Breaking News

കേരളത്തിലെ ജൈനമത ശേഷിപ്പുകളും നാല് മുഖങ്ങളുള്ള ബസതിയും

ബി.സി.310ല്‍ മൗര്യ ഭരണകാലത്ത് മഗധയിലെ ഭദ്രബാഹുവിന്റെയും ചന്ദ്രഗുപ്ത മൗര്യന്റെയും നേതൃത്വത്തിലാണ് ദക്ഷിണേന്ത്യയില്‍ ജൈനമതം പ്രചാരം കൊണ്ടത്. ചന്ദ്രഗുപ്ത മൗര്യന്റെ ഭരണകാലത്ത് പന്ത്രണ്ട് വര്‍ഷത്തോളം കൊടും വരള്‍ച്ചയും ക്ഷാമവും ഉണ്ടായെന്നും ജൈന മതാചാര്യനായ ഭദ്രബാഹുവിന്റെ നേതൃത്വത്തില്‍ കര്‍ണാടകയിലെ ശ്രാവണബളഗോളയിലേക്ക് വലിയൊരു സംഘം ജൈന മതസ്ഥര്‍ കുടിയേറ്റം നടത്തിയതായും പറയപ്പെടുന്നു. അവിടെ നിന്നാണ് കേരളത്തിലേക്കടക്കം വിവിധ ഭാഗങ്ങളിലേക്ക് ജൈനമതസ്ഥര്‍ കുടിയേറി പാര്‍ക്കുന്നത്.

jainism3

കാസര്‍കോടിന്റെ സമ്പന്നമായ സംസ്‌ക്കാരത്തിന് ജൈനമതം അമൂല്യമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. കേരളത്തില്‍ ജൈന മതത്തിന് സ്വാധീനമുണ്ടായിരുന്ന ചുരുക്കം സ്ഥലങ്ങളിലൊന്നാണ് കാസര്‍കോട്. ജാതി വ്യവസ്ഥയെ നിഷേധിക്കുന്ന ഒരു വിശ്വാസവ്യവസ്ഥ എന്ന നിലയില്‍ ജൈനമതം കാസര്‍കോട്ട് സ്വാധീനമുറപ്പിക്കുകയും ഇവിടത്തെ സാംസ്‌ക്കാരികമായ സമന്വയത്തിന് വഴിയൊരുക്കുകയും ചെയ്തു.

മഹാകവി ഗോവിന്ദ പൈയുടെ അഭിപ്രായപ്രകാരം ക്രിസ്തുവര്‍ഷം രണ്ടാം ശതാബ്ദത്തിനിടയ്ക്കാണ് ജൈന മതസ്ഥര്‍ കാസര്‍കോട് ഭാഗത്തേക്ക് കുടിയേറിയത് എന്നാണ്. നിരവധി ജൈന രാജവംശങ്ങള്‍ ഉദയം ചെയ്യുകയും ഒട്ടേറെ ജൈനബസതികള്‍ ഇവിടെ നിര്‍മ്മിക്കപ്പെട്ടതായും പറയുന്നു. പിന്നീട് രാഷട്രീയാധികാരം നഷ്ടപ്പെടാന്‍ തുടങ്ങിയതോടെ ജൈനമത വിശ്വാസികളുടെ എണ്ണം കുറഞ്ഞുകൊണ്ടിരുന്നു. നിരവധി ജൈന ബസതികള്‍ ഇതോടെ ഹൈന്ദവ ക്ഷേത്രങ്ങളായി മാറി. ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ തുളുനാട്ടില്‍ 160 ഓളം ജൈന ബസതികള്‍ ഉണ്ടായിരുന്നുവെന്ന് പറയപ്പെടുന്നു.

എ.ഡി. പന്ത്രണ്ടാം നൂറ്റാണ്ട് വരെ ജൈന മതത്തിന് രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും പ്രചാരമുണ്ടായിരുന്നു. അതിന്റെ അടയാളപ്പെടുത്തലെന്നോണം ജൈന മതാചാര്യന്മാരുടെ പ്രതിമകളും കുല ചിഹ്നങ്ങളുടെയും ജൈന ബസതികളുടെയും അവശിഷ്ടങ്ങളും വിവിധ ഭാഗങ്ങളിലായുണ്ട്. കേരളത്തില്‍ കാസര്‍കോട് മഞ്ചേശ്വരം ഉള്‍പ്പെടെ ചില സ്ഥലങ്ങളിലായി ഇത്തരം ജൈനമത സ്മാരകങ്ങള്‍ ഇപ്പോഴുമുണ്ട്.

മഞ്ചേശ്വരത്തെ ചതുര്‍മുഖ ബസതി, പാര്‍ശ്വനാഥ ബസതി എന്നിവക്ക് പുറമെ കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി, ആലപ്പുഴ, പെരുമ്പാവൂര്‍, മട്ടാഞ്ചേരി തുടങ്ങിയ ഇടങ്ങളിലാണ് ജൈനമത ക്ഷേത്രങ്ങളുള്ളത്. കര്‍ണാടകയില്‍ പ്രചാരം നേടിയ ജൈനമതം കേരളത്തിന്റെ വടക്കന്‍ ഭാഗങ്ങള്‍ വഴി മറ്റിടങ്ങളിലേക്കും പ്രചരിക്കുകയായിരുന്നുവെന്ന് കരുതുന്നു.

ബി.സി. നാലാം നൂറ്റാണ്ടോട് കൂടിയാണ് ഇത്. കാസര്‍കോട് ജില്ലയോട് തൊട്ടുരുമ്മി നില്‍ക്കുന്ന കര്‍ണ്ണാടകയിലെ മംഗളൂരു, കാര്‍ക്കള, ധര്‍മ്മസ്ഥല, തൊക്കോട്ട് തുടങ്ങിയ സ്ഥലങ്ങളില്‍ ജൈന മത കേന്ദ്രങ്ങളുണ്ട്. ഹൊസങ്കടി, മഞ്ചേശ്വരം എന്നിവിടങ്ങള്‍ക്ക് പുറമെ കുമ്പള, കാസര്‍കോട് ഭാഗങ്ങളിലും ജൈനമതത്തിന് വേരുണ്ടായിരുന്നു. പന്ത്രണ്ടാം നൂറ്റാണ്ടോടുകൂടിയാണത്രെ ദക്ഷിണ കര്‍ണാടകത്തിലും ഉത്തരകേരളത്തിലും ജൈനമതം ക്ഷയിച്ച് തുടങ്ങിയത്.

മഞ്ചേശ്വരം കേന്ദ്രമാക്കി നാട് വാണിരുന്ന ബങ്കരരാജാക്കന്മാര്‍ ജൈനമതത്തിന് സംരക്ഷണം നല്‍കിയിരുന്നതായി ചരിത്രം പറയുന്നു. ഹൊസങ്കടിക്ക് സമീപം കട്ടെ ബസാറിലുള്ള ചന്ദ്രനാഥ സ്വാമി ചതുര്‍മുഖ ക്ഷേത്രം എന്ന ചതുര്‍മുഖ വാതായന ജൈന ക്ഷേത്രം ജൈനമതത്തിന്റെ സ്മാരകമായാണ് ഇന്ന് നിലകൊള്ളുന്നത്. പ്രാചീനമായ ഈ ക്ഷേത്രത്തിന് ചുറ്റുമുള്ള ഭാഗങ്ങള്‍ രണ്ട് നൂറ്റാണ്ട് മുമ്പ് വരെ ജൈന മതസ്ഥരുടെ അധിവാസ കേന്ദ്രമായിരുന്നു. അന്ന് നാനൂറില്‍പരം ജൈന കുടുംബങ്ങള്‍ ഇവിടെയുണ്ടായിരുന്നു. നിലവില്‍ അഞ്ച് കുടുംബങ്ങള്‍ മാത്രമേ ജൈന മതസ്ഥരായി ഇവിടെയുള്ളൂ.

jainism kerala

രാജ്യത്ത് ആകെ നാല് ചതുര്‍മുഖ വാതായന ജൈനക്ഷേത്രങ്ങളേയുള്ളൂവത്രെ. ഈ ഗണത്തിലുള്ള കേരളത്തിലെ ഏക ജൈനക്ഷേത്രമാണ് മഞ്ചേശ്വരത്തേത്. പേര് സൂചിപ്പിക്കും പോലെ ചതുര്‍മുഖ ക്ഷേത്രത്തിന് നാല് ഭാഗത്തും മുഖ(പ്രവേശന കവാടം)ങ്ങളുണ്ട്. ബസതിയുടെ കേന്ദ്രസ്ഥാനം തീര്‍ത്ഥങ്കര പ്രതിഷ്ഠയുള്ള ശ്രീകോവിലാണ്. തീര്‍ത്ഥങ്കരന്മാരായ ആദിനാഥ, ചന്ദ്രനാഥ, ശാന്തനാഥ, വര്‍ദ്ധമാന മഹാവീരന്‍ എന്നിവരുടെ പ്രതിഷ്ഠ ഇവിടെയുണ്ട്. ക്ഷേത്രത്തോളം പഴക്കമുള്ള കിണറും സമീപത്തായുണ്ട്.

കുന്നിന്‍പുറത്തെ കുറ്റിക്കാടുകള്‍ക്ക് നടുവിലായാണ് ചതുര്‍മുഖ ക്ഷേത്രമുള്ളത്. വലിയ മതിലിനകത്തായി സ്ഥിതിചെയ്യുന്ന ഈ ജൈന ക്ഷേത്രം പൗരാണികമായ പ്രൗഢി വിളിച്ചോതുന്നുമുണ്ട്. ചതുര്‍മുഖ ബസതിക്ക് ഏതാനും മീറ്ററുകള്‍ക്കപ്പുറത്താണ് പാര്‍ശ്വനാഥ ബസതിയുള്ളത്. ബങ്കര മഞ്ചേശ്വരത്തുള്ള ഈ ക്ഷേത്രത്തിന് സമീപത്തായാണ് ജൈനമത വിശ്വാസികളായ അഞ്ച് കുടുംബങ്ങളും താമസിക്കുന്നത്. സാധാരണ ജൈന ക്ഷേത്രങ്ങളുടെ നിര്‍മ്മാണ രീതിയിലാണ് ഈ ബസതിയുള്ളത്. മുമ്പില്‍ അനേകം സ്തംഭങ്ങളുള്ള വിസ്തൃതമായ നവരംഗവും അതിനപ്പുറത്തായി മണ്ഡപവും ഗോപുരവുമുണ്ട്. ഏക തീര്‍ത്ഥങ്കര പ്രതിഷ്ഠയാണ് ഇവിടത്തേത്.

പാര്‍ശ്വനാഥ ബസതിയെ ‘ചെട്ടിപ്പതി’ എന്നാണ് പ്രദേശവാസികള്‍ വിളിക്കുന്നത്. ജൈനമത വിശ്വാസികളായ ചെട്ടികളുടെ ആരാധനാലയം എന്ന നിലയിലായിരിക്കണം ഇങ്ങനെ വിളിച്ചുവരുന്നത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള പാര്‍ശ്വനാഥ ബസതി ഇന്ന് അവഗണനയുടെ തറപ്പുറത്താണുള്ളത്. പ്രവേശന കവാടം ഒഴികെയുള്ള ഭാഗങ്ങള്‍ക്കൊക്കെ കേടുപാട് സംഭവിച്ചിട്ടുണ്ട്.ചതുര്‍മുഖ ബസതിയിലും പാര്‍ശ്വനാഥ ബസതിയിലും ഇപ്പോഴും ദിനേന പ്രഭാത പൂജ നടന്നുവരുന്നു. കര്‍ണ്ണാടക ഉള്ളാളില്‍ നിന്നെത്തുന്ന പൂജാരിയാണ് പൂജക്ക് നേതൃത്വം നല്‍കുന്നത്.

ഏറെ പുരാതനമായ രണ്ട് ക്ഷേത്രങ്ങളുടെയും പ്രൗഢി നിലനിര്‍ത്തണമെന്ന് ഇവര്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും നിത്യവൃത്തിക്ക് പോലും വകയില്ലാത്തതും അംഗബലം കുറഞ്ഞതും അതിന് തടസ്സമാവുന്നു. തൊട്ടടുത്ത കര്‍ണ്ണാടകയിലെ കാര്‍ക്കള, ഉഡുപ്പി, ബെല്‍ത്തങ്ങാടി ഭാഗങ്ങളില്‍ നാലായിരത്തില്‍പരം ജൈനമതസ്ഥരുണ്ടെങ്കിലും സാമ്പത്തികമായി മെച്ചപ്പെട്ട അവരുടെ സഹായം ഇവിടെയുള്ളവര്‍ക്ക് ലഭിക്കാറില്ല. കച്ചവടം, കൃഷി എന്നിവയുമായി ബന്ധപ്പെട്ട ജോലികളാണ് ഇവിടെയുള്ളവരുടെ വരുമാന മാര്‍ഗ്ഗം. അതു കൊണ്ടൊക്കെ തന്നെ ഇവിടത്തെ ക്ഷേത്രങ്ങള്‍ നവീകരിക്കാനോ സ്ഥിരം പൂജാരിയെ നിയമിക്കാനോ ഇവര്‍ക്കാവുന്നില്ല.

നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കാത്തതിനാല്‍ ഇരു ബസതികളും കാലപ്പഴക്കം തുറന്നുകാട്ടുന്നുണ്ട്. പാര്‍ശ്വനാഥ ബസതിയുടെ ദയനീയസ്ഥിതി ഒറ്റ നോട്ടത്തില്‍ തന്നെ വായിച്ചെടുക്കാനാവും.
മഞ്ചേശ്വരത്തിന് പുറമെ കാലിച്ചാംപൊതി, മൂലപ്പള്ളി, ചെറുവത്തൂര്‍, ബന്തടുക്ക, കുണ്ടംകുഴി, കുമ്പള, മധൂര്‍ തുടങ്ങിയയിടങ്ങളിലും ജൈനമത വിശ്വാസികളുണ്ടായിരുന്നതായി പറയുന്നു. ജില്ലയിലെ ഒട്ടുമിക്ക ജൈന ദേവാലയങ്ങളും പില്‍ക്കാലത്ത് ഹൈന്ദവ ക്ഷേത്രങ്ങളായി രൂപപ്പെടുത്തിയിരിക്കാം.

ഇവിടങ്ങളിലെ ജൈനമത വിശ്വാസികള്‍ കാലക്രമേണ ഹിന്ദു മതത്തിലേക്ക് മാറിയതാകുമെന്നും കരുതുന്നു. ഒരുകാലത്ത് ജില്ലയിലാകെ ജൈനമതം പ്രചാരത്തിലുണ്ടായിരുന്നുവെന്നാണ് ചരിത്രം പറയുന്നത്. ഇവിടത്തെ പല ക്ഷേത്രങ്ങളുടെയും നിര്‍മ്മാണ രീതി ജൈന ക്ഷേത്രങ്ങളോട് സാമ്യമുള്ളതാണെന്നും പറയപ്പെടുന്നു.
കര്‍ണാടക ബെല്‍ത്തങ്ങാടിയില്‍ നിന്ന് കുടിയേറിയവരാണ് മഞ്ചേശ്വരത്തെ ജൈന സമൂഹം.

ബങ്കരരാജാക്കന്മാരുടെ കാലം ജൈനമത വിശ്വാസികളുടെ സുവര്‍ണ്ണ കാലമായിരുന്നുവത്രെ. രാജഭരണം നിലച്ചതോടെ ഭയംമൂലം മഞ്ചേശ്വരത്തെ ജൈന കുടുംബങ്ങളില്‍ ബഹുഭൂരിഭാഗവും കര്‍ണ്ണാടകയിലേക്ക് മടങ്ങി. ഇന്ന് അഞ്ച് കുടുംബങ്ങള്‍ മാത്രമാണ് ഇവിടെ അവശേഷിക്കുന്നത്. ജൈന സമൂഹത്തിന്റെ കാസര്‍കോട്ടെ ആകെ തുകയാണിത്. ഇവിടത്തെ ജൈന വിഭാഗത്തില്‍ പഴയ തലമുറ മാത്രമാണ് പാരമ്പര്യമായുള്ള അനുഷ്ഠാനങ്ങള്‍ ഇന്നും അതേപടി കൊണ്ടുനടക്കുന്നത്. പുതുതലമുറയിലുള്ളവര്‍ തങ്ങളുടെ ആരാധനയില്‍ ഹൈന്ദവ വിശ്വാസവും ഇടകലര്‍ത്തിയതായി പറയുന്നു. നവരാത്രി ആഘോഷമാണ് ഇവിടത്തെ ജൈന മതസ്തരുടെ പ്രധാന ആഘോഷങ്ങളിലൊന്ന്. വാഹനപൂജയടക്കമുള്ള ചടങ്ങുകള്‍ നവരാത്രി ആഘോഷവുമായി ബന്ധപ്പെട്ട് ജൈനക്ഷേത്രത്തില്‍ നടന്നുവരുന്നു.

jainisam2

ആചാരാനുഷ്ഠാനങ്ങളിലും ജീവിത രീതിയിലും തെല്ലും മാറ്റത്തിരുത്തലുകളുണ്ടായിട്ടില്ലെന്ന് ബങ്കര മഞ്ചേശ്വരത്തെ ജൈനമത വിശ്വാസികളില്‍ മുതിര്‍ന്നവര്‍ സാക്ഷ്യപ്പെടുത്തുന്നു. ഇവിടത്തെ ഏറ്റവും മുതിര്‍ന്ന അംഗം 73കാരനായ ധര്‍മ്മരാജ് സ്വാമിയോട് ജൈനമത ആഗമനത്തേയും ആചാരാനുഷ്ഠാനങ്ങളെയും കുറിച്ച് ചോദിച്ചാല്‍ ചിരിതൂകി അദ്ദേഹം വിവരിച്ചുതരും നൂറ്റാണ്ടുകളുടെ പെരുമ. സൂര്യാസ്തമയം കഴിഞ്ഞാല്‍ പിന്നെ ജൈന വിശ്വാസികള്‍ ഭക്ഷണം കഴിക്കില്ല. പണ്ട് മുതല്‍ക്കെയുള്ള ആചാരമാണത്. ഒരു ജീവിയെപ്പോലും നോവിക്കരുതെന്ന അടിസ്ഥാന തത്വമാണത്രെ ഇതിന് പിന്നില്‍. സന്ധ്യ കഴിഞ്ഞാല്‍, ഇരുട്ടാകുന്ന മുറക്ക് ഭക്ഷണം കഴിക്കുമ്പോള്‍ പ്രാണിയോ മറ്റോ ഭക്ഷണത്തില്‍ വീഴുമോ എന്ന ഭയം മൂലമാണ് പഴമക്കാര്‍ ഇങ്ങനെ ശീലിച്ചതെന്ന് ധര്‍മ്മരാജ് പറയുന്നു.

കൃഷിയുമായി ബന്ധപ്പെട്ട് ജീവിക്കുന്ന ജൈനമതസ്ഥരുണ്ട്. എന്നാല്‍ നിലം കിളക്കുന്ന ജോലികളൊന്നും ഇവര്‍ ചെയ്യില്ല. ആയുധം ഉപയോഗിച്ചുള്ള ജോലിക്കിടെ ചെറുജീവികള്‍ക്ക് നാശം സംഭവിക്കുമോയെന്ന ആശങ്ക ഇവര്‍ക്കുണ്ട്. ഇത്രയ്ക്കും സൂക്ഷ്മമായാണ് ഇവര്‍ ജീവിക്കുന്നത്. അംഗബലം കുറഞ്ഞുവരുന്നതും ബന്ധപ്പെട്ടവര്‍ കാട്ടുന്ന അനാസ്ഥയും ഇവിടത്തെ ജൈന മതസ്ഥരുടെ ഭാവിക്ക് മുന്നിലെ ചോദ്യചിഹ്നമാവുന്നു. കേരളത്തിലെ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ ചതുര്‍മുഖ ക്ഷേത്രത്തെ സംരക്ഷിക്കാനും നടപടിയുണ്ടാവേണ്ടതുണ്ട്.

Comments

comments