Breaking News

മറഞ്ഞത് പകരക്കാരില്ലാത്ത ബഹുമുഖ പ്രതിഭ

അഭിഭാഷകൻ എന്ന നിലയിലാണ് ഏറെകാലം കർമ്മനിരതനായിരുന്നതെങ്കിലും അന്തരിച്ച പി ജി തമ്പി സമാനതകളില്ലാത്ത പ്രതിഭയായിരുന്നു. സ്വപ്രയത്നത്താൽ ഉയർന്നു വന്ന വ്യക്തിത്വം. സാഹിത്യകാരൻ , രാഷ്ട്രീയ നേതാവ് , പ്രാസംഗികൻ എന്നിങ്ങനെ നിരന്തരമായ ഇടപെടലുകളിലൂടെ സ്വയം സമൂഹത്തിൽ അടയാളപ്പെടുത്തിയാണ് പി ജി തമ്പി വിടവാങ്ങുന്നത്.

കോളിളക്കം സൃഷ്‌ടിച്ച നിരവധി കേസ്സുകളിൽ അഭിഭാഷകനായിരുന്നു. കേരളത്തിലെ ‘ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻസ്’ ആയും സ്റ്റേറ്റ് പ്രോസിക്യൂട്ടറായും സേവനമനുഷ്ഠിച്ചിരുന്നു.  കേരളാ ബാർ കൗൺസിൽ, കേരളാ ബാർ ഫെഡറേഷൻ എന്നിവയുടെ ചെയർമാനായും നിയമിതനായി. കേരളാ നിയമ പരിഷ്കരണ കമ്മീഷൻ ഉപദേശകസമിതി അംഗമായും പി.ജി.തമ്പിപ്രവർത്തിച്ചിട്ടുണ്ട് . അഭിഭാഷകരംഗത്തെ മികവും പരിചയവും കണക്കിലെടുത്ത് കേരളാ ഹൈക്കോടതി പി.ജി.തമ്പിയ്ക്ക് മുതിർന്ന അഭിഭാഷകനെന്നുള്ള പദവി നൽകുകയുണ്ടായി.

വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് രാഷ്ട്രീയരംഗത്ത് പി.ജി .തമ്പി കടന്നു വന്നത്. സനാതന ധർമ്മ കോളേജ് യൂണിയൻ ചെയർമാൻ, ഗവൺമെന്റ് ലോ കോളേജ്, തിരുവനന്തപുരം യൂണിയൻ ജനറൽ സെക്രട്ടറി, നാഷണൽ സ്റ്റുഡന്റ്സ് യൂണിയൻ സംസ്ഥാന പ്രസിഡന്റ്, സ്വതന്ത്ര വിദ്യാർത്ഥി സംഘടനാ സംസ്ഥാന സെക്രട്ടറി തുടങ്ങിയ പദവികൾ അക്കാലത്ത് വഹിച്ചു. 1982 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പി.ജി തമ്പി ഇടതു പക്ഷസ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു. 4577 വോട്ടുകൾക്ക് ഐക്യമുന്നണി സ്ഥാനാർത്ഥിയായ രമേശ് ചെന്നിത്തലയോട് പരാജയപ്പെട്ടു.

ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ച ചെറിയ കവിതകൾ ആയിരുന്നു സാഹിത്യ ജീവിതത്തിന്റെ തുടക്കം. തുടർന്ന് ശ്രദ്ധേയമായ അനവധി നോവലുകൾ രചിച്ചിട്ടുണ്ട്. സർപ്പപത്രം,സാലഭഞ്ജിക, സംക്രമണം,സമാഗമം, സ്വർണ്ണക്കച്ചവടം, സന്നിവേശം, സ്വപ്നസഞ്ചാരിണി എന്നിവയാണ് സാഹിത്യ കൃതികള്‍.

ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് ആയിരുന്നു ജനനം. പിതാവ് പി. കൃഷ്ണപിള്ള. മാതാവ് ഭവാനിക്കുട്ടി തങ്കച്ചി. ഇവരുടെ അഞ്ചുമക്കളിൽ രണ്ടാമനാണ് തമ്പി. ആലപ്പുഴയിലെ എസ്.ഡി. കോളേജിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ എം.എ. ബിരുദവും തിരുവനന്തപുരം ഗവൺമെന്റ് ലോ കോളേജിൽ നിന്നും ബി.എൽ. ബിരുദവും നേടി ഹരിപ്പാട്, ആലപ്പുഴ കോടതികളിൽ അഭിഭാഷകനായി ആണ് പ്രാക്ടീസ് ആരംഭിച്ചത്.

Comments

comments