Breaking News

‘ശ്രീമതി ശോഭ സുരേന്ദ്രന്‍, പിണറായി വിജയന്‍ പാറപ്പുറത്ത് കോരനെന്ന തെങ്ങുകയറ്റ തൊഴിലാളിയുടെ മകന്‍ തന്നെയാണ്; അതിന് നിങ്ങള്‍ക്കെന്താണ്?’ (വീഡിയോ)

ചാനല്‍ ചര്‍ച്ചക്കിടെ വൈകാരികമായി പ്രതികരിക്കുന്നവരാണ് ബിജെപി നേതാക്കള്‍. തങ്ങളുടെ നിലപാട് വസ്തുനിഷ്ഠമായി ചോദ്യം ചെയ്യപ്പെടുമെന്ന് തോന്നുന്ന സാഹചര്യങ്ങളില്‍ അവര്‍ അതിവൈകാരിക തലങ്ങളിലേക്ക് പോകും. അങ്ങനെയൊരു ചാനല്‍ ചര്‍ച്ചയായിരുന്നു കഴിഞ്ഞ ദിവസം ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ന്യൂസ് 18 കേരളയില്‍ നടന്നത്.

ബിജെപി നേതാവ് ശോഭാ സുരേന്ദ്രനാണ് വൈകാരികമായി കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ചത്. ന്യൂസ് 18 ചാനലില്‍ സനീഷ് ഇളയേടത്ത് നയിച്ച പ്രൈം ഡിബേറ്റിനിടയില്‍ ശോഭ സുരേന്ദ്രന്‍ അതിവെകാരികമായി പ്രതികരിക്കുകയായിരുന്നു. ‘ഇവിടെ രാജാവുണ്ടോ?’ എന്ന സണ്ണി എം കപിക്കാടിന്റെ ചോദ്യത്തിന് ‘ഉണ്ട്’ എന്ന മറുപടിയാണ് ശോഭയ്ക്ക് ഉള്ളത്. രാജവാഴ്ചയെ തൂത്തെറിഞ്ഞ ഒരു ജനതയോട് പന്തളം രാജകുടുംബത്തെ കുറിച്ച് വാചാലയാകുകയാണ് ശ്രീമതി ശോഭ സുരേന്ദ്രന്‍.

മാത്രമല്ല, ഇവിടെ നടക്കുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം പിണറായിയിലെ പാറപ്പുറത്ത് കോരനെന്ന തെങ്ങുകയറ്റ തൊഴിലാളിയുടെ മകനായി ജനിച്ച പിണറായി വിജയനാണെന്നും ശോഭാ സുരേന്ദ്രന്‍ പ്രതികരിക്കുന്നു. എന്നാല്‍, തെങ്ങുകയറ്റ തൊഴിലാളിയുടെ മകനായതില്‍ ശോഭാ സുരേന്ദ്രന് പുച്ഛമുണ്ടാകുമെന്നും അത് ബിജെപിയുടെയും സംഘപരിവാറിന്റെയും തൊഴിലാളികളോടുള്ള സമീപനത്തിന്റെ പ്രശ്‌നമാണെന്നും ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ടിരുന്ന മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പ്രതികരിച്ചു. ശോഭ സുരേന്ദ്രനെ ശാന്തമാക്കാന്‍ ചര്‍ച്ച നയിക്കുന്ന സനീഷ് ഇളയേടത്ത് ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം.ചര്‍ച്ചയുടെ ഒരു മണിക്കൂര്‍ 10 മിനിറ്റ് മുതലുള്ള ഭാഗത്താണ് ശോഭാ സുരേന്ദ്രന്റെ വൈകാരികമായ പരാമര്‍ശം.

ഇതേ ചര്‍ച്ചയില്‍ തന്നെ ഇന്നലെ അക്രമം അഴിച്ചുവിട്ടവരെ അക്രമകാരികള്‍ എന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ അഭിസംബോധന ചെയ്തപ്പോള്‍ ബിജെപി നേതാവ് എ.എന്‍ രാധാകൃഷ്ണന്‍ അതിനെ എതിര്‍ക്കുകയും വൈകാരികമായി സംസാരിക്കുകയും ചെയ്തിരുന്നു. ‘അവരെ അക്രമകാരികള്‍ എന്ന് വിളിച്ചാല്‍ മന്ത്രിയാണെന്നൊന്നും നോക്കില്ല…’എന്നായിരുന്നു മന്ത്രി മേഴ്‌സിക്കുട്ടിയമ്മയോടുള്ള എ.എന്‍ രാധാകൃഷ്ണന്റെ ഭീഷണി.

 

Comments

comments