Breaking News

ഷാ-മോദി കൂട്ടുക്കെട്ട് തകര്‍ക്കാന്‍ മഹാസഖ്യത്തിന് സാധിക്കുമോ? ; എബിപി – സി വോട്ടര്‍ സര്‍വേ ഫലം ഞെട്ടിപ്പിക്കുന്നത്

അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ തന്നെ അധികാരത്തിലെത്തുമെന്ന് എബിപി- സി വോട്ടര്‍ സര്‍വേ. 543 ലോക്‌സഭാ മണ്ഡലങ്ങളില്‍ 38 ശതമാനം വോട്ടുനേടി എന്‍ഡിഎ 276 സീറ്റു നേടുമെന്നാണ് സര്‍വേ പറയുന്നത്. യുപിഎ 25 ശതമാനം വോട്ടോടെ 112 സീറ്റും മറ്റു കക്ഷികള്‍ 37 ശതമാനം വോട്ടോടെ 155 സീറ്റുവരെ നേടും എന്നും കണക്കുകള്‍.

മേല്‍പറഞ്ഞ കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത് വീണ്ടും ഒരു മോദി ഭരണത്തിന് രാജ്യം സാക്ഷ്യം വഹിക്കുമെന്ന് തന്നെയാണ്. എന്നാല്‍, കണക്കുകള്‍ക്കുള്ളില്‍ നിരവധി ട്വിസ്റ്റുകള്‍ ഒളിച്ചിരിപ്പുണ്ട്.

2014 ലെ തെരഞ്ഞെടുപ്പ് നേരിട്ടപ്പോള്‍ മോദി എഫക്ട് പ്രധാന ഘടകമായിരുന്നു. എന്നാല്‍, ഇത്തവണ ആ എഫക്ട് കാര്യമായ ചലനങ്ങളൊന്നും ഉണ്ടാക്കില്ലെന്നാണ് കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്. മാത്രമല്ല, ബിജെപിയെ താഴെയിറക്കാന്‍ മഹാസഖ്യം അവതരിച്ചാല്‍ കാര്യങ്ങള്‍ അത്ര എളുപ്പമായിരിക്കില്ല ചാണക്യ തന്ത്രജ്ഞനായ അമിത് ഷായ്ക്ക്. കോണ്‍ഗ്രസും മറ്റ് പാര്‍ട്ടികളും ചേര്‍ന്ന് സഖ്യം രൂപീകരിച്ച് ഒരു പൊതു സ്ഥാനാര്‍ഥിയെ നിര്‍ത്തിയാല്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ സാധിക്കുന്ന നിരവധി ലോക്‌സഭാ മണ്ഡലങ്ങള്‍ ഉത്തര്‍പ്രദേശിലും മഹാരാഷ്ട്രയിലും ഉണ്ട്. അത്തരമൊരു സഖ്യത്തിന് സാധ്യത തെളിഞ്ഞാല്‍ ബിജെപി പ്രതിരോധത്തിലാകും.

കോണ്‍ഗ്രസിന് പുറത്ത് നില്‍ക്കുന്ന പാര്‍ട്ടികള്‍ 155 സീറ്റ് വരെ നേടുമെന്നാണ് സര്‍വേ ഫലം പറയുന്നത്. തനിച്ച് മത്സരിക്കുമ്പോള്‍ തന്നെ ആ മറ്റ് പാര്‍ട്ടികള്‍ ചേര്‍ന്ന് ഇത്രയും സീറ്റ് സ്വന്തമാക്കാന്‍ കെല്‍പ്പുള്ളവരാണ്. അവര്‍ക്കൊപ്പം കോണ്‍ഗ്രസ് ചേര്‍ന്നാല്‍ ഫലത്തില്‍ വലിയ മാറ്റമുണ്ടാകും. അതിന് എല്ലാ പാര്‍ട്ടികളും തമ്മിലുള്ള യോജിപ്പ് പരമ പ്രധാനമാണ്. അവിടെയാണ് കണക്കുകള്‍ തെറ്റുന്നതും ബിജെപി ആശ്വസിക്കുന്നതും.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ ശേഷിക്കേ തന്നെ കോണ്‍ഗ്രസുമായി കൂട്ടുചേരാന്‍ വിസമ്മതിച്ച് നില്‍ക്കുകയാണ് മായാവതിയുടെ ബി.എസ്.പിയും അഖിലേഷ് യാദവിന്റെ എസ്.പിയും. ഉത്തര്‍പ്രദേശ് പിടിക്കാന്‍ കോണ്‍ഗ്രസും ബി.എസ്.പിയും എസ്.പിയും ഒന്നിച്ച് നില്‍ന്നാലേ സാധിക്കൂ. എന്നാല്‍, ഇപ്പോള്‍ തന്നെ ആ ബന്ധത്തില്‍ വിള്ളലേറ്റിരിക്കുകയാണ്. മാത്രമല്ല, തെലുങ്കാന രാഷ്ട്രീയ സമിതി അധ്യക്ഷന്‍ ചന്ദ്രശേഖര റാവു പരസ്യമായി കോണ്‍ഗ്രസിനെതിരെയും രാഹുല്‍ ഗാന്ധിക്കെതിരെയും രംഗത്ത് വന്ന വ്യക്തിയാണ്. കോണ്‍ഗ്രസുമായി ഒരു സഖ്യത്തിനും തയ്യാറല്ലെന്ന് പോലും കെ.സി.ആര്‍ പരസ്യമായി പ്രതികരിച്ചിട്ടുണ്ട്. മഹാരാഷ്ട്രയില്‍ എന്‍.സി.പി തങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്നത് മാത്രമാണ് കോണ്‍ഗ്രസിനെ സംബന്ധിച്ചിടുത്തോളം ഏക ആശ്വാസം. ശിവസേന ബിജെപിയോട് ഇടഞ്ഞ് നില്‍ക്കുന്നതും സാധ്യതയാണ്.

മഹാസഖ്യത്തില്‍ നിന്ന് പല പാര്‍ട്ടികളും വിട്ടുനില്‍ക്കുന്നത് കോണ്‍ഗ്രസിന്റെ സാന്നിധ്യം നിമിത്തമാണെന്ന് പകല്‍ പോലെ സത്യം. കോണ്‍ഗ്രസിനോട് താല്‍പര്യക്കുറവുള്ള പാര്‍ട്ടികള്‍ ഒരു മൂന്നാം മുന്നണിയാണ് ലക്ഷ്യം വക്കുന്നത്. എന്‍ഡിഎയും യുപിഎയും അല്ലാതെ മറ്റൊരു മുന്നണി. എന്നാല്‍, ഇന്നത്തെ സാഹചര്യത്തില്‍ കോണ്‍ഗ്രസിനെ ഒഴിവാക്കിയുള്ള ഒരു ബദല്‍ മുന്നണിക്ക് ബിജെപിയെ ചെറുത്ത് നില്‍ക്കാന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കുന്നതാണ് എബിപി – സി വോട്ടര്‍ സര്‍വേ ഫലത്തില്‍ നിന്ന് വ്യക്തമാകുന്നത്.

Comments

comments