Breaking News

നിലയ്ക്കലില്‍ സ്ത്രീകളെ തടയാന്‍ പ്രതിഷേധക്കാര്‍; വനിതാ മാധ്യമപ്രവര്‍ത്തകരെ തടയുന്ന വീഡിയോ

നിലയ്ക്കലിലേക്കെത്തുന്ന സ്ത്രീകളെ തടഞ്ഞ് സമരാനുകൂലികള്‍. സ്ത്രീകള്‍ അടങ്ങുന്ന പ്രതിഷേധ സംഘമാണ് നിലയ്ക്കലില്‍ ബാരിക്കേഡ് സൃഷ്ടിച്ചിരിക്കുന്നത്. ടിവി 9 എന്ന ചാനലിലെ വനിതാ മാധ്യമ പ്രവര്‍ത്തക ദേവിയെയും സംഘത്തെയും പ്രതിഷേധക്കാര്‍ തടഞ്ഞുനിര്‍ത്തി.

മാധ്യമ പ്രവര്‍ത്തകരാണെന്നും കഴിഞ്ഞ ദിവസും വാര്‍ത്തയ്ക്കായി എത്തിയെന്നും ഇവര്‍ ആവര്‍ത്തിച്ച് പറയുന്നുണ്ടെങ്കിലും പ്രതിഷേധക്കാര്‍ ഇതൊന്നും വകവച്ചില്ല. നേരത്തെ മറ്റൊരു മാധ്യമ പ്രവര്‍ത്തകയും പ്രതിഷേധക്കാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് തിരികെ പോയിരുന്നു.

പമ്പ വരെ പോകാമെന്നിരിക്കെ പകുതി വഴിയ്ക്ക് വച്ച് തന്നെ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള പ്രതിഷേധക്കാര്‍ എത്തി ഇവരെ തടഞ്ഞത്. നിലയ്ക്കലിലേക്ക് വരുന്ന സ്ത്രീകളെ കടത്തിവിടുന്ന കാര്യത്തില്‍ കൃത്യമായി തീരുമാനം വരുംവരെ തടയുമെന്നാണ് സമരാനുകൂലികളുടെ നിലപാട്. ഇപ്പോള്‍ ബോധവല്‍ക്കരിച്ച് പിന്തിരിപ്പിക്കുകയാണെന്നും ഇവര്‍ വാദിക്കുന്നുണ്ട്. സ്ത്രീ പ്രവേശനം തടയില്ലന്ന നിലപാടില്‍ സംസ്ഥാന സര്‍ക്കാരും ദേവസ്വം ബോര്‍ഡും തുടരുമ്പോഴാണ് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ സ്ത്രീകളെ അടക്കം ഉള്‍പ്പെടുത്തി തടയല്‍ നടക്കുന്നത്.

പ്രതിഷേധക്കാര്‍ നിലയ്ക്കലില്‍ തടയാന്‍ നില്‍ക്കുന്നതും സ്ത്രീകളെ തടഞ്ഞുനിര്‍ത്തുന്നതുമായ വീഡിയോ പുറത്തുവിട്ടത് ന്യൂസ് 18 കേരളയാണ്.

Comments

comments