Breaking News

മലയാള സിനിമയില്‍ പെരുന്തച്ചനില്ലാത്ത ആറ് വര്‍ഷം…

മഹാനടന്‍ തിലകന്‍ അരങ്ങൊഴിഞ്ഞിട്ട് ഇന്നേക്ക് ആറ് വര്‍ഷം. 2012 സെപ്റ്റംബര്‍ 24 നായിരുന്നു തിലകനെന്ന അനശ്വര നടനെ മലയാള സിനിമയ്ക്ക് നഷ്ടമായത്. പകരക്കാരനില്ലാത്ത നടനവിസ്മയത്തിന്റെ അസാന്നിധ്യം ഇന്നും മലയാള സിനിമാലോകത്ത് തളംകെട്ടി നില്‍ക്കുന്നുണ്ട്. അഭിനയിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീണായിരുന്നു തിലകന്റെ മരണം. ജീവതം അഭിനയത്തിനായി ഉഴിഞ്ഞുവെച്ച മഹാപ്രതിഭ ഒടുവില്‍ മരണത്തിലേക്ക് യാത്രയായത് ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കുമ്പോള്‍ തന്നെ!.

കോളെജ് വിദ്യാഭ്യാസത്തിനു ശേഷമാണ് തിലകന്‍ അഭിനയ വഴിയിലേക്ക് തിരിഞ്ഞത്. മുണ്ടക്കയം നാടക സമിതിയാണ് അഭിനയത്തിലേക്ക് കൈപിടിച്ചത്. തുടര്‍ന്ന് കെപിഎസിയില്‍ എത്തി. 1956 വരെ കേരള പീപ്പിള്‍സ് ആര്‍ട്‌സ് ക്ലബ്ബില്‍ തുടര്‍ന്നു. കാളിദാസ കലാകേന്ദ്രത്തിലും പി ജെ ആന്റണിയുടെ ട്രൂപ്പിലും അംഗമായിരുന്നു. ആന്റണി തന്നെയാണ് സിനിമയില്‍ ആദ്യാവസരം നല്‍കിയത്. 1973-ല്‍ പുറത്തിറങ്ങിയ ‘പെരിയാറി’ലൂടെ തിലകന്‍ സിനിമാനടനായി. ഇരുന്നൂറോളം മലയാള സിനിമകളില്‍ തിലകന്‍ അഭിനയിച്ചു. തമിഴ്,തെലുങ്ക് ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്.

നിഷേധിയെന്ന് പലരും വിളിക്കുമ്പോഴും സ്വന്തം നിലപാടുകളില്‍ കടുകിടെ വ്യത്യാസമില്ലാത്ത വ്യക്തിത്വമായിരുന്നു തിലകന്റേത്. മലയാള സിനിമയിലെ സൂപ്പര്‍താര പരിവേഷങ്ങളുടെ അപ്രമാദിത്വത്തെ ചോദ്യം ചെയ്ത തിലകന്‍ സിനിമാ വ്യവസായ മേഖലയിലെ വിപ്ലവകാരിയാണ്. അതിനാല്‍ തന്നെയാണ് തിലകന്‍ എന്ന പേര് മലയാളികള്‍ക്കിടയില്‍ ചര്‍ച്ചാവിഷയമാകുന്നത്.

തിലകന്‍ വിട പറഞ്ഞിട്ട് ആറ് വര്‍ഷം പൂര്‍ത്തിയായിട്ടും അദ്ദേഹം പകര്‍ന്നാടിയ വേഷങ്ങള്‍ മലയാള സിനിമാലോകത്ത് നട്ടെല്ലുള്ള, ആണത്തമുള്ള, എണ്ണംപറഞ്ഞ കഥാപാത്രങ്ങളായി അവശേഷിക്കുന്നു. വൈവിധ്യമുള്ള കഥാപാത്രങ്ങളായിരുന്നു തിലകനെ വേറിട്ട് നിര്‍ത്തിയത്. മൂക്കില്ലാരാജ്യത്തിലെ കേശവേട്ടനും പെരുന്തച്ചനിലെ രാമന്‍ തച്ചനും തമ്മിലുള്ള അന്തരമാണ് തിലകന്‍ എന്ന മഹാപ്രതിഭയുടെ സിനിമാ ജീവിതം എത്രമാത്രം കാമ്പുള്ളതാണെന്ന് പ്രേക്ഷകന് മനസിലാക്കി തരുന്നത്. ഒരു വര്‍ഷത്തെ ഇടവേളയില്‍ പുറത്തിറങ്ങിയ ഈ രണ്ട് സിനിമകളും രണ്ട് വ്യത്യസ്ത തലങ്ങളിലുള്ളതായിരുന്നു. അതിനെയെല്ലാം അനായാസമാണ് തിലകന്‍ പകര്‍ന്നാടിയത്.

തിലകനെ കുറിച്ച് സംസാരിക്കാന്‍ എന്തുകൊണ്ട് മൂക്കില്ലാരാജ്യത്ത് പോലൊരു ചിത്രം തിരഞ്ഞെടുത്തു എന്ന് സംശയിച്ചാല്‍ അതിനുള്ള ഉത്തരം ഏറ്റവും ലളിതമാണ്. തിലകനില്‍ നിന്ന് പ്രതീക്ഷിക്കാത്ത ഒരു കഥാപാത്രമായിരുന്നു മൂക്കില്ലാരാജ്യത്തിലെ കേശവന്റേത്. അടിമുടി ഗൗരവക്കാരനായ ഒരാള്‍ ഒരു ഹാസ്യവേഷത്തില്‍ എത്തുമ്പോള്‍ അത് പ്രേക്ഷകനിലേക്ക് സന്നിവേശിപ്പിക്കണമെങ്കില്‍ ആ നടന്‍ സൂക്ഷമമായി ആ കഥാപാത്രത്തെ പഠിക്കേണ്ടതുണ്ട്. അക്കാര്യത്തിലാണ് മൂക്കില്ലാരാജ്യത്ത് എന്ന ഹാസ്യചിത്രം തിലകന്‍ എന്ന നടന്റെ കരിയറിലെ വേറിട്ട ഏടായി തോന്നാനുള്ള കാരണവും. സിനിമയിലെ ചില ഭാഗങ്ങളില്‍ തന്റെ സ്ഥായിഭാവമെന്ന് മലയാളികള്‍ വിശേഷിപ്പിക്കുന്ന ഗൗരവത്തെ പോലും നോണ്‍സ്റ്റോപ്പായി ചിരിക്കാനുള്ള എലമെന്റായി തിലകന്‍ മാറ്റി.

എണ്ണിയാലൊടുങ്ങാത്ത മികച്ച കഥാപാത്രങ്ങളാണ് തിലകന്‍ എന്ന അഭിനയ സാമ്രാട്ട് മലയാള സിനിമയ്ക്കായി തീറെഴുതി തന്നത്. ആ കഥാപാങ്ങളില്‍ തിലകന് പകരം മറ്റൊരു നടനെ സങ്കല്പിക്കാന്‍ തിലകന്റെ വിയോഗത്തിന് ശേഷവും നമുക്ക് സാധിക്കാത്തതും അതിനാല്‍ തന്നെ. സ്ഫടികത്തിലെ ചാക്കോ മാഷും കിരീടത്തിലെ അച്യുതന്‍ നായരും മൂന്നാം പക്കത്തിലെ തമ്പിയും വര്‍ഷങ്ങള്‍ക്കിപ്പുറവും സിനിമാപ്രേമികളെ കൊതിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

മരണത്തിന് കീഴടങ്ങുന്ന സമയം വരെ ആ അഭിനയചാതുര്യം അയാളെ വിട്ടുപോയിരുന്നില്ല. മരണം പടിവാതില്‍ക്കല്‍ നില്‍ക്കുമ്പോള്‍ തിലകന്‍ പകര്‍ന്നാടിയ വേഷങ്ങള്‍ തന്നെയാണ് അതിന് ഉദാഹരണം. ഉസ്താദ് ഹോട്ടലിലെ കരീമിക്കയെയും ഇന്ത്യന്‍ റുപ്പിയിലെ അച്യുതമേനോനെയും തന്റെ ശാരീരിക അവശതകള്‍ക്കിടയിലും എത്ര സുന്ദരമായാണ് ആ നിഷേധി തിരശീലയില്‍ അവതരിപ്പിച്ചത്!. അണയാന്‍ പോകുന്നതിന് മുന്‍പുള്ള ആളികത്തലായിരുന്നു അതെന്ന് ആര്‍ക്കും അറിയില്ലായിരുന്നു.

കരീമിക്കയുടെ റെസിപ്പി വായില്‍ വെള്ളമൂറിക്കുന്നതുപോലെയാണ് തിലകന്‍ പകര്‍ന്നാടിയ കഥാപാത്രങ്ങള്‍ വര്‍ഷങ്ങള്‍ക്കിപ്പുറവും സിനിമയെ സ്വപ്‌നം കണ്ട് നടക്കുന്നവര്‍ക്ക് പ്രചോദനമാകുന്നത്… 

അഭിനയകുലപതിയുടെ ഓര്‍മ്മകള്‍ക്ക് മുന്‍പില്‍ പ്രണാമം!

 

Comments

comments