Breaking News

”പ്രാര്‍ത്ഥനയ്ക്കും കൂദാശയ്ക്കും കണക്ക് പറഞ്ഞ് പണം വാങ്ങുന്നു; അന്ധവിശ്വാസം വിറ്റ് കാശാക്കുന്നു…”

കത്തോലിക്ക സഭയക്കെതിരെ അതിരൂക്ഷ വിമര്‍ശനവുമായി മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ്ബ് തോമസ്. സഭയിലെ ബിഷപ്പുമാര്‍ സഭയെ ഒരു സ്വകാര്യ സ്വത്തായും കമ്പനിയുമായിട്ടാണ്  കണക്കാക്കുന്നത്.  മെത്രാനും അശേദ്ദഹത്തിന്റെ ഉപദേഷ്ടാക്കളും ചേര്‍ന്ന് കാര്യങ്ങള്‍ തീരുമാനിക്കുന്നു നടപ്പാക്കുന്നു. എന്തിനും ഏതിനും ഫീസ് വാങ്ങുന്നു. കുദാശയ്ക്കും ആശിര്‍വാദത്തിനും പ്രാര്‍ത്ഥനയ്ക്കുമെല്ലാം കണക്ക് പറഞ്ഞ് പണം വാങ്ങുന്നു. കച്ചവട മനോഭാവത്തോടെ മാത്രമാണ് സഭ എല്ലാത്തിനെയും നോക്കികാണുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രിയുമെല്ലാം ഈ കച്ചവടത്തിന്റെ ഭാഗമാണ്. എന്റെ പിതാവിന്റെ ഭവനത്തെ കച്ചവട സ്ഥാപനമാക്കരുതെന്ന ക്രിസ്തുവിന്റെ വചനം അപ്പാടെ അട്ടിമറിക്കയ്‌പ്പെട്ടിരിക്കുകയാണെന്ന് ജേക്കബ്ബ് തോമസ് തന്റെ ഫേസ്ബുക്ക് പേജില്‍ ഇരുണ്ട യുഗത്തില്‍ നിന്ന് ഇടുങ്ങിയ യുഗത്തിലൂടെ എന്ന തലക്കെട്ടിലാണ്
കുറിച്ചിരിക്കുന്നത്. നൂറ്റാണ്ടുകളുടെ പാരമ്പര്യം അവകാശപ്പെടുന്ന സീറോ മലബാര്‍ സഭയ്ക്ക് ആകെ മൂന്ന് വിശുദ്ധന്‍മാര്‍ മാത്രമാണെന്ന് ഓര്‍ക്കുക.

വിശ്വാസികളുടെ ഭയവും അന്ധവിശ്വാസവും സഭ മുതലെടുത്ത് കള്ളക്കച്ചവടവും കോടികള്‍ മുടക്കിയ വ്യവഹാരങ്ങളും നടത്തുകയാണ്. 21-ാം നൂറ്റാണ്ടിലും അന്ധവിശ്വാസം കച്ചവടമാക്കി സഭ ലക്ഷങ്ങള്‍ കൊയ്യുന്നു. ഇതവസാനിപ്പിക്കണമെന്നാണ് ജേക്കബ്ബ് തോമസ് ആവശ്യപ്പെടുന്നത്.
ഇതാദ്യമായാണ് മുന്‍ വിജിലന്‍സ് മേധാവി സീറോ മലബാര്‍ സഭയുടെയും മറ്റ് ക്രൈസ്തവ സഭകളുടെയും തട്ടിപ്പിനെതിരെ പ്രതികരിക്കുന്നത്.

ജേക്കബ്ബ് തോമസിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണ്ണ രൂപം:-

ഇരുണ്ട യുഗത്തില്‍ നിന്ന് ഇടുങ്ങിയ യുഗത്തിലൂടെ
പ്രശസ്ത ചിന്തകന്‍ പെട്രാര്‍ക്ക് പതിനാലാം നൂറ്റാണ്ട് വരെയുള്ള കാലത്തെ ഇരുണ്ട യുഗമെന്നാണ് വിശേഷിപ്പിച്ചത്. ഇതിന് ഒരു കാരണം റോമന്‍ കത്തോലിക്ക സഭയായിരുന്നു. അജ്ഞതയും അന്ധവിശ്വാസവും നിറഞ്ഞ യൂറോപ്പിലെ സഭ സാംസ്‌ക്കാരിക ജീര്‍ണതയുടെ നേര്‍സാക്ഷ്യമായിരുന്നു.

സമ്പത്തും അധികാര ഗര്‍വും സഭാനേതൃത്വത്തെ നയിച്ചപ്പോള്‍ വിശ്വാസികള്‍ ഇരുട്ടിലായി. വത്തിക്കാന് പണം നല്‍കി അധികാരം നിലനിര്‍ത്തി ചില മെത്രാന്‍ മാര്‍. അനാചാരങ്ങളും അഴിമതിയും ധനസമ്പാദനത്തിനും അതുവഴി അധികാരമുറപ്പിക്കലിനും വഴിയായി.ജര്‍മന്‍ ആര്‍ച്ച് ബിഷപ്പ് അല്‍ബ്രെക്ട് രണ്ടു അതിരൂപതകളുടെ അധികാരം ഒന്നിച്ച് നിലനിര്‍ത്താന്‍ വന്‍ തുക ലോണെടുത്ത് സെന്റ് പീറ്റേഴ്‌സ് ബസലിക്കയുടെ പണിക്ക് സംഭാവന നല്‍കി.

ഇത്തരം അധികാര ദുര്‍വിനിയോഗങ്ങള്‍ക്കെതിരെയാണ് പ്രശസ്ത ദൈവശാസ്ത്രജ്ഞന്‍ മാര്‍ട്ടിന്‍ ലൂതര്‍ 1517 ല്‍ വിറ്റന്‍ബര്‍ഗ് കൊട്ടാരവാതിലില്‍ തന്റെ 95 പ്രബന്ധങ്ങള്‍ തൂക്കിയിട്ടത്. സഭാനേതൃത്വത്തിനെതിരായ തുറന്ന പോരാണ് ഫാദര്‍ മാര്‍ട്ടിന്‍ ലൂതര്‍ തുടങ്ങി വച്ചത്. അതേ പോരാട്ടം ഓര്‍മിപ്പിക്കുന്നു സിറോ മലബാര്‍ സഭയിലെ വൈദികരുടെ നീക്കങ്ങളും. പക്ഷേ വിശ്വാസികള്‍ ഈ പോരാട്ടത്തില്‍ എവിടെ നില്‍ക്കുന്നു?  1520 ലാണ് ക്രിസ്ത്യാനിയുടെ സ്വാതന്ത്യം എന്ന പുസ്തകം എഴുതപ്പെട്ടത്. നൂറ്റാണ്ടുകള്‍ക്കിപ്പുറവും ഈ സ്വാതന്ത്ര്യം ക്രിസ്ത്യാനിയുടെ ചിന്തകളിലും നിലപാടുകളിലും ഇടം പിടിച്ചിട്ടുണ്ടോ ?വിശ്വാസിയുടെ ഭയവും അന്ധതയും മറയാക്കി സഭയില്‍ കളളക്കച്ചവടങ്ങളും ലക്ഷങ്ങള്‍ മുടക്കിയുള്ള കോടതി വ്യവഹാരങ്ങളും പൊടിപൊടിക്കുന്നു.

അഭിഷിക്തരെ ചോദ്യം ചെയ്താല്‍ ശാപം കിട്ടും തുടങ്ങിയ അന്ധവിശ്വാസങ്ങളാണ് ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ആളുകളെ നയിക്കുന്നത്. സഭ, വിശ്വാസികളുടേതാണ് എന്ന് പറയുമ്പോഴും സ്വകാര്യ സ്വത്തായാണ് സഭാ നേതൃത്വം കാണുന്നത്. ഒരു സ്വകാര്യ കമ്പനിയെന്നും വിളിക്കാം. മെത്രാന്‍ എന്ന ചെയര്‍മാനുo അദ്ദേഹത്തിന്റെ ഉപദേഷ്ടാക്കളും ചേര്‍ന്ന് കാര്യങ്ങള്‍ തീരുമാനിക്കുന്നു, നടപ്പാക്കുന്നു. കമ്പനിയുടെ സേവനങ്ങള്‍ ലഭിക്കാന്‍, അത് കൂദാശയാകട്ടെ ശുശ്രൂഷയാവട്ടെ ആശീര്‍വാദം ആകട്ടെ ഫീസ് നല്‍കണം. സ്ട്രാറ്റജിക് ബിസിനസ് യൂണിറ്റ് മോഡലില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രികളും.

മൂവായിരത്തില്‍പ്പരം ഇടവകകളും 50 ലക്ഷം വിശ്വാസികളും ഈ സംവിധാനത്തെ പരിപോഷിപ്പിക്കുന്നു. എന്റെ പിതാവിന്റെ ഭവനത്തെ കച്ചവട സ്ഥാപനമാക്കരുത് എന്ന വചനം അപ്പാടെ അട്ടിമറിക്കുന്നു. നൂറ്റാണ്ടുകളുടെ പഴമയില്‍ അഭിമാനിക്കുന്ന സിറോ മലബാര്‍ സഭയില്‍ ആകെ ഉണ്ടായത് 3 വിശുദ്ധരാണെന്ന് ഓര്‍ക്കുക.

Comments

comments