിയകറ്റിയതാര്‌?

kv pathros - Copy

പിന്നീട്‌ ഇ.എം.എസ്സും എകെ.ജിയും പോലെ രൂപപ്പെട്ട ഒരിടംകൈ വലംകൈ സൗഹൃദമാണ്‌ പി.കൃഷ്‌ണപിള്ളയും കെ.വി.പത്രോസും തമ്മിലുണ്ടായിരുന്നതെന്ന്‌ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്‌. പത്രോസിന്റെ ഓലക്കൂരയില്‍ അലൂമിനിയം പാത്രത്തില്‍ അമ്മ വിളമ്പുന്ന കപ്പപ്പുഴുക്കും ചമ്മന്തിയും കഴിക്കാന്‍ എത്തുമായിരുന്നു കൃഷ്‌ണപിള്ളയും കെ.ദാമോദരനും ആര്‍.സുഗതനും ഉണ്ണിരാജയും. മിക്കവാറും എ.കെ.ജിയും ചിലപ്പോള്‍ എല്ലാം ഇ.എം.എസ്‌ ഉം… പത്രോസിന്റെ അമ്മയെ മാക്‌സിം ഗോര്‍ക്കിയുടെ അമ്മയോട്‌ താരതമ്യപ്പെടുത്തിയത്‌ മറ്റാരുമല്ല, സാക്ഷാല്‍ എ.കെ.ജി!

സി.പി.ഐയോ സി.പി.ഐ.എമ്മോ ഒരിക്കലും പത്രോസിനെ അനുസ്മരിച്ചു കണ്ടിട്ടില്ല.ആരെങ്കിലുമൊരാള്‍ എണീറ്റുനിന്ന്‌ സഖാവ്‌ കെ.വി.പത്രോസിനുവേണ്ടി കൈപൊക്കുമെന്ന്‌ നമ്മൾ ഇനി ഒരിക്കലും ആശിക്കുകയും വേണ്ട. പത്രോസെന്ന പാറമേലായിരുന്നു കേരളത്തിലെ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനം കെട്ടിപ്പടുക്കപ്പെട്ടത്‌. പത്രോസിനെ തള്ളിപ്പറഞ്ഞതോടെ പത്രോസ്‌ മാത്രമല്ല പത്രോസ്‌ പ്രതിനിധീകരിച്ചിരുന്ന പറയനും പുലയനുമടക്കമുള്ള അധഃസ്ഥിതരെയാണ്‌ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി തള്ളിപ്പറയുന്നത്‌.സഖാവ്‌ പത്രോസ്‌, നിങ്ങളുടെ ഓര്‍മ്മയ്‌ക്കുമുന്നില്‍ ഇങ്ങനെയൊരു കുറിപ്പെങ്കിലുമെഴുതി തല കുനിച്ചുനില്‍ക്കാന്‍ അനുവദിക്കുക.

തിരുവിതാംകൂറിന്റെ സ്വാതന്ത്ര്യ സമരചരിത്രത്തില്‍ രക്തലിപികളില്‍ എഴുതപ്പെടേണ്ട പേരായിരുന്നു മൂന്നാം ക്ലാസുകാരനും കയര്‍ഫാക്‌ടറിത്തൊഴിലാളിയുമായ കെ.വി. പത്രോസിന്റേത്‌. കേരളത്തിലെ ആദ്യത്തെ രാഷ്‌ട്രീയപണിമുടക്കെന്നു വിശേഷിപ്പിക്കാവുന്ന 1938-ലെ ആലപ്പുഴ കയര്‍ഫാക്‌ടറി പണിമുടക്കു നടന്നത്‌ പത്രോസിന്റെ നേതൃത്വത്തിലായിരുന്നു. പുന്നപ്ര-വയലാര്‍ സമരത്തിന്റെ ഡിക്‌ടേറ്ററായി പാര്‍ട്ടി തെരഞ്ഞെടുത്തത്‌ പത്രോസിനെയാണ്‌. ആ സമരത്തില്‍ യന്ത്രത്തോക്കിനെതിരെ വാരിക്കുന്തം ഉയര്‍ന്നതോടെ പത്രോസ്‌ കേരളമാകെ ‘കുന്തക്കാരന്‍ പത്രോസ്‌’ എന്ന്‌ അറിയപ്പെട്ടു. പത്രോസായിരുന്നു കല്‌ക്കത്താ തീസിസ്‌ കാലത്ത്‌ കമ്യൂണിസ്‌റ്റുപാര്‍ട്ടിയുടെ തിരുവിതാംകൂര്‍ സ്‌റ്റേറ്റ്‌ കമ്മിറ്റി സെക്രട്ടറി.

ജീവിത രേഖ

സഖാവ് കെ.വി. പത്രോസ് 1931 മുതൽ 1939 വരെ തുടർച്ചയായി തിരുവിതാംകൂർ കമ്മ്യൂണിസ്റ്റു പാർട്ടിയുടെ സെക്രട്ടറിയായിരുന്നു. ഇദ്ദേഹം ഒരു പുലയനായിരുന്നു ,ഈ കാലയളവിൽ ഇ.എം.എസ് കോൺഗ്രസ് പാർട്ടിയുടെ അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായിരുന്നു’ P കൃഷ്ണ പിള്ളയെ 1940-ൽ കേരള പ്രദേശ് കോൺഗ്രസ് കമ്മറ്റിയിൽ നിന്ന് പുറത്താക്കിയിരുന്നു. ഒടുവിൽ സവർണ്ണലോബികൾ പുലയൻ പത്രോസിൽ നിന്നും സെക്രട്ടറി സ്ഥാനം തട്ടിയെടുക്കാൻ പത്രോസിനുമേൽ ആരോപണങ്ങൾ കെട്ടിച്ചമച്ച് ഉന്നയിച്ച് പുലയൻ പത്രോസിനെ ബ്രാഞ്ചിലേക്ക് തരം താഴ്ത്തകയും പിന്നീട് പാർട്ടിയിൽ നിന്ന് ചവിട്ടി പുറത്താക്കുകയും ചെയ്തു

ചരിത്രം പൊറുക്കാത്ത ഈ തെറ്റ് ചെയ്യന്ന സന്ദർഭത്തിലാണ് P കൃഷ്ണപ്പിള്ളയും ഇ.എം.എസ് നമ്പൂതിരിപ്പാടുമെല്ലാം കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേരുന്നതും നേതൃത്വ സ്ഥാനങ്ങൾ കൈയടക്കുന്നതും ,കമ്മ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുത്ത് ഏഴു പതിറ്റാണ്ടു കഴിഞ്ഞിട്ടും കെ .വി .പത്രോസ് ഒഴികെ ഒരു പുലയനേയോ പറയനേയോ കൊറവനേയോ പാർട്ടിയുടെ ഉന്നത സ്ഥാനത്ത് പിന്നീട് എത്താൻ അനുവദിച്ചിട്ടും ഇല്ല.

Comments

comments