Smiley face
Published On: Mon, Dec 25th, 2017

ഒരു നാലാം കണ്ണുകാരൻ കാട്ടിക്കൊടുത്ത ഇരു കണ്ണുള്ള അന്ധൻമാർ, കാണാതെ പോകുന്ന കാഴ്ചകൾ

Share This
Tags

SANJEEV81

ഇരു കണ്ണുള്ള അന്ധൻമാർ, മൂന്നാം തൃക്കണ്ണുതുറന്നിട്ടും കാണാതെ പോകുന്ന കാഴ്ചകൾ ഈ നാലാം കണ്ണുകാരൻ കാട്ടിക്കൊടുക്കും. ഒരു അപകടമുണ്ടായാൽ, ഒരുവന്‌ നീതി നിഷേധിക്കപ്പെട്ടാൽ, നിസഹായമായ ഒരു കരച്ചിൽ കേട്ടാൽ, രാവായാലും പകലായാലും കുടുംബത്തെ മറന്ന്‌ ക്യാമറയും തൂക്കി ഓടിയെത്തും അവൻ. ലാത്തിചാർജ്ജെങ്കിൽ, കല്ലേറെങ്കിൽ അതിലൊരു പങ്ക്‌ കിട്ടും അവനും.

ആർക്കുവേണ്ടിയാണ്‌ ഈ പെടാപ്പാടെന്ന്‌ ചിലർ ചോദിക്കും. സ്വന്തം കാര്യം നോക്കിക്കൂടെന്ന്‌ ഉപദേശിക്കുന്നവരും ഉണ്ടാകും. മറ്റുചിലർ സ്നേഹക്കൂടുതൽ കൊണ്ടാണ്‌ ‘ദി ഫോർത്ത്‌ ജെന്റർ’ എന്ന്‌ വിളിക്കുന്നത്‌. അതെ, കല്ലേറായാലും ലാത്തിചാർജ്ജായാലും ആനയോടിയാലും ക്യാമറ തൂക്കി പിന്നാലെ പോകുന്ന…സ്വന്തം കാര്യം നോക്കാത്ത താന്തോന്നികളെ അങ്ങനെയല്ലാതെ പിന്നെന്താണ്‌ അവർ വിളിക്കുക?

ഇക്കഴിഞ്ഞ ദിവസം ഓർമയുടെ പൊട്ടിയ നൂലിഴകളിൽ ഒരിടത്തു പോലും സ്വന്തം വിലാസം ചികഞ്ഞെടുക്കാൻ കഴിയാതെ മറവിയുമായി ചങ്ങാത്തത്തിലായിരുന്ന ഒരമ്മയെ വ്യൂ ഫൈൻഡറിലൂടെ അനേകം വൃദ്ധരുടെ ചുളിവ് വീണ മുഖങ്ങൾക്കിടയിൽ നിന്നും ആ അമ്മയുടെ ബന്ധുക്കൾക്ക് കാട്ടിക്കൊടുത്ത മനോരമ ക്യാമറ മാൻ സഞ്ജീവ് സുകുമാരൻ  പകർത്തിയ ദൃശ്യങ്ങൾ ക്രിസ്തുമസ് വാർത്തകൾക്കിടയിൽ ചർച്ചയാകുന്നു.

SANJEEV

മനോരമ ക്യാമറ മാൻ സഞ്ജീവ് സുകുമാരൻറെ കുറിപ്പ്

സ്വന്തം കഥകളിലെ കഥാപാത്രങ്ങൾ പിന്തുടരുന്ന ഒരു എഴുത്തുകാരൻ ഉണ്ടായിരുന്നു എന്ന കാര്യം അറിഞ്ഞത് എന്റെ ജേഷ്ഠ തുല്യനായ ഒരു മാധ്യമ പ്രവർത്തകന്റെ എഴുത്ത് വായിച്ചപ്പോഴാണ്. പക്ഷെ, അതിലും വിചിത്രമായ ഒരു ജീവിതമാണ് എന്റേതെന്ന് എനിക്ക് തന്നെ തോന്നിയിട്ടുണ്ട്. വ്യൂ ഫൈൻഡറിലൂടെ കാണുന്ന നിറമില്ലാത്ത മനുഷ്യർ എന്നെ തെല്ലൊന്നുമല്ല പിന്തുടർന്നിരുന്നത്. വാർത്തകളുടെ എണ്ണം കൂടി വന്നപ്പോൾ എന്നെ വിട്ടൊഴിയുകയായിരുന്നു അവരിൽ ചിലരൊക്കെ. പക്ഷെ വെളിച്ചെണ്ണയിൽ നിന്നും എൻജിൻ ഓയിൽ ഉണ്ടാക്കിയ ക്രൂസ് എന്ന മനുഷ്യനും , തലസ്ഥാനത്തെ ഫോർട്ട് മാനർ ഹോട്ടൽ തകർന്നപ്പോൾ ഹൃദയം പൊട്ടി മരിച്ച അതിന്റെ ഉടമ അഹമ്മദും, പിന്നെ ചിലരും വ്യൂ ഫൈൻഡറിൽ നിന്നും ഇറങ്ങി എന്നെ ഇപ്പോഴും തേടി വരാറുണ്ട്.

ഇക്കഴിഞ്ഞ ദിവസം ഓർമയുടെ പൊട്ടിയ നൂലിഴകളിൽ ഒരിടത്തു പോലും സ്വന്തം വിലാസം ചികഞ്ഞെടുക്കാൻ കഴിയാതെ മറവിയുമായി ചങ്ങാത്തത്തിലായിരുന്ന ഒരമ്മയെ വ്യൂ ഫൈൻഡറിലൂടെ ഞാൻ കണ്ടു. മനോരമ ന്യൂസിന് വേണ്ടി ഞാൻ പകർത്തിയ ദൃശ്യങ്ങളിലൂടെ ആ അമ്മയെ ലോകവും കണ്ടു. അനേകം വൃദ്ധരുടെ ചുളിവ് വീണ മുഖങ്ങൾക്കിടയിൽ നിന്നും ആ അമ്മ എന്റെ ചിന്തകളിലേക്കും ഓർമകളിലേക്കും കടന്നു വന്നു. ഏറെക്കാലത്തിനു ശേഷം എന്റെ വാർത്തയുടെ കഥാപാത്രങ്ങളിലൊരാൾ വീണ്ടും എന്നെ പിന്തുടരുന്നു.

വാർത്തകളുടെ കുത്തൊഴുക്കിൽ ഇങ്ങനെ ചികഞ്ഞു വേർതിരിക്കുന്ന വാർത്താധിഷ്ഠിത പരിപാടികളൊന്നിന്റെ- അണിയറ- കാമറാമാനായിരുന്നു ഏറെക്കാലം. ഒരൊറ്റ ദൃശ്യത്തിന് ഒരായിരം അക്ഷരങ്ങളുടെ ശക്തിയുണ്ടെന്നതൊക്കെ തീയറിക്ലാസ്സിലെ വെറും ഗീർവാണമല്ലെന്ന് പഠിച്ചതും ആ കാലത്ത് തന്നെ. അന്നത്തെ ആ പാഠങ്ങൾ വീണ്ടും വീണ്ടും എന്നെ നയിക്കുന്നതും ആവേശം കൊള്ളിക്കുന്നതും ആ അനുഭവങ്ങൾ ആവർത്തിക്കുന്നത് കൊണ്ടാണ്. സ്വന്തം മക്കളിലേക്കുള്ള ആ അമ്മയുടെ ഓർമയുടെ നൂലിഴകൾക്ക് പകരമായത് ഒരൊറ്റ ദൃശ്യമാണ്. ആ അമ്മയെ മനോരമ ന്യൂസ് സംപ്രേക്ഷണം ചെയ്ത വാർത്തയിലൂടെ മക്കൾ തിരിച്ചറിഞ്ഞതും അവർ വീണ്ടും കണ്ടു മുട്ടിയതും വല്ലാത്ത സന്തോഷം നൽകുന്നു.

ആ അമ്മ എന്നെ ഇനിയും പിന്തുടരുമോ എന്നറിയില്ല. പക്ഷെ ഒരു ന്യൂസ് ക്യാമറാമാൻ എന്ന നിലയിലുള്ള എന്റെ ജീവിതത്തിൽ ഞാൻ ഒരു മുഖത്തെ കൂടി കൂടെ കൂട്ടുകയാണ്. ”ഫയൽ ചെയ്യുക ; മറക്കുക” എന്ന അഭിനവ ന്യൂസ് റൂം മുദ്രാവാക്യത്തെ ഏറ്റു വിളിക്കാൻ ഞാനില്ല. ക്ഷമിക്കുക ; വ്യൂ ഫൈൻഡറിലെ കഥാപാത്രങ്ങൾ പിന്തുടരുന്ന ആ ക്യാമറാമാൻ ഞാനാണ്.

Comments

comments

Smiley face
Smiley face
Seo wordpress plugin by www.seowizard.org.