Breaking News

‘ശബരിമല യുവതീ പ്രവേശന ഹര്‍ജികള്‍ക്ക് പിന്നില്‍ സംഘപരിവാറിന്റെ രഹസ്യ അജണ്ട’; വിവരങ്ങള്‍ പുറത്തുവിട്ട് ട്വന്റിഫോര്‍

ശബരിമല വിഷയത്തില്‍ സമര്‍പ്പിയ്ക്കപ്പെട്ട ഹര്‍ജിയും അനുബന്ധ സംഭവങ്ങളും സംഘപരിവാര്‍ അജണ്ടയുടെ ഭാഗമായിട്ടാണെന്ന് കണ്ടെത്തലുകള്‍. വാര്‍ത്താചാനലായ ട്വന്റിഫോറാണ് വിവരങ്ങള്‍ പുറത്തുവിട്ടത്. സുപ്രീം കോടതി വിധിയും തുടര്‍ സാഹചര്യങ്ങളും വസ്തുതകളുടെ അടിസ്ഥാനത്തില്‍ പരിശോധിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ക്ക് പിന്നില്‍ സംഘപരിവാറിന് നിക്ഷിപ്ത താല്‍പര്യങ്ങളുണ്ടെന്ന് വ്യക്തമാകുന്നതായി തെളിവ് സഹിതം ട്വന്റിഫോറിന് വേണ്ടി മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ആര്‍. രാധാകൃഷ്ണന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ട്വന്റിഫോര്‍ പുറത്തുവിട്ട വിവരങ്ങള്‍ ഇങ്ങനെ:

‘പന്ത്രണ്ട് വർഷങ്ങൾക്ക് മുൻപ്; 2006 ജൂലൈ 28 നാണ് സുപ്രീം കോടതിയിൽ ശബരിമലയിലെ യുവതി പ്രവേശനത്തിനുള്ള ഹർജി സമർപ്പിയ്ക്കപ്പെടുന്നത്. ഇടത് അഭിഭാഷക സംഘടനയിലെ കമ്യൂണിസ്റ്റുകാരായ അഞ്ച് യുവതികളാണ് ഹർജി സമർപ്പിച്ചതെന്ന് അന്നുമുതൽ കേരളം കേൾക്കുന്നു. എന്നാൽ എറ്റവും അടിസ്ഥാനമായ ഈ പ്രചരണം തന്നെ തെറ്റാണ് എന്നതാണ് യാഥാർത്ഥ്യം. ഹർജി നൽകിയ അഞ്ച് വനിത അഭിഭാഷകരും പാരമ്പരാഗതമായി
ആർ.എസ്.എസ്- ബിജെപി അടക്കമുള്ള സംഘപരിവാർ സംഘടനകളുടെ  നേത്യത്വവുമായി വളരെ അടുപ്പം ഉള്ള കുടുംബങ്ങളിലെ അംഗങ്ങൾ!മാത്രമല്ല തികഞ്ഞ മോദി ഭക്തർ!!

വീഡിയോയിൽ കാണുന്ന  ആർഎസ്എസ് നേതാക്കളിൽ ഒരാളുടെ പേര് സിദ്ധാർത്ഥ് ശംഭു എന്നാണ്. ഡൽഹിയിലെയും ഉത്തർപ്രദേശിലെയും വിവിധ പരിവാർ സംഘടനകളിൽ പ്രധാന ചുമതലകൾ ഇയാൾ വഹിച്ച് വരുന്നു. അമിത്ഷാ അടക്കമുള്ള ബി.ജെ.പി നേത്യത്വത്തോടും വളരെ അടുത്തതാണ് സിദ്ധാർത്ഥ് ശംഭുവിന്റെ ബന്ധം. ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ ഹർജി സമർപ്പിച്ച അഞ്ചംഗ വനിതാ അഭിഭാഷക സംഘത്തിലെ പ്രേരണാ കുമാരിയുടെ ഭർത്താവ് കൂടിയാണ് സിദ്ധാർത്ഥ് ശംഭു. സിദ്ധാർത്ഥ് ശംഭു മാത്രമല്ല പ്രേരണകുമാരി വ്യക്തിപരമായും വിവിധ പരിവാർ സംഘടനകളുമായ് ബന്ധപ്പെട്ട് പ്രവർത്തിയ്ക്കുന്നുണ്ട്.

ഹർജിക്കാരിലെ മറ്റൊരാളായ ഭക്ത പ്രസിജ സേത്തി റോത്തക്കിലെ റിട്ടയെർട് കോളേജ് അദ്ധ്യാപകൻ ശ്യാം സുന്തർ പ്രസീജയുടെ മകളാണ്. ബി.ജെ.പി യുടെ നേത്യനിരയിൽ പ്രവർത്തിയ്ക്കുന്ന ഇദ്ദേഹം ഹരിയാന ബി.ജെ.പിയിലെ പ്രധാന നേതാവ് ലക്ഷ്മൺ സിംഗിന്റെ മനസാക്ഷി സൂക്ഷിപ്പുകാരനായി അറിയപ്പെടുന്നു. സമാനമാണ് അഞ്ചംഗ വനിത അഭിഭാഷക സംഘത്തിലെ മറ്റ് അംഗങ്ങളുടെയും രാഷ്ട്രീയ-സാമൂഹ്യ പശ്ചാത്തലം. സുധാപാൽ, ലക്ഷ്മി ശാസ്ത്രി എന്നിവർ സുപ്രീംകോടതിയിലെ അറിയപ്പെടുന്ന തീവ്ര മോദി ഭക്തരായ അഭിഭാഷക ഗണത്തിൽ പെടുന്നു.

കേസിന്റെ വിചാരണ അവസാന ഘട്ടത്തിൽ എത്തിയപ്പോൾ പ്രേരണ കുമാരിയുടെ നേത്യത്വത്തിൽ അഞ്ചംഗ വനിതാ അഭിഭാഷക സംഘത്തിലെ മൂന്ന് പേർ നടത്തിയ നാടകവും സംഘപരിവാർ താത്പര്യത്തിന് അനുകൂലമണ്. നിലപാട് തിരുത്താൻ അനുമതി തേടിയ ഇവർ വിഷയത്തിലെ പുനഃപരിശോധന ഹർജി സംബന്ധിച്ചും അതിലുണ്ടാകുന്ന താത്പര്യങ്ങൾ സംബന്ധിച്ചുമുള്ള  സൂചനകൾ നൽകുന്നു. ശബരിമല ഹർജിയ്ക്കും വിധിയ്ക്കും പിന്നിൽ ഇടതുപക്ഷ ഗൂഡാലോചനയാണെന്ന ആരോപണം നാമജപഘോഷമായ് കേരളത്തിന്റെ തെരുവുകളിൽ ഉയരുന്നത് വാസ്തവത്തിൽ ഈ വസ്തുതകൾ തിരിച്ചറിയപ്പെടാതെയാണ്.

ശബരിമലയിലെ യുവതി പ്രവേശനത്തെ അടിസ്ഥാനമാക്കി സംഘപരിവാർ തയ്യാറാക്കിയ നാടകത്തിന്റെ തിരക്കഥയിലുള്ള  ഒന്നിലധികം ക്ലൈമാക്‌സുകളാകും വരും ദിവസങ്ങളിൽ രാജ്യം കാണുക’.

Comments

comments