കാൽനൂറ്റാണ്ടുകൾക്കു മുൻപ് ശീതീകരിച്ചു സൂക്ഷിച്ച ഭ്രൂണത്തിൽ നിന്ന് അമേരിക്കൻ യുവതി പെൺകുഞ്ഞിന് ജന്മം നൽകി. ടെന്നസിയിലെ നാഷണൽ എംബ്രിയോ ഡൊണേഷൻ സെന്ററാണ് ഇക്കാര്യം ലോകത്തെ അറിയിച്ചത്. നവംബർ 25നാണ് ശാസ്ത്രലോകത്തെ തന്ന അദ്ഭുതപ്പെടുത്തിക്കൊണ്ട് എമ്മ റെൻ ഗിബ്സൺ എന്ന പെൺകുഞ്ഞ് പിറന്നത്. ലോകത്താദ്യമായാണ് ഇത്രയും വർഷം മുൻപ് സൂക്ഷിച്ച ഭ്രൂണത്തിൽ നിന്ന് കുഞ്ഞു ജനിക്കുന്നത്.
1992 ഒക്ടോബർ 14ന് മറ്റൊരു ദമ്പതികൾ ശീതീകരിച്ച് സൂക്ഷിച്ച ഭ്രൂണത്തിൽ നിന്നാണ് 26കാരിയായ ഗിബ്സൺ അമ്മയായത്. എന്നാൽ ഭ്രൂണത്തിന്റെ കാലപ്പഴക്കം സംബന്ധിച്ച വിവരങ്ങൾ പുറത്ത് പറഞ്ഞ് റെക്കാഡ് സൃഷ്ടിക്കേണ്ടതില്ലായിരുന്നെന്ന അഭിപ്രായവുമായി ചില വിദഗ്ദ്ധർ രംഗത്തെത്തി.
താനും ഭർത്താവും തിരഞ്ഞെടുത്ത ഭ്രൂണം 24 വർഷം കാലപ്പഴക്കമുള്ളതായിരുന്നെന്ന് അറിഞ്ഞിരുന്നില്ലെന്നും ഭ്രൂണത്തിന്റെ ജനിതക സ്വഭാവത്തെ മാത്രം വിലയിരുത്തിയായിരുന്നു തിരഞ്ഞെടുപ്പെന്നും ഗിബ്സൺ പറഞ്ഞു. 2011ൽ 20 വർഷം മുൻപ് ശീതീകരിച്ച ഭ്രൂണത്തിൽ നിന്ന് ന്യൂയോർക്കുകാരി യുവതി ആൺകുഞ്ഞിന് ജന്മം നൽകിയിട്ടുണ്ട്.