Smiley face
Published On: Fri, Dec 29th, 2017

മുത്തലാഖ് ബിൽ ലോക്‌സഭ പാസാക്കി; പ്രതിപക്ഷ ഭേദഗതികൾ എല്ലാം വോട്ടിനിട്ട് തള്ളി

Share This
Tags

സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് റദ്ദാക്കിയ മുസ്ലിം വിവാഹമോചന രീതിയായ മുത്തലാഖ് ക്രിമിനൽ കുറ്റമാക്കുന്ന ബിൽ ലോക്സഭ പാസാക്കി. മുത്തലാഖ് നടത്തുന്നവർക്ക് മൂന്ന് വർഷത്തെ ജയിൽ ശിക്ഷയും പിഴയും വ്യവസ്ഥ ചെയ്യുന്നതാണ് ബിൽ.

Triple-Talaq

കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ് അവതരിപ്പിച്ച ബിൽ ശബ്ദവോട്ടോടെയാണ് പാസായത്. ബില്ലിന് പ്രതിപക്ഷം നിർദ്ദേശിച്ച ഭേദഗതികൾ സഭ വോട്ടിനിട്ട് തള്ളി.

ബില്ലിലെ വ്യവസ്ഥകളോട് എതിർപ്പ് രേഖപ്പെടുത്തി എ.ഡി.എം.കെ, മുസ്ലിം ലീഗ്, ബി.ജെ.ഡി, ആർ.ജെ.ഡി തുടങ്ങിയ കക്ഷികൾ വോട്ടെടുപ്പ് ബഹിഷ്കരിച്ചു. രാവിലെ അവതരിപ്പിച്ച ബിൽ നാലര മണിക്കൂർ നീണ്ട ചർച്ചയ്ക്ക് ശേഷം വൈകിട്ട് തന്നെ പാസാക്കുകയായിരുന്നു.

ബിൽ ഇനി രാജ്യസഭയും പാസാക്കി രാഷ്ട്രപതി ഒപ്പു വയ്ക്കുമ്പോഴാണ് നിയമമാകുക.സർക്കാരിന് രാജ്യസഭയിൽ ഭൂരിപക്ഷമില്ലെങ്കിലും ബില്ലിന് കോൺഗ്രസ് പിന്തുണ നൽകുന്ന സാഹചര്യത്തിൽ അവിടെയും പാസാക്കാവുന്നതേയുള്ളൂ. എന്നാൽ ബില്ലിലെ വ്യവസ്ഥകൾ പരിശോധിക്കാൻ സ്റ്റാൻഡിംഗ് കമ്മിറ്റിക്ക് വിടണമെന്നാണ് കോൺഗ്രസ് ഇന്നലെ ലോക്സഭയിൽ ആവശ്യപ്പെട്ടത്. ഇതേ നിലപാട് അവർ രാജ്യസഭയിലും സ്വീകരിച്ചാൽ ബിൽ സെലക്ട് കമ്മിറ്റിക്ക് പോയേക്കാം. എ.ഡി.എം.കെ, ബി.ജെ.ഡി തുടങ്ങിയ കക്ഷികളുടെ എതിർപ്പും രാജ്യസഭയിൽ തിരിച്ചടിയാകാം. ബിൽ സെലക്ട് കമ്മിറ്റിക്ക് വിട്ടാൽ ജനുവരി അഞ്ചിന് തീരുന്ന നടപ്പ് സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കാനാവില്ല.

ബില്ലിനെ കോൺഗ്രസ് സ്വാഗതം ചെയ്തെങ്കിലും വ്യവസ്ഥകൾ പരസ്പര വിരുദ്ധമാണെന്ന് ലോക്സഭയിലെ കക്ഷി നേതാവ് മല്ലികാർജുൻ ഖാർഗെ ചൂണ്ടിക്കാട്ടി. ബിൽ പൊതു ചർച്ചയ്ക്ക് വിധേയമാക്കാതെ തിടുക്കത്തിൽ അവതരിപ്പിക്കുന്നതിനെ അദ്ദേഹം ചോദ്യം ചെയ്തു. വ്യവസ്ഥകൾ പരിശോധിക്കാൻ ബിൽ സ്റ്റാൻഡിംഗ് കമ്മിറ്റിക്ക് വിടണമെന്നും കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷം ആവശ്യപ്പെട്ടു.

എൻ.കെ.പ്രേമചന്ദ്രൻ, എ. സമ്പത്ത്, ജോയ്സ് ജോർജ് തുടങ്ങിയവരാണ് ഭേദഗതികൾ നിർദ്ദേശിച്ചത്. എല്ലാം വോട്ടിനിട്ട് തള്ളി. ഇ.ടി.മുഹമ്മദ് ബഷീർ ബില്ലിനെ പൂർണമായി എതിർത്തു. എം. ഐ. ഷാനവാസ്, സുസ്‌മിത ദേവ്, അഹിർ രഞ്ജൻ ചൗധരി തുടങ്ങിയവർ ബില്ലിലെ വ്യവസ്ഥകളെ വിമർശിച്ചു. ബില്ലിനെ ശക്തമായി എതിർത്ത എ.ഐ.എം.ഐ.എം നേതാവ് അസാദുദ്ദീൻ ഒവെയ്സിയുടെ ഭേദഗതികളും വോട്ടിനിട്ട് തള്ളി.

‘മുസ്ലിം വിമൻ ( പ്രൊട്ടക്ഷൻ ഒഫ് റൈറ്റ്സ് ഓൺ മാര്യേജ് ) ബിൽ’ എന്നാണ് നിയമത്തിന്റെ പേര്. ജമ്മു കാശ്മീർ ഒഴികെയുള്ള സംസ്ഥാനങ്ങൾക്ക് ബിൽ ബാധകമായിരിക്കും.

ആഗസ്റ്റ് 22നാണ് മുത്തലാഖ് ഭരണഘടനാവിരുദ്ധമാണെന്ന് സുപ്രീംകോടതി വിധിച്ചത്. അതിന് ശേഷവും മുത്തലാഖിലൂടെ നൂറ് വിവാഹമോചനങ്ങൾ നടന്ന സാഹചര്യത്തിലാണ് ബിൽ കൊണ്ടുവന്നതെന്നാണ് ഔദ്യോഗിക വിശദീകരണം

ബില്ലിലെ വ്യവസ്ഥകൾ

 വാമൊഴി, എഴുത്ത്, ഫോൺ, ഇ-മെയിൽ, എസ്.എം.എസ്, വാട്ട്സാപ്പ് തുടങ്ങി ഏത് മാർഗത്തിലൂടെ മുത്തലാഖ് ചൊല്ലിയാലും കുറ്റം.
 മുത്തലാഖ് ചൊല്ലിയാൽ മൂന്ന് വർഷം വരെ തടവും പിഴയും
 ജാമ്യമില്ലാ കുറ്റം
 പ്രായപൂർത്തിയാകാത്ത മക്കളുടെ സംരക്ഷണം ഭാര്യയ്ക്ക്
 ഭാര്യയ്‌ക്കും കുട്ടികൾക്കും ജീവനാംശം നൽകേണ്ടിവരും. ജീവനാശം ഒന്നാം ക്ളാസ് ജുഡിഷ്യൽ മജിസ്ട്രേട്ട് നിശ്ചയിക്കണം.
 മുത്തലാഖ് ചെയ്യുന്ന സമയത്ത് കുട്ടി പ്രായപൂർത്തിയായിട്ടില്ലെങ്കിൽ സംരക്ഷണം ഭാര്യയ്‌ക്ക് ആയിരിക്കും. ഇക്കാര്യത്തിലും മജിസ്ട്രേട്ടിന് തീരുമാനമെടുക്കാം.

Comments

comments

Smiley face
Smiley face
Seo wordpress plugin by www.seowizard.org.