Breaking News

സ്വർണ്ണം ഇടിച്ചു നേടി മേരികോം

മേരികോമിന് സ്വർണ്ണം. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇടിയുടെ രാജ്ഞിയായി വീണ്ടും മേരി കോം. ബോക്‌സിംഗില്‍ 45-48 കിലോഗ്രാം വനിതാ വിഭാഗത്തിലാണ് മേരി കോം സ്വര്‍ണം നേടിയത്. നോര്‍ത്ത് അയര്‍ലന്‍ഡ് താരം ക്രിസ്റ്റീന ഒക്കുഹാരയെ ഇടിച്ചിട്ടാണ് മേരി സുവര്‍ണ നേട്ടം സ്വന്തമാക്കിയത്. ഇതടക്കം ഇന്ത്യയ്ക്ക് ആകെ പതിനെട്ട് സ്വർണ്ണം ലഭിച്ചു. 18 സ്വര്‍ണവും 11 വെള്ളിയും 14 വെങ്കലവുമായി മൂന്നാം സ്ഥാനത്ത് തുടരുകയാണ് ഇന്ത്യ.

ഉയരത്തിന്റെ ആനുകൂല്യം ഉണ്ടായിരുന്ന ഒഹാര മേരി കോമിനെ പ്രതിരോധത്തിലാക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ 4-0 സ്‌കോറിന് വ്യക്തമായ ആധിപത്യത്തോടെയായിരുന്നു മേരി ഇടിക്കൂടിലെ രാജ്ഞിയായത്. അഞ്ചു തവണ ലോക ചാമ്പ്യനും ഒളിംപിക്‌സ് വെങ്കല മെഡല്‍ ജേതാവുമായ മേരി കോം ഇതാദ്യമായാണ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പങ്കെടുക്കുന്നത്.

അഞ്ച് ഇന്ത്യന്‍ താരങ്ങള്‍ കൂടി ബോക്‌സിംഗില്‍ ഇന്ന് ഫൈനലിന് ഇറങ്ങുന്നുണ്ട്. പുരുഷ വിഭാഗം 46-49 വിഭാഗത്തില്‍ അമിത്, 52 കിലോഗ്രാമില്‍ ഗൗരവ് സോളങ്കി, 60 കിലോഗ്രാം വിഭാഗത്തില്‍ മനീഷ് കൗശിക്, 75 കിലോഗ്രാമില്‍ വികാസ് കൃഷാന്‍, 91 വിഭാഗത്തില്‍ സതീഷ് കുമാര്‍ എന്നിവരാണ് ഇടിക്കൂട്ടിലെ സുവര്‍ണ പ്രതീക്ഷകളുമായി ഇറങ്ങുന്നത്.

Comments

comments