Breaking News

ലൈംഗികാക്രമങ്ങള്‍ക്കെതിരായ പോരാട്ടം; നാദിയ മുറാദിനും മുക്‌വെഗിനും സമാധാനത്തിനുള്ള നൊബേല്‍

2018ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം രണ്ടുപേർ പങ്കിട്ടു.  ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ ലൈംഗികവ്യാപാരത്തിന് ഇരയായ നാദിയ മുറാദിനും യുദ്ധകാലത്ത് ലൈംഗികാക്രമണങ്ങൾക്ക് ഇരയായവരെ സംരക്ഷിക്കുന്നതിൽ വ്യാപൃതനായ ഡെനിസ് മുക്‌വെഗിനുമാണ് സമ്മാനം. യുദ്ധത്തിലെ ആയുധമെന്ന നിലയിൽ ലൈംഗികാക്രമണത്തെ ഉപയോഗപ്പെടുത്തുന്നതിനെതിരായി ഈ രണ്ട് കൂട്ടരും നടത്തിയ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായാണ് സമ്മാനം നൽകുന്നതെന്ന് സ്വീഡിഷ് അക്കാദമി അറിയിച്ചു.

ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭീകരമുഖത്തോട് സന്ധിയില്ലാതെ പടപൊരുതിയ സ്ത്രീയാണ് നാദിയ. മൂന്ന് മാസത്തോളം ഐ.എസിന്റെ അടിമയായി ജീവിക്കുകയും പലതവണ ബലാത്സംഗത്തിന് ഇരയാകുകയും ചെയ്തിട്ടുണ്ട് മുറാദ്.

ഇറാഖിലെ ഒരു യസീദി കുടുംബത്തില്‍ ജീവിച്ചു പോന്നിരുന്ന ഒരു സാധാരണ പെണ്‍കുട്ടിയായിരുന്നു നാദിയ മുറാദ്. 2014 ആഗസ്തില്‍ ഐ.എസിന്റെ കറുത്ത കൊടി കെട്ടിയ ട്രക്കുകള്‍ അവളുടെ ഗ്രാമത്തിലേക്ക് എത്തിയതോടെയാണ് നാദിയയുടെ ജീവിതം മാറിയത്.

ഐ.എസ് ഭീകരര്‍ നാദിയയുടെ ഗ്രാമത്തിലുള്ള പുരുഷന്മാരെ കൊല്ലുകയും സ്ത്രീകളെ അടിമകളാക്കുകയും ചെയ്തു. ഗ്രാമത്തിലെ 5000 സ്ത്രീകള്‍ക്കൊപ്പം അവര്‍ 25 വയസ്സുള്ള നാദിയയേയും തട്ടിക്കൊണ്ടു പോയി അടിമയാക്കി. അടിമയായിരിക്കെ നാദിയ പല തവണ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു.

നാദിയ ഉള്‍പ്പടെയുള്ള യസീദി സ്ത്രീകളെ അവര്‍ അടിമ ചന്തകളില്‍ കൊണ്ടു പോയി വിറ്റു. ഇത്തരം ചന്തകളില്‍ യസീദി സ്ത്രീകളോട് അവരുടെ മതം ഉപേക്ഷിക്കാന്‍ ആവശ്യപ്പെടും.

തന്നെ അടിമയാക്കി വച്ച വ്യക്തിയില്‍ നിന്നും മോശം അനുഭവമുണ്ടായപ്പോഴാണ് നാദിയ ആദ്യമായി രക്ഷപ്പെടാന്‍ ശ്രമിക്കുന്നത്. എന്നാല്‍ ആ ശ്രമം പരാജയപ്പെട്ടു. ‘രക്ഷപ്പെടാനുള്ള ശ്രമത്തിനിടയില്‍ പിടിക്കപ്പെട്ടാല്‍ അവര്‍ സ്ത്രീകളെ ഒരു മുറിയില്‍ പൂട്ടിയിട്ട് കൂട്ട ബലാത്സംഗം ചെയ്യും. ഇതിനെ ‘സെക്ഷ്വല്‍ ജിഹാദ്’എന്നാണ് അവര്‍ വിളിക്കുന്നത്. എന്നെയും അവര്‍ അത് തന്നെ ചെയ്തു. എന്നെ പിന്നീട് അടിമയാക്കിയ വ്യക്തി വില്‍ക്കുന്നതിന് മുമ്പ് കുളിക്കാന്‍ ആവശ്യപ്പെട്ടു. ആ അവസരത്തിലാണ് അവിടെ നിന്ന് രക്ഷപ്പെടുന്നത്. ഭീകരരുമായി ബന്ധമില്ലാതിരുന്ന ഒരു മുസ്‌ളിം കുടുംബമാണ് എന്നെ രക്ഷപ്പെടാന്‍ സഹായിച്ചത്’ നാദിയ ബി.ബി.സി ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

രക്ഷപ്പെട്ട് പുറത്തെത്തിയ നാദിയ യസീദി വിഭാഗത്തെ മോചിപ്പിക്കാനുള്ള ക്യാമ്പയിനിന്റെ മുഖമായി മാറി. ഇറാഖില്‍ നിന്നുള്ള മനുഷ്യക്കടത്ത് അവസാനിപ്പിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ഐ എസ് നടത്തുന്ന അതിക്രമങ്ങള്‍ ജഡ്ജ് ചെയ്യാന്‍ അന്താരാഷ്ട്ര കോടതി രൂപീകരിക്കണമെന്ന് നാദിയ ആവശ്യപ്പെടുന്നു. സ്വതന്ത്രരായ മറ്റ് രാജ്യങ്ങളൊന്നും ഇറാഖിനു വേണ്ടി പ്രവര്‍ത്തിക്കുന്നില്ല എന്നും നാദിയ ആരോപിക്കുന്നു.

63കാരനായ ഡെനിസ് മുക്‌വെഗ് കോംഗോയിൽ നിന്നുള്ള  ഗൈനക്കോളജിസ്റ്റാണ്. ആഭ്യന്തര യുദ്ധത്തില്‍ അമര്‍ന്ന കോംഗോയില്‍ വിമത സേനകൾ ബലാൽസംഗം ചെയ്യുന്ന സ്ത്രീകള്‍ക്കു വേണ്ടി പ്രവർത്തിക്കുകയാണ് ഇദ്ദേഹം. ബലാൽസംഗത്തിന് ഇരയാകുന്നവരെ ചികിത്സിക്കുന്നതിൽ ഇദ്ദേഹത്തിന് അതിവൈദഗ്ധ്യമുണ്ട്.

Comments

comments