Breaking News

താജ് മഹലിന് നേരെ വി എച്ച് പി ആക്രമണം; ഗേറ്റ് തകർത്തു !

താജ്മഹലിന്റെ പടിഞ്ഞാറ് ഭാഗത്തെ ഗേറ്റ് വിശ്വ ഹിന്ദു പരിഷത്ത് പ്രവർത്തകർ തകർത്തു. ബസായ് ഘട്ടിലുള്ള സിദ്ധേശ്വർ മഹാദേവ ക്ഷേത്രത്തിലേക്ക് പോകുന്ന വഴിയിലാണ് താജ്മഹലിന്റെ പടിഞ്ഞാറേ കവാടമെന്നും ഇത് 400 വർഷം പഴക്കമുള്ള ക്ഷേത്രത്തിലേക്കുള്ള വഴി തടസപ്പെടുത്തുന്നുവെന്നും ആരോപിച്ചായിരുന്നു ആക്രമണം. താജ് മഹൽ തകർക്കാൻ സംസ്ഥാന ഭരണകൂടം ഒത്താശ ചെയ്യുന്നുണ്ട് എന്ന ആരോപണങ്ങൾക്കിടെയാണ് ഈ അക്രമ സംഭവവും റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

സ്റ്റീൽ കൊണ്ടുള്ള ഗേറ്റ് താജ്മഹലിന്റെ സംരക്ഷണ ചുമതലയുള്ള ആർക്കിയോളജി വകുപ്പാണ് സ്ഥാപിച്ചത്. സംഭവത്തിൽ ആർക്കിയോളജിക്കൽ സർവ്വേ ഒഫ് ഇന്ത്യ പൊലീസിന് പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ 30 പേർക്കെതിരെ പൊലീസ് കേസെടുത്തു. അതേസമയം, സംഭവം നടക്കുമ്പോൾ പൊലീസുകാർ നടപടിയെടുക്കാതെ മാറി നിന്നതായി ആരോപണമുണ്ട്.

എന്നാൽ താജ്മഹലിനെക്കാൾ എത്രയോ കാലം മുമ്പ് തന്നെ ക്ഷേത്രം അവിടെയുണ്ടായിരുന്നുവെന്നും പല തവണ പ്രവേശന കവാടം പൊളിക്കാൻ ആവശ്യപ്പെട്ടിരുന്നതായും വി.എച്ച്.പി നേതാവ് രവി ദുബേ പറഞ്ഞു. എന്നാൽ അധികൃതർ ഇക്കാര്യം ചെവിക്കൊള്ളാൻ തയ്യാറാകാത്തത് കൊണ്ടാണ് തങ്ങൾ പൊളിച്ചു നീക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Comments

comments