Breaking News

സ്വപ്നങ്ങൾ താലോലിച്ച് അഞ്ജു യാത്രയായി; നാലാംദിവസം വിവാഹത്തിനൊരുങ്ങി ഭർത്താവ്

ചെറുതെങ്കിലും ഒരു സർക്കാർ ജോലി, ഭർത്താവും മകളുമൊത്ത് സമാധാനവും സന്തോഷവും നിറഞ്ഞ ഒരു കുടുംബജീവിതം അഞ്ജുവിന്റെ സ്വപ്നം ഇതൊക്കെയായിരുന്നു.. എന്നാൽ, അവ സഫലമാകും മുമ്പേ തിരുവല്ലം മേനിലം ചെമ്മണ്ണുവിള പുത്തൻവീട്ടിൽ അശോകന്റെയും വീട്ടമ്മയായ ശോഭനയുടെയും ഇളയമകൾ അഞ്ജു (24) നാലാഴ്ച മുമ്പ് കുടുംബ വീടിന് നാല് വീടുകൾക്കപ്പുറം ഭർതൃവീട്ടിലെ കിടപ്പുമുറിയിൽ ചുരിദാർ ഷോളിൽ അഞ്ജുവിന്റെ ജീവൻ പൊലിഞ്ഞതെങ്ങനെയെന്ന ചോദ്യത്തിന് ആർക്കും ഉത്തരമില്ല.

anju

അച്ഛനമ്മമാരെയും ഒരുവയസുകാരിയായ മകളേയും സ്നേഹിച്ച് കൊതിതീരുംമുമ്പേ അവരെ തനിച്ചാക്കി മരണത്തിലേക്ക് സ്വയം നടന്നകലാൻ ഒരിക്കലും അവൾ തയ്യാറാകില്ലെന്നാണ് മാതാപിതാക്കളും സഹോദരങ്ങളും പറയുന്നത്. അഞ്ജുവിന്റെ ചിതയാറും മുമ്പേ പുനർവിവാഹത്തിന് ശ്രമം തുടങ്ങിയ ഭർത്താവും കുടുംബവുമാണ് മകളുടെ മരണത്തിന് ഉത്തരവാദിയെന്നാണ് അവരുടെ ആരോപണം. സംഭവത്തെപ്പറ്റി സമഗ്രമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കും വീട്ടുകാർ പരാതി നൽകി.

കൂലിപ്പണിക്കാരായ മാതാപിതാക്കളും മൂത്തവരായ സഹോദരിയും സഹോദരനും അടങ്ങുന്ന ഇടത്തരം കുടുംബത്തിലംഗമാണ് അഞ്ജു. മേനലത്ത് ലോഡിംഗ് തൊഴിലാളിയായ അച്ഛൻ അശോകനും വീട്ടുജോലികൾക്ക് പോകാറുള്ള അമ്മ ശോഭനയും കഷ്ടപ്പെട്ടാണ് ഇവരെ വളർത്തിയത്. വീട് വയ്ക്കാൻ ബാങ്കിൽ നിന്നെടുത്ത ലോണും മകളുടെ വിവാഹം നടത്താൻ പലരിൽ നിന്നും വാങ്ങിയതുമുൾപ്പെടെ തീർക്കാനാകാത്ത കടബാദ്ധ്യതകളിൽ ഉഴലുന്ന കുടുംബം. ബികോം പഠനം പൂർത്തിയാക്കി നിൽക്കുമ്പോഴാണ് സമീപവാസിയും ഡ്രൈവറുമായ യുവാവിന്റെ വിവാഹാലോചന വന്നത്.

അദ്ധ്യാപികയായ മാതാവും പിതാവും സഹോദരിയും അടങ്ങുന്നതായിരുന്നു യുവാവിന്റെ കുടുംബം. 22 പവൻ സ്വർണവും മൂന്നുലക്ഷത്തോളം രൂപയും സ്ത്രീധനമായി നൽകിയായിരുന്നു വിവാഹം. വിവാഹം കഴിഞ്ഞയുടൻ വീട് നിർമ്മിച്ച ഇനത്തിൽ കടബാദ്ധ്യതകളുണ്ടെന്ന് പറഞ്ഞ് അഞ്ജുവിന്റെ സ്വർണം പലപ്പോഴായി ഭർത്താവിന്റെ മാതാപിതാക്കൾ പണയപ്പെടുത്തി. കടബാദ്ധ്യതകളുള്ളതിനാൽ പ്രസവമൊക്കെ പതിയെ മതിയെന്ന് അഞ്ജുവിനോട് ഭർതൃവീട്ടുകാർ നിർദേശിച്ചത് മുതൽ തുടങ്ങി കല്ലുകടി. ഇതിനിടെ മൂന്നുമാസം കഴിഞ്ഞയുടൻ അഞ്ജു ഗർഭിണിയായി. എന്നാൽ, ചിക്കൻ പോക്സ് പിടിപെട്ടതിന്റെ മറവിൽ കുഞ്ഞിന് ആരോഗ്യപ്രശ്നമുണ്ടാകുമെന്ന് ധരിപ്പിച്ച് ഭർതൃവീട്ടുകാർ എസ്.എ.ടി ആശുപത്രിയിലെത്തിച്ച് ഗർഭച്ഛിദ്രം നടത്തി.

ഇതിനുശേഷം ഒരുമാസത്തോളം സ്വന്തം വീട്ടിൽ നിന്ന അഞ്ജുവിനെ ഭർത്താവ് സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. തുടർന്നിങ്ങോട്ട് അഞ്ജുവിന്റെ ജീവിതത്തിൽ കഷ്ടകാലം കൂടെക്കൂടി. ഭർത്താവിൽ നിന്ന് നിരന്തരമുണ്ടാകുന്ന അവഗണന, നിരന്തര ശകാരം, മർദ്ദനം, കുറ്റപ്പെടുത്തലുകൾ. ഇതെല്ലാം ഉള്ളിലൊതുക്കി സഹിക്കുകയും ക്ഷമിക്കുകയും ചെയ്ത അവൾ പ്രതിസന്ധികൾക്കിടയിലും ജീവിത വിജയം കൈയ്യെത്തി പിടിക്കാൻ പി.എസ്.സി പരീക്ഷാ പരിശീലനത്തിലും ഉപരിപഠന ശ്രമങ്ങളിലും നിരന്തരം ഏർപ്പെട്ടു. മകൾ പിറന്നതോടെ കാര്യങ്ങൾ നേരെയാകുമെന്ന് കരുതിയെങ്കിലും മറിച്ചാണ് സംഭവിച്ചത്.

ചില ദൃശ്യങ്ങൾ ഭർത്താവിന്റെ മൊബൈൽ ഫോണിൽ നേരിൽ കാണാനിടയായതാണ് അഞ്ജുവിന് താങ്ങാനാകാതെ പോയതെന്ന് വീട്ടുകാർ പറയുന്നു. സ്വകാര്യ സ്ഥാപനത്തിലെ ഡ്രൈവറായ ഭർത്താവ് പതിവായി വീട്ടിൽ വൈകി വരുന്നത് ആദ്യം തന്നെ സംശയത്തിന് കാരണമായിരുന്നെങ്കിലും സ്നേഹം വാരിക്കോരി നൽകുന്ന തന്നെ വഞ്ചിക്കുമെന്ന് അഞ്ജു കരുതിയില്ല. ഫോണിൽ കണ്ട സ്ത്രീയാരെന്ന് തിരിച്ചറിയാനുള്ള ശ്രമം കലഹങ്ങളായി പരിണമിച്ചു. നാലുവീടിന് അപ്പുറമുള്ള കുടുംബവീട്ടിലേക്ക് എപ്പോഴും പോകാനോ കുഞ്ഞിനെ തന്റെ അച്ഛനമ്മമാർക്ക് ഒന്നുലാളിക്കാനോ ഭർതൃവീട്ടുകാർ അനുവാദം നൽകിയിരുന്നില്ല. അമ്മയോട് ഫോണിൽ കണ്ട കാഴ്ച പറഞ്ഞെങ്കിലും അച്ഛനോടോ സഹോദരനോടോ പറഞ്ഞ് പ്രശ്നമാക്കേണ്ടയെന്ന ഉപദേശവും നൽകി.

നവംബർ 22, രാവിലെ 10.30. പതിവുപോലെ അഞ്ജുവിൻറെ ഫോൺ വിളിയെത്തി. കാപ്പികുടിച്ചോയെന്ന് അമ്മയോട് അന്വേഷിച്ച അവൾ വീട്ടിലെ കമ്പ്യൂട്ടറിൽ ടൈപ്പ് ചെയ്തതിന്റെ പ്രിന്റെടുക്കാൻ പേപ്പർ വാങ്ങാനായി ഭർത്താവിനൊപ്പം സ്കൂട്ടറിൽ തിരുവല്ലത്തെത്തിയെന്നും തിരികെ ഓട്ടോയിൽ പോകുമെന്നും പറഞ്ഞ് ഫോൺ വച്ചു. പേപ്പറുമായി തിരികെയെത്തിയ അഞ്ജു തുണി കഴുകി വിരിക്കാനായി വീടിന്റെ ടെറസിലേക്ക് പോയി. പക്ഷേ, അവൾ പകുതി തുണിയേ വിരിച്ചുള്ളൂ…

ഉച്ചയൂണ് കഴിഞ്ഞ് ടിവിയിൽ വാർത്ത കേട്ടുകൊണ്ടിരിക്കുമ്പോഴാണ് അഞ്ജുവിന്റെ ഭർത്താവിന്റെ ബന്ധു കുടുംബവീട്ടിലോടിയെത്തി അശോകനോട് അഞ്ജു മുറിക്കുള്ളിൽ കയറി കതകകടച്ച് തൂങ്ങിയതായി അറിയിച്ചത്. അവിടേക്ക് പാഞ്ഞ അശോകൻ വാതിലും ജനാലകളും അടച്ചുപൂട്ടിയ മുറി തള്ളിത്തുറന്നു. ഒരുകാൽ നിലത്ത് കുത്തിയും മറ്റേക്കാൽ കട്ടിലിൽ തലയിണയ്ക്ക് മുകളിൽ അമർന്നിരിക്കുന്ന നിലയിലും തണുത്ത് മരവിച്ച മകളുടെ മൃതദേഹമാണ് ആ അച്ഛന് കാണാനായത്. വീടിന്റെ ഭിത്തിയിൽ എന്തൊക്കെയോ കുത്തിക്കുറിച്ച നിലയിൽ കണ്ടതായി പറയുന്നുണ്ടെങ്കിലും അത് തന്റെ മകളുടെ കൈയ്യക്ഷരമല്ലെന്ന് അശോകൻ പറയുന്നു. പൊലീസെത്തി ആർ.ഡി.ഒയുടെ സാന്നിദ്ധ്യത്തിൽ മൃതദേഹം പോസ്റ്റുമോർട്ടം നടത്തി ഭർതൃവീട്ടിൽ സംസ്കരിച്ചു.

മരണത്തിന്റെ നാലാംദിവസവും ഹൃദയം നുറുങ്ങുന്ന വേദനയുമായി കഴിയുമ്പോഴാണ് കുഞ്ഞിനെ വളർത്താൻ ഒരാളുവേണമെന്നും താൻ വീണ്ടും വിവാഹം ചെയ്യാൻ പോകുകയാണെന്നും മരുമകൻ പറഞ്ഞത്. വിവാഹം ചെയ്യുന്നതിന് പ്രശ്നമില്ലെന്നും നാലുദിവസം കഴിഞ്ഞതല്ലേയുള്ളൂവെന്നും മറുപടിയായി പറഞ്ഞ് അവർ അന്ന് ആ വീടിന്റെ പടിയിറങ്ങി.

പതിനാറടിയന്തര ദിവസം അഞ്ജുവിന്റെ സഹോദര ഭാര്യയെ വിളിച്ച് അവളുടെ ഓർമ്മകളുണർത്തുന്ന ഒരു സാധനവും തന്റെ വീട്ടിൽ ഇനി സൂക്ഷിക്കാൻ പാടില്ലെന്നും മുഴുവൻ സാധനങ്ങളും വേണമെങ്കിൽ എടുത്തുകൊണ്ടുപോകാൻ നിർദേശിക്കുകയും ചെയ്തതോടെ വീട്ടുകാർ ഞെട്ടി. അഞ്ജു മരിക്കുന്നതിന് മൂന്നുദിവസം മുമ്പ് ഭർത്താവിനൊപ്പം വീടിന്റെ പരിസരത്ത് അപരിചിതരായ ചിലരെ കണ്ടതായ നാട്ടുകാരുടെ വെളിപ്പെടുത്തൽ ദുരൂഹത വളർത്തുന്നുവെന്ന് അഞ്ജുവിന്റെ വീട്ടുകാർ പറയുന്നു. പൊലീസ് അന്വേഷണം സത്യസന്ധമായി മുന്നേറിയാൽ മരണത്തിന് പിന്നിലെ ദുരൂഹതകൾ പുറത്തു കൊണ്ടുവരാനാകുമെന്നാണ് അവരുടെ പ്രതീക്ഷ.

Comments

comments