Breaking News

ശ്രദ്ധാകേന്ദ്രമായി യെച്ചൂരി; കൈയ്യിൽ നിന്ന് പിടി വിടാതെ രാഹുൽ

ചെറിയ പാർട്ടിയാണ് സി പി എം. പ്രത്യേകിച്ച് കർണാടകയിൽ വോട്ട് എണ്ണിക്കഴിഞ്ഞപ്പോൾ! പക്ഷെ സമീപകാലത്ത് ഇന്ത്യ കണ്ട ഏറ്റവും വലിയ രാഷ്ട്രീയ കരുനീക്കത്തിന്റെ മാസ്റ്റർ ബ്രെയിൻ ആയത് ഈ ചെറിയ പാർട്ടിയുടെ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ആണ്. കുമാരസ്വാമിയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ അവസാനമെത്തിയ യെച്ചൂരിക്ക് ഇരിപ്പിടം ഒരുക്കി നൽകാൻ മുൻ പ്രധാനമന്ത്രി കൂടിയായ എച്ച് ഡി ദേവഗൗഡ കാണിച്ച ഉത്സാഹത്തിൽ നിന്നും ആ കാര്യം വ്യക്തമാവുകയും ചെയ്യും. സോണിയ ഗാന്ധിയുടെ തൊട്ടടുത്ത സീറ്റിൽ യെച്ചൂരിയെ ഇരുത്തിയതോടെ ശ്രദ്ധ മുഴുവൻ അങ്ങോട്ട് തിരിയുകയും ചെയ്തു. രാഹുൽ ഗാന്ധിയാകട്ടെ എപ്പോഴോ ഒന്ന് യെച്ചൂരിയുടെ കൈ പിടിച്ചു. പിന്നെ വിട്ടതുമില്ല. സത്യപ്രതിജ്ഞ പൂര്‍ത്തിയായ ഉടനെ കുമാര സ്വാമിയെ അഭിനന്ദിക്കാന്‍ വേദിയിലേക്ക് രാഹുല്‍ഗാന്ധിയും സീതാറാം യെച്ചൂരിയും എത്തിയത് കൈകള്‍ ചേര്‍ത്ത് കോർത്ത് പിടിച്ചാണ്.

കര്‍ണ്ണാടകയില്‍ വോട്ടെണ്ണൽ നടക്കുന്നതിന്റെ തലേദിവസം കോൺഗ്രസ് മുൻ അധ്യക്ഷ സോണിയാ ഗാന്ധിയുമായും ജെഡിഎസ് അധ്യക്ഷൻ എച്ച് ഡി ദേവഗൗഡയുമായും യെച്ചൂരി നടത്തിയ ചര്‍ച്ചയാണ്  ഈ ‘മഹാസഖ്യ’ത്തിന് അടിത്തറ പാകിയത്. ജെഡിഎസ് ബിജെപിക്ക് ഒപ്പം പോകാനുളള സാധ്യത മുന്നില്‍ കണ്ടാണ് യെച്ചൂരി ഈ ചര്‍ച്ചയ്ക്ക് തുടക്കമിട്ടതും.  വോട്ടെണ്ണലിന് മുൻപ് തന്നെ കോൺഗ്രസ് നേതൃത്വം ദേവഗൗഡയുമായി ചർച്ച നടത്തിയതിന് പിന്നിലും യെച്ചൂരിയുടെ ബുദ്ധി തന്നെയായിരുന്നു. ജെഡിഎസ് സംസ്ഥാന അധ്യക്ഷൻ കുമാരസ്വാമിയുമായും ഗൗഡയുടെ മറ്റൊരു മകനായ രേവണ്ണയുമായും സംസാരിച്ച യെച്ചൂരി സോണിയ ഗാന്ധിയെ വിവരം അറിയിക്കുകയായിരുന്നു. പിന്നീട് സോണിയ ഗാന്ധി തന്നെ നേരിട്ട് ദേവഗൗഡയെ വിളിച്ച് സംസാരിച്ചതോടെയാണ് ചരിത്രത്തില്‍ ഇടം നേടിയ ഈ സംഖ്യം ഉണ്ടായത്.

രാഹുലിന്റെ യെച്ചൂരി ഭ്രമത്തിന് എത്ര നാളത്തെ പഴക്കമുണ്ടെന്ന് അറിയില്ല. പക്ഷെ രാഹുലിന്റെ രാഷ്ട്രീയ വിദ്യാഭ്യാസത്തിൽ ഗുരുക്കന്മാരിൽ പ്രധാനി യെച്ചൂരി ആണെന്നത് ഇന്ദ്രപ്രസ്ഥത്തിലെ പരസ്യമായ രഹസ്യമാണ്. വേദികളിൽ സീതാറാം യെച്ചൂരിയോടുള്ള രാഹുലിന്റെ ഇടപെടലുകളുടെ ശരീര ഭാഷ രാഷ്ട്രീയ നിരീക്ഷകരും ഫോട്ടോ ജേർണലിസ്റ്റുകളും നിരവധി തവണ ഒപ്പിയെടുത്തിട്ടുണ്ട്.

കോൺഗ്രസ് പാർട്ടിയോട് കൈകോർക്കണമെന്ന നിലപാട് ആവർത്തിക്കുന്ന യെച്ചൂരിയുടെ രാഷ്ട്രീയ നിലപാടുകൾക്കുള്ള അംഗീകാരം മാത്രമല്ല രാഹുലിന്റെ സ്നേഹത്തിനു പിന്നിൽ. ഇന്ത്യയിൽ കർണാടകം പോലെ എവിടെയും എത്തിച്ചേരാനും പ്രതിപക്ഷത്തെ ഐക്യം ഉറപ്പിക്കാനും സീതാറാം യെച്ചൂരിയെ പോലെ പരിണിതപ്രജ്ഞനായ ഒരു നേതാവ് വേറെയില്ല എന്ന കാര്യം രാഹുലിന് നന്നായറിയാം. പ്രതിപക്ഷ കൂടാരത്തിലെ പ്രധാനമന്ത്രി മോഹികളിൽ നിന്നും തന്റെ മോഹത്തെ സഫലീകരിച്ചു തരാൻ കഴിയുന്ന യെച്ചൂരിയുടെ കൈ വിടാൻ രാഹുൽ തയ്യാറാവില്ല. അത് കർണാടകയിൽ എന്നല്ല ഒരിടത്തും.

Comments

comments