Breaking News

‘ആൺമക്കളെ നന്നായി വളർത്തും; അല്ലെങ്കിൽ അവനെ ജയിലിൽ അയക്കും.’

”രണ്ടു പെൺകുട്ടികളാ… പേടിയാകുന്നു …”
”പെൺമക്കളുള്ള അമ്മയുടെ വിഷമം അറിയാമോ ?”
ആശങ്കകൾ നിരവധിയാണ്. രാജ്യമെങ്ങും പ്രതിഷേധം ഉയർന്ന സായാഹ്നത്തിലും കേട്ടതും കണ്ടതും ഇതേ ആശങ്കകൾ തന്നെ ! പ്ലക്കാർഡുകൾ എഴുതിയതും പിടിച്ചു പാതയോരങ്ങളിൽ ഭയന്ന കണ്ണുകളുമായി നിലയുറപ്പിച്ചതും ഇതേ പെൺമക്കളും അവരുടെ രക്ഷിതാക്കളുമാണ്. എവിടെ ആൺമക്കൾ ? എവിടെ ആൺമക്കളുള്ള അമ്മമാർ ? അവർ ഇതൊക്കെ കണ്ടു രസിക്കുകയാണോ ? ‘ഇവൾ എന്റെ പെങ്ങളാണ് ; ഇവളെ തൊട്ടു പോകരുത്!’ എന്ന കരുത്തൻ മുന്നറിയിപ്പിന്റെ മുദ്രാവാക്യം ഉയർത്തി പ്ലക്കാർഡുകളുമായി എന്തെ നമ്മുടെ ആൺമക്കൾ തെരുവോരങ്ങളിൽ നിരന്നു നിന്നില്ല ?

ന്യായീകരണത്തിനായി രാജ്യത്തെ ബലാത്സംഗ വീരന്മാർക്കു വേണ്ടി പോസ്റ്റുകൾ ഉണ്ടാക്കി വിതരണം ചെയ്യുന്നവരിലും കണ്ടു ആണ്മക്കളുടെ അമ്മമാരെ ! എന്നാൽ കേട്ടോളൂ … ഇനി ഭയക്കേണ്ടത് നിങ്ങളാണ്. മുഷിഞ്ഞു നാറുന്ന ജാതി-മത ചിന്തകളാൽ നിങ്ങൾ നിശ്ശബ്ദരാകുമ്പോൾ; അല്ലങ്കിൽ തെറ്റായ ശബ്ദം ഉയർത്തുമ്പോൾ നിങ്ങളുടെ ആൺമക്കൾ അത് കാണുന്നുണ്ട്!

‘റേപ്പ്’ ആയുധമാകുന്നത് എങ്ങനെ ?

പ്രതികാരം ചെയ്യാൻ ‘റേപ്പ് കൊട്ടേഷൻ’ കൊടുത്ത കേരളം ഇന്ത്യയുടെ ഇങ്ങേയറ്റവും, ഒരു മത വിഭാഗത്തിലെ ജനതയെ തുരത്താൻ ‘റേപ്പ് കൊട്ടേഷൻ’ നടപ്പിലാക്കിയ കശ്മീർ അങ്ങേയറ്റവും ആകുമ്പോൾ എങ്ങനെയാണ് നാടും നഗരവും സംസ്ഥാനവും തരം തിരിച്ചു പ്രതികരിക്കുക ? ഒരു പ്രദേശത്തു സ്വന്തം മതത്തിൽ പെട്ടവർ മാത്രം മതിയെന്ന് അധികാരത്തിന്റെ അഹന്തയിൽ ഒരു വിഭാഗം നിലപാടെടുക്കുകയും; അതിന് കൂട്ടത്തിൽ ഒരു കുഞ്ഞിനെ മാനഭംഗം ചെയ്തു ക്രൂരമായി കൊന്നുകളയാനും അത് വഴി അവരെയാകെ ഭയപെടുത്താനും തീരുമാനിക്കുന്നവരുടെ മാനസികാവസ്ഥ എന്താണ് ? അതിനായി 15 വയസ്സുള്ള ഒരു ബാലനെയാണ് അവർ തെരഞ്ഞെടുത്തത്. അവനും അവന്റെ കൂട്ടാളികളും ചേർന്ന് നടത്തിയ ക്രൂരകൃത്യത്തിൽ ‘റേപ്പ്’ ഒരു ആയുധമാവുകയായിരുന്നു. ”അതങ്ങു കാശ്മീരിൽ നടന്നതല്ലേ ? നമുക്കെന്താ ? ” എന്ന് ചോദിക്കുന്നവർ ഒരു കാര്യം പുറകോട്ടു ചിന്തിച്ചാൽ മതി. നഗരത്തിരക്കിൽ തെരുവീഥിയിൽ ഓടുന്ന വാഹനത്തിൽ നടന്ന ‘കൊട്ടേഷൻ റേപ്പി’നെക്കാൾ വിഭിന്നമല്ല കശ്മീർ സംഭവം.

എതിർക്കേണ്ടത് പ്രവർത്തികളെയും അതിന് പിന്നിലെ ലക്ഷ്യങ്ങളെയുമാണ്. കാശ്മീരിൽ ലക്‌ഷ്യം മത മേധാവിത്തമാകുമ്പോൾ , ആ ‘മതം’ വിഷമാണ് എന്ന് ആവർത്തിച്ചു പറഞ്ഞു കൊണ്ടിരിക്കണം നമ്മൾ. അല്ലാതെ മതത്തെ ഒളിപ്പിച്ചു പിടിച്ചു ന്യൂട്രൽ വാദം ഉയർത്തുകയല്ല വേണ്ടത്. ‘റേപ്പ്’ ഒരു പ്രതികാരത്തിനുള്ള കൊട്ടേഷൻ ആകുമ്പോൾ ‘പ്രതികാരം’, അതിലേക്കു നയിച്ച സാഹചര്യം എന്നിവ ചർച്ചയും അന്വേഷണ വിഷയവും പ്രതിഷേധത്തിനുള്ള സംഭവവും ആയി മാറണം. മതവും പ്രതികാരവും രണ്ടു വിഷയങ്ങളും ‘റേപ്പ്’ അഥവാ ‘മാനഭംഗം’ ആയുധവുമാകുന്നു. അതീവ ദയനീയമാണ് ഈ സ്ഥിതി.

മകനെ പൾസർ സുനിയാക്കാനാണോ പ്ലാൻ ?

താഴ്ന്ന മുഖവും ആശങ്കയും ഭയവുമായി മെഴുകുതിരിയും പ്ലക്കാർഡുകളുമേന്തി തെരുവോരങ്ങളിൽ നിൽക്കേണ്ടത് പെൺകുട്ടികളല്ല. ‘എന്നെ മാനഭംഗപ്പെടുത്തരുതേ…’ എന്ന് നെഞ്ചിലൊട്ടിച്ച ലേബലുമായി എന്തിനാണ് നിങ്ങൾ നിങ്ങളുടെ പെൺമക്കളെ പ്രതിഷേധയോഗങ്ങൾക്ക് കൊണ്ട് പോകുന്നത്. ആണ്മക്കളെയാണ് പ്ലക്കാർഡുകളുമായി തെരുവിൽ നിർത്തേണ്ടത്. അമ്മമാർ അവരോടു മുദ്രാവാക്യങ്ങൾ എഴുതാൻ പറയണം. ‘ഞാൻ ആണാണ് ; ഞാൻ ഒരിക്കലും റേപ്പ് ചെയ്യില്ല ‘ എന്ന് ഉറക്കെ വിളിക്കാൻ പറയണം.

അമ്മമാർ രണ്ടായി ധ്രുവീകരിക്കപ്പെടുന്ന ദയനീയയമായ കാഴ്ച ആശാസ്യമല്ല. കുടുംബ ചിത്രങ്ങളിൽ ആൺമക്കളെ ചേർത്തു നിർത്തി പടമെടുത്തു സാമൂഹ്യമാധ്യമങ്ങളിൽ ഷെയർ ചെയ്യുകയും സമാധാനത്തിൽ കിടന്നുറങ്ങി പുലർകാലത്തിൽ ന്യൂട്രൽ പോസ്റ്റുകൾ എന്ന നാട്യത്തിൽ റേപ്പിസ്റ്റുകൾക്ക് അനുകൂല മുദ്രാവാക്യങ്ങൾ മുഴക്കുകയും ചെയ്യുന്ന അമ്മമാർ വരാനിരിക്കുന്ന വലിയ അപകടം തിരിച്ചറിയുന്നില്ല എന്ന് വിശ്വസിക്കാനാവുന്നില്ല. ജാതിയും മതവും ദേശവും നോക്കി അക്രമങ്ങൾക്കും മാനഭംഗത്തിനും ന്യായങ്ങൾ നിരത്തുന്നവർ അവരെ പറ്റിച്ചേർന്ന്‌ വളരുന്ന ആണ്മക്കളുടെ ചിന്തകളിലും ഇതേ വിഷം തന്നെ പകരുകയാണ്. വളരുമ്പോൾ അവനൊപ്പം വളരുന്ന കാമാർത്തിക്ക് അവനൊരു ന്യായവും കൂടി പണിതു നൽകുകയാണ് അത്തരം അമ്മമാർ.

കാശ്മീരിലെ ബലാത്സംഗികളിൽ പ്രധാനിയുടെ പ്രായം ശ്രദ്ധിച്ചോ ?; വെറും 15 വയസ്സ് ! നിങ്ങളുടെ മകനിൽ നിന്ന് ആ പതിനഞ്ചുകാരനിലേക്ക് ദൂരം എത്ര കുറവാണെന്നറിയാമോ? ആൺമക്കളുള്ള അമ്മമാർ ഒരു പ്ലക്കാർഡ് പിടിച്ചു സമൂഹത്തോട് പ്രതിജ്ഞ ചെയ്യാമോ ? ”എന്റെ മകൻ അങ്ങനാവില്ല..” എന്ന് നൂറു ശതമാനം ആത്മവിശ്വാസത്തിന്റെ മഷി കൊണ്ട് തീർത്ത ഒരു പ്ലക്കാർഡ്. അതാണ് ഇന്ത്യയുടെ തെരുവുകളിൽ നിറഞ്ഞു കാണേണ്ട കാഴ്ച.

‘ബേട്ടിബചാവോ …’ എന്ന അലറിക്കരച്ചിലല്ല ഇന്ത്യക്ക് ഇന്നാവശ്യം. ‘ആൺകുട്ടിയെ നന്നായി വളർത്തൂ ; കഴിയില്ലെങ്കിൽ ജയിലിലേക്ക് അയക്കൂ’ എന്ന മുദ്രാവാക്യം ഏറ്റു ചൊല്ലാൻ അമ്മമാർ തയ്യാറാവണം. പൾസർ സുനിയിലേക്കും കശ്മീരിലെ പതിനഞ്ചു വയസ്സുള്ള ബലാത്സംഗിയിലേക്കും ഉള്ള വഴിയാണോ നിങ്ങളുടെ മകന് നിങ്ങൾ തെളിച്ചു കാണിക്കുന്നത് ? സവർണ്ണ ബ്രാഹ്മണിക്ക് മേധാവിത്തം ഉറപ്പിക്കാൻ എട്ട് വയസ്സുള്ള ഒരു അന്യമതക്കാരിയെ വേണമെങ്കിൽ മാരകമായി റേപ്പ് ചെയ്തു പൈശാചികമായി കൊന്നു രക്തം പാനംചെയ്യാം എന്ന സന്ദേശം ആണോ ആൺമക്കൾക്ക് നിങ്ങൾ പകർന്നു നൽകാൻ ശ്രമിക്കുന്നത് ? അല്ലങ്കിൽ ഉറക്കെ പറയൂ… ‘ആൺമക്കളെ നന്നായി വളർത്തും; അല്ലെങ്കിൽ അവനെ ജയിലിൽ അയക്കും.’

Comments

comments

Reendex

Must see news