Breaking News

സംവിധായകൻ പുറത്തേക്ക്; ഉപ്പും മുളകും നിഷയും തുടരും

ഫ്‌ളവേഴ്‌സ് ടിവിയിലെ ‘ഉപ്പുംമുളകും’ എന്ന പരമ്പരയിലെ നായിക നിഷ സാരംഗിനെ പീഡിപ്പിച്ചുവെന്ന ആക്ഷേപത്തില്‍ സംവിധായകന്‍ ഉണ്ണികൃഷ്ണന് എതിരെ ഫ്‌ളവേഴ്‌സ് ടിവി നടപടി എടുത്തേക്കുമെന്ന് സൂചന. അതേസമയം, നടി ഉന്നയിച്ച പീഡന ആരോപണത്തില്‍ നിഷയെ ഉപ്പും മുളകിൽ നിന്നും മാറ്റിയെന്ന് ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത സത്യമല്ലെന്ന് പ്രതികരിച്ച്‌ ഫ്‌ളവേഴ്‌സ് മാനേജ്‌മെന്റ് രംഗത്തെത്തി. ഇക്കാര്യം ഫേസ്‌ബുക്കിലൂടെയാണ് ചാനല്‍ അറിയിച്ചിരിക്കുന്നത്.

ചാനല്‍ നടത്തിയ പ്രതികരണം ഇപ്രകാരം:

നിഷ സാരംഗ് ‘നീലു’വായി ഉപ്പും മുളകിൽ തുടരും; പ്രചരണങ്ങൾ സത്യമല്ല

പ്രശസ്ത ചലച്ചിത്ര – ടി.വി. താരം നിഷ സാരംഗിനെ ഉപ്പും മുളകും പരമ്പരയിൽ നിന്ന് മാറ്റിയെന്ന് ചില മാധ്യമങ്ങളിൽ വന്ന വാർത്ത സത്യമല്ല. അറുന്നൂറ്റി അമ്പതോളം എപ്പിസോഡുകൾ പിന്നിട്ട ഉപ്പും മുളകും പരമ്പരയിലെ ‘നീലു’വെന്ന കഥാപാത്രത്തെ നിഷ സാരംഗ് തന്നെ തുടർന്നും അവതരിപ്പിക്കും. ഇത് സംബന്ധിച്ച് ഉയർന്നുവന്ന പരാതികൾ ചാനൽ മാനേജ്‌മെന്റ് ഗൗരവത്തോടെ പരിശോധിച്ച് വരികയാണ്. നിഷ ഉന്നയിച്ച പരാതികൾ അനുഭാവപൂർവ്വം പരിഗണിക്കുമെന്ന് ആ കലാകാരിക്ക് ഉറപ്പ് നൽകുകയും ചെയ്തു.

പരമ്പരയുടെ ചിത്രീകരണം മുടങ്ങില്ല. കൊച്ചിയിൽ വരും ദിവസങ്ങളിൽ നടക്കുന്ന ചിത്രീകരണത്തിൽ നിഷയുടെ കഥാപാത്രം ഉണ്ടാകും.

– ഇതാണ് ചാനലിന്റെ ഔദ്യോഗിക പ്രതികരണം. ഉണ്ണികൃഷ്ണനെ പരിപാടിയുടെ സംവിധാന ചുമതലയില്‍ നിന്ന് മാറ്റിയേക്കുമെന്ന സൂചനകളാണ് ലഭിക്കുന്നത്.

ഉപ്പും മുളകും പരമ്പരയിലെ പ്രധാന കഥാപാത്രത്തെയാണ് നിഷ സാരംഗ് അവതരിപ്പിച്ചിരുന്നത്. നിഷയുടെ ആരോപണങ്ങള്‍ ചര്‍ച്ചയാവുകയും സിനിമാ മേഖലയിലെ നടിമാരുടെ കൂട്ടായ്മയായ വിമണ്‍ ഇന്‍ സിനിമാ കളക്ടീവ് ഉള്‍പ്പെടെയുള്ളവർ സംവിധായകൻ ഉണ്ണിക്കൃഷ്ണനെതിരെ ശക്തമായ നിലപാടുമായി രംഗത്തുവരികയും ചെയ്തതോടെയാണ് പ്രശ്‌നത്തിന് പരിഹാരമായത്.

Comments

comments