മമ്മൂട്ടി ചിത്രം കസബയെ വിമര്‍ശിച്ചതിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ ആക്രമണം നേരിടുന്ന പാര്‍വതിക്ക് പിന്തുണയുമായി നടി രേവതി. സൈബറിടത്തില്‍ പാര്‍വതിക്കു നേരെ ഉയരുന്ന ആക്രോശങ്ങളും ട്രോളുകളും തീര്‍ത്തും നിരാശയുണ്ടാകുന്നതാണെന്നും ഇത്തരം ആക്രമണങ്ങള്‍ ഇപ്പോള്‍ ഒരു ട്രെന്‍ഡ് ആയി മാറിയിട്ടുണ്ടെന്നും രേവതി പ്രതികരിച്ചു.
സംവിധായകരും നിര്മ്മാതാക്കളുമടക്കമുള്ള നിരവധിയാളുകള്‍ പാര്‍വതിയ്ക്കെതിരെ രംഗത്തു വന്നിരുന്നു. ആര്‍ക്കും എന്തും പറയാനുള്ള വേദിയായി സമൂഹമാധ്യമങ്ങള്‍ മാറിയിരിക്കുകയാണെന്നും സ്ത്രീകളുടെ അഭിപ്രായ സ്വാതന്ത്ര്യത്തിനു പുല്ലുവിലയാണ് സമൂഹം കൊടുക്കുന്നതെന്നും വിമര്‍ശിച്ചുകൊണ്ടാണ് രേവതി എത്തിയത്.
‘മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഏറെ സ്വാതന്ത്ര്യമനുഭവിക്കുന്ന രാജ്യമാണ് ഇന്ത്യ. എന്നാല്‍ സ്ത്രീകളുടെ വിഷയത്തിലേക്കും അവരുടെ അഭിപ്രായസ്വാതന്ത്ര്യത്തിലേക്കും എത്തുമ്പോള്‍ ആ സ്വാതന്ത്ര്യം നിലനില്ക്കുന്നില്ല. സ്ത്രീകളെ ദൈവമായി കണ്ട് പൂജിക്കുന്നൊരിടത്ത് സ്ത്രീയുടെ അഭിപ്രായത്തിന് സ്ഥാനമില്ല!’
ഈ വിഷയത്തിലുള്ള ഉത്കണ്ഠയാണ് താന്‍ പങ്കുവയ്ക്കുന്നതെന്നും ഇതില്‍ തന്റെ സുഹൃത്തുക്കളും ആരാധകരും എന്താണ് ചിന്തിക്കുന്നത് എന്നറിയാന്‍ താത്പര്യമുണ്ടെന്നും രേവതി വ്യക്തമാക്കി. ക്രിയാത്മകമായി പ്രതികരിക്കാനുള്ള ഒരു വേദിയാണ് സോഷ്യല്‍ മീഡിയ. പിന്നെ എന്തിനാണ് സത്യങ്ങള്‍ വിളിച്ചു പറയുന്നവരെ ആക്ഷേപിക്കാനുള്ള ഒരിടമാക്കി അതിനെ മാറ്റുന്നതെന്നും രേവതി ചോദിച്ചു.
‘സിനിമയില്‍ അംഗീകരിക്കപ്പെടുന്ന ഒരു സ്ഥാനത്തെത്തിയ അഭിനേതാക്കള്‍ക്ക്, ചില കഥാപാത്രങ്ങള്‍ ചെയ്യുമ്പോളും സംഭാഷണങ്ങള്‍ പറയുമ്പോളും യാതൊരു സാമൂഹിക ഉത്തരവാദിത്തവും ഇല്ലെന്നാണോ നിങ്ങള്‍ കരുതുന്നത്? സിനിമ എന്റര്ടെയ്മെന്റിനുള്ളതാണ്, എന്നാല്‍ മറ്റുള്ളവരെ നിന്ദിച്ചുകൊണ്ടുള്ള ഇത്തരം സംഭാഷണങ്ങളും പാട്ടുകളും ആസ്വദിക്കാനുള്ളതാണോ’ എന്നും പാര്‍വതി ചോദിച്ചു.
രാജ്യാന്തര ചലച്ചിത്രമേളയുടെ ഭാഗമായി നടന്ന ഓപ്പണ്‍ ഫോറത്തിലാണ് പാര്‍വതി കസബ എന്ന ചിത്രത്തെയും അതിലെ കഥാപാത്രത്തെയും സംഭാഷണങ്ങളെയും വിമര്‍ശിച്ചത്. മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രത്തിന്റെ ചില സംഭാഷണങ്ങള്‍ തന്നെ വേദനിപ്പിച്ചെന്നും ഇത്രയും വലിയൊരു സ്ഥാനത്തിരിക്കുന്ന നടന് അങ്ങനെ പറയുമ്പോള്‍ അത് മഹത്വവത്കരിക്കപ്പെടുകയാണെന്നും അതുകൊണ്ട് ഇതുപോലുള്ള നായകത്വം നമുക്ക് വേണ്ടെന്നും പാര്‍വതി പറഞ്ഞിരുന്നു.
എന്നാല്‍ പാര്‍വതി മമ്മൂട്ടിയെ ലക്ഷ്യം വച്ചും അപമാനിച്ചുമാണ് സംസാരിച്ചതെന്ന പേരില്‍ അവരെ കൂട്ടമായി സോഷ്യല്‍ മീഡിയയില്‍ ആക്രമിച്ചിരുന്നു. ഒരു സിനിമയുടെ ഉള്ളടക്കത്തെക്കുറിച്ച് പറഞ്ഞ അഭിപ്രായത്തില്‍ എരിവു ചേര്‍ത്ത് അത് ഇന്ത്യയിലെ ഏറ്റവും മികവുറ്റ നടന്മാരില് ഒരാള്‍ക്കെതിരായ വിമര്‍ശനമാക്കി മാറ്റിയതിനും ആടിനെ പട്ടിയാക്കുന്ന ഈ മഞ്ഞപത്രങ്ങളെ വിശ്വസിച്ചതിനും ആരാധകരോടും നന്ദിയുണ്ടെന്ന് പറഞ്ഞ് പാര്‍വതി തന്നെ രംഗത്തെത്തിയിരുന്നു. അതിനു പുറകെയാണ് രേവതിയുടെ പ്രതികരണം.
സിനിമയിലെ സ്ത്രീ കൂട്ടായ്മയായ വിമണ്‍ ഇന്‍ സിനിമാ കളക്ടീവിന് പോസിറ്റീവും നെഗറ്റീവുമായ നിരവധി പ്രതികരണങ്ങള്‍ ലഭിക്കുന്നുണ്ടെന്നും എന്നാല്‍ ഈ കൂട്ടായ്മ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും താനും അതിന്റെ ഭാഗമാണെന്നും രേവതി പറഞ്ഞു. സ്ത്രീകളുടെ അവകാശങ്ങള്‍ ഉറപ്പുവരുത്തുകയും ആത്മാഭിമാനം ഉയര്‍ത്തിപ്പിടിക്കാന്‍ അവരെ പ്രാപ്തരാക്കുകയുമാണ് സംഘടനയുടെ ലക്ഷ്യമെന്നും രേവതി പറഞ്ഞു.
സമൂഹമാധ്യമങ്ങള്‍ സമൂഹത്തിന്റെ ഉന്നമനത്തിനായി ഉപയോഗിക്കാമെന്നിരിക്കേ സത്യം പറഞ്ഞതിന്റെ പേരില്‍ ഒരു താരത്തെ ഇങ്ങനെ സമൂഹമാധ്യമങ്ങളിലൂടെ ക്രൂശിക്കുന്നത് എന്തിനാണ്? ആര്‍ക്കും എന്തും പറയാനുള്ള വേദിയായി സമൂഹമാധ്യമങ്ങള്‍ മാറിയിരിക്കുന്നുവോ? എന്തു മോശം ഭാഷയും സമൂഹമാധ്യമങ്ങളില്‍ ഉപയോഗിക്കാമെന്നോ?
സ്ത്രീകളെ ബഹുമാനിക്കാനറിയാത്ത സംസ്കാര ശൂന്യരായവരായി നാം മാറുകയാണോ? സമൂഹത്തില്‍ നിലയും വിലയും നേടിയ താരങ്ങള്‍ക്കു സാമൂഹികപ്രതിബദ്ധത ആവശ്യമില്ലെന്നാണോ നിങ്ങള്‍ കരുതുന്നത്. സിനിമ വിനോദത്തിനാണെന്നതു സത്യം തന്നെ. പക്ഷേ, എന്തിനാണു സ്ത്രീത്വത്തെ അപമാനിക്കുന്ന ദൃശ്യങ്ങളും സംഭാഷണങ്ങളും പാട്ടുകളും? അതോ ഇത്തരം പാട്ടുകളും സംഭാഷണങ്ങളും വിനോദം തന്നെയാണോ?
അതേ സമയം സന്തോഷ് പണ്ഡിറ്റും, സിനിമയുടെ സംവിധായകന് നിധിന് രഞ്ജി പണിക്കരും പാര്‍വതിക്കെതിരെ രംഗത്തെത്തിയിരുന്നു. മലയാള ചലച്ചിത്രം കസബയെയും നടന് മമ്മൂട്ടിയെയും രൂക്ഷമായി വിമര്‍ശിച്ച നടി പാര്‍വതി മറുപടി അര്‍ഹിക്കുന്നില്ലെന്ന് നിഥിന് രണ്‍ജി പണിക്കര്‍ പറഞ്ഞിരുന്നു. പാര്‍വതിയെ പോലൊരു ആളോട് പ്രതികരിക്കാന്‍ തനിക്ക് താത്പര്യമില്ലെന്നും നിഥിന് പറഞ്ഞിരുന്നു.