Breaking News

സംവരണത്തിന്‍െറ വര്‍ത്തമാനം -ഡോ. അജയ് ശേഖര്‍

dr ajay sekhar8

ഡോ. അജയ് ശേഖര്‍ (കാലടി സംസ്കൃത സര്‍വകലാശാല )

ഇന്ത്യയിലെ സ്വാതന്ത്ര്യസമരഭൂമികയില്‍ വരേണ്യ ബ്രാഹ്മണിക ദേശീയവാദം സാധൂകരിക്കപ്പെട്ടതും ശക്തിപ്പെട്ടതും ഗാന്ധി, തിലക്, പട്ടേല്‍ എന്നീ ദേശീയവാദ ഹിന്ദുനേതാക്കളിലൂടെയായിരുന്നുവെന്നത് നിഷേധിക്കാനാകാത്ത വസ്തുതയാണ്. ഈ ഇടപെടല്‍ തികച്ചും അവര്‍ണ, ന്യൂനപക്ഷവിരുദ്ധമായിരുന്നുവെന്ന് ‘ഫൗണ്ടേഷന്‍സ് ഓഫ് ആന്‍റി ഇസ്ലാമിസം ഇന്‍ ഇന്ത്യ’ എന്ന പുസ്തകത്തില്‍ അമലേന്ദു മിശ്ര വിശദീകരിക്കുന്നു. ഹൈന്ദവദേശീയവാദത്തിന്‍െറ ഭീഷണികളെക്കുറിച്ച് ജ്യോതിര്‍മയ ശര്‍മയും ക്രിസ്റ്റോഫ് ജാഫ്രലോട്ടും മറ്റും നിരവധി പുസ്തകങ്ങള്‍തന്നെ എഴുതിയിട്ടുണ്ട്. ഹിന്ദുരാഷ്ട്രവാദികളായ സവര്‍ക്കര്‍, ഗോള്‍വാള്‍ക്കര്‍, മൂഞ്ചേ മഹാശയന്മാരില്‍ വികസിക്കുന്ന തികഞ്ഞ വര്‍ണാശ്രമധര്‍മവാദവും ഹിന്ദുമതത്തേയും അതിന്‍െറ വര്‍ണധര്‍മ പ്രത്യയശാസ്ത്രത്തേയും ഹിംസാത്മകമായി പിന്‍പറ്റുന്നതാണ്. രാമരാജ്യമായി ഇന്ത്യയെ വിഭാവനംചെയ്ത ഗാന്ധിജിതന്നെയാണ് വര്‍ണാശ്രമധര്‍മമെന്ന പുസ്തകം എഴുതി പ്രസിദ്ധീകരിച്ചത്.

എന്നാല്‍, അധിനിവേശ ആധുനികതയുടെ വിമോചന സന്ദര്‍ഭത്തില്‍ സാമൂഹിക ജനായത്തത്തിന്‍േറയും പ്രാതിനിധ്യത്തിന്‍േറയും സാമൂഹിക നീതിയുടേയും നൈതികമായ വിമോചന രാഷ്ട്രീയത്തെ മുന്നോട്ടുകൊണ്ടുവന്നതും വികസിപ്പിച്ചതും ജ്യോതിറാവു ഫൂലേയും അംബേദ്കറും നാരായണഗുരുവും അടങ്ങുന്ന ദലിത് ബഹുജന നേതാക്കളാണ്. ഇവര്‍ നയിച്ച പ്രസ്ഥാനങ്ങളുടെ ദശകങ്ങള്‍ നീണ്ട സമരങ്ങളുടെ ഫലമാണ് ഇന്ത്യയിലെ സാമൂഹികനീതി സംവിധാനവും മാനവിക സംസ്കാരവും. അംബേദ്കറെന്ന തൊട്ടുകൂടാത്തവനാണ് ഇന്ത്യയുടെ നൈതികമായ ആ സാമൂഹികക്രമവും കരാറും സാധ്യമാക്കിയത്. മനുവിന്‍െറ തികച്ചും ബ്രാഹ്മണികവും ചാതുര്‍വര്‍ണ്യപരവുമായ ഹിന്ദുനിയമാവലിയെ അദ്ദേഹം ആധുനികവും നൈതികവുമായ ഭരണഘടനയിലൂടെ മാറ്റിയെഴുതി. തന്‍െറ സാമൂഹിക ജനായത്ത സങ്കല്‍പം പാശ്ചാത്യ ആധുനികതയില്‍നിന്നു മാത്രമല്ല, ബുദ്ധന്‍ 2500 വര്‍ഷങ്ങള്‍ക്കു മുമ്പ് ഇന്ത്യയില്‍ സാധ്യമാക്കിയ ജനായത്ത ഗണങ്ങളുടെ സംഘങ്ങളില്‍നിന്നുകൂടിയാണു താന്‍ വികസിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. സാമുദായിക സംവരണത്തിലൂടെ സാമൂഹിക പ്രാതിനിധ്യവും അധികാരപങ്കാളിത്തവും എന്ന ആശയമൊക്കെ ഉയരുന്നത് അവിടെനിന്നുമാണ്.

ജാതിഹിന്ദുക്കളായ സവര്‍ണരും അവരുടെ ദേശീയവാദ ബ്രാഹ്മണിക നേതാക്കളും സംഘടനകളും ആദ്യകാലം മുതല്‍ സംവരണത്തിനെതിരെ മുറവിളി ഉയര്‍ത്തിയിട്ടുണ്ട്. എന്നാല്‍, ഏതാനും വര്‍ഷങ്ങളായി തങ്ങളെക്കൂടി സംവരണത്തില്‍ ഉള്‍പ്പെടുത്തണമെന്ന പുതിയ വിചിത്രവാദവുമായി രംഗത്ത് വന്നിരിക്കുകയാണ് അവര്‍. ജനായത്ത വ്യവസ്ഥയെ പുറത്തുനിന്ന് ആക്രമിച്ചില്ലാതാക്കാന്‍ കഴിയാതെവരുമ്പോള്‍ ഉള്ളില്‍ കയറിയില്ലാതാക്കുക എന്ന തന്ത്രമാണിവിടെ പയറ്റുന്നത്. ജന്മനാടായ ഇന്ത്യയില്‍നിന്ന് ബുദ്ധിസത്തെ ബ്രാഹ്മണിസം ഇല്ലാതാക്കിയത് ഉള്ളില്‍ നുഴഞ്ഞുകയറി ആശയക്കുഴപ്പമുണ്ടാക്കിയായിരുന്നുവല്ലോ . 21ാം നൂറ്റാണ്ടിന്‍െറ തുടക്കത്തില്‍ സംവരണത്തിനെതിരെ ദില്ലിയിലെ എയിംസില്‍ നടന്ന ഹൈടെക് സമരങ്ങളും 1990കളില്‍ മണ്ഡല്‍ വിരുദ്ധ സമരങ്ങളിലുമെല്ലാം ഉറഞ്ഞുതുള്ളി തീയില്‍ ചാടിയ വരേണ്യവംശീയ ദേശീയവാദികളും ആവിഷ്കരിച്ചതും അതേ തന്ത്രംതന്നെ.

കേരളത്തിലെ പല സമുദായക്കാരേയും പോലത്തെന്നെ 19ാം നൂറ്റാണ്ടുവരെ വര്‍ണാശ്രമധര്‍മ വ്യവസ്ഥയില്‍ ശൂദ്രപദവിയായിരുന്നു കുമ്പികള്‍ക്കും കോലികള്‍ക്കും. ഇവരാണ് പിന്നീട് പട്ടേലന്മാരും രജപുത്രരുമായത്. കൊളോണിയല്‍ ബ്രിട്ടീഷ് കാര്‍ഷികനയങ്ങളെ പ്രയോജനപ്പെടുത്തി കുമ്പികള്‍ ഭൂവിഭവശേഷിയും സംസ്കൃതവത്കരണത്തിലൂടെ ക്രമേണ വൈശ്യപദവിയും നേടി പട്ടേലെന്ന പുതിയ ജാതിനാമം എടുത്തണിഞ്ഞു. കുപ്പിണിക്കാരായ പടജനങ്ങളില്‍നിന്നും കോലികള്‍ ക്ഷത്രിയപദവിയിലേക്കും വര്‍ണാശ്രമധര്‍മത്തിന്‍െറ പടവുകള്‍ ചവിട്ടിക്കയറി. മറവക്കുപ്പിണികള്‍ മുറജപവും ഹിരണ്യഗര്‍ഭവും നടത്തി ബ്രാഹ്മണര്‍ക്കു പൊന്നുംപണവും മൂക്കുമുട്ടെ കൊടുത്ത് തിരുവിതാംകൂറിലെ ‘ക്ഷത്രിയ’ രാജാക്കന്മാരായതുപോലെയുള്ള ഒരു വര്‍ണാശ്രമധര്‍മ ചരിതമാണിത്.

നവ ക്ഷത്രിയന്മാരായി ഹൈന്ദവനായകന്മാരായി മാറിയ കുപ്പിണികളും പടയാളിഗോത്രവുമായ രജപുത്രരുടെ പാട്ടക്കാരായിരുന്നു പാട്ടീദാരന്മാര്‍ പലയിടങ്ങളിലും. ഗുജറാത്തിലെ ഭൂമിയും കൃഷിയും വ്യവസായവും അവരുടെ കുത്തകയായിരുന്നു. ഭൂമിയില്‍ പണിത് അന്നമുണ്ടാക്കുന്ന അടിസ്ഥാന ജനസമുദായങ്ങളെ അടിയാളരാക്കിയായിരുന്നു ഈ വെട്ടിപ്പിടിത്തം. 1950കളുടെ തുടക്കത്തില്‍ ഇന്ത്യന്‍ ഭരണഘടനയുടെ നിയമവെളിച്ചത്തില്‍ നടന്ന ഭൂപരിഷ്കരണത്തിലൂടെ അവര്‍ക്കെല്ലാം ഭൂമിയുടെ നിയമപരമായ ഉടമസ്ഥതയും കരഗതമായി.

ഇപ്പോള്‍, രത്നവ്യാപാരം ഒന്നിടിയുകയും ഡോളറിന്‍െറ വരവൊന്നു മങ്ങുകയും ചെയ്തപ്പോള്‍ അവരിതാ പ്രാന്തീകൃതരായ ദലിതബഹുജനങ്ങളുടെ ഭരണഘടനാപരമായ രാഷ്ട്രീയാധികാര വിഹിതത്തില്‍ കൈയിട്ടുവാരാനൊരുങ്ങുന്നു. മധ്യകാലത്ത് ശബരിമലയടക്കമുള്ള പഴയ ബൗദ്ധകേന്ദ്രങ്ങള്‍ പിടിച്ചുകൊള്ളയിട്ട പഴയ മറവക്കുപ്പിണികളായ കാട്ടുകള്ളന്മാരേയും ലജ്ജിപ്പിക്കുന്നതാണ് പട്ടീദാരന്മാരുടെ പടവെടിയും ഹാലിളക്കവും. ഹിന്ദുദേശീയവാദത്തിന്‍െറ ആക്രാമകമായ ഒരനന്തരഫലമാണിത്.

കേവലം ഭരണഘടനാപരമായ പരിരക്ഷയെന്നതിനപ്പുറം, ചരിത്രവിഹിതങ്ങള്‍ നിഷേധിക്കപ്പെട്ട ജനതക്കുള്ള നൈതിക സംരക്ഷണമാണ് സംവരണം. തീര്‍ത്തും ഭൗതികമായ സാമൂഹിക വികസന മാനകങ്ങളുപയോഗിച്ചാണ് ഇന്ത്യയില്‍ സാമൂഹിക പിന്നാക്കാവസ്ഥയെ വിലയിരുത്തുന്നത്. ഇന്ത്യയിലെ സംവരണതത്ത്വങ്ങള്‍ സാമൂഹികനീതി ചിന്തയിലൂന്നിയതും നിയമപരവും ഭരണഘടനാപരവുമാണ്. യു.എസിലേയും മറ്റും അഫേമേറ്റിവ് ആക്ഷനേക്കാളും ശക്തവും യുക്തിഭദ്രവും പ്രാഥമികമായ നൈതികകരാറിന്‍െറ ഭാഗവുമാണത്. തങ്ങള്‍ക്കു നല്‍കിയില്ലെങ്കില്‍ ഇന്ത്യയിലെ സാമൂഹിക നീതിയുടെ ഭരണഘടനാപ്രയോഗം നിര്‍ത്തിക്കളയണമെന്നും മറ്റുമുള്ള പട്ടീദാരന്മാരുടെ വാദവും കേരളത്തിലെ ദേവസ്വം ബോർഡ് നിയമനങ്ങളിൽ കൊണ്ടുവരാൻ ശ്രമിച്ച സാമ്പത്തീക സംവരണവും എല്ലാം അത് ആരാവിഷ്കരിച്ചാലും രാഷ്ട്രീയ സ്വയം സേവക സംഘത്തിന്‍െറ രഹസ്യ അജണ്ടയെ തന്നെയാണ് വെളിപ്പെടുത്തുന്നതാണ്. വെളിപ്പെടുത്തുന്നത്.

ഗുജറാത്തില്‍ ഹാര്‍ദിക് പട്ടേല്‍ നയിച്ച സമരത്തിനുശേഷം, സ്വയം സേവകനായ ആചാര്യന്‍ എം.ജി. വൈദ്യ ഈ സത്യം വെളിപ്പെടുതികയും ചെയ്തതാണല്ലോ? .സാമുദായിക സംവരണം അവസാനിപ്പിക്കണമെന്നും പഴയ ജോസഫ് കമീഷനിലൂടെ ഇ.എം.എസ് കേരളത്തില്‍ കൊണ്ടുവന്ന സാമ്പത്തിക സംവരണമാണ് വേണ്ടതെന്നും അന്ന് സംഘി വൈദ്യന്‍ വിളിച്ചുപറഞ്ഞിരുന്നു (ഹിന്ദു 31 ആഗസ്റ്റ് 2015, പേജ് 12). കേരളത്തിലെ ബ്രാഹ്മണസഭയും ഇതിനോടു ചേര്‍ന്നുകൊണ്ട് ന്യൂനപക്ഷപദവിയും സംവരണവും ആവശ്യപ്പെടുകയാണ്.

യഥാര്‍ഥത്തില്‍, ഹിന്ദുത്വ പ്രവാചകന്മാര്‍ 20ാം നൂറ്റാണ്ടിന്‍െറ തുടക്കത്തില്‍തന്നെ പറയുന്ന രാമരാജ്യമാണ് യഥാര്‍ഥത്തില്‍ ഇവരൊക്കെ ആവശ്യപ്പെടുന്നത്. ശൂദ്രരും ചണ്ടാളരുമൊക്കെ തുല്യമായ മനുഷ്യാവകാശങ്ങളും നേടാന്‍ പാടില്ലാത്ത വര്‍ണാശ്രമധര്‍മത്തിന്‍െറ ജാതിസ്വരാജ്യമാണത്. ‘ഹരിജന’ങ്ങളായി വാഴ്ത്തുന്ന ചണ്ഡാളരുടെ തലയെണ്ണി അവരെ ഹിന്ദുക്കളായി പേരില്‍ നിലനിര്‍ത്തി വേണം ഈ കപട ഹിന്ദുഭൂരിപക്ഷരാജ്യം ന്യൂനപക്ഷങ്ങളില്‍നിന്നും അയല്‍പക്കക്കാരില്‍നിന്നും സംരക്ഷിക്കാന്‍.

അക്ഷരം പഠിക്കുകയും യോഗിയാവുകയും ചെയ്ത ശൂദ്രമുനിയായ ശംബൂകനെ വര്‍ണാശ്രമധര്‍മമെന്ന സനാതന വൈദിക ബ്രാഹ്മണിക ഹിന്ദുമതം സംരക്ഷിക്കാനായി ക്ഷത്രിയ നായകനായ രാമന്‍തന്നെ കഴുത്തറുക്കുകയായിരുന്നു. ആ രാമനെയാണ് ഇന്ന് ഭരണകൂട ഉപാധികളുപയോഗിച്ച് മാധ്യമങ്ങളടക്കം കൊണ്ടാടുന്നത്. കര്‍ക്കടകമാസം കേരളത്തില്‍ രാമസേവക്കായി മാധ്യമങ്ങള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നോര്‍ക്കുക. രാമായണ മാസാചരണംതന്നെ ബൗദ്ധമായ വര്‍സ എന്ന വര്‍ഷകാല പഠനാചരണത്തിനു പകരംവെക്കാനുള്ള ഹിന്ദുകര്‍മപരിപാടിയാണ്. കഴിഞ്ഞ ഏതാനും ദശകങ്ങളിലൂടെയാണ് ഇവിടെ ഇതൊക്കെ രൂപപ്പെട്ടത്.

തികച്ചും ഹൈന്ദവവും ബ്രാഹ്മണികവുമായ വര്‍ണാശ്രമ ജാതി നരകത്തിലേക്കുള്ള ഫാഷിസ്റ്റ് പരിണാമമാണ് ഈ വ്യാജ ഭൂരിപക്ഷവാദത്തിലും പൈതൃകവാദത്തിലും പുണ്യപുരാണവാദങ്ങളിലും പട്ടേലപ്പടപ്പുറപ്പാടിലും സ്വയംസേവകരുടെ തീട്ടൂരങ്ങളിലുമൊക്കെ നിറയുന്നത്. ഇത്തരം ഫാഷിസ്റ്റ് പടപ്പുറപ്പാടിനെ ജനങ്ങള്‍ ഗൗരവത്തോടെ അടിയന്തരമായി തിരിച്ചറിയേണ്ടതുണ്ട്. അമ്മയുടെ മുലപ്പാല്‍ കുടിച്ചവരാരെങ്കിലും ഉണ്ടെങ്കില്‍ ഇന്ത്യയിലെ സാമൂഹികനീതിയുടെ പ്രയോഗമായ സംവരണത്തെ തൊടട്ടേ എന്നു സ്വയം സേവകരെ വെല്ലുവിളിക്കാന്‍ ഒരു ലാലുപ്രസാദ് യാദവ് മാത്രമാണ് നമുക്കുള്ളത് എന്നതും ബഹുജനങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാകുന്നു.

 

Comments

comments