മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ വാര്‍ത്തകളില്‍ സ്ഥാനം പിടിക്കുന്നത് വോട്ടവകാശം പോലുമില്ലാത്ത പാവം പശുക്കളാണ്. ബിജപിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനത്തില്‍ പശുക്കള്‍ തേരോട്ടം നടത്തുന്നത് കോണ്‍ഗ്രസിനും അത്ര സഹിക്കുന്നില്ല. ബിജെപിയുടെ ഹിന്ദുത്വ ദേശീയ വാദത്തെ വിമര്‍ശിക്കുന്നവര്‍ തന്നെയാണ് പശുക്കളെ മുന്‍നിര്‍ത്തി അതേ ഹിന്ദുത്വ അജണ്ടയിലൂടെ വോട്ട് വാങ്ങിക്കാന്‍ കോപ്പ് കൂട്ടുന്നത്.
നേരത്തെ രാജസ്ഥാനിലെ ബിജെപി സര്‍ക്കാര്‍ പശുമന്ത്രാലയം ഉണ്ടാക്കി ചരിത്രം കുറിച്ചിരുന്നു. അതിന് പിന്നാലെ വകുപ്പ് മന്ത്രി ഒരു പശു മന്ത്രാലയം തുടങ്ങാന്‍ പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. മധ്യപ്രദേശില്‍ പശുക്കളെ ചികിത്സയ്ക്ക് കൊണ്ടുപോകാന്‍ പ്രത്യേക എക്സ്പ്രസ് ട്രെയിന്‍ തുടങ്ങുമെന്നാണ് ബിജെപി ഏറ്റവും ഒടുവിലായി വാഗ്ദാനം ചെയ്തിരിക്കുന്നത്. എന്നാല്‍, കോണ്‍ഗ്രസ് വിട്ടുകൊടുക്കാനുള്ള ഉദ്ദേശമില്ല. തങ്ങള്‍ അധികാരത്തിലെത്തിയാല്‍ 23006 ഗോശാലകള്‍ തുടങ്ങുമെന്ന് വാഗ്ദാനം ചെയ്ത് കഴിഞ്ഞു.
മാത്രമല്ല, ബിജെപിയുടെ ശിവരാജ്സിംഗ് ചൗഹാന് ഗവണ്മെന്റിന് പശുക്കളുടെ കാര്യത്തില്‍ യാതൊരു ശ്രദ്ധയുമില്ലെന്ന് വിമര്‍ശിച്ച ആള്‍ദൈവം കംപ്യൂട്ടര്‍ ബാബയുടെ പരാതി കോണ്‍ഗ്രസ് ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനത്തെ പശുക്കള്‍ക്ക് വേണ്ടത്ര തീറ്റകിട്ടുന്നില്ലെന്ന കംപ്യൂട്ടര്‍ ബാബയുടെ വിമര്‍ശനത്തിന് ബിജെപി മറുപടി പറയണമെന്നാണ് കോണ്‍ഗ്രസ് ശക്തമായ നിലപാട് സ്വീകരിച്ചിരിക്കുന്നത്. തങ്ങളാണ് യഥാര്‍ത്ഥ പശു സ്നേഹികളെന്ന് കോണ്‍ഗ്രസ് മധ്യപ്രദേശില്‍ പ്രചാരണം നടത്തുന്നുമുണ്ട്.