Breaking News

ശബരിമലയില്‍ ആര്‍എസ്എസിന്റെ ലക്ഷ്യം വര്‍ഗീയ ധ്രുവീകരണം; രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ ചൂട്ടുംകത്തിച്ച് കോണ്‍ഗ്രസും

എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധി വര്‍ഗീയ ധ്രുവീകരണം നടത്താനുള്ള എറ്റവും വലിയ പോംവഴിയായാണ് ആര്‍.എസ്.എസും ബിജെപിയും കാണുന്നത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വിഭിന്നമായി മതത്തിന്റെ പേരില്‍ ചോര വീഴാത്ത കേരളമെന്ന കൊച്ചു സംസ്ഥാനത്തെ പിടിച്ചെടുക്കാന്‍ ലഭിച്ച അവസരം ബിജെപിയും ആര്‍എസ്എസും നന്നായി ഉപയോഗിക്കുന്നുമുണ്ട്.

കേരളത്തിലെ ഹിന്ദുക്കള്‍ക്ക് ഞങ്ങളുണ്ട് എന്ന തരത്തിലാണ് സംഘപരിവാര്‍ കേന്ദ്രങ്ങളില്‍ നിന്ന് മുദ്രാവാക്യങ്ങള്‍ കേള്‍ക്കുന്നത്. സുപ്രീം കോടതി വിധിയെ കേവലം സംസ്ഥാന സര്‍ക്കാറിന്റെ തലയില്‍ കെട്ടിവെക്കാന്‍ നോക്കുമ്പോള്‍ തന്നെ ഇവരുടെയൊക്കെ രാഷ്ട്രീയ ലക്ഷ്യം പ്രകടമാണ്. സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നിലപാട് അറിയിച്ചത് ഇപ്രകാരമാണ്:

അതുകൊണ്ട് ബഹുമാനപ്പെട്ട കോടതിയോട് ഞങ്ങൾ അപേക്ഷിക്കുന്നു, ഈ വിഷയത്തിൽ ഹിന്ദുമതത്തിൽ അഗാധ പാണ്ഡിത്യം ഉള്ളവർ, ബഹുമാന്യരും നിഷ്പക്ഷരുമായ സാമൂഹ്യ പരിഷ്കർത്താക്കൾ, എന്നിവരുമായി ആലോചിക്കാൻ ഒരു കമ്മീഷനെ വെക്കണം എന്നും ആ കമ്മീഷന്റെ കണ്ടെത്തലും അഭിപ്രായങ്ങളും പരിഗണിച്ചു മാത്രമേ ശബരിമലയിൽ എല്ലാ പ്രായത്തിലും പെട്ട സ്ത്രീകളെ പ്രവേശിപ്പിക്കുന്ന കാര്യത്തിൽ തീരുമാനം എടുക്കാവൂ എന്നും ഞങ്ങൾ ബഹുമാനപ്പെട്ട കോടതിയോട് അഭ്യർത്ഥിക്കുന്നു.

വസ്തുത ഇങ്ങനയാണെന്നിരിക്കെ ആര്‍.എസ്.എസും പോഷക സംഘടനകളും രാജ്യത്തെ നിയമവ്യവസ്ഥയെ പോലും വെല്ലുവിളിച്ചാണ് സാധാരണക്കാരിലേക്ക് മതത്തിന്റെ വിഷം കുത്തിവച്ചിരിക്കുന്നത്. വിശ്വാസികള്‍ക്ക് മതങ്ങളോടും വിശ്വാസങ്ങളോടുമുള്ള വൈകാരികത വോട്ട് ബാങ്കായി മാറുമെന്നാണ് അവരുടെ വിശ്വാസം. സ്ത്രീകളെ അവരുടെ ശാരീരിക അവസ്ഥയുടെ പേരില്‍ മാറ്റിനിര്‍ത്തുന്നത് അങ്ങേയറ്റം ജനാധിപത്യ മര്യാദകളുടെ ലംഘനമാണെന്ന് വി.എസ് സര്‍ക്കാറും നിലപാട് വ്യക്തമാക്കിയിട്ടുള്ളതാണ്. ഇസ്ലാം വിഭാഗത്തിലെ ബഹുഭാര്യത്വ പ്രശ്‌നത്തിലും ക്രൈസ്തവ വിഭാഗത്തിലെ സ്ത്രീകളുടെ പിന്തുടര്‍ച്ചാവകാശത്തിന്റ കാര്യത്തിലും ഇതേ നിലപാട് തന്നെയായിരുന്നു സിപിഎമ്മിനും മറ്റ് ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കും.

വിധി വന്നതിന് പിന്നാലെ സംസ്ഥാന സര്‍ക്കാറിന്റെ നിലപാട് മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. പരമോന്നത കോടതിയുടെ വിധി നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ബാധ്യസ്ഥരാണെന്നും അത് നടപ്പിലാക്കുമെന്നും പറഞ്ഞ അദ്ദേഹം സര്‍ക്കാര്‍ വിധിക്കെതിരെ പുനഃപരിശോധന ഹര്‍ജി നല്‍കില്ലെന്നും വിധിയെ സ്വാഗതം ചെയ്യുന്നുവെന്നും ഉറപ്പിച്ച് പറഞ്ഞു. ശബരിമല വിഷയത്തില്‍ ഉത്തരവാദിത്തപ്പെട്ട കേന്ദ്രങ്ങളില്‍ നിന്ന് ലഭിച്ച ഏറ്റവും ശക്തവും വ്യക്തവുമായ നിലപാടായിരുന്നു അത്. അതില്‍ മറ്റ് സംശയങ്ങള്‍ അദ്ദേഹം പഴുതുകള്‍ നല്‍കിയില്ല. എന്നാല്‍, ബിജെപിയും ആര്‍എസ്എസും കോണ്‍ഗ്രസും അങ്ങനെയായിരുന്നില്ല. ഉത്തരവാദിത്തപ്പെട്ടവര്‍ അങ്ങോട്ടും ഇങ്ങോട്ടും കളംമാറ്റി. വിധി സ്വാഗതം ചെയ്യുന്നുവെന്ന് ആദ്യ ദിനം പറഞ്ഞവര്‍ രണ്ടാം ദിവസം പുനഃപരിശോധന ഹര്‍ജി നല്‍കുമെന്ന് പറഞ്ഞു. സ്ത്രീകളുടെ അവകാശ ലംഘനത്തിനായി ഘോരംഘോരം പ്രസംഗിച്ചവര്‍ അടുത്ത ദിവസം ഞങ്ങള്‍ വിശ്വാസികള്‍ക്കൊപ്പമെന്ന ലേബല്‍ ഒട്ടിച്ച് കളത്തിലിറങ്ങി. ഇതില്‍ നിന്നെല്ലാം ഇവരുടെ രാഷ്ട്രീയ മുതലെടുപ്പ് വ്യക്തമാകുന്നുണ്ട്. നിലപാട് ചോദിക്കുമ്പോഴുള്ള കോണ്‍ഗ്രസ് അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ ഉരുണ്ടുകളി കോണ്‍ഗ്രസിന്റെ രാഷ്ട്രീയ മുതലെടുപ്പ് തന്ത്രങ്ങളുടെ ഭാഗമാണ്.

ശബരിമല സ്ത്രീപ്രവേശനത്തില്‍ അനുകൂല നിലപാട് സ്വീകരിച്ചിരുന്ന ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍ രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ഫേസ്ബുക്ക് പോസ്റ്റ് മുക്കിയതും സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് പറഞ്ഞ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും തൊട്ടടുത്ത ദിവസം പുനഃപരിശോധന ഹര്‍ജി നല്‍കണമെന്ന് മാധ്യമങ്ങളോട് പറഞ്ഞതും ചേര്‍ത്ത് വായിച്ചാല്‍ ഇരു പാര്‍ട്ടികളുടെയും നിലപാടില്ലായ്മ എത്രത്തോളം രൂക്ഷമാണെന്ന് വ്യക്തമായി അറിയാം. പുനഃപരിശോധന ഹര്‍ജി നല്‍കാനുള്ള എല്ലാ സ്വാതന്ത്ര്യവും കോണ്‍ഗ്രസിനുണ്ട്. എന്നാല്‍, തങ്ങള്‍ വിശ്വാസികള്‍ക്കൊപ്പമാണെന്നും കോടതി വിധിയോട് യോജിക്കുന്നില്ല എന്നും പൊതുജനസമക്ഷം പറയാനുള്ള നട്ടെല്ല് കാണിക്കുന്നില്ല എന്നതാണ് പ്രശ്‌നം. മാത്രമല്ല, നിയമസംവിധാനത്തില്‍ പുനഃപരിശോധന ഹര്‍ജി നല്‍കാനുള്ള സാധ്യതകളുണ്ടായിരിക്കെ അതിന് തുനിയാതെ ജനങ്ങളെ പ്രകോപിപ്പിച്ച് പൊതുനിരത്തിലിറക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് ഇരു വിഭാഗങ്ങളും ഇപ്പോള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

Comments

comments