ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഒരു വാര്‍ത്തയാണ്. മീററ്റിലെ ഒരു മുസ്ലിം കുടുംബം ഹിന്ദുത്വ ഫാസിസ്റ്റുകളുടെ ഭീഷണിയെ തുടര്‍ന്ന് തങ്ങള്‍ വിലക്കു വാങ്ങിയ ഭൂമിയും പാര്‍പ്പിടവും ഉപേക്ഷിച്ചു പോകാന്‍ നിര്‍ബന്ധിതരായിരിക്കുന്നു എന്നതാണ് വാര്‍ത്ത. ”ഇന്ന് ഒരു വീടും സ്ഥലവും. നാളെ ഇവര്‍ ചുറ്റുപാടും വിലക്കു വാങ്ങും. ഇതൊരിക്കലും അനുവദിച്ചുകൂടാ” എന്നാണ് ഭീഷണിപ്പെടുത്തിയവര്‍ ആര്‍ത്തു പറഞ്ഞത്. നമുക്കെങ്ങനെ ഒരു മുസ്ലിം കുടുംബത്തെ സഹിക്കാന്‍ കഴിയും എന്നത്രെ ആള്‍ക്കൂട്ടങ്ങള്‍ക്കിടയില്‍ നിന്ന് ഒരാള്‍ വിളിച്ചു ചോദിച്ചത്.
സംഭവം ഇങ്ങനെയാണ്: നൂമാന്‍ അഹമ്മദ് എന്ന് പേരുള്ള ഒരു വ്യക്തി മീററ്റിലെ മാലിവാര പ്രദേശത്ത് വരികയും അവിടെയുള്ള സന്‍ജയ് റാസ്ത്തോഗിയോട് താമസിക്കാന്‍ പുരയിടവും പറമ്പും വാങ്ങി. കച്ചവടമുറപ്പിച്ച് പണം കൊടുത്ത് വീട്ടിലേക്ക് താമസിക്കാന്‍ വന്നപ്പോഴാണ് ഹിന്ദുത്വ ഫാസിസ്റ്റുകള്‍ അഹമ്മദിനെ തടഞ്ഞത്. വീടിനപ്പുറം അവര്‍ പ്രകടനം നയിക്കുകയും അക്രമാസക്തരാവുകയും ചെയ്തു. ഇരുന്നൂറിലേറെ ആളുകളാണ് പ്രകടനത്തില്‍ പങ്കെടുത്തത്. രാജ്യത്ത് പട്ടിണിയും തൊഴിലില്ലായ്മയും ഏറിവരുന്നതില്‍ പ്രകോപനപ്പെട്ടല്ല ഈ ആളുകള്‍ മുദ്രാവാക്യം വിളിച്ച് ഇരച്ചുവന്നത്. ഒരു ഹിന്ദുവില്‍ നിന്ന് മുസ്ലിം വീടും പറമ്പും കച്ചവടം ചെയ്തത് ചോദ്യം ചെയ്തായിരുന്നു ബഹളങ്ങളൊക്കെയും.
കൂട്ടം കൂടിയവര്‍ ബി ജെ പി അനുകൂല മുദ്രാവാക്യങ്ങളും ഹിന്ദു അനുകൂല ശ്ലോകങ്ങളും മുഴക്കിച്ചെന്നാണ് ഇന്ത്യന്‍ എക്സ്പ്രസ് പത്രം റിപ്പോര്‍ട്ട് ചെയ്തത്. പ്രദേശത്തെ ബി ജെ പിയുടെ നേതാവ് മുന്നോട്ട് വരികയും പ്രശ്നത്തില്‍ ഇടപെട്ട് പോലീസിനെ വിളിക്കുകയും ചെയ്തെന്നാണ് പിന്നീട് വരുന്ന വാര്‍ത്ത. പോലീസ് ഇടപെട്ട് അഹമ്മദിന് പണം തിരിച്ചു നല്‍കാനും പ്രദേശം വിട്ട് മറ്റെവിടെയെങ്കിലും പോവാനും പറഞ്ഞതായി പത്രം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
രണ്ട് ചോദ്യങ്ങള്‍ ഏതൊരു ഇന്ത്യന്‍ പൗരന്റെയും ഉള്ളില്‍ ഇപ്പോള്‍ ഉയര്‍ന്നുവരിക സ്വാഭാവികം. ജനാധിപത്യ മതേതര രാജ്യമായ ഇന്ത്യ ആരുതന്നെ ഭരിച്ചാലും അതിന്റെ മൗലികാവകാശ ധ്വംസനം പാടുള്ളതാണോ? ഭൂമി തിരികെ കൊടുക്കാനും മീററ്റിലെ ഹിന്ദു ഭൂരിപക്ഷ പ്രദേശത്ത് താമസിക്കാനും പാടില്ല എന്നത് ഏത് വിധിന്യായത്തിന്റെ ഭാഗമാണ്? അങ്ങനെയൊരു തീരുമാനം കൈകൊള്ളാന്‍ നീതിപാലകരെന്ന് വിശേഷിപ്പിക്കുന്ന പോലീസിന് കഴിയുന്നതെങ്ങനെയാണ്?
ഹിന്ദു കുടുംബാംഗത്തില്‍ നിന്ന് അഹമ്മദ് വാങ്ങിയ വസ്തുവകകള്‍ രണ്ട് മാസംകൊണ്ട് തിരിച്ചുകൊടുക്കണമെന്ന ന്യായം എവിടെനിന്നാണ് കിട്ടിയത്? ഈ ചോദ്യങ്ങള്‍ക്കെല്ലാം ഒരു ഉത്തരമേ ഉള്ളൂ. അത് ഇന്ത്യ അതിവേഗം മാറിക്കൊണ്ടിരിക്കുന്നു എന്നതാണ്. ഹിന്ദുക്കളും മുസ്ലിംകളും രണ്ട് വിഭാഗങ്ങളായല്ല ഇന്ത്യയില്‍ സഹവസിക്കുന്നത്. പരസ്പരം കൊടുത്തും വാങ്ങിയുമാണ് അവരുടെ ജീവിതം മുന്നോട്ടുപോയത്. ഈ ആദാനപ്രദാനമാണ് ഭാരതീയ സംസ്കാരത്തിന്റെ അടിയൊഴുക്ക്. ഞങ്ങള്‍ നിങ്ങള്‍ എന്ന ദ്വന്ദത്തില്‍ നിന്ന് നാം എന്ന സംജ്ഞയിലേക്ക് പരിവര്ത്തിക്കപ്പെട്ടതുകൊണ്ടാണ് ബ്രിട്ടീഷുകാരനില്‍ നിന്നും സ്വാതന്ത്ര്യം നേടിയെടുക്കാന്‍ നമുക്ക് കഴിഞ്ഞത്. സ്വാതന്ത്ര്യ സമരം കൊടുമ്പിരികൊണ്ട സമയത്ത് ബ്രിട്ടീഷ് പക്ഷം നിന്ന് അതിനെ തള്ളിപ്പറഞ്ഞവരാണ് ഇന്ന് സ്വാതന്ത്ര്യ സമരത്തെക്കുറിച്ച് വാചാലരാവുന്നത് എന്ന യാഥാര്‍ഥ്യം ഒരു തമാശയായേ നമുക്ക് കാണാന്‍ കഴിയൂ.
ഇന്ത്യയില്‍ ‘ഞങ്ങള്‍’, ‘നിങ്ങള്‍’ എന്ന സംബോധനത്തിന് ഒച്ച കൂട്ടുന്നത് അധികാര പ്രമത്തതയുടെ ഭാഗമായി തങ്ങളുടെ ഒളിഅജന്‍ഡ ഇന്ത്യയില്‍ വേരുറപ്പിക്കാന്‍ കിണഞ്ഞു ശ്രമിച്ചുകൊണ്ടിരിക്കുന്നവരാണ്. ഇന്ത്യയെ മതത്തിന്റെ മഞ്ഞക്കണ്ണുകളോടെ മാത്രമേ അവര്‍ക്ക് കാണാന്‍ കഴിയൂ. അങ്ങനെയാകുമ്പോള്‍ തങ്ങളുടെ ലക്ഷ്യവും മാര്‍ഗവും എളുപ്പമാണെന്ന് അവര്‍ക്ക് അറിയാം. മീററ്റിലെ ഹിന്ദു സേനയുടെ ജനറല്‍ സെക്രട്ടറി ദീപക് ശര്‍മ ഭൂമി വിവാദവുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച പ്രസ്താവന മറ്റൊന്നല്ല നമ്മോട് പറയുന്നത്.
മുസ്ലിം സമുദായത്തിന്റെ സംസ്കാരവും ചിന്തയും ജീവിതരീതിയും നമ്മുടെ ജീവിതവുമായി എങ്ങനെ പൊരുത്തപ്പെട്ടുപോകും എന്നാണ് അദ്ദേഹം ചോദിച്ചത്. നിങ്ങള്‍ ഒരു മുസ്ലിമിന് ഭൂമി വിറ്റാല്‍ അത് സാവധാനം ആ പ്രദേശമാകെ അവരെക്കൊണ്ട് നിറയാന്‍ ഇടയാക്കില്ലേ എന്നും അദ്ദേഹം വികാരാധീതനായി ചോദിച്ചുവെന്നാണ് ‘വയര്‍’ ഓണ്‍ലൈന്‍ പത്രത്തിന്റെ മുഖ്യ വിഷയമായിവന്നത്. അവിടംകൊണ്ടും അദ്ദേഹം അവസാനിപ്പിക്കുകയുണ്ടായില്ല. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഒരു ഹിന്ദുവും മുസ്ലിംങ്ങള്ക്ക് വീടോ സ്ഥലമോ വില്പന നടത്തരുതെന്നുപോലും ഒരു ജനാധിപത്യ രാജ്യത്തുനിന്നുകൊണ്ട് അദ്ദേഹം പറഞ്ഞിട്ടുണ്ടെങ്കില്‍ ഹിന്ദുത്വ ഫാസിസത്തിന്റെ ഏറ്റവും വികൃതമുഖം വെളിപ്പെട്ടെന്നേ പറയേണ്ടതുള്ളൂ. ഇന്ത്യയാകെ വരാന്‍ പോകുന്ന വലിയൊരു അജന്‍ഡയുടെ മുന്നൊരുക്കം മാത്രമായി വേണം ഇതിനെ നിരീക്ഷിക്കാന്‍.
ഇന്ത്യയില്‍ എവിടെയും പണമുണ്ടെങ്കില്‍ ആര്‍ക്കും സ്ഥലം വാങ്ങാനും വീട് വെക്കാനും കൃഷി ഇറക്കാനും തനിക്കിഷ്ടപ്പെട്ട കച്ചവടം ചെയ്യാനും അധികാരവും അവകാശവുമുണ്ടായിരിക്കെ ഒരു മതസമൂഹം കച്ചവടം ചെയ്യുന്നതിനെയോ, ഭൂമി വാങ്ങുന്നതിനെയോ കുറിച്ച് ആവലാതിപ്പെടാനോ, ഉത്കണ്ഠപ്പെടാനോ എന്ത് ന്യായമാണുള്ളത്? ഇന്ത്യന്‍ ഭരണഘടന ഒരു പൗരന് അനുവദിച്ചുകൊടുത്ത മൗലികാവകാശങ്ങളില്‍ പെട്ടതാണത്.
ജാതി രാഷ്ട്രീയത്തിന്റെ ഏറ്റവും വലിയ ഇരകള്‍ ആയി ഇന്ത്യയിലെ ന്യൂന പക്ഷങ്ങൾ മാറുന്നു. ലൗ ജിഹാദിന്റെ പേരില്‍ കള്ളക്കേസുകള്‍ ഉണ്ടാക്കുകയും മനുഷ്യനെ ജീവനോടെ കത്തിച്ചുകളയുകയും ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ഇന്ത്യയുടെ മതേതര-ജനാധിപത്യമൂല്യബോധങ്ങള്ക്ക് ഏല്ക്കുന്ന തിരിച്ചടികള്‍ കഴിഞ്ഞ കുറച്ച് കാലമായി വലിയ തോതില്‍ വളര്‍ന്നുകൊണ്ടിരിക്കുകയാണ്. ലൗ ജിഹാദ് മാത്രമല്ല, ‘ലാന്റ് ജിഹാദും’ ഫാസിസ്റ്റുകള്‍ ഒരായുധമായി മാറ്റിക്കൊണ്ടിരിക്കുന്നതിന്റെ തുടക്കമായി വേണം മീററ്റ് സംഭവത്തെ കാണാന്‍.
കിടപ്പാടമില്ലാതെ യാതന തിന്നുമ്പോള്‍ ഒരു ഹിന്ദു സഹോദരന്റെ വീട് വിലക്കു വാങ്ങുന്നത് ലാന്റ് ജിഹാദായി ചിത്രീകരിച്ചാല്‍ തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യം എളുപ്പമാകുമെന്ന് അറിയുന്നവരാണ് ഫാസിസ്റ്റുകള്‍. അപരവത്കരിക്കുക എന്ന തത്വം ഫാസിസ്റ്റുകള്‍ എക്കാലവും ഉപയോഗിച്ചു വന്നിട്ടുള്ളതായി ഫാസിസത്തെക്കുറിച്ചുള്ള പഠനത്തില്‍ ഉമ്പര്‍ട്ടോ എക്കോ വിശദീകരിച്ചിട്ടുണ്ടല്ലോ.
ഭൂമി വിലക്കുവാങ്ങി ഹിന്ദു സ്ത്രീകളെ മുസ്ലിംകള് മതംമാറ്റാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതായി ചില തീവ്ര ഹിന്ദു സംഘടനകള്‍ മുമ്പേ പറഞ്ഞുവെച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശില്‍ മാത്രം ഈ പ്രശ്നത്തെ ഒതുക്കിനിര്‍ത്താന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും ഇന്ത്യയൊട്ടുക്ക് ‘ലാന്റ് ജിഹാദ്’ ഒരു മുഖ്യഅജന്‍ഡയായി ഉയര്‍ത്തിക്കൊണ്ടുവരാനാണ് ആഗ്രഹമെന്നും അവര്‍ പ്രഖ്യാപിച്ചു കഴിഞ്ഞു.