Breaking News

മോഹൻലാലിനെതിരെ സിദ്ദിഖ് ; പിന്നിൽ ദിലീപ് ഗ്രൂപ്പ്

താരസംഘടനയായ എ എം എം എ യിൽ കടുത്ത ഭിന്നത. മോഹൻലാലിനെതിരെ നീക്കം ശക്തമാക്കാൻ ദിലീപ് വാദികൾ നടൻ സിദ്ദിഖിനെ രംഗത്തിറക്കി. ഇന്ന് സിദ്ദിക്ക് നടത്തിയ വാർത്താസമ്മേളനം ഫലത്തിൽ മോഹൻലാലിനെ കടുത്ത സമ്മർദ്ദത്തിലേക്കു തള്ളിയിടുന്നതായി. മോഹൻ ലാലിനെ പ്രസിഡന്റ് സ്ഥാനത്ത് നിന്നും നീക്കുകയാണ് ലക്ഷ്യം. അതെ സമയം മോഹൻലാലിന് പിന്നിൽ ഉറച്ചു നില്ക്കാൻ ജഗദീഷിന്റെ നേതൃത്വത്തിൽ ഒരു വലിയ സംഘം രംഗത്തെത്തി. സിദ്ദിഖിന്റെ പരാമർശങ്ങൾക്കെതിരെ ജഗദീഷ് തുറന്നടിച്ചതോടെ ഇരുപക്ഷവും തുറന്നപോരിനൊരുങ്ങുകയാണ്.

വനിതാകൂട്ടായ്മയെ പ്രോകോപിപ്പിച്ച് മോഹൻലാലിന് എതിരാക്കാൻ ശ്രമം

ദിലീപിനെതിരെ നിലനില്‍ക്കുന്ന കേസിന്റെ സ്വഭാവവും പൊതുസമൂഹത്തിന്റെ വിയോജിപ്പും കണക്കിലെടുക്കേണ്ടതാണെന്ന നിലപാടാണ് സംഘടനയുടെ പ്രസിഡന്റായ മോഹന്‍ലാലിന്. ഈ നിലപാടുള്ള നിരവധി ചലച്ചിത്ര പ്രവര്‍ത്തകര്‍ എ.എം.എം.എയില്‍ ഉണ്ട്. എന്നാല്‍, ഇവരുടെ ശബ്ദം ദുര്‍ബലമാക്കുകയാണ് ദിലീപിനെ പിന്തുണക്കുന്ന ലോബി. വനിതാ കൂട്ടായ്മ (WCC) നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മോഹന്‍ലാലിനെതിരെ എന്തൊക്കെയോ ആരോപണം ഉന്നയിച്ചെന്ന മട്ടിലാണ് സിദ്ധിഖ് ഇന്ന് മാധ്യമങ്ങളെ കണ്ടത്. യത്ഥാര്‍ഥത്തില്‍ രേവതിയും പാര്‍വതിയും അടങ്ങുന്ന വനിതാ കൂട്ടായ്മ ഉന്നയിച്ച ഗുരുതര ആരോപണങ്ങള്‍ വ്യക്തിപരമായി മോഹന്‍ലാലിനെതിരെ ആയിരുന്നില്ല. ദിലീപിനെ അന്ധമായി പിന്തുണക്കുന്ന അമ്മയിലെ ലോബിയെയാണ് വനിതാ കൂട്ടായ്മ ലക്ഷ്യം വച്ചത്. ഇത് അവഗണിച്ച് മോഹന്‍ലാലിനെ അധിക്ഷേപിച്ചു എന്ന് പ്രചരിപ്പിച്ച് വിഷയത്തിന്റെ ദിശ മാറ്റുകയാണ് സിദ്ധിഖ് ഇന്ന് ചെയ്തത്.

കെ.പി.എസി ലളിതയെ വാര്‍ത്താസമ്മേളനത്തിന് ഇറക്കിയത് സര്‍ക്കാറിനെ പ്രതിരോധത്തിലാക്കാന്‍

ലളിതകലാ അക്കാദമി ചെയര്‍പേഴ്‌സണ്‍ കൂടിയായ കെ.പി.എസി ലളിതയെ വാര്‍ത്താസമ്മേളനത്തിന് ഇരുത്തിയത് സര്‍ക്കാറിനെയും സിപിഎമ്മിനെയും ഒപ്പം നിര്‍ത്താമെന്ന പ്രതീക്ഷയിലാണ്.

ദിലീപ് വിഷയത്തിൽ ചർച്ച വേണമെന്ന പക്ഷത്താണ് മോഹൻലാൽ

അടിയന്തര ജനറല്‍ ബോഡി ചേര്‍ന്ന് വനിതാ കൂട്ടായ്മ ഉന്നയിച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നാണ് മോഹന്‍ലാലിന്റെ വ്യക്തിപരമായ അഭിപ്രായം. ഇക്കാര്യം ജഗദീഷിന്റെ വാര്‍ത്താക്കുറിപ്പില്‍ നിന്ന് വ്യക്തമാണ്. ലാലുമായ സംസാരിച്ച ശേഷമാണ് വാര്‍ത്താക്കുറിപ്പ് ഇറക്കിയതെന്ന് ജഗദീഷ് വിശദീകരിച്ചതോടെ ദിലീപ് പക്ഷത്തിന്റെ നീക്കങ്ങള്‍ പുറത്താകുകയും ചെയ്തു. വിവാദങ്ങളിലേക്ക് വലിച്ചിഴക്കപ്പെട്ടതില്‍ അതൃപ്തി പ്രകടിപ്പിക്കുന്ന മോഹന്‍ലാല്‍ രാജി വക്കുന്നതിനെ പറ്റി സുഹൃത്തുക്കളുമായി സംസാരിച്ചതായും സൂചനകളുണ്ട്. ദിലീപ് വിഷയത്തില്‍ ചിലര്‍ സംഘടനയ്ക്കുള്ളില്‍ തന്നെ ലക്ഷ്യം വക്കുന്നു എന്നാണ് മോഹന്‍ലാല്‍ സംശയിക്കുന്നത്. ലാലിനോടൊപ്പമുള്ള ചില ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കും ഈ ആക്ഷേപമുണ്ട്. ദിലീപിനെക്കാള്‍ എതിര്‍ക്കപ്പെടേണ്ട ആളാണോ എ.എം.എം.എ പ്രസിഡന്റ് മോഹന്‍ലാല്‍ എന്നാണ് ഇവര്‍ ഉന്നയിക്കുന്ന കാതലായ ചോദ്യം.

Comments

comments