Breaking News

ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നല്‍കിയ വൈദികന്‍ മരിച്ച നിലയില്‍; ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍

പീഡനക്കേസ് പ്രതി ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നല്‍കിയ വൈദികന്‍ മരിച്ച നിലയില്‍. ഫാ കുര്യാക്കോസ് കാട്ടുതറയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭോഗ്പുരിലെ പള്ളിയിലെ സ്വന്തം മുറിയില്‍ മരിച്ച നിലയിലാണ് ഫാ. കുര്യാക്കോസിനെ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ഒരുവിഭാഗം വൈദികരും ബന്ധുക്കളും ആരോപിച്ചിട്ടുണ്ട്.

ഫാ. കുര്യാക്കോസ് കാട്ടുതറയ്ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ വൈദികന്റെ സഹോദരന്‍ ചേര്‍ത്തല ഡിവൈഎസ്പിക്ക് പരാതി നല്‍കി. ഫാ കുര്യാക്കോസിന് ഗുണ്ടകളുടെ ഭീഷണിയുണ്ടായിരുന്നെന്നും താമസസ്ഥലത്തിനു നേരെ കല്ലെറിയുകയും വാഹനം തല്ലിപ്പൊളിക്കുകയും ചെയ്തിരുന്നതായും ബന്ധുക്കള്‍ ആരോപിച്ചു.
ബിഷപ്പിനെതിരെ പരാതി ഉന്നയിച്ച കന്യാസ്ത്രീയ്ക്ക് ഫാ. കുര്യാക്കോസ് സഹായങ്ങള്‍ നല്‍കുകയും ബിഷപ്പിനെതിരെ ശക്തമായ നിലപാടെടുക്കുകയും ചെയ്തിരുന്നു. ബിഷപ്പിനെതിരെ അദ്ദേഹം മൊഴി നല്‍കുകയും ചെയ്തിരുന്നു.കന്യാസ്ത്രീയുടെ പരാതി വിവാദമായ ശേഷം വൈദികനെ സ്ഥലംമാറ്റിയിരുന്നു. കഴിഞ്ഞ മേയിലായിരുന്നു സ്ഥലംമാറ്റം.

ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നൽകിയ ഫാ കുര്യാക്കോസിനെതിരെ നേരത്തെയും ആക്രമണമുണ്ടായിട്ടുണ്ടെന്നും ആക്രമങ്ങൾക്ക് പിന്നിൽ ഫ്രാങ്കോയാണെന്നുമാണ് ബന്ധുക്കൾ ആരോപിക്കുന്നത്.

പോസ്റ്റുമാർട്ടം ആലപ്പുഴയിൽ നടത്തണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു. അതേസമയം, വൈദികൻ കുര്യാക്കോസ് കാട്ടുതറയിലിന്റെ മരണത്തിൽ അന്വേഷണം വേണമെന്ന് എസ്ഒഎസ് ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു.

Comments

comments