Breaking News

വ്യാജ ഓണ്‍ലൈന്‍ ന്യൂസ് സൈറ്റുകള്‍ക്ക് പിടി വീഴും

ഓണ്‍ ലൈന്‍ ന്യൂസ് സൈറ്റുകളിലെ വ്യാജന്മാരെ തുരത്താന്‍ ഗൂഗിള്‍ തയ്യാറെടുക്കുന്നു. ഓണ്‍ലൈനിലൂടെ പ്രചരിക്കുന്ന വാര്‍ത്തകളെക്കുറിച്ചു നിരവധി ആരോപണങ്ങളും വിമര്‍ശനങ്ങളും അടിക്കടി ഉയര്‍ന്ന സാഹചര്യത്തില്‍ കടുത്ത നടപടിക്ക് ഒരുങ്ങുകയാണ് ഗൂഗിള്‍.

maxresdef4

വ്യാജ സൈറ്റുകള്‍ നിയന്ത്രിക്കുന്നവരെയും, സൈറ്റുകളുടെ യഥാര്‍ത്ഥ ഉടമസ്ഥത മറച്ചുവയ്ക്കുന്നവരുടെയും സൈറ്റുകള്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കുമെന്ന് ഗൂഗിള്‍ പറഞ്ഞു. സൈറ്റുകളുടെ ഉദ്ദേശ ശുദ്ധി പ്രദര്‍ശിപ്പിക്കാത്ത സൈറ്റുകളും, രാജ്യം, ദേശം എന്നിവ വ്യക്തമല്ലാത്ത സൈറ്റുകളും ഒഴിവാക്കപ്പെടും.

‘സൈറ്റുകള്‍ വ്യാജമായി പ്രതിനിധീകരിക്കപ്പെടരുത്, നിങ്ങളുടെ ഉദ്ദേശം മറച്ചുവയ്ക്കരുത്; ഗൂഗിള്‍ ന്യൂസ് പട്ടികയില്‍ ഉള്‍പ്പെടുന്ന ഒരു സൈറ്റും വ്യാജ ഉടമസ്ഥരെ പ്രതിനിധീകരിക്കുന്നതോ, വ്യാജ മേല്‍വിലാസങ്ങള്‍ ഉള്ളതോ, വായനക്കാരെ വഴിതെറ്റിക്കുന്നതോ, വ്യാജ പൗരത്വം പ്രദര്‍ശിപ്പിക്കുന്നതോ, മറ്റൊരു രാജ്യത്തിലെ പൗരമാരെ ഏതെങ്കിലും തരത്തില്‍ സ്വാധീനിക്കാന്‍ ഉദ്ദേശിച്ചതോ ആയിരിക്കരുത്,”
ഗൂഗിള്‍ പറഞ്ഞു.

സത്യസന്ധമായ വാര്‍ത്ത റിപ്പോര്‍ട്ടിങ്, വ്യക്തമായ വിവരം നല്‍കല്‍ എന്നിവയാണ് ഗൂഗിള്‍ ന്യൂസ് പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള മാനദണ്ഡം. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കപ്പെടുന്ന ഇന്റ്റര്‍നെറ്റ് ലോകത്തില്‍ അതിനെ ഔദ്യോഗികമാക്കുന്ന എല്ലാ വിവരണങ്ങളും ആവശ്യമാണ്.

യഥാര്‍ത്ഥ വാര്‍ത്തകളില്‍ നിന്ന് മാറി സംഗ്രഹിച്ച വാര്‍ത്തകളോ, അല്ലെങ്കില്‍ പ്രത്യേക സംവിധാനം വഴി ഗൂഗിളിന്റെ പരിശോധന സംവിധാനത്തെ മറി കടക്കുന്നവയോ ആയാലും അവയ്‌ക്കെതിരെ ശക്തമായ നടപടി ഉണ്ടാകും എന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.

വാര്‍ത്താ സൈറ്റുകളുടെ ഉടമസ്ഥര്‍ ശരിയായ മേല്‍വിലാസം അടക്കം ഉടമസ്ഥരെ സംബന്ധിച്ച എല്ലാ വിവരങ്ങളും പ്രദര്‍ശിപ്പിക്കേണ്ടത് അനിവാര്യമാണെന്നും ഗൂഗിള്‍ വ്യക്തമാക്കി.

പുതുതായി തുടങ്ങിയ പല സൈറ്റുകളിലും അതിന് പിന്നിലുളളവര്‍ ആരാണ് എന്ന് ‘എബൗട്ട് അസ്” എന്നിടത്ത് വ്യക്തമാക്കാറില്ല. ഇത്തരം സൈറ്റുകള്‍ നിക്ഷിപ്ത താല്‍പര്യം പ്രചരിപ്പിക്കാനുളള സംവിധാനമായാണ് ഉപയോഗിക്കപ്പെടുന്നത്. വാര്‍ത്തകള്‍ക്കപ്പുറം വിദ്വേഷവും വ്യാജപ്രചാരണവും ഇത് വഴി നടത്തുന്നുണ്ടെന്നും പരാതികള്‍ ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഗൂഗിള്‍ തങ്ങളുടെ പുതിയ നീക്കവുമായി രംഗത്ത് വരുന്നത്.

മാത്രമല്ല വാര്‍ത്താ സൈറ്റുകളില്‍ ഉള്ളടക്കത്തേക്കാളധികം പരസ്യങ്ങളോ പണം വാങ്ങിയുള്ള പ്രചാരണ വിഷയങ്ങളോ ഉണ്ടാകാന്‍ പാടില്ലെന്നും ഗൂഗിള്‍ പറഞ്ഞു. ഗൂഗിളിന്റെ മാര്‍ഗനിര്‍ദേശങ്ങളില്‍ ഉള്‍പ്പെടാത്ത, ദോഷകരമായ പ്രചാരണങ്ങള്‍ നടത്തുന്ന സൈറ്റുകളും ഒഴിവാക്കപ്പെടും, ഗൂഗിള്‍ അറിയിച്ചു.

Comments

comments