ദേശിയ ചലച്ചിത്ര അവാര്‍ഡ് മത്സരത്തിന്റെ അവസാനഘട്ടത്തിലും ഇന്ദ്രന്സുണ്ടായിരുന്നുവെന്ന് ജൂറി ചെയര്മാന് ശേഖര്‍ കപൂര്‍. മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം കരസ്ഥമാക്കിയ ഇന്ദ്രന്‍സിന്റെ ആളൊരുക്കത്തിലെ പ്രകടനം ഗംഭീരമായിരുന്നെന്നും അല്‍പ്പം വ്യത്യാസത്തിനാണ് മികച്ച നടനുള്ള ദേശീയ പുരസ്കാരം നഷ്ടമായതെന്നും ശേഖര്‍ പറഞ്ഞു.
വി.സി അഭിലാഷ് ഒരുക്കിയ ആളൊരുക്കത്തില്‍ ഓട്ടംതുള്ളല്‍ കലാകാരന്റെ വേഷത്തിലാണ് ഇന്ദ്രന്‍സ് എത്തിയത്. മികച്ച സാമൂഹിക പ്രതിബദ്ധതയുള്ള ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത് ആളൊരുക്കമാണ്. ഇന്ദ്രന്‍സിന് പകരം നഗര്‍ കീര്ത്തന് എന്ന ചിത്രത്തിലെ അഭിനയത്തിന് പത്തൊന്‍പതുകാരനായ ബംഗാളി നടന് റിഥി സെന്‍ ആണ് മികച്ച നടനായത്.
സിനിമയിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഫഹദ് വിസ്മയിപ്പിച്ചുവെന്ന് ശേഖര്‍ കപൂര്‍ പറഞ്ഞു. മലയാള സിനിമ ഉന്നത നിലവാരം പുലര്‍ത്തുന്നു. ബോളിവുഡ് താരങ്ങളായ ആമിര്‍ ഖാനെ പോലെ പ്രതിഭയുള്ള താരമാണ് ഫഹദ്. അത്ഭുത തോന്നിപ്പിക്കുന്ന ശൈലിയിലായിരുന്നു താരങ്ങളുടെ കഥപാത്രങ്ങളായിട്ടുള്ള പകര്‍ന്നാട്ടമെന്നും ജൂറി വിലയിരുത്തി
ജനപ്രീതിയിലും നിരൂപക പ്രശംസയിലും മുന്നിട്ട് നിന്നിരുന്ന ചിത്രമാണ് ദിലീഷ് പോത്തന് സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്സാക്ഷിയും. ചിത്രത്തിലെ കള്ളനായി ഫഹദ് ബിഗ് സ്ക്രീനില്‍ തിളങ്ങിയപ്പോള്‍ സിനിമ അനായാസേന പ്രേക്ഷകരുടെ മനസില്‍ ഇടം നേടി.
ഫഹദിന്റെയും സുരാജിന്റെയും അഭിനയ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒന്നായിരുന്നു തൊണ്ടിമുതലും ദൃക്സാക്ഷിയിലേത്. നിരവധി പുരസ്കാരങ്ങള്‍ ഈ ചിത്രത്തെ തേടിയും ഇതില്‍ അഭിനയിച്ചവരെ തേടിയും എത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ദേശീയ പുരസ്കാരവും ഫഹദിലൂടെ മലയാളത്തിലെത്തുന്നത്.