Breaking News

ഇന്ധനവില കുറച്ചത് തിരഞ്ഞെടുപ്പിനെ പേടിച്ചോ?

പെട്രോളിനും ഡീസലിനും കേന്ദ്രം ഈടാക്കിയിരുന്ന നികുതിയില്‍ ഒന്നര രൂപയും പെട്രോളിയം കമ്പനികള്‍ ഒരു രൂപയും കുറയ്ക്കുമെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി അറിയിച്ചിരിക്കുകയാണ്. ഇന്ധനവിലയുടെ ദിനംപ്രതിയുള്ള വര്‍ധനയില്‍ നട്ടംതിരിഞ്ഞിരിക്കുന്ന പൊതുജനത്തിന് ഇത് ചെറിയൊരു ആശ്വാസമാണ്.

എന്നാല്‍, ഇത്ര നാളും നികുതി കുറയ്ക്കാന്‍ തയ്യാറല്ല എന്ന് കട്ടായം പറഞ്ഞിരുന്ന കേന്ദ്ര സര്‍ക്കാറിന്റെ നിലപാടിന് ഇതെന്തുപറ്റി എന്നാണ് ഇപ്പോള്‍ ചര്‍ച്ചകള്‍ നടക്കുന്നത്. കേന്ദ്രവും പെട്രോളിയം കമ്പനികളും വില കുറയ്ക്കുന്നത് പോലെ സംസ്ഥാനങ്ങളും നികുതി കുറയ്ക്കണമെന്നാണ് കേന്ദ്രധനമന്ത്രി പറഞ്ഞിരിക്കുന്നത്. എന്നാല്‍, കേരളം ഇതിന് തയ്യാറല്ലെന്ന് മന്ത്രി തോമസ് ഐസക് വ്യക്തമാക്കിയിട്ടുണ്ട്. ബിജപി ഭരണമുള്ള ഏതാനും സംസ്ഥാനങ്ങള്‍ മാത്രമാണ് സംസ്ഥാന നികുതി കുറയ്ക്കാന്‍ തയ്യാറായിരിക്കുന്നത്. ഡീസലിനും പെട്രോളിനും വലിയ തോതില്‍ നികുതി കൂട്ടിയിട്ട് രണ്ടര രൂപ മാത്രം കുറയ്ക്കുന്നത് ശരിയായ നടപടിയല്ലെന്നും ഇത് പൊതുജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണെന്നും കേരളത്തിന്റെ ധനമന്ത്രി ആരോപിച്ചിരിക്കുകയാണ്. നാല് സംസ്ഥാനങ്ങളില്‍ ഉടന്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുകയാണ്. ഇത് മുന്നില്‍ കണ്ടാണ് ബിജെപി ഇന്ധനനികുതി കുറച്ചിരിക്കുന്നതെന്നാണ് വിമര്‍ശനം.

നേരത്തെ കര്‍ണാടക തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഇന്ധനവില വര്‍ധിക്കുന്നത് കമ്പനികള്‍ നിയന്ത്രിച്ചിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞതിനു പിന്നാലെ ഓരോ ദിവസവും വില ഉയരുന്നതാണ് കണ്ടത്.

എണ്ണവില കുതിച്ചുയരുന്ന സാഹചര്യത്തില്‍ കേന്ദ്രം എക്‌സൈസ് തീരുവ കുറയ്ക്കണമെന്ന ആവശ്യം നേരത്തെയും ശക്തമായിരുന്നു. എന്നാല്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അടക്കമുള്ളവര്‍ ഈ ആവശ്യം തള്ളുകയാണുണ്ടായത്. കഴിഞ്ഞമാസം ആദ്യം വില ഉയരുന്നതിനെ പ്രതിരോധിച്ച ജെയ്റ്റ്‌ലി എക്‌സൈസ് തീരുവ കുറയ്ക്കില്ലെന്നും വ്യക്തമാക്കിയിരുന്നു. എന്നാല്‍ പെട്ടെന്നുളള നിലപാട് മാറ്റത്തിനു കാരണം തെരഞ്ഞെടുപ്പാണെന്ന വിലയിരുത്തലാണുള്ളത്.

എണ്ണവില തുടര്‍ച്ചയായി വര്‍ധിക്കുന്നത് പ്രതിരോധിക്കാനാവാതെ കുഴങ്ങുകയാണ് ബി.ജെ.പി നേതൃത്വം. വലിയ പൊതുവികാരം ഇതിനെതിരെ നിലനില്‍ക്കുന്നുണ്ടെന്ന് തിരിച്ചറിഞ്ഞാണ് മോദി സര്‍ക്കാര്‍ നീക്കം.

Comments

comments