Breaking News

ഒരു വശത്ത് ഹിന്ദുക്കളോട് ഒന്നിക്കാന്‍ പറയുന്നവരാണ് ചെട്ടിക്കുളങ്ങരയിലെ ഈഴവശാന്തിയെ ശ്രീകോവിലിന് പുറത്ത് നിര്‍ത്തുന്നത്!

ശബരിമലയിലെ യുവതീ പ്രവേശന വിധിക്കെതിരെ പ്രതിഷേധിക്കുന്നവരില്‍ ഭൂരിഭാഗവും ഉയര്‍ത്തുന്ന മുദ്രാവാക്യം ഏറെ രസകരമാണ്. ‘ഹിന്ദുക്കള്‍ ഒന്നിക്കണം, ജാതി വ്യത്യാസമില്ലാതെ കോടതി വിധിക്കെതിരെ അണിചേരണം…’തുടങ്ങി സവര്‍ണ അവര്‍ണ വരമ്പുകളെ മുഴുവന്‍ ഇല്ലായ്മ ചെയ്യുന്ന തരത്തിലാണ് ആ മുദ്രാവാക്യങ്ങളുടെ പോക്ക്. ശബരിമലയില്‍ സ്ത്രീകളെ കയറ്റാതിരിക്കാന്‍ ഹിന്ദുക്കള്‍ ഒന്നിക്കണമെന്ന് പറയുന്നവര്‍ കാണുന്നില്ലേ ചെട്ടിക്കുളങ്ങരയിലെ ഈഴവശാന്തിയോട് കാണിക്കുന്ന അസമത്വം?

കീഴ്ശാന്തിയായ സുധികുമാറാണ് ചെട്ടികുളങ്ങര ക്ഷേത്രത്തില്‍ ജാതിയുടെ പേരില്‍ മാറ്റി നിര്‍ത്തപ്പെടുന്നത്. സുധികുമാര്‍ ഈഴവനായതുകൊണ്ട് ശ്രീകോവിലിനുള്ളില്‍ പോലും കയറരുതെന്ന താക്കീത് മേലാളന്മാര്‍ നല്‍കിയിട്ടുമുണ്ട്. ജാതി മേല്‍ക്കോയ്മയില്‍ പുളകം കൊള്ളുന്ന അത്തരക്കാരാണ് ശബരിമല വിഷയത്തില്‍ ഹിന്ദുക്കള്‍ ഒന്നിക്കണമെന്ന് വിടുവായിത്തം പറയുന്നത്. അബ്രാഹ്മണനായ ശാന്തിക്കാരന് നേരെയുള്ള ജാതി അസമത്വം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ഓണ്‍ലൈന്‍ മാധ്യമസ്ഥാപനമായ അഴിമുഖം ആണ്.

ശബരിമലയിലെ സ്ത്രീ പ്രവശേനവുമായി ബന്ധപ്പെട്ട് പ്രതിഷേധങ്ങള്‍ ഉയരുകയും ഹിന്ദു സമൂഹം ഒന്നിച്ചു നില്‍ക്കണമെന്ന ആഹ്വാനങ്ങള്‍ ഉണ്ടാവുകയും ചെയ്യുമ്പോള്‍ ജാതിചിന്തയില്ലാത്ത ഒരു ഹിന്ദു ഐക്യം ഉണ്ടാവുമോ എന്നാണ് സുധികുമാര്‍ ചോദിക്കുന്നത്.

സുധികുമാര്‍ പറയുന്നു, “ശബരിമല വിഷയത്തില്‍ കോടതിയില്‍ നിന്നുണ്ടായത് സ്വാഗതാര്‍ഹമായ, പുരോഗമന കേരളം ആഗ്രഹിച്ചിരുന്ന ഒരു വിധിയാണ്. അത് നടപ്പാക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ഭരണഘടന അനുസരിച്ചല്ലാതെ ഒരു സര്‍ക്കാരിന് എങ്ങനെയാണ് പ്രവര്‍ത്തിക്കാനാവുക? പക്ഷെ ഒരുകൂട്ടര്‍ ഹിന്ദു സമൂഹത്തിന്റെ വികാരം വ്രണപ്പെടുത്തിയെന്ന് പറഞ്ഞുകൊണ്ട് പ്രതിഷേധവുമായി ഇറങ്ങിയിരിക്കുകയാണ്. എന്നെയുള്‍പ്പെടെയുള്ള അവര്‍ണരായവരെ ശാന്തിമാരായി നിയമിച്ചതിലും അസ്വസ്ഥതയുള്ളത് ഈ വിഭാഗത്തിനാണ്. അവരത് ഇപ്പോഴും തുടരുകയാണ്. തിരുവല്ലയില്‍ നിയമിതനായ ആദ്യ ദളിത് പൂജാരി യദുകൃഷ്ണന് അവിടെ നില്‍ക്കാനാവാത്ത അവസ്ഥ വന്നു. ഒടുവില്‍ അദ്ദേഹം തന്നെ സ്ഥലംമാറ്റം ആവശ്യപ്പെട്ട് മറ്റൊരിടത്തേക്ക് പോയി. ചെട്ടികുളങ്ങര ക്ഷേത്രത്തില്‍ കീഴ്ശാന്തിയായ എനിക്ക് ജീവത എഴുന്നള്ളിക്കാനോ, ശ്രീകോവിലില്‍ കയറാനോ ഇപ്പോഴും കഴിയുന്നില്ല. തിടപ്പള്ളിയില്‍ പായസം വയ്ക്കാം. പക്ഷെ അത് ശ്രീകോവിലില്‍ കൊണ്ടുപോയി വയ്ക്കാന്‍ പോലുമുള്ള അനുവാദമില്ല. ജീവത എഴുന്നള്ളിച്ചാല്‍ അത് മഹാ അപരാധമായാണ് കണക്കാക്കുന്നത്. ക്ഷേത്രാചാരങ്ങള്‍ക്ക് വിരുദ്ധമായി ഞാന്‍ പ്രവര്‍ത്തിക്കുകയാണെന്നാണ് പരാതി. ഞാന്‍ അനുഭവിക്കുന്ന കാര്യങ്ങള്‍ മാധ്യമങ്ങളോട് തുറന്നു പറഞ്ഞപ്പോള്‍ അത് അമ്പലത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമായി വ്യാഖ്യാനിക്കപ്പെട്ടു. ഉത്സവത്തോടനുബന്ധിച്ച് പറയ്‌ക്കെഴുന്നള്ളിക്കുന്നത് കീഴ്ശാന്തിമാരാണ്. അവര്‍ണനായതിനാല്‍ എന്നോട് എഴുന്നള്ളിക്കേണ്ട എന്നുപറഞ്ഞു. പിന്നീട് കരക്കാര്‍ ഇടപെട്ട് പ്രശ്നമായപ്പോള്‍ അവര്‍ക്ക് ഗത്യന്തരമില്ലാതെ സമ്മതിക്കേണ്ടി വന്നു. ഇതെല്ലാം കാണിച്ച് എനിക്കെതിരെ നിരവധി കള്ളപ്പരാതികളാണ് ദേവസ്വം ബോര്‍ഡ് ഡെപ്യൂട്ടി കമ്മീഷ്ണര്‍ക്ക് പോലും നല്‍കിയിരിക്കുന്നത്. മാനസികമായി തകര്‍ത്ത് പുകച്ച് പുറത്തുചാടിക്കാനാണ് ക്ഷേത്രത്തിന്റെ ഭരണം കയ്യാളുന്ന ശ്രീദേവി വിലാസം ഹിന്ദുമത കണ്‍വന്‍ഷന്‍ ശ്രമിക്കുന്നത്. എന്നെ ഇവിടെയിട്ട് ഇഞ്ചിഞ്ചായി കൊല്ലുന്നവരാണ് ഹിന്ദുക്കളോട് ഒന്നിക്കാന്‍ പറഞ്ഞിരിക്കുന്നത്. ശബരിമല വിഷയത്തില്‍ ഒരു നയവും ഞങ്ങളുടെ കാര്യത്തില്‍ മറ്റൊരു നയവുമാണോ ഇവര്‍ക്ക്?”

Comments

comments