Breaking News

പേരൂർക്കടയിൽ അമ്മയെ ചുട്ടെരിച്ച അക്ഷയ് ചാത്തന്‍ കൂട്ടായ്മയുടെ തലവന്‍ എന്ന് പോലീസ്

അമ്പലമുക്കില്‍ എല്‍ഐസി ഏജന്റായ ദീപ അശോകിന്റെ മരണത്തില്‍ പോലീസ് സംശയിക്കുന്ന മകന്‍ അക്ഷയ് കോളേജിലെ ചാത്തന്‍ കൂട്ടായ്മയുടെ തലവന്‍. തിരുവനന്തപുരം സെന്റ്‌തോമസ് എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥിയായ ഇയാള്‍ മയക്കുമരുന്നിന് അടിമയായിരുന്നെന്നും വാങ്ങാന്‍ പണം നല്‍കാത്തതിനെ തുടര്‍ന്ന് സ്വന്തം മാതാവിനെ തലയ്ക്കടിച്ചു വീഴ്ത്തി ബഡ്ഷീറ്റ് കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു എന്നുമാണ് പോലീസിന്റെ കണ്ടെത്തല്‍.

akshay

അക്ഷയ് മയക്കുമരുന്നിന് അടിമയായപ്പോള്‍ മുതല്‍ ബാല്യകാലത്തിലെ കളിക്കൂട്ടുകാരുമായി പോലും ചിരിയില്‍ കവിഞ്ഞ പരിചയം ഭാവിച്ചിരുന്നില്ല. അക്ഷയുടെ സൗഹൃദകൂട്ടായ്മകള്‍ മുഴുവന്‍ കോളേജില്‍ ആയിരുന്നു. വീട്ടില്‍ കാണാനെത്തുന്ന സഹപാഠികള്‍ക്കൊപ്പം ബൈക്കില്‍ കറക്കവും ചുറ്റി നടക്കലുമായിരുന്നു പ്രധാന വിനോദം.

കോളേജിലെ ഒരു കൂട്ടായ്മയായ ചാത്തന്‍ ഗ്രൂപ്പിന്റെ തലവന്‍ കൂടിയായ അക്ഷയ് ദീര്‍ഘനാളായി മാതാവുമായി ശത്രുതയില്‍ ആയിരുന്നു. മാസങ്ങളായി അമ്മയുമായി മിണ്ടിയിരുന്നില്ലാത്ത അക്ഷയ് പിതാവ് അയച്ചു കൊടുക്കുന്ന പണം ഉപയോഗിച്ച് പുറത്ത് നിന്നായിരുന്നു ഭക്ഷണം കഴിച്ചിരുന്നത്.

ലഹരിക്ക് അടിമപ്പെട്ടിരുന്നതിനാല്‍ പരീക്ഷകളില്‍ തോറ്റിരുന്നു. എല്ലാം ചെയ്തു കൊടുത്തിട്ടും പരീക്ഷയ്ക്ക് അഞ്ച് വിഷയങ്ങളില്‍ മകന്‍ തോറ്റത് ദീപയെ വല്ലാതെ പ്രകോപിപ്പിക്കുയും ചെയ്തു. കുവൈറ്റില്‍ നിന്നും പിതാവ് അയച്ചുകൊടുക്കുന്ന തുക കൊണ്ട് കാര്യങ്ങള്‍ നടക്കാതെ വരികയും ചെയ്തതോടെ കടുത്ത അതൃപ്തിയിലായിരുന്നു അക്ഷയ്. ഇതിനൊപ്പം മയക്കുമരുന്ന് ലഹരിയില്‍ മാതാവിന് വേറെ ബന്ധമുണ്ടോ എന്ന സംശയവും അലട്ടിയിരുന്നു.

സംഭവദിവസം ട്യൂഷന്‍ഫീസ് ചോദിച്ചപ്പോള്‍ തോന്നിയപോലെ നടക്കാന്‍ പണമില്ലെന്ന് ദീപ പറഞ്ഞതാണ് മകനെ പ്രകോപിപ്പിച്ചതും കൊലപാതകത്തിലേക്ക് നയിച്ചതും. മുമ്പ് വഴക്കുപിടിച്ചപ്പോള്‍ അമ്മയെ മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് ദീപ മകനുമായി മിണ്ടിയിരുന്നില്ല.

ക്രിസ്മസ് ദിനത്തില്‍ പണം ആവശ്യപ്പെട്ട് നടത്തിയ വഴക്കാണ് അമ്മയുടെ കൊലപാതകത്തിലേക്ക് നയിച്ചത്. കൊലചെയ്ത ശേഷം വീടിന് അടുത്തുള്ള ചെറിയ കുഴിയില്‍ മൂടാനായിരുന്നു ഉദ്ദേശം. എന്നാല്‍ ചെറിയ കുഴിയായതിനാല്‍ അക്കാര്യം പ്രയാസമായതോടെയാണ് മണ്ണെണ്ണ ഒഴിച്ചു കത്തിച്ചത്. ഒന്നും അറിയാത്ത പോലെ അമ്മയെ കാണാനില്ലെന്ന് എല്ലാവരേയും വിളിച്ചു പറയുകയും ചെയ്തു.

രാവിലെയും അമ്മയെ കണ്ടില്ലെങ്കില്‍ പോലീസില്‍ പരാതി കൊടുക്കാന്‍ ബന്ധുക്കള്‍ തീരുമാനിച്ചിരിക്കെയാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി അറിയിച്ചത്. വീടിന്റെ മതിലിനോട് ചേര്‍ന്ന് നാലു വീടുകള്‍ ഉണ്ടായിട്ടും മൃതദേഹം കത്തിച്ചത് ആരുമറിഞ്ഞില്ല.

അടുത്തുള്ള വീട്ടുകാരുമായി അധികം അടുപ്പം ദീപയ്ക്ക് ഉണ്ടായിരുന്നില്ല. മാത്രമല്ല രാത്രിയില്‍ പതിവായി ചവര്‍ കത്തിക്കാറുള്ളതിനാല്‍ തീ കണ്ടാലും ആരും ശ്രദ്ധിക്കുമായിരുന്നില്ലെന്നാണ് അയല്‍ക്കാര്‍ പറഞ്ഞത്. ഒടുവില്‍ പിടിക്കപ്പെട്ടപ്പോള്‍ കുറ്റബോധം ലവലേശമില്ലാതെയാണ് പോലീസിനോട് അക്ഷയ് എല്ലാം പറഞ്ഞതും എന്നാണ് പോലീസ് പറയുന്നത്.

Comments

comments