കേന്ദ്ര സര്‍ക്കാറിന്റെ കാര്‍ഷിക നയങ്ങളില്‍ പ്രതിഷേധിച്ചുള്ള കര്‍ഷക സംഘടനകളുടെ ‘കിസാന്‍ ക്രാന്തി പദയാത്ര’യെ അടിച്ചമര്‍ത്താന്‍ പോലീസ് ശ്രമം. ഡല്‍ഹിയിലെത്തിയ മാര്‍ച്ചിന് നേരെ പോലീസ് ജലപീരങ്കി ഉപയോഗിക്കുകയും ലാത്തി വീശുകയും ചെയ്തു. ടിയര്‍ ഗ്യാസ് ഷെല്ല് പ്രയോഗത്തില്‍ നിരവധി കര്‍ഷകര്‍ക്ക് പരിക്കേറ്റു. ഭാരതീയ കിസാന്‍ സഭയുടെ നേതൃത്വത്തിലാണ് പതിനായിരക്കണക്കിന് കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തുന്നത്. യുപി-ഡല്‍ഹി അതിര്‍ത്തിയില്‍ വച്ച് മാര്‍ച്ച് പോലീസ് തടഞ്ഞു. ബാരിക്കേഡ് മറികടക്കാനുള്ള ശ്രമത്തില്‍ പോലീസ് ലാത്തി വീശുകയും ചെയ്തതോടെ രംഗം കലുഷിതമായി.
#WATCH Visuals from UP-Delhi border where farmers have been stopped during ‘Kisan Kranti Padyatra’. Police use water cannons to disperse protesters after protesters broke the barricades pic.twitter.com/9KUwKgvrwW
— ANI (@ANI) October 2, 2018
പ്രക്ഷോഭം കണക്കിലെടുത്ത് കിഴക്കന്‍ ഡല്‍ഹിയില്‍ ഈ മാസം എട്ടു വരെയും വടക്കന്‍ ഡല്‍ഹിയില്‍ ഈ മാസം നാലുവരെയുമാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ളത്. സ്വാമിനാഥന് കമ്മീഷന് ശുപാര്‍ശകള്‍ നടപ്പിലാക്കുക, കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുക, ഡല്‍ഹിയിലും പരിസരപ്രദേശങ്ങളിലും 10 വര്‍ഷം കഴിഞ്ഞ ട്രാക്ടറുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത് പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധം.
സെപ്തംബര്‍ 23 ന് ഉത്തരാഖണ്ഡിലെ പതഞ്ജലിയില്‍ നിന്നാണ് പ്രതിഷേധ മാര്‍ച്ച് ആരംഭിച്ചത്. ഡല്‍ഹിയിലെ കിസാന്‍ ഘട്ടില്‍ മാര്‍ച്ച് അവസാനിപ്പിക്കാനാണ് പദ്ധതിയിട്ടിരുന്നത്. സമാധാനപരമായി നടത്തിയ പ്രതിഷേധ മാര്‍ച്ച് തടഞ്ഞ പൊലീസ് നടപടിയെ ഭാരതീയ കിസാന്‍ യൂണിയന് പ്രസിഡന്റ് നരേഷ് ടിക്കായത്ത് അപലപിച്ചു.
കര്‍ഷക മാര്‍ച്ച് യുപി-ഡല്‍ഹി അതിര്‍ത്തിയില്‍ പൊലീസ് തടഞ്ഞതിനെതിരെ രൂക്ഷവിമര്‍ശനവുമായി കര്‍ഷക സംഘം പ്രസിഡന്റ്
നരേഷ് തികെയ്ത്. സമാധാനപരമായി പ്രതിഷേധിക്കുന്നവരെ എന്തിനാണ് അതിര്‍ത്തിയില്‍ തടഞ്ഞതെന്ന് നരേഷ് തികെയ്ത് ചോദിച്ചു.
റാലി സമാധാനപരമായാണ് മുന്നേറുന്നതെന്നും ഞങ്ങളുടെ പ്രശ്നങ്ങള്‍ ഇവിടെയുള്ള സര്‍ക്കാറിനോട് പറയാന്‍ സാധിക്കില്ലെങ്കില്‍ പിന്നെ ആരോടാണ് പറയേണ്ടതെന്നും ചോദിച്ച നരേഷ് ഞങ്ങള്‍ പാകിസ്താനിലേക്കോ ബംഗ്ലാദേശിലേക്കോ പോകണോ’യെന്നും ചോദിച്ചു.
തങ്ങള്‍ കര്‍ഷകര്‍ക്കൊപ്പമാണെന്നും അവരെ ഡല്‍ഹിയിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കണമെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള് പറഞ്ഞു. മോദി സര്‍ക്കാറിന്റെ കാലത്ത് കര്‍ഷകര്‍ സുരക്ഷിതരല്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും ആഞ്ഞടിച്ചു. പോലീസിന്റെ അതിക്രമങ്ങള്‍ക്കെതിരെ രാജ്യമെങ്ങും പ്രതിഷേധം ശക്തിപ്പെടുകയാണ്. ലോക്സഭാ തിരഞ്ഞെടുപ്പ് അടുക്കുന്ന സമയമായതിനാല്‍ മോദി സര്‍ക്കാറിനെ കര്‍ഷക പ്രതിഷേധം മുള്‍മുനയില്‍ നിര്‍ത്തും.