Breaking News

ചരിത്രവിധിയിലേക്ക് നയിച്ചത് ഇടതുപക്ഷ സര്‍ക്കാറിന്റെ ഉറച്ച നിലപാട്

എട്ട് ദിവസത്തെ വാദപ്രതിവാദങ്ങള്‍ക്ക് ശേഷമാണ് ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന സുപ്രധാന വിധി പരമോന്നത നീതിപീഠം പുറപ്പെടുവിച്ചിരിക്കുന്നത്. അത്യന്തം ചൂടേറിയ വാദപ്രതിവാദങ്ങള്‍ക്കിടയില്‍ സംസ്ഥാന സര്‍ക്കാറിനോട് നിലപാട് വ്യക്തമാക്കാന്‍ സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് ആവശ്യപ്പെട്ടിരുന്നു. ശബരിമലയില്‍ സ്ത്രീപ്രവേശനമാകാമെന്നായിരുന്നു അന്ന് ഇടതുപക്ഷ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.

സുപ്രീം കോടതി വിധി ചരിത്രതാളുകളില്‍ ഇടം പിടിക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാറിന്റെ നിലപാടും ചരിത്രമാകുകയാണ്. മുന്‍ സര്‍ക്കാറിന്റെ വ്യക്തതയില്ലാത്ത നിലപാടില്‍ നിന്ന് വ്യത്യസ്തമായിരുന്നു ഇക്കാര്യത്തില്‍ ഇടുപക്ഷ സര്‍ക്കാറിന്റെ നിലപാട്. വി.എസ് സര്‍ക്കാറിന്റെ കാലത്തും ശബരിമല വിഷയത്തില്‍ ഇതേ നിലപാട് തന്നെയായിരുന്നു വര്‍ഷങ്ങള്‍ക്ക് മുന്‍പും സ്വീകരിച്ചത്. അതില്‍ നിന്ന് കടുകിടെ വ്യത്യാസമില്ലാതെ ഇത്തവണയും സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ നിലപാട് അറിയിച്ചു.

മതപരമായ കാര്യങ്ങളില്‍ നിയമനിര്‍മാണം നടത്താനുള്ള അധികാരം സര്‍ക്കാരുകള്‍ക്കുണ്ടെന്ന വാദമാണ് ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച കേസില്‍ സംസ്ഥാനസര്‍ക്കാരിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ജയദീപ് ഗുപ്ത വാദിച്ചത്. ആര്‍ത്തവകാലത്ത് സ്ത്രീകള്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശനം വിലക്കുന്ന കേരളാഹിന്ദുആരാധനാലയ പ്രവേശന നിയമത്തിലെ 3 ബി വകുപ്പ് മാറ്റിവായിച്ചാല്‍ മതിയാകുമെന്നും സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തിരുന്നു.

അയ്യപ്പന്‍ നൈഷ്ഠികബ്രഹ്മചാരിയാണെന്നത് കൊണ്ട് മാത്രം സ്ത്രീകള്‍ക്ക് പ്രവേശന വിലക്ക് തുടരണമെന്ന വാദം നിലനില്‍ക്കില്ല. നൈഷ്ഠികബ്രഹ്മചാരിയായിരുന്ന ശങ്കരാചാര്യരുടെ ശിഷ്യരില്‍ പലരും സ്ത്രീകളായിരുന്നു. ശബരിമലയിലെ വിശ്വാസികള്‍ ഹിന്ദുമതത്തിനുള്ളിലെ പ്രത്യേകവിഭാഗമാണെന്ന വാദത്തിന് അടിസ്ഥാനമില്ലെന്നും ജയദീപ് ഗുപ്ത പറഞ്ഞു.

Comments

comments