Breaking News

‘ഭായി ഭായി’; ആര്‍എസ്എസിന്റെ പ്രകടനത്തിന് പിന്തുണയുമായി കോണ്‍ഗ്രസും മുസ്ലീം ലീഗും

ആർഎസ‌്എസ‌് പ്രകടനത്തിന‌് അഭിവാദ്യവും പിന്തുണയുമായി കോൺഗ്രസും മുസ്ലിംലീഗും തെരുവിലിറങ്ങിയത‌് നേതൃത്വത്തിന്റെ അറിവോടെ. ജില്ലാ കോൺഗ്രസ്– ലീഗ‌് നേതൃത്വങ്ങളുടെ അറിവിലും സമ്മതത്തിലുമാണ‌് ആർഎസ‌്എസ‌് സമരത്തിന‌് അഭിവാദ്യമർപ്പിച്ചതെന്നാണ‌് പ്രാദേശിക നേതാക്കൾ നൽകുന്ന വിശദീകരണം. അതേസമയം, ഐക്യദാർഢ്യമർപ്പിച്ചതിൽ ലീഗ‌്–കോൺഗ്രസ‌് പ്രവർത്തകരിൽ നല്ലൊരു ശതമാനത്തിന‌് എതിർപ്പുണ്ട‌്.

ശബരിമലയുടെ പേരിൽ വിശ്വാസികളെ മറയാക്കി നടത്തിയ സമരത്തിനാണ‌് ലീഗും കോൺഗ്രസും ഐക്യദാർഢ്യവുമായെത്തിയത‌്. ഞായറാഴ‌്‌‌ച കൊണ്ടോട്ടിയിലായിരുന്നു സംഭവം. വിശ്വാസ സംരക്ഷണമെന്ന‌് പേരിട്ട‌് ഹിന്ദു ഐക്യവേദിയും ആർഎസ‌്എസുമാണ് പരിപാടി സംഘടിപ്പിച്ചത‌്. യോഗത്തിൽ കോൺഗ്രസ‌്, ലീഗ‌് നേതാക്കൾ പ്രസംഗിക്കുകയുമുണ്ടായി.

ഡിസിസി സെക്രട്ടറി പി പി ഹംസ, ലീഗ‌് സംസ്ഥാന കമ്മിറ്റി അംഗം കെ ഷാഹുൽ ഹമീദ‌് എന്നിവരാണ‌് പ്രസംഗിച്ചത‌്. ബിജെപി ജില്ലാ കമ്മിറ്റി അംഗം എൻ ടി രാമചന്ദ്രൻ, പ്രാദേശിക ആർഎസ‌്എസ‌് നേതാക്കൾ എന്നിവർക്കൊപ്പമാണിവർ വേദി പങ്കിട്ടത‌്. ഇതിനുശേഷമാണ‌് നേതാക്കൾ പാർടികളുടെ കൊടിയേന്തി അഭിവാദ്യപ്രകടനം സംഘടിപ്പിച്ചത‌്.

മണ്ഡലം പ്രസിഡന്റ‌് മൊയ‌്തീൻ അലി, യൂത്ത‌് ലീഗ‌് ദേശീയ സെക്രട്ടറി എൻ എ കരീം എന്നിവരാണ‌് ലീഗ‌് കൊടിയേന്തിയ പ്രകടനം നയിച്ചത‌്. ഇത്തരമൊരു പ്രകടനത്തിൽ തെറ്റില്ലെന്ന‌് ലീഗ‌്  ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. യു എ ലത്തീഫ‌് പറഞ്ഞു. വിശ്വാസ സംരക്ഷണത്തിനുള്ള വേദിയാണ‌് പങ്കിട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

Comments

comments